സൂര്യന്‍റെയും ചന്ദ്രന്‍റെയും ഭ്രമണങ്ങളെകുറിച്ച് മുന്‍കാല മുഫസിറുകള്‍ എന്താണ് പറഞ്ഞിട്ടുള്ളത്? ഭൂമി സൂര്യനെ ചുറ്റുന്നുവെന്നോ സൂര്യന്‍ ഭൂമിയെ ചുറ്റുന്നുവെന്നോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്കാല മുഫസ്സിറുകള്‍ സുര്യന്‍, ചന്ദ്രന്‍, ഭൂമി തുടങ്ങിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങിയ ഗോളങ്ങളുടെ ചലനങ്ങളെയും അവയുടെ പ്രകൃതങ്ങളെയും വിശദീകരിക്കുന്നത് പ്രധാനമായും രണ്ടു സ്രോതസ്സുകളില്‍ നിന്നാണ്. ഒന്നാമതായി ഖുര്‍ആന്‍, ഹദീസുകള്‍ അവയുടെ വ്യാഖ്യാനമായി സ്വഹാബതും താബിഉകളും വിശദീകരിച്ചത് എന്നിവയാണ്. മറ്റൊന്ന് ശാസ്ത്ര പഠനങ്ങളാണ്. വളരെ പ്രാചീന കാലം മുതലേ ഗോളങ്ങളെ കുറിച്ചും അവയുടെ സഞ്ചാരങ്ങളെ കുറിച്ചും മനുഷ്യന്‍ നിരീക്ഷിക്കുന്നുണ്ട്. ഗ്രീക്ക്, ഭാരത ശാസ്ത്രജ്ഞനന്മാര്‍ അവ സംബന്ധിയായ ആഴത്തിലുള്ള ഗവേഷണങ്ങളും കണ്ടെത്തെലുകളും രചനകളും നടത്തിയിട്ടുണ്ട്. ഇസ്ലാമിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഇത്തരം രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അന്നത്തെ പണ്ഡിതന്മാര്‍ പഠനവിധേയമാക്കുകയും ചെയ്തു. മാത്രമല്ല, അന്നു വളരെ സജീവമായ ഗവേഷണങ്ങളും വലിയ ടെലസ്കോപുകളുപയോഗിച്ചുള്ള പര്യവേക്ഷണങ്ങളും തകൃതിയായി നടന്നിരുന്നു. അറബ് പണ്ഡിതര്‍ ഈ വിഷയത്തില്‍ ധാരാളം കണ്ടെത്തെലുകളും രചനകളും നടത്തിയിട്ടുണ്ട്. ഫലക് എന്നായിരുന്നു അവര്‍ ഈ വിജ്ഞാന ശാഖയെ വിളിച്ചിരുന്നത്. അന്നത്തെ മത പണ്ഡിതന്മാര്‍ വൈദ്യവും ഗണിതവും മീമാംസകളും തത്വശാസ്ത്രവും തര്‍ക്കശാസ്ത്രവും പഠിക്കുന്ന കൂട്ടത്തില്‍ ഗോള ശാസ്ത്രവും പഠിച്ചിരുന്നു. നമ്മുടെ പള്ളി ദര്‍സുകളിലെ സിലബസുകളില്‍ വരെ ഗോളശാസ്ത്രവും ഗണിത ശാസ്ത്രവും ജ്യാമിതീയശാസ്ത്രവും തര്‍ക്കശാസ്ത്രവും ഉള്‍പ്പെട്ടിരുന്നു. മാത്രമല്ല, അന്നു അവര്‍ ചലനങ്ങളുടെ ദിശകളും സമയങ്ങളും കണക്കുകൂട്ടിയെടുത്തത് ഇന്നതെ ആധുനിക ഗണന രീതികളിലൂടെ ലഭിച്ചതിനോട് ഏതാണ്ട് യോചിച്ചു വരുന്നുമുണ്ട്. പഴയ രീതി ശാസ്ത്രമുപയോഗിച്ച് ഗണിച്ചു പറയാന്‍ കഴിവുള്ള പണ്ഡിതന്മാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതിനാല്‍ തന്നെ ചില തഫ്സീറുകളില്‍ ആ കാലഘട്ടത്തില്‍ വിശ്വസിക്കപ്പെട്ടിരുന്ന ശാസ്ത്ര സങ്കല്‍പങ്ങളുടെ സ്വാധീനം അവരുടെ വിശദീകരണങ്ങളില്‍ കാണാം. മുന്കാല തഫ്സീറുകളില്‍ മിക്കതും, ഗ്രീക്കുകാരുടെ ഭൌമ കേന്ദ്ര സിദ്ധാന്തം ശരിയെന്നു വിശ്വസിക്കപ്പെട്ട കാലത്താണു വിരചിതമായത്. അതിനാല്‍ ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പഴകാല തഫ്സീറുകളില്‍ കാണുന്നില്ല. ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി അത് വിശദീകരിക്കപ്പെട്ടിട്ടുമില്ല. യാസീന്‍ സൂറതിലും മറ്റും സൂര്യനെയും അതിന്‍റെ സഞ്ചാരത്തെയും കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശത്തെ വിശദീകരിക്കുന്നിടത്ത് മുന്‍കാല മുഫസ്സിറുകളില്‍ ഭൂരിഭാഗവും സൂര്യന്‍ അവസാന നാളു വരെ സഞ്ചരിക്കുന്നുവെന്നേ വിശദീകരിച്ചിട്ടുള്ളൂ. അത് ഏതിനു ചുറ്റുമാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അന്നത്തെ ശാസ്ത്രീയ കണ്ടെത്തലുകളനുസരിച്ച് സൂര്യന്‍ ഭൂമിക്കു ചുറ്റുമാണ് സഞ്ചരിക്കുന്നതെന്ന സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണെങ്കില്‍ പോലും അവരുടെ തഫ്സീറുകളില്‍ ആ തെറ്റായ സിദ്ധാന്തത്തിനു അനുസൃതമായി അത് വ്യക്തമായി പറയാതെ പോയത് അല്ലാഹുവിന്‍റെ വലിയ അനുഗ്രഹം തന്നെയാണ്.  ഇമാം റാസിയെ പോലെയുള്ള ചുരുക്കം ചിലരുടെ വിശദീകരണങ്ങളില്‍ ഭൌമ കേന്ദ്ര സിദ്ധാന്തത്തിന്‍റെ പ്രതിഫലനങ്ങള്‍ കാണാമെങ്കിലും അവരൊന്നും അത് തന്നെയാണ് ശരിയെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. സാധ്യതകളായി വിവരിച്ചിട്ടേ ഉള്ളൂ. ചുരുക്കത്തില്‍ മുന്കാല തഫ്സീറുകളില്‍ സൂര്യന്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണോ അതോ ഭൂമി സൂര്യനു ചുറ്റു സഞ്ചരിക്കുകയാണോ എന്നു വ്യക്തമാക്കിയിട്ടില്ല. അവര്‍ ശാസ്ത്ര ചര്‍ച്ചകള്‍ക്കപ്പുറം ദീനിയ്യായ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter