ജമല്‍ യുദ്ധത്തിന്റെ (വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടിയതിന്റെ )ഇസ്ലാമിക വിധി എന്തായിരിക്കും? സത്യാ വിശ്വാസികള്‍ പരസ്പരം കൊല്ലുകയല്ലേ ചെയ്തത്.
ചോദ്യകർത്താവ്
അഫ്സല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അലി (റ)വിന്‍റെ ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാ (റ) ന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമജോലി. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലി(റ)യുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.
പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലി(റ)ക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ (റ) ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് ഹസ്റത്ത് അലി(റ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ പ്രിയപത്നി ആഇശ(റ), ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ഹസ്റത്ത് ആയിശ(റ)യുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലി(റ)യും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ(റ) തങ്ങളുടെ ആവശ്യം ഹസ്റത്ത് അലി(റ)യെയും അലി(റ) തന്റെ വിശമാവസ്ഥ ഹസ്റത്ത് ആഇശ(റ)യെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഹസ്റത്ത് അലി (റ)വിജയിച്ചു. സംഭവത്തിന്റെ യഥാസ്ഥിതി ആഇശ(റ)യെ ധരിപ്പിച്ച ശേഷം ഹസ്റത്ത് അലി(റ) അവരെ മദീനയിലേക്ക് യാത്രയയച്ചു.
ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്.
ഇത് സ്വഹാബാക്കള്‍ക്കിടയിലെ അവലോകനത്തില്‍ വന്ന പാളിച്ചയാണ്. ഇരു കൂട്ടരുടെയും ഉദ്ദേശ്യം ശുദ്ധമായിരുന്നു. അല്ലാഹുവിന്‍റെ പ്രീതി മാത്രമാണ് അവര്‍ കാംക്ഷിച്ചത്. ഇജ്തിഹാദില്‍ വന്ന ഈ പിഴവിനെ ഒരു തെറ്റായി കാണാനാവില്ല. അതിന്‍റെ പേരില്‍ മഹത്തുക്കളായ സ്വഹാബത്തിനെ കുറ്റപ്പെടുത്താനോ പഴിപറയാനോ പാടുള്ളത്. അങ്ങനെ ചെയ്യുന്നത് വലിയ പാപമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


