ഒരു സദസ്സ് പിരിയുമ്പോള്‍ സു ബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക... എന്ന് ചൊല്ലേണ്ടതല്ലേ... എന്നാല്‍ നമ്മുടെ സദസ്സുകള്‍ പിരിയുമ്പോള്‍ അങ്ങിനെയാരും ചൊല്ലുന്നത് സാധാരണ കേള്‍ക്കാറില്ല?
ചോദ്യകർത്താവ്
മുഹമ്മദ് അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തിര്‍മദി, അബൂദാവൂദ് എന്നിവര്‍ റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം - ഏതെങ്കിലും സദസ്സില്‍ ധാരാളം ബഹളമുണ്ടായാല്‍ ((സുബ്ഹാനകല്ലാഹുമ്മ വബിഹംദിക അശ്ഹദു അല്ലാഇലാഹ ഇല്ലാ അന്ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക്.)) എന്ന് പിരിഞ്ഞു പോരുമ്പോള്‍ ചൊല്ലിയാല്‍ അത് ആ ബഹളത്തിനുള്ള കഫ്ഫാറതാണ്. അതിനാല്‍ മജ്ലിസില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇത് ചൊല്ലുന്നത് സുന്നതാണ്. പല സുന്നത്തുകളും നാം ചെയ്യാറില്ലാത്തതു പോലെ ഇതും നമ്മില്‍ പലരും ചെയ്യാറില്ല എന്നുമാത്രം. പക്ഷേ, ഇതു പ്രാവര്‍ത്തികമാക്കുന്നവരും നമുക്കിടയിലുണ്ട്. അതിനാല്‍ നാം കേള്‍ക്കാറില്ലെന്നതു കൊണ്ട് ആരും ചെയ്യുന്നില്ല എന്നു അര്‍ത്ഥമാക്കരുത്. സദസ്സില്‍ എല്ലാവരും ഒന്നിച്ചു പറയുന്നില്ലെങ്കിലും നമുക്ക് സ്വന്തമായി അങ്ങനെ ചൊല്ലാവുന്നതാണല്ലോ. ഈ ദിക്റ് ദീനി മജ്ലിസുകള്‍ക്ക് മാത്രമല്ല നാം സാധാരണ സംസാരത്തിനും ചര്‍ച്ചക്കും ബിസിനസ്സ് യോഗങ്ങള്‍ക്കും മറ്റും ഒരുമിച്ചു കൂടുന്ന സദസ്സുകളിലും ഇത് ചൊല്ലല്‍ സുന്നത്താണെന്നതിനു പുറമെ വളരെ അത്യാവശ്യവുമാണ്. ഒരു സദസ്സില്‍ ഒരാള്‍ റസൂലിന്‍റെ മേല്‍ ഒരു സ്വലാതു ചൊല്ലിയാല്‍ ആ മജ്ലിസില്‍ സംഭവച്ചതിനു അതു മതിയാകുമെന്നും ഹദീസുകളില്‍ കാണാം. (തിര്മദി)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


