മഹാന്മാരുടെ മഖ്ബറയില്‍ പോയാല്‍ ദുആ മഹാന്മാരോട് നേരിട്ടു ചോദിക്കാന്‍ പറ്റുമോ. അതോ മുന്നിര്‍ത്തി ചോദിക്കണോ
ചോദ്യകർത്താവ്
മുഹമ്മദ് ഫാസില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മഹാന്മാരുടെ മഖ്ബറകള്‍ ബറകതിനായി സന്ദര്‍ശിക്കല്‍ സുന്നതാണ്. ഫത്ഹുല്‍ മുഈനില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. അവിടെ നാം സന്നിഹിതരാവുന്നത് തന്നെ ബറകത് ആണ്. അവിടെ നമുക്ക് ആ മഹാന്മാര്‍ക്കു വേണ്ടി അല്ലാഹുവിനോടു ദുആ ചെയ്യാം. അവരുടെ സാന്നിധ്യത്തില്‍ നമുക്കു വേണ്ടി അല്ലാഹുവിനോടു നേരിട്ടു ദുആ ചെയ്യാം. അവരെ തവസ്സുല്‍ ചെയ്ത് (മുന്നിര്‍ത്തി) ദുആ ചെയ്യാം.
അവരോട് നേരിട്ട് സഹായം ചോദിക്കുകയും ചെയ്യാം. അതിനെ ഇസ്തിഗാസ എന്നു പറയുന്നു. അത് ദുആയുടെ ഗണത്തില്‍ പെടുന്നില്ല. മരണത്തോടു കൂടി മഹാന്മാരുടെ കറാമതുകള്‍ മുറിഞ്ഞു പോകുകയില്ലെന്ന അഹ്‍ലുസ്സുന്നതി വല്‍ ജമാഅയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അവരോട് സഹായം ചോദിക്കുന്നത് ജീവിച്ചിരിക്കുന്നവരോട് സഹായം തേടുന്നതു പോലെ മാത്രമാണ്.
തവസ്സുലും ഇസ്തിഗാസയും നടത്താന്‍ മഖ്ബറയില്‍ തന്നെ പോകണമെന്നില്ല. മഖ്ബറയില്‍ പോയാല്‍ അവിടെ തവസ്സുലും ഇസ്തിഗാസയും ചെയ്തേ പറ്റൂ എന്നുമില്ല. അവയെല്ലാം അനുവദനീയമാണ്. നിര്‍ബന്ധമല്ല. അവ ശിര്‍കാണെന്നു ആരോപിക്കുന്നത് അറിവുകേടു കൊണ്ടാണ്.
അനുബന്ധ വിഷയങ്ങളുടെ കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.തവസ്സുലും ബിദഈ വാദങ്ങളും
മരിച്ചവരോട് സഹായം തേടല്‍
മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍: മദ്ഹബുകള്‍ എന്തു പറയുന്നു?
മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


