പിശാചുക്കളെ എറിഞ്ഞു തുരത്തുന്നു എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു. ഉല്‍ക്കകളെ കുറിച്ചാണോ ഇവിടെ പറയുന്നത്? എന്താണ് ഇതിന്റെ ശാസ്ത്രീയ വശം?

ചോദ്യകർത്താവ്

റംഷീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നക്ഷത്രത്തില്‍ നിന്ന് പുറത്ത് വരുന്ന തീഗോളമാണ് പിശാചുക്കളെ എറിയാന്‍ ഉപയോഗിക്കുന്നതെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നു. സൂറതുസ്സ്വാഫ്ഫാതില്‍ പറയുന്നു إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِب പക്ഷേ, ആരെങ്കിലും (വൃത്താന്തങ്ങള്‍) റാഞ്ചിയെടുത്താല്‍ തുളച്ചുചെല്ലുന്ന തീജ്വാല അവനെ പിന്തുടരുന്നതാണ്. 'മലഉല്‍ അഅ്‌ലാ' യില്‍-മലക്കുകളാകുന്ന സമുന്നത സമൂഹത്തില്‍ നിന്ന് വാര്‍ത്തകള്‍ കട്ടുകേള്‍ക്കാന്‍ ആകാശത്തിലേക്ക് സൂത്രത്തില്‍ കയറിച്ചെല്ലുന്ന ധിക്കാരികളായ പിശാചുക്കളെ ആട്ടിയോടിച്ച് ആകാശത്തെ സുരക്ഷിതമാക്കി നിറുത്തുവാന്‍ അല്ലാഹു നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. പിശാചുക്കള്‍ വല്ല വാര്‍ത്തതയും തഞ്ചത്തില്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയാല്‍ നാനാഭാഗത്തുനിന്നും അവരുടെ നേരെ തീജ്വാല കൊണ്ടുള്ള ശക്തിമത്തായ ഏറു വരും. ഇതിനു പുറമെ പരലോകത്തുവെച്ച് അവര്‍ക്ക് നിരന്തരമായ ശിക്ഷയുമുണ്ട്. ഉല്‍ക്കാ വര്‍ഷം, പറക്കുംതളികകള്‍ തുടങ്ങിയ പല പ്രാപഞ്ചികപ്രതിഭാസങ്ങളും ഇന്ന് നമുക്കിടയില്‍ ചര്‍ച്ചാവിധേയമാകുന്നുണ്ടല്ലോ. അത്തരം കാര്യങ്ങളുടെ ശരിയായ ഉദ്ദേശ്യമെന്താണെന്ന് മനുഷ്യനറിയില്ല. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് നിഷേധിക്കാന്‍ യാതൊരര്‍ഹതയും ഇല്ലല്ലോ. ശിഹാബ് എന്ന വാക്കിന് കൊള്ളിമീന്‍, ചെങ്കോല്‍, ഉല്‍ക്ക, നക്ഷത്രം, തീജ്വാല, തിളങ്ങുന്ന കുന്തം, വാണം എന്നിങ്ങനെ പല അര്‍ഥളങ്ങളുമുണ്ട്. നക്ഷത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഒരു ജ്വാല എന്നല്ലാതെ ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യമെന്താണെന്ന് നമുക്ക് തീര്‍ത്തു പറയാന്‍ വയ്യ. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട പിശാചുക്കളെ നശിപ്പിച്ചുകളയുവാനുള്ള അതിന്റെ ശക്തിയാണ് സാഖിബ് എന്ന വിശേഷണം കാണിക്കുന്നത്. പല മഹാന്മാരും പ്രസ്താവിച്ചതുപോലെ പിശാചുക്കള്‍ കട്ടുകേള്‍ക്കാന്‍ ചെല്ലുന്നതും അവര്‍ തട്ടിയെടുക്കുന്നതും തീജ്വാല കൊണ്ട് എറിയപ്പെടുന്ന രൂപവുമെല്ലാം എങ്ങനെയെന്നൊന്നും സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല. അവയെക്കുറിച്ച് അല്ലാഹുവും റസൂലും പറഞ്ഞുതന്നത് മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയുമാണ് നമ്മുടെ കടമ. ബാഹ്യലോകത്തിന്റെ ബാഹ്യവശങ്ങളല്ലാതെ നമുക്കെന്തറിയും? ഇങ്ങനെ ആകാശത്ത് നിന്നുതിര്‍ന്നു വീഴുന്ന പല സാധനങ്ങളും ഉള്ളതായി ശാസ്ത്രം തെളിയിച്ചതും ലോകം ദര്‍ശിച്ചതുമാണല്ലോ. നക്ഷത്രങ്ങളില്‍ നിന്നു പുറപ്പെടുന്ന തീജ്വാല ശൈത്വന്‍ മാരെ എറിയുന്നതാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. 'കൊള്ളിമീന്‍ വീഴുന്നത് പ്രകൃതിപരമായ ചില കാരണങ്ങളാലാണ്; പിശാചിനെ എറിയുന്നതല്ല'-എന്ന് വിമര്‍ശകര്‍ വാദിച്ചേക്കാം, പല മുസ്‍ലിം 'ബുദ്ധി' ജീവികളും അവരോടൊപ്പമുണ്ട് താനും. എന്നാല്‍, നക്ഷത്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന തീജ്വാല (ശിഹാബ്) പിശാചിനെ എറിയലാണെന്ന് നബി(സ) പ്രസ്താവിച്ചത് നാം മുമ്പ് കണ്ടുവല്ലോ. വക്രബുദ്ധികളല്ലാത്ത ആധുനിക ചിന്തകന്മാരും ആ യാഥാര്‍ഥ്യം സ്ഥിരീകരിച്ചിരിക്കയാണ്. മുഹമ്മദ് ഫരീദ് വജ്ദി പറയുന്നത് കാണുക: അധോലോക(ഭൂലോക)ത്തെ ആത്മിക ജീവികളായ പിശാചുക്കള്‍ മനുഷ്യരില്‍ പെട്ട അധമന്മാുരുടെയും ജോത്സ്യന്മാരുടെയും സ്വഭാവത്തിലുള്ള ചിലരെ ചാരന്മാരായി ഏര്‍പ്പെടടുത്തുന്നു. അങ്ങനെ ചില അദൃശ്യകാര്യങ്ങള്‍ അറിയിച്ചുകൊടുത്തുകൊണ്ട് അവരില്‍ സ്വാധീനം ചെലുത്തുവാന്‍ ആ പിശാചുക്കള്‍ ശ്രമിക്കും. അതിനായി ഉപരിലോകങ്ങളില്‍ നിന്ന് അറിവുകള്‍ കട്ടെടുക്കുവാന്‍ അവര്‍ അവിടെ കയറിപ്പോകുന്നു. അപ്പോള്‍ അല്ലാഹു ആ തീജ്വാല (ഉല്‍ക്ക) കൊണ്ട് അവരെ എറിഞ്ഞാട്ടും. 'ഈ തീജ്വാലകള്‍ വീഴുന്നതിന് പ്രകൃതിപരമായ കാരണങ്ങളുണ്ടല്ലോ' എന്ന് ന്യായീകരിക്കുന്നതായാല്‍ നമുക്ക് പറയാനുള്ളതിതാണ്: പൈശാചികവും അഗ്നിപ്രകൃതവുമായ ആ ശരീരങ്ങള്‍ ആ ജ്യോതിസ്സുകളുടെ നേരെ സമീപിക്കുന്നതു തന്നെയും അവ വീഴുവാനുള്ള ഒരു പ്രകൃതി കാരണമായിരിക്കുന്നതിന് എന്താണ് വിരോധം? ടെലിഫോണിന്റെയും ടെലിഗ്രാഫിന്റെയും കമ്പികള്‍ മേഘത്തിന്റെയും ഇടിമിന്നലിന്റെയും വൈദ്യുതിയുമായി സന്ധിക്കുമ്പോള്‍ ചില വൈദ്യുത പ്രത്യാഘാതങ്ങളുണ്ടാകുന്നു. അന്തരീക്ഷത്തില്‍ വിദ്യുച്ഛക്തി ഉപയോഗപ്പെടുത്തി മഴ വര്‍ഷിക്കുമാറാക്കുന്നു. ഇതെല്ലാം മുന്‍കാലത്തില്ലാത്തതാണ്. ഇതുപോലെ ഉപരിമണ്ഡലത്തില്‍ പിശാചുക്കളുടെ സമീപനം ഉല്‍ക്കകളുടെ ചലനത്തിന് കാരണമായിത്തീരുന്നതും വിദൂരമായ ഒന്നല്ല. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അവന് ചില യുക്തിരഹസ്യങ്ങളുണ്ടായിരിക്കും (സ്വഫ്വ്തുല്‍ ഇര്ഫാല‍ന്‍-522). ഇമാം റാസീ(റ) പറയുന്നു: നബി(സ)യുടെ മുമ്പും മറ്റു ചില കാരണങ്ങളാല്‍ ഉല്‍ക്കകള്‍ ഉണ്ടായിരുന്നത് നാം നിഷേധിക്കുന്നില്ല. പക്ഷേ, നബി(സ)യുടെ നിയോഗത്തിനു ശേഷം മറ്റൊരു കാരണത്താല്‍-ജിന്നുകളെ തടയുവാന്‍-കൂടി അതുണ്ടാകുന്നത് അസംഭ്യവമല്ല... കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter