ഗള്‍ഫ് രാജ്യങ്ങളില്‍ മഗ്രിബ് ബാങ്ക് വിളിച്ച ശേഷം അഞ്ചു മിനിറ്റു സമയമുള്ളത് കൊണ്ട് പലരും രണ്ടു റകഅത് സുന്നത് നിസ്കരിക്കുന്നതായി കാണുന്നു . നമ്മുടെ നാടുകളില്‍ ബാങ്ക് വിളിച്ച ഉടനെ മഗ്രിബ് നിസ്കാരം ജമാഅത് തുടങ്ങുന്നു. സുന്നത് നിസ്കാരം മഗ്രിബിന് മുന്പ് കാണുന്നില്ല . എന്റെ സംശയം മഗ്രിബു നിസ്കാരത്തിനു മുന്പ് സുന്നത്ത് നിസ്കാരം ഉണ്ടോ ?
ചോദ്യകർത്താവ്
ഇബ്റാഹീം കുണ്ടൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുഅക്കദായ റവാതിബു നിസ്കാരങ്ങളില്‍ പെട്ടതല്ലെങ്കിലും മഗ്റിബ് നിസ്കാരത്തിനു ബാങ്കു കൊടുത്ത് ഫര്‍ള് നിസ്കാരത്തിനു മുമ്പായി ലഘുവായ രണ്ടു റക്അത് നിസ്കരിക്കല്‍ സുന്നതാണ്. ബാങ്ക് ഇഖാമതുകള്‍ക്കിടയിലെല്ലാം സുന്നത് നിസ്കാരമുണ്ടെന്ന ഹദീസിന്‍റെയും മഗ്റിബിനു മുമ്പ് രണ്ടു റക്അത് നിസ്കരിക്കൂ എന്ന് റസൂല്‍ (സ) പറയുകയും മൂന്നാമത് പറഞ്ഞപ്പോള്‍ വേണ്ടവര്‍ നിസ്കരിക്കൂ എന്നു കൂടി പറയുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലും അത് സുന്നത്താണ്. പല സ്വഹാബി പ്രമുഖരും ഇങ്ങനെ നിസ്കരിച്ചിരുന്നു. ഇത് സുന്നത്താണെന്ന് ഹദീസുകളില്‍ നിന്നും സ്വഹാബാക്കളുടെ മാതൃകകളില്‍ നിന്നും മനസ്സിലായ സ്ഥിതിക്ക് ഇങ്ങനെയൊരു സുന്നത് നിസ്കാരമുണ്ടായിരുന്നില്ലെന്ന ചിലരുടെ അഭിപ്രായത്തിനു യാതൊരു സ്ഥാനവുമില്ല.
മഗ്റിബിന്‍റെ ബാങ്ക് കൊടുത്ത് അതിന്‍റെ ഇജാബതും ദുആയും കഴിഞ്ഞതിനു ശേഷമാണ് ഇത് നിസ്കരിക്കേണ്ടത്. ഇങ്ങനെ രണ്ടു റക്അത് നിസ്കരിക്കുന്നതിലൂടെ തക്ബീറതുല്‍ ഇഹ്റാം ഇമാമോടൊപ്പം കിട്ടുമോ എന്നു ഭയപ്പെട്ടാല്‍ അത് മഗ്റിബ് നിസ്കാരാനന്തരം നിര്‍വ്വഹിക്കലാണ് ഉത്തമം. പക്ഷേ, ഇങ്ങനെ ലഘുവായ രണ്ടു റക്അത് നിസ്കാരത്തിനും ബാങ്കിനു ഇജാബതു നല്‍കാനും സമയം നല്‍കാതെ ഉടനെ ഇഖാമത് കൊടുക്കല്‍ കറാഹത്താണെന്ന് ശര്‍വാനിയിലുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


