അളളാഹുവാണ് നന്മയും തിന്മയും മനുഷ്യനെ കൊണ്ട് ചെയ്കുന്നത്. അപ്പോള്‍ മനുഷ്യന് വിചാരിച്ചാല്‍ നന്നാവാന്‍ കഴിയില്ലേ.? വിശദീകരിച്ച് തരുമോ?
ചോദ്യകർത്താവ്
അന്‍വര്‍.ബികെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അല്ലാഹുവിന്റെ വിധി നിരുപാധികം (മുബ്‌റമ്), സോപാധികം (മുഅല്ലഖ്) എന്നിങ്ങനെ രണ്ടു വിധമുണ്ട്. നല്ലതോ ചീത്തയോ തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യവും (ഇഖ്തിയാറ്) അതിലേക്കുള്ള സന്നദ്ധതയും മുന്നിട്ടിറക്കവും (കസ്ബ്) അല്ലാഹു നല്‍കിയിട്ടുണ്ട്. ഒരാള്‍ നല്ലത് തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അയാളില്‍ സന്മാര്‍ഗം അല്ലാഹു സൃഷ്ടിക്കുന്നു; മറ്റൊരാള്‍ ചീത്ത തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിടുമ്പോള്‍ അവനില്‍ ദുര്‍മാര്‍ഗത്തെ സൃഷ്ടിക്കുന്നു. സന്മാര്‍ഗവും ദുര്‍മാര്‍ഗവും ഇന്നതെന്ന് സഹജബുദ്ധിയും പ്രവാചകന്മാരും അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുകമാത്രം ചെയ്യുന്നു. (നിശ്ചയമായും ഇഷ്ടമുള്ളവനെ താങ്കള്‍ സന്മാര്‍ഗിയാക്കുകയില്ല. എന്നാല്‍ താനുദ്ദേശിക്കുന്നവനെ അല്ലാഹു സന്മാര്‍ഗിയാക്കുന്നു.) എന്നാണ് അല്ലാഹു പറയുന്നത് (അല്‍ഖസ്വസ് 56). ലോകാനുഗ്രഹിയായ നബി ÷ ക്ക് തന്നെ ഒരാളെ സന്മാര്‍ഗിയാക്കുവാന്‍-സ്വന്തം ഇഷ്ടപ്രകാരം അയാളില്‍ സന്മാര്‍ഗം സൃഷ്ടിക്കുവാന്‍-കഴിയുകയില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? മനുഷ്യന്‍ സന്മാര്‍ഗമോ ദുര്‍മാര്‍ഗമോ തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിട്ടിറങ്ങിയ കാരണത്താല്‍-അതിനെ സൃഷ്ടിച്ചവനായതുകൊണ്ടല്ല-അവന്‍ രക്ഷക്കോ ശിക്ഷക്കോ അര്‍ഹനായിത്തീരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ വിധി (വേണ്ടുക) ഇന്നവന്‍ സന്മാര്‍ഗത്തിലേക്ക് മുന്നിട്ടിറങ്ങിയാല്‍ അവനെ ഞാന്‍ സന്മാര്‍ഗിയാക്കും, ദുര്‍മാര്‍ഗത്തിലേക്ക് മുന്നിട്ടിറങ്ങിയാല്‍ ഞാന്‍ അവനെ ദുര്‍മാര്‍ഗിയാക്കും എന്നിങ്ങനെ ആയിരിക്കും. ഇതിനാണ് സോപാധിക വിധി എന്നു പറയുന്നത്. മഹാനായ ഉമര്‍(റ) ശാമിലേക്ക് പോയപ്പോള്‍ അവിടെ പ്ലേഗ് രോഗമുണ്ടെന്ന് കേള്‍ക്കുകയും അങ്ങോട്ട് പ്രവേശിക്കാതെ തിരിച്ചുപോരാന്‍ ഉദ്ദേശിക്കുകയും ചെയ്തപ്പോള്‍, ‘താങ്കള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് ഓടിപ്പോകയാണോ’ എന്ന് അബുഉബൈദ(റ) ചോദിച്ചു. അതിന് ഉമര്‍(റ) പറഞ്ഞ മറുപടി ‘ഞാന്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് അവന്റെ വിധിയിലേക്ക് ഓടുകയാണ്’ എന്നായിരുന്നു. അതായത് അല്ലാഹുവിന്റെ വിധി നടപ്പില്‍ വരുന്നതിന്റെ മുമ്പ് അവന്‍ അത് തടയുമെന്നാശിക്കാവുന്നതാണ് എന്ന് സാരം (മുഫ്‌റദാത്ത്). രോഗം പിടിപെടുന്നതിന് അവിടെ പ്രവേശിക്കല്‍ ഒരു ഉപാധിയായിട്ടാണ് അല്ലാഹുവിന്റെ വിധിയെങ്കില്‍ അവിടെ പ്രവേശിക്കാതിരുന്നാല്‍ അതില്‍ നിന്നൊഴിവാകാമല്ലോ എന്നാണ് ആ മഹാന്‍ ഉദ്ദേശിച്ചത്.രോഗം ബാധിച്ചാല്‍ മന്ത്രിക്കുക, ചികിത്സിക്കുക മുതലായവയെക്കുറിച്ച് (അത് അല്ലാഹുവിന്റെ വിധിയില്‍ വല്ല മാറ്റവും വരുത്തുമോ?) എന്ന് നബി ÷ യോട് ഒരു സ്വഹാബി ചോദിച്ചതിന് (അത് അല്ലാഹുവിന്റെ വിധിയില്‍ പെട്ടതാണ്) എന്ന് അവിടന്ന് മറുപടി പറഞ്ഞതും മേല്‍പറഞ്ഞ അര്‍ഥത്തിലാണ്. അതായത് രോഗം ഉണ്ടാകുന്നതും അത് സുഖപ്പെടുത്തുന്നതും അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. സുഖപ്പെടുത്തുന്നതിന് ചികിത്സ മുതലായത് ഉപാധിയാണെങ്കില്‍ അതുണ്ടാകുമ്പോള്‍ അല്ലാഹു സുഖം വരുത്തുന്നു. എന്നാല്‍ ചിലപ്പോള്‍ എത്ര ചികിത്സിച്ചാലും രോഗം സുഖമാവാതെ വരുന്നു, മനുഷ്യന്‍ മരിച്ചുപോകുന്നു. അത് അല്ലാഹുവിന്റെ നിരുപാധിക വിധിയാണ്. അത് തടയാന്‍ ഒന്നുകൊണ്ടും ആര്‍ക്കും സാധ്യമല്ല. ഈ ഹദീസിനെ കുറിച്ച്, ‘ചികിത്സിക്കലാണ് അല്ലാഹുവിന്റെ ഖദ്ര്‍’ എന്നാണ് സി.എന്‍. പറയുന്നത്. അപ്പോള്‍ രോഗം പിടിക്കലും ചിലപ്പോള്‍ ചികിത്സിച്ചാല്‍തന്നെ സുഖം വരാതിരിക്കലും എന്താണ്? അത് അല്ലാഹുവിന്റെ ഖദ്ര്‍ അല്ലേ? ഇതിന് സി.എന്‍. മൗനം അവലംബിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുവാനായി അനേകം ഖുര്‍ആന്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുപോലെ ഈ ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തിരിക്കയാണദ്ദേഹം. വിധി വിശ്വാസത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


