“തന്റെ പിതാവിനെയും ഭര്ത്താവിനെയു വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്സാറരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്നി ന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവിധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്ന്നയപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്ത്താംവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു
മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )
ഭര്‍ത്താവു മരിച്ചാല്‍ മൂന്നു മാസം ഇദ്ദ കഴിഞ്ഞേ മറ്റൊരാള്‍ വിവാഹം ചെയ്യാവൂ എന്നാണു മതനിയമം. ഇവിടെ അതൊന്നും പാലിച്ചതായി കാണുന്നില്ല. പണ്ഡിതന്മാര്‍ ഇതിനൊക്കെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞു മാറുകയേയുള്ളു. ആ കാലഘട്ടത്തിന്റെ പ്രാകൃത സംസ്കാരം ഇതൊക്കെയായിരുന്നു !
ഭര്‍ത്താവും പിതാവും കൊല്ലപ്പെട്ടനിലയില്‍ കിടക്കുമ്പോള്‍ കൊലയാളിയുമായി നടക്കുന്ന ‘മധുവിധു’ എത്ര മാത്രം മധുരമുള്ളതാകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു !!
ഇന്ന് കാശ്മീരില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് എതിരെ യുദ്ദം ചെയ്യുന്ന ഇന്ത്യന്‍ പാട്ടാളത്തിനോ , ഇറക്കിലോ , ഇസ്രയിലോ ഉള്ള പട്ടാളക്കാര്‍ക്കോ , ഈ ഇസ്ലാമിക നിയമ പ്രകാരം , കൊല്ലപെടുന്ന ശത്രു സൈന്യത്തിന്റെ അനാഥ കള്‍ ആകപ്പെടുന്ന ഭാര്യ , പെങ്ങള്‍ , ഉമ്മ , എന്നിവരെ വീതം വെച്ച് എടുത്തു ലൈംഗിക മായി ഉപയോഗിക്കാന്‍ ഏതെന്കിലും ഭരണം കൂടം നിയമ പ്രകാരം അനുവാദം കൊടുത്തു നിയമം ഉണ്ടാക്കിയാല്‍ ഇന്നത്തെ പരിഷ്കൃത സമൂഹത്തിനു അത് അംഗീകരിക്കാന്‍ കഴിയുമോ ?എന്തിനു ഇന്നത്തെ മുസ്ലിം സമൂഹത്തിനു പോലും അതിനോട് യോജിക്കാന്‍ കഴിയുമോ , മാത്രം അല്ല അതിനെതിരെ പ്രതിക്ഷേദം ഉണ്ടാകുകയും ചെയ്യാറില്ലേ ?
ഇതൊരു ബ്ലോഗ് സംവാദമാണ് ഇന്നത്തെക്കാലത് ബ്ലോഗിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളിലും
ഇതുപോലെ സജീവമായ സംവാദങ്ങള്‍ നിലവിലുണ്ട്
ഈ വിഷയത്തിനു ഒരു മറുപടി തരണമെന്നു അഭ്യര്‍ത്ഥിക്കുന്നു
ചോദ്യകർത്താവ്
ആബിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആദ്യം ചരിത്രം ചെറിയ നിലക്ക് വിവരിക്കാം.
മദീനയുടെ ഭരണാധികാരം മുസ്ലിംകളുടെ കൈകളില്‍ വന്നു. പ്രവാചകര്‍ (സ) യാണ് ഭരണാധികാരി. അവിടെയുള്ള ജൂത ഗോത്രങ്ങളുമായി നബി(സ) കരാറിലെത്തി. കരാറു പ്രകാരം മുസ്ലിംകള്‍ ജൂതരുടെ സംരക്ഷണമേറ്റെടുക്കുകയും യഹൂദികള്‍ മുസ്ലിംകള്‍ക്കെതിരില്‍ പുറമെ നിന്നുള്ള അക്രമണങ്ങളെ ചെറുക്കുന്നതില്‍ മുസ്ലിംകളെ സഹായിക്കുകയും വേണം. എന്നാല്‍ ഖന്ദഖ് യുദ്ധവേളയില്‍ ജൂതര്‍ മുസ്ലിംകളെ സഹായിച്ചില്ലെന്നു മാത്രമല്ല ശത്രുപക്ഷം ചേര്‍ന്ന് മുസ്ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. ഇതിന്‍റെ പ്രതികാരങ്ങളുടെ ഭാഗമായിട്ടാണ് മുസ്ലിം സൈന്യം ഖൈബറിലേക്ക് തിരിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം യഹൂദികള്‍ മുസ്ലിംകള്‍ക്ക് കീഴടങ്ങി. യുദ്ധത്തില്‍ ധാരാളം പേര്‍ കൊല ചെയ്യപ്പെട്ടു. ധാരാളം പേര്‍ ബന്ധികളായി പിടിക്കപ്പെട്ടു. ബന്ധികളില്‍ സ്ത്രീകളുമുണ്ടായിരുന്നു. ബന്ധികളാക്കി പിടിക്കപ്പെടുന്നവരെ ജയിലലടക്കുന്ന സംവിധാനം അന്നില്ല. മറിച്ച് യുദ്ധത്തില്‍ പങ്കെടുത്തവര്‍ വീതിച്ചെടുക്കുകയും അവരെ അടിമകളായി ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്. അല്ലെങ്കില്‍ പിടിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ മോചന ദ്രവ്യം നല്‍കി തിരിച്ചു കൊണ്ടു പോകാവുന്നതുമാണ്.
യുദ്ധം അവസാനിച്ച് യുദ്ധമുതല്‍ വിഹിതം വെക്കുകയും ബന്ദികളെ ഓരോരുത്തരെ ഏല്പിക്കുകയും ചെയ്യുന്ന വേളയില്‍ ദിഹ്‍യ (റ) എന്ന ഒരു സൈനികന്‍ വന്നു റസൂല്‍(സ)യോട് ഒരു അടിമസ്ത്രീ വേണമെന്ന് ആവശ്യപ്പെട്ടു. റസൂല്‍(സ) ഇഷ്ടമുള്ളത് എടുക്കാന്‍ അനുവദിച്ചു. അദ്ദേഹം സ്വഫിയ്യ(റ)വിനെയാണ് തിരഞ്ഞെടുത്തത്. ഇത് കണ്ട് സ്വഹാബാക്കളില്‍ ചിലര്‍ നബി(സ)യോടു പറഞ്ഞു. അങ്ങ് ദിഹ്‍യ്യ്ക്കു കൊടുത്തത് ഹുയയ്യിന്‍റെ മകള്‍ സ്വഫിയ്യയെയാണ്. ഖുറൈള, നളീര്‍ എന്നീ ഗോത്രങ്ങളുടെ നേതാവിന്‍റെ മകള്‍. കുലീനയും സുന്ദരിയുമാണ്. അത് അങ്ങേക്കാണ് ഏറ്റവും യോചിക്കുക. നബി(സ) അവരെ തിരിച്ചു കൊണ്ടു വരാന്‍ കല്‍പിച്ചു. ദിഹ്‍യയോട് മറ്റൊരാളെ എടുത്തു കൊള്ളാന്‍ പറയുകയും. ചെയ്തു. റസൂല്‍ (സ) സ്വഫിയ്യയെ തനിക്കായി തിരെഞ്ഞെടുത്തു. അവര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ താല്പര്യം കാണിച്ചു. ഇസ്ലാമിലേക്കു വന്നു. ഖൈബറില്‍ നിന്നു മദീനയിലേക്കുള്ള തിരിച്ചു വരവില്‍ സദ്ദുസ്സ്വഹ്ബാഅ് (സദ്ദുര്‍റൌഹാഅ്) എന്ന സ്ഥലത്തെയപ്പോള്‍ അവര്‍ക്ക് ആര്‍ത്തവ ശുദ്ധിയുണ്ടാവുകയും അന്നു രാത്രി തന്നെ മംഗല്യം ഒരുക്കി, മധുവിധു കൊണ്ടാടുകയും ചെയ്തു. മംഗല്യത്തിനു മുമ്പോ അവരെ സ്വതന്ത്രയാക്കിയിരുന്നു.
ഇനി ചോദ്യത്തിലുന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ ആക്ഷേപം – ഭര്‍ത്താവു മരിച്ചാല്‍ മൂന്നു മാസത്തെ ഇദ്ദ കഴിഞ്ഞേ വിധവകളെ വിവാഹം ചെയ്യാവൂ എന്നാണ് മതനിയമം. ഇവിടെ അതു പാലിക്കപ്പെട്ടില്ല.
1) ആദ്യമായി ഭര്‍ത്താവ് മരിച്ചാല്‍ മൂന്നു മാസം ഇദ്ദയിരിക്കുക എന്ന ഒരു മതവിധി ഇസ്‍ലാമിലില്ല.
2) ഇസ്ലാമില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഇദ്ദ ഇരിക്കേണ്ടത് സ്ത്രീകളുടെ അവസ്ഥയനുസരിച്ചു പല വിധത്തിലാണ്. അതിലൊരു രൂപമാണ് നാലുമാസവും പത്തു ദിവസവും എന്നത്. ഇത് മുസ്ലിംകളിലാരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ സ്വതന്ത്രകളായ ഗര്‍ഭിണികളല്ലാത്ത ഭാര്യമാര്‍ക്കുള്ള കാലയളവാണ്. അതിലേക്കാണ് സുറതുല്‍ബഖറയിലെ 234 ആമത്തെ സൂക്തം സൂചിപ്പിക്കുന്നത്. ((നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തുദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ട താണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായിഅറിയുന്നവനാണ് അല്ലാഹു. )) എന്നാല്‍ ഈ പൊതു നിയമം ബാധകമല്ലാത്ത വിഭാഗങ്ങളുണ്ട്. ഗര്‍ഭിണികള്‍ക്ക് അവരുടെ പ്രസവം വരെയാണെന്ന് സുറത്തുത്വലാഖിലെ അഞ്ചാമത്തെ സൂക്തത്തില്‍ നിന്നു മനസ്സിലാക്കുമ്പോള്‍,അടിമസ്ത്രീകളുടേത് സ്വതന്ത്ര സ്ത്രീകളുടേതിന്‍റെ പകുതിയും യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവരുടേത് ഇസ്തിബ്രാ അഥവാ ഒരു ആര്‍ത്തവം കഴിഞ്ഞുള്ള ശുദ്ധിയുമാണെന്ന് ഹദീസുകളില്‍ നിന്നും മനസ്സിലക്കാവുന്നതാണ്. ഇത് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഉലമാഅ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദ എന്നത് വെറും ഗര്‍ഭാശയത്തില്‍ ബീജവാപം നടന്നിട്ടില്ലെന്നു ഉറപ്പിക്കല്‍ മാത്രമല്ല. അതോടൊപ്പം തന്നെ അതിന്‍റെ പിന്നില്‍ സ്രഷ്ടാവിനു മറ്റു പലഹിക്മതുകളുമുണ്ടെന്നു മനസ്സിലാക്കാം. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ കുറിച്ചു പറഞ്ഞതായി അബൂദാവൂദ്, അഹ്മദ് റിപോര്‍ട്ടു ചെയ്ത ഹദീസില്‍ കാണാം... ഗര്‍ഭിണികളെ അവര്‍ പ്രസവിക്കുന്നതുവരെയും ഗര്‍ഭിണികളല്ലാത്തവരെ അവര്‍ക്കു ആര്‍ത്തവം ഉണ്ടാ(യി ശുദ്ധിയാ)കും വരെയും സംഭോഗിക്കരുത്.
3) ചോദ്യത്തിലെ ഉദ്ധരണിയില്‍നിന്ന് തോന്നിയേക്കാവുന്നത് പോലെ യുദ്ധം കഴിഞ്ഞയുടനെ അടുത്ത ദിവസം തന്നെ സ്വഫിയ്യ(റ)യുമായി മധുവിധു ആഘോഷിക്കുകയല്ല നബി(സ) ചെയ്തത്. അവരുടെ ഇസ്തിബ്രാഅ് ആയ ആദ്യ ആര്‍ത്തവം ഉണ്ടായി ശുദ്ധിയാകുന്നതു വരെ കാത്തിരുന്നു. ഈ സംഭവുമായി ബന്ധപെട്ടു അനസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇത് വ്യക്തമായി വിവരിച്ചതു കാണാം.
4) ഇസ്ലാമിലെ മതവിധികള്‍ മനുഷ്യകുലത്തിനു ആദ്യമായി പറഞ്ഞു കൊടുക്കുന്നത് നബി(സ) തങ്ങളാണ്. അഥവാ ഇസ്ലാമിലെ മതവിധികള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഖുര്‍ആനു പോലെ തന്നെ നബി(സ)യുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. മാത്രമല്ല, ഖുര്‍ആനിലെ മതവിധികളെ വിശദീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും പ്രവാചക വചനങ്ങളും പ്രവൃത്തികളുമാണ്. അതിനാല്‍ ഖുര്‍ആനിലുള്ള ഒരു മതവിധിക്ക് എതിരാണ് പ്രവാചകന്‍റെ പ്രവര്‍ത്തനം എന്നു പറയാനേ സാധിക്കില്ല. സ്രോതസ്സുകളില്‍ മതവിധികള്‍ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും അടിസ്ഥാന നിയമങ്ങളുമുണ്ട്. പൊതുവായി പറയുന്ന നിയമങ്ങളും പ്രത്യേകമായി പറയുന്ന നിയമങ്ങളും മൊത്തത്തിലുള്ളതും അതിന്‍റെ വിശദീകരണങ്ങളും സ്രോതസ്സുകളുടെ ക്രമീകരണങ്ങളുമെല്ലാം അതിന്‍റെ പരിധിയില്‍ വരും.
5) ആക്ഷേപകന്‍റെ സ്വരം നബി(സ)യുടേത് പ്രാകൃത സംസ്കാരമായിരുന്നെന്നും ഇദ്ദയിരിക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ലെന്നും ദ്യോതിപ്പിക്കുന്നുണ്ട്. സത്യത്തില്‍ ഇദ്ദ എന്ന മതനിയമം നടപ്പില്‍ വരുത്തുന്നത് നബി(സ) തങ്ങള്‍ തന്നെയല്ലേ. പിന്നെയങ്ങനെ പ്രവാചക കാലഘട്ടത്തെ പ്രാകൃത സംസ്കാരമായി കാണുകയും അവര്‍ക്ക് ഇദ്ദ എന്നൊന്ന് അറിയില്ലെന്നും പറയുക. ഇതിലെ അസാംഗത്യം വ്യക്തമാണല്ലോ.
6) ഏതൊരു വിഷയത്തിലും അതിലെ പരിജ്ഞാനികളാണ് വിശദീകരണം നല്‍കേണ്ടതും അവരുടെ വാക്കുകളാണ് പ്രബലമായി അംഗീകരിക്കേണ്ടതും. ഇത്തരം സംഭവങ്ങള്‍ക്കു വിശദീകരണം നല്‍കിയ ബഹുമാനപ്പെട്ട ഇമാം നവവി (റ), ഇബ്നുഹജറുല്‍ അസ്ഖലാനി (റ) തുടങ്ങിയ മാഹാ പണ്ഡതന്മാരുടെ വാക്കുകളെ ഞഞ്ഞാപിഞ്ഞാ എന്നു പരിഹസിക്കുന്നത് സത്യത്തോടുള്ള പുഛമായിട്ടു കാണാം. ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ തങ്ങള്‍ക്കനുകൂലമെന്നു തോനുന്ന ഏതാനും വരികള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു മുന്‍കൂര്‍ ജാമ്യം ആവശ്യമായി വരിക തന്നെ ചെയ്യും.
രണ്ടാമത്തെ ആക്ഷേപം... ഇവിടെ ശത്രുക്കളുടെ ഭാര്യമാരെയും പെണ്‍മക്കളെയും തടവുകാരായി പിടിക്കുന്നതു പോലെ ഇന്നു കശ്മീരിലെ മുസ്ലിംകളോടും ഇറാഖ്, ഫിലസ്ഥീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിംകളോടും മറ്റു വിഭാഗങ്ങള്‍ യുദ്ധം ചെയ്യുകയും അവരുടെ ഭാര്യമാരെയും ഉമ്മമാരെയും സഹോദരികളെയും മക്കളെയും ഇതു പോലെ ബന്ദിയാക്കി പിടിക്കപ്പെടുകയും ചെയ്താല്‍ അതു അംഗീകരിക്കാനുവുമോ.
1) പ്രവാചക കാലത്തുണ്ടായ യുദ്ധങ്ങളില്‍ സ്ത്രീകളെ തടവുപുള്ളികളായി പിടിച്ചെടുത്തത് അവരുടെ വീടുകളിലോ അങ്ങാടികളിലോ ചെന്ന് അന്യായമായി ബന്ദിയാക്കി കൊണ്ടുവരികയല്ല. യുദ്ധം നടക്കുമ്പോള്‍ സൈന്യത്തെ സഹായിക്കാനും അവര്ക്ക് ആവേശം പകരാനുമായി യുദ്ധമുഖത്ത് നിലയുറിപ്പിക്കുന്ന സ്ത്രീകളെ മാത്രമാണ് ബന്ദികളാക്കുന്നത്. ഇന്നും ശത്രു പക്ഷത്ത് സജീവമായി യുദ്ധക്കളത്തിലുള്ള സ്ത്രീകളെ യുദ്ധത്തടവുകാരായി പിടിക്കപ്പെടുക തന്നെ ചെയ്യില്ലേ.
2) കാശ്മീര്‍, ഇറാഖ്, ഫിലസ്ഥീന്‍ എന്നിവിടങ്ങളിലുള്ള അക്രമങ്ങളെ യുദ്ധമായി കണക്കാക്കാനെ കഴിയില്ല. അധികാരി വര്‍ഗം അവരുടെ ഭരണവും അധികാരവും നിയമങ്ങളും നിലനിര്‍ത്താന്‍ വേണ്ടി കായികവും ആയുധങ്ങളുമായി ജനങ്ങളെ അടിച്ചമര്‍ത്തുന്നതാണ് അവ. യുദ്ധമെന്നാല്‍ സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ഒരു യുദ്ധം നടക്കുമ്പോള്‍ സാധാരണ ഒരു പക്ഷത്ത് ന്യായവും മറുപക്ഷത്ത് അന്യായവുമായിരിക്കും. അന്യായമായി അക്രമിക്കുന്നവരുടെ ഒരു പ്രവര്‍ത്തനവും ധാര്‍മികമായി അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ അന്യായത്തിനെതിരെയുള്ള ചെറുത്തു നില്‍പു നടത്തുന്ന പക്ഷം മറുപക്ഷത്തെ അക്രമിക്കുന്നതും അവരിലെ അന്യായക്കാരെ ബന്ദിയാക്കുന്നതും അംഗീകൃതവുമാണ്. ഇപ്രകാരം നബി(സ) നടത്തിയ സകല യുദ്ധങ്ങളും ന്യായത്തിന്‍റെ പക്ഷത്തായിരുന്നു. മദീനയെ അക്രമിക്കാന്‍ വന്ന ശത്രുപടയെ പ്രതിരോധിക്കാനാണ് മിക്ക യുദ്ധങ്ങളും നയിച്ചിട്ടുള്ളത്. അല്ലെങ്കില് മദീനയുടെ സുരക്ഷക്കു ഭീഷണിയുയര്‍ത്തിയവര്‍ക്കെതിരെയായിരുന്നു യുദ്ധങ്ങള്‍ നടന്നത്. ബദ്റ്, ഉഹുദ്, ഖന്ദഖ് തുടങ്ങിയ യുദ്ധങ്ങളെല്ലാം മദീനയുടെ അതിര്ത്തിയിലായിരുന്നു അരങ്ങേറിയത് എന്നത് ഏറെ പ്രസ്താവ്യമാണ്. മക്കയില്‍ നിന്നും നൂറു കണക്കിനു മൈലുകള്‍ താണ്ടിയാണ് ശത്രുക്കള് മദീനയുടെ അതിര്‍ത്തി വരെ എത്തിയത്.
മൂന്നാമത്തെ ആക്ഷോപം ... പിതാവും ഭര്‍ത്താവും കൊലചെയ്യപ്പെട്ടിരിക്കെ കൊലയാളിയുമായുള്ള മധുവിധുവിന്‍റെ സുഖം ആലോചിക്കാവതാണല്ലോ.
1) സ്വഫിയ്യ(റ)യെ നബി(സ) ബന്ദിയാക്കുമ്പോള്‍ സ്വഫിയ്യക്ക് ഏറ്റവും വെറുപ്പുള്ളയാള്‍ നബി(സ) തങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പു തന്നെ നബി(സ)യെ അടുത്തറിയുകയും ഇസ്ലാമില്‍ ആകൃഷ്ടയാവുകയും ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി റസൂല്‍ (സ) ആയിത്തീരുകയും ചെയ്തിരുന്നു. സ്വഫിയ്യ(റ)യുടെ ചരിത്രത്തില് അവരുടെ വാക്കുകളിലൂടെ തന്നെ ഇതു മനസ്സിലാക്കാം.
2) ഇസ്ലാം സത്യമാണെന്നു മനസ്സിലാകുകയും ഇസ്ലാമിന്‍റെ ഖൈബര്‍ ദൌത്യം ന്യായമെന്ന് തെര്യപ്പെടുകയും തന്‍റെ ജനതയുടെ അന്യായവും അതിക്രമവും വ്യക്തമാവുകയും അതിനെ സഹായിച്ചതിനാലാണ് തന്‍റെ പിതാവും ഭര്‍ത്താവും യുദ്ധത്തില്‍ കൊല ചെയ്യപ്പെട്ടതെന്നു ബോധ്യപ്പെടുകയും ചെയ്ത സ്വഫിയ്യക്കു അവരുടെ കൊലപാതങ്ങള്ക്ക് ഹേതുവായ ഈ യുദ്ധ നായകനോട് വെറുപ്പോ അവര്‍ കൊല ചെയ്യപ്പെട്ടതില്‍ സങ്കടമോ ഉണ്ടാകാനിടയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.