അസ്സലാമു അലൈകും പെരുന്നാള്‍ ദിവസം പോലെയുള്ള ആഘോഷ ദിവസങ്ങളില്‍ ആശംസകള്‍ നേരുന്നാത് തെറ്റാണോ ? ഇസ്ലാമിക വിധി എന്താകുന്നു.
ചോദ്യകർത്താവ്
ശൌകത് അലി കെ. പി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പെരുന്നാള്‍ ദിവസങ്ങളില്‍ സ്വഹാബത് നിസ്കാര ശേഷം തഖബ്ബലല്ലാഹു മിന്നാ മിന്കും എന്നു പരസ്പരം ആശംസകള്‍ അറിയിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. അതു പോലെ തന്‍റെ സഹോദരനുണ്ടാവുന്ന സന്തോഷ വേളയിലും ബറകത്തിനു വേണ്ടി ദുആ ചെയ്ത് ആശംസകള്‍ നേര്‍ന്നിരുന്നു അവര്‍. കുഞ്ഞ് പിറന്നാല്‍ അവനോട് എങ്ങനെ ആശംസകള് നേരണമെന്ന് ഹുസൈന്‍ (റ) പഠിപ്പിച്ചിരുന്നു. കഅ്ബ് (റ) വിന്‍റെ തൌബ സ്വീകരിച്ചതായി ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ സ്വഹാബക്കള്‍ അദ്ദേഹത്തിനു ആശംസകള്‍ നേര്‍ന്നതായും നബി (സ) നീ സന്തോഷിക്കുക നിന്‍റെ ഉമ്മ പ്രസവിച്ചതു മുതല്‍ ഏറ്റവും നല്ല ദിവസമാണിത് എന്നു പറഞ്ഞതായൂം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ആശംസകള്‍ നേരുന്നത് ഇസ്ലാമികം തന്നെയാണ്. ആശംസകള്‍ നേരാന്‍ ദുആകളുപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. നാടുകളില്‍ പ്രചാരത്തിലുള്ള മോശമല്ലാത്ത പദങ്ങള്‍ ഇതിനായി പ്രയോഗിക്കുന്നത് അനുവദനീയമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


