സ്വയംഭോഗത്തിന്‍റെ വിധി എന്താണ്. ഏതെങ്കിലും മദ്ഹബില് അതിനു പഴുതുകളുണ്ടോ
ചോദ്യകർത്താവ്
അബു നജ്മ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വയം ഭോഗം ഹറാം തന്നെയാണ്. വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. സ്വയം ഭോഗത്തെ കുറിച്ച് വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്.
ലൈംഗികമായ ആഗ്രഹം തീരെ ശമിക്കാതിരിക്കുകയും അതു മൂലം അവന്‍റെ ജീവന്‍ തന്നെ അപകടത്തിനു കാരണമായാല്‍ സ്വയംഭോഗമാകാമെന്ന അംറ് ബ്നു ദീനാര്‍ (റ) വിന്റെ അഭിപ്രായമാണ് അഹ്മദ് ബ്നു ഹമ്പലിനുള്ളതെന്ന് അബുല്ഹസന്‍ അല്‍ഇംറാനി തന്‍റെ അല്‍ബയാന് എന്ന ഗ്രന്ഥത്തില് പറയുന്നുണ്ട്.
മുകളില്‍ കൊടുത്ത ഒരു അഭിപ്രായത്തില്‍ നിന്നു തന്നെ ഇതു നിസ്സാരമല്ലെന്നും തീരെ ചെയ്തു കൂടാത്തതാണെന്നും മനസ്സിലാക്കാമല്ലോ. മാത്രമല്ല ഇതിനു അടിമപെട്ടവര്‍ കൌണ്‍സിലിങ്ങ് പോലെയുള്ള ചികിത്സാ രീതികളിലൂടെയെങ്കിലും മുക്തമാകാന്‍ ശ്രമിക്കേണ്ടതുണ്ട്.
വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.


