പ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ (സ) തങ്ങളുടെ നുബുവ്വതിനു തൊട്ടു മുമ്പുള്ളവരുടെ വിശ്വാസം എങ്ങനെയായിരുന്നു. അല്ലാഹുവിനെ കുറിച്ചുള്ള അവരുടെ കാഴ്ചപാട് എന്തായിരുന്നു. ഏത് ഗ്രന്ഥത്തെയാണ് അവര്‍ അടിസ്ഥാനമാക്കിയിരുന്നത്. ഈ വിശ്വസം മക്ക മുശ്‍രിക്കുകള്‍ ഏകദൈവ വിശ്വാസത്തിലേക്ക് കടന്നുവരുന്നതില്‍ ഏതെങ്കിലും നിലക്ക് സ്വാധീനിച്ചിട്ടുണ്ടോ.
ചോദ്യകർത്താവ്
മുഹമ്മദ് മിദലാജ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി(സ)യുടെ നുബുവ്വത്തിനു തൊട്ടു മുമ്പ് ലോക ജനങ്ങള്‍ വിശ്വാസപരമായി പ്രധാനമായും ക്രിസ്ത്യാനികള്‍ (റോമാ സാമ്രാജ്യം കൃസ്തു മതത്തെ അംഗീകരിക്കുന്നതായിരുന്നു.), പാഴ്സികള്‍ അഥാ തീ ആരാധകര്‍ (പേര്‍ഷ്യന്‍ സാമ്രാജ്യം ഇവരുടെ അധീനതയിലായിരുന്നു), ജൂതന്മാര്‍ (അറേബ്യയിലടക്കം പലയിടങ്ങളിലായി അവര്‍ ചിതറിക്കിടക്കുകയായിരുന്നു), ബഹുദൈവ വിശ്വാസികളായ പല മതക്കാര്‍ (ഇന്ത്യ ഉപ ഭൂഖണ്ഡം, അറേബ്യന്‍ ഉപദ്വീപുകള്‍ മുതല്‍ ആഫ്രികയടക്കമുള്ള പലയിടങ്ങളിലും ബഹുദൈവ വിശ്വാസികളായ പല മത വിഭാഗങ്ങളുണ്ടായിരുന്നു.), ഒരു ദൈവത്തിലും വിശ്വസിക്കാത്ത വിഭാഗവും ഉണ്ടായിരുന്നു. ഒരു വിഭാഗം എന്നു പറയാന്‍ കഴിയാത്തത്ര ചെറിയ, ഒറ്റപ്പെട്ട ആളുകള്‍ ഏകദൈവ വിശ്വാസം ഉള്‍കൊണ്ടവരുണ്ടായിരുന്നു. പല മതവിഭാഗങ്ങള്‍ക്കും അവരുടേതായ ഗ്രന്ഥങ്ങളുമുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍, ജുതന്മാര്‍ക്ക് തോറാ, പാഴ്സികള്‍ക്ക് അവെസ്ത, തുടങ്ങി അനേകമുണ്ട്.
മക്കയില്‍ ബഹുഭൂരിപക്ഷവും ബഹുദൈവാരാധകരായിരുന്നു. ബിംബാരാധകരായവര്‍, സൂര്യ നക്ഷത്രാധികളെ ആരാധിക്കുന്നവര്‍, അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ എന്നിങ്ങനെ വിശ്വാസ വൈവിധ്യങ്ങള്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ഒരു ദൈവത്തിലും വിശ്വസിക്കാത്ത മുല്ഹിദുകള്‍ അഥവാ ദഹ്‍രിയ്യുകളായവരാണ് രണ്ടാമതുള്ളവര്‍. വറഖതു ബ്നു നൌഫല്‍, സൈദ് ബ്ന് അംറ്, ഖസ് ബ്ന് സാഇദ് തുടങ്ങിയ വിരലിലെണ്ണാവുന്ന ഏക ദൈവ വിശ്വാസികളുമുണ്ടായിരുന്നു. പുറത്തു നിന്ന് കുടിയേറിയ ചുരുക്കം ക്രിസ്ത്യ-ജൂതന്മാരുമുണ്ടായിരുന്നു. ക്രിസ്ത്യ-ജൂതന്മാരൊഴികെയുള്ളവര്‍ക്കൊന്നും വേദ ഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. മദീനയില്‍ വേദക്കാരായിരുന്നു ഭൂരിപക്ഷവും.
മക്കയിലെയും മദീനയിലെയും വേദക്കാരുടെയും മറ്റു മുവഹ്ഹിദുകളുടെയും വിശ്വാസങ്ങള്‍ അവരെ ഇസ്‍ലാമിലേക്കെത്തിക്കാന്‍ ഒരു പരിധി വരെ സ്വാധീനിച്ചിട്ടുണ്ടെന്ന പലരുടെയും ഇസ്ലാമാശ്ലേഷണ ചരിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


