മസ്ജിദുല്‍ ഹറം എന്നാണോ, ഹറാം എന്നാണോ പറയേണ്ടത്.. എന്താണ് ഇതിന്റെ അര്‍ത്ഥം?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മസ്ജിദുല്‍ഹറാം എന്ന് തന്നെയാണ് കഅ്ബക്ക് ചുറ്റുമുള്ള പള്ളിയുടെ പേര്. വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ ഇസ്റാഅ് ആദ്യ ആയതില്‍ തന്നെ അത് പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ഹറാമിന് ചുറ്റുമായി മുപ്പത് കിലോമീറ്ററിലേറെ നീണ്ട് കിടക്കുന്ന പ്രദേശത്തെയാണ് ഹറം എന്ന് വിളിക്കുന്നത്. സൂറതുല്‍ ഖസ്വസിലെ 57-ാം സൂക്തത്തില്‍ ഈ പദപ്രയോഗം കാണാം.  ഓരോ ഭാഗത്ത് നിന്ന് വരുമ്പോഴും ഹറം തുടങ്ങുന്ന പോയിന്‍റുകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഹറം അല്ലാത്ത പ്രദേശങ്ങളെ ഹില്ല് എന്ന് പറയുന്നു. ഏറ്റവും മധ്യഭാഗത്തായി കഅ്ബ സ്ഥിതി ചെയ്യുന്നു.  കഅ്ബക്ക് ചുറ്റുമുള്ള ഭാഗത്തെ മത്വാഫ് എന്ന് പറയുന്നു. അതിന് ചുറ്റും നിലകൊള്ളുന്ന പള്ളിയെയാണ് മസ്ജിദുല്‍ഹറാം എന്ന് പറയുന്നത്. അതിന് ചുറ്റിലുമായി വിശാലമായി കിടക്കുന്ന പ്രദേശത്തെ ഹറം എന്നും പറയുന്നു. മുപ്പത് കിലോമീറ്ററിലേറെയാണ് ഹറമിന്‍റെ ചുറ്റളവ്. ഹറമിന്‍റെ അതിര്‍ത്തികളില്‍ ഏറ്റവും അടുത്ത് കിടക്കുന്നത് തന്‍ഈം ആണ്. ഏഴര കിലോമീറ്റാണ് ഇവിടെനിന്ന് മസ്ജിദുല്‍ഹറാമിലേക്ക്. മസ്ജിദുആഇശ എന്ന് അറിയപ്പെടുന്ന പള്ളി ഇവിടെയാണ് നിലകൊള്ളുന്നത്. ഏറ്റവും ദൂരം കൂടിയത് ഹുദൈബിയ്യക്കടുത്ത ഹറം അതിര്‍ത്തിയിലേക്കാണ്. 22 കിലോമീറ്ററാണ് അങ്ങോട്ടുള്ള ദൂരം. പരിശുദ്ധമായ പള്ളി എന്നോ യുദ്ധം ചെയ്യലും മരം മുറിക്കല്‍ വേട്ടയാടല്‍ തുടങ്ങിയവയൊക്കെ നിഷിദ്ധമാക്കപ്പെട്ടതെന്നും അര്‍ത്ഥം പറയാവുന്നതാണ് കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter