സൃഷ്ടികളില്‍ ഏറ്റവും അനുഗ്രഹീതന്‍ മുഹമ്മദ്‌ നബിയായിരിക്കെ ..സ്വലത്തില്‍ ഇബ്രാഹീമില്‍ ഇബ്രാഹീം നബിയെയും കുടുംബത്തെയും അനുഗ്രഹിച്ചത് പോലെ....മുഹമ്മദ്‌ നബിയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ...എന്ന സ്വലാത്തിന്റെ ഉദ്ദേശം??

ചോദ്യകർത്താവ്

അബ്ദുല്ലാഹ് മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇബ്റാഹീമിയ്യ സ്വലാത് അഥവാ സാധാരണ അവസാനത്തെ അത്തഹിയ്യാത്ത് (തശഹ്ഹുദ്) കഴിഞ്ഞ് ഓതുന്ന സ്വലാതിലെ സാദൃശ്യപ്പെടുത്തല്‍ പണ്ടുമുതലേ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തതാണ്. ഇബ്റാഹീം(അ)മിനേക്കാള്‍ മുഹമ്മദ് നബി(സ)ക്ക് ശ്രേഷ്ഠതയുണ്ടായിരിക്കേ, ഇബ്റാഹീം (അ)മിനു അനുഗ്രഹം ചെയ്തതു പോലെയെന്നു പറയുന്നതിന്‍റെ ഹിക്മത് വിശദീകരിക്കുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ പലതരം അഭിപ്രായങ്ങള്‍ കാണാം. ഇമാം ശാഫി(റ)വിനു ഇതില്‍ മൂന്നു അഭിപ്രായങ്ങളുണ്ട്. (ശറഹു മുസ്‍ലിം - നവവി) 1) സ്വലാത് അഥവാ അനുഗ്രഹത്തിന്‍റെ തോതിലല്ല ഇവിടെ സാദൃശ്യപ്പെടുത്തുന്നത് മറിച്ച് സ്വലാത് ഉണ്ടാവുകയെന്ന സംഗതി (അസ്വലുസ്സ്വലാത്) മാത്രമാണ്. 2) മുഹമ്മദ്(സ)യും ഇബ്റാഹീം(അ)മും തമ്മിലല്ല ഇവിടെ താരതമ്യം ചെയ്യപ്പെടുന്നത് മറിച്ച് മുഹമ്മദ്(സ)യും കുടുംബവും ഉള്‍ക്കൊളള്ളുന്ന സംഘവും ഇബ്റാഹീം(അ)മും കുടുംബവും ഉള്‍കൊള്ളുന്ന സംഘവും തമ്മിലാണ്. അഥവാ പരസഹസ്രം പ്രവാചകന്മാരുള്ള ഇബ്റാഹീം നബി(അ)മും കുടുംബവും ഉള്‍കൊള്ളുന്ന സംഘത്തെ അല്ലാഹു അനുഗ്രഹിച്ചതുപോലെ ഒരു പ്രവാചകന്‍ മാത്രമുള്ള മുഹമ്മദ്(സ)യും കുടുംബവും ഉള്‍കൊള്ളുന്ന സംഘത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ. 3) ഈ സാദൃശ്യപ്പെടുത്തല് നബി(സ)യുടെ മേല്‍ സ്വലാത് ചൊല്ലുന്നതിനു ബാധകമല്ല. തങ്ങളുടെ ആലിന്റെ മേലുള്ള സ്വലാത്തിനു മാത്രമേ അത് പരിഗണിക്കേണ്ടതുള്ളൂ. അഥവാ 'അല്ലാഹുവേ നീ മുഹമ്മദിന്‍റെ മേല് സ്വലാത് ചൊല്ലണേ. ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും മേല്‍ സ്വലാത് ചൊല്ലിയതു പോലെ അവരുടെ (മുഹമ്മദിന്‍റെ) ആലിന്‍റെ മേലും സ്വലാത് ചൊല്ലേണമേ...' എന്നിങ്ങനെ ആ സ്വലാതിന്‍റെ അര്‍ത്ഥം വരും. ഖാദി ഇയാദ് (ശറഹു മുസ്‍ലിം) പറയുന്നു. ഈ വിഷയത്തില്‍ ഏറ്റവും നല്ല അഭിപ്രായം ഇബ്റാഹീം (അ) മിനും കുടുംബത്തിനും അല്ലാഹു അനുഗ്രഹം പൂര്‍ത്തിയാക്കിയതു പോലെ മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും അല്ലാഹു അനുഗ്രഹം പൂര്ത്തിയാക്കട്ടെ എന്നാണ്. നബി(സ)ക്കും ഉമ്മത്തിനും എന്നാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. ഖിയാമതു നാളുവരെ അനുഗ്രഹം നിത്യമാവാനും ഇബ്റാഹീം നബിക്ക് ലഭിച്ചതു പോലെയുള്ള ലിസാനു സിദ്ഖ് (ശേഷം വരുന്നവരില് തന്നെ കുറിച്ചുള്ള നല്ല സംസാരം) ലഭിക്കാനുമാണെന്നും ഇബ്റാഹീം(അ)മിനെ പോലെ ഖലീല് എന്ന സ്ഥാനവും കൂടി ലഭിക്കാനെന്നും അഭിപ്രായങ്ങളുണ്ട്. ഖാദി ഇയാദിന്‍റെ ഈ അഭിപ്രായങ്ങള് നിരത്തിയതിനു ശേഷം നവവി(റ) പ്രബലമാക്കി പറഞ്ഞത് ശാഫീഈ (റ) മൂന്നാലൊരു ഖൌലിനെയാണ്. ഇബ്നു ഹജറുല് ഹൈതമി (റ) തന്റെ ദുര്റുല് മന്‍ദൂദ് ഫിസ്സ്വലാതി വസ്സലാമി അലാ സ്വാഹിബില്‍ മഖാമില് മഹ്മൂദ് എന്ന ഗ്രന്ഥത്തില് ഈ സാദൃശ്യപ്പെടുത്തലിന്‍റെ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു. (മുകളില്‍ ഉദ്ധരിച്ച അഭിപ്രായങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.) 1) നബി(സ) ഇത് താഴ്മ കാണിക്കുക എന്ന നിലക്ക് പറഞ്ഞതാണ്. അതിന്‍റെ പുണ്യം ലഭിക്കാനായി തങ്ങളുടെ ഉമ്മത്തിനു ഇങ്ങനെ പറയല്‍ ദീനില്‍ നിയമമാക്കുകയും ചെയ്തു. 2) കമാ സ്വല്ലൈത്ത / കമാ ബാറക്ത എന്നതിലുള്ള ആദ്യത്തെ കാഫിന്‍റെ അര്‍ത്ഥം സാദൃശ്യപ്പെടുത്തലോ താരതമ്യമോ അല്ല മറിച്ച് കാരണമായി പറയുകയാണ്. ചിലപ്പോള്‍ ഈ ((ക)) കാരണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കും ഉദാഹരണത്തിനു واذكروه كما هداكم (നിങ്ങളെ (അല്ലാഹു) ഹിദായത്തിലാക്കിയ കാരണത്താല്‍ നിങ്ങളവനെ ഓര്‍ക്കുക) എന്ന ഖുര്‍ആന്‍ വചനത്തില്‍ കാഫ് കാരണം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അഥവാ ഇബ്റാഹീം(അ)മിനു മേല്‍ സ്വലാത് ചൊല്ലിയതിനാല്‍ മുഹമ്മദ് നബി(സ)യുടെമേലും സ്വലാത് ചൊല്ലുക എന്നിങ്ങനെ അര്‍ത്ഥം വരും. 3) നബി(സ)ക്ക് ഇതു വരെ ലഭിക്കാത്തതും ഇബ്റാഹീം(അ)മിനു ലഭിച്ചതുമായ ഒരു അനുഗ്രഹമാണിവിടെ ആവശ്യപ്പെടുന്നത്. 4) ഇവിടെ സാദൃശ്യപ്പെടുത്തുന്നത് നബി(സ)യെയോ നബി(സ)ക്കു ലഭിച്ച അനുഗ്രഹങ്ങളുടെ അളവിനെയോ അല്ല. മറിച്ച് ഓരോ വ്യക്തിയും ഈ സ്വലാത്തിലൂടെ അല്ലാഹുവിനോടു ആവശ്യപ്പെടുന്ന ഓരോ പ്രാവശ്യത്തെയും അനുഗ്രഹങ്ങളെയാണ്. അഥവാ ഓരോ സ്വലാതിലും അല്ലാഹുവിനോട് ഇബ്റാഹീം നബി(അ)നു ചെയ്ത അത്രയും നല്കാനാവാശ്യപ്പെടുന്നു. അങ്ങനെ നബി(സ) തങ്ങള്‍ക്ക് ഇബ്റാഹീം(അ)മിനു നല്‍കിയത്രയും അനുഗ്രഹങ്ങള്‍ എണ്ണമറ്റ രീതിയില്‍ ലഭിക്കുന്നു. സുബുകി ഇമാം പറയുന്നു. ഇങ്ങനെ ഒരാള്‍ സ്വലാത് ചൊല്ലിയാല്‍ അതിനു ഉത്തരം ലഭിക്കുക തന്നെ ചെയ്യും. അതിനാല്‍ ഓരോ പ്രാവശ്യവും സ്വലാത് ചൊല്ലുമ്പോഴും പുതിയ അനുഗ്രങ്ങളാണ് അല്ലാഹു റസൂലിനു നല്‍കുന്നത് 5) ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നതിനെ അതിനേക്കാള്‍ താഴ്ന്നതിനോടു ഉപമിക്കാറുണ്ട്. സൂറത്തുന്നൂറില്‍ അല്ലാഹുവിന്‍റെ പ്രകാശം വിളക്കുമാടത്തോടുപമിച്ചത് ഈ രീതിയിലാണ്. ശ്രോതാവിനു കാര്യങ്ങള്‍ വ്യക്തമാക്കികൊടുക്കാന്‍ അവനു കൂടുതല്‍ പരിചയമുള്ളവ ഉദാഹരണത്തിനായി പരിഗണിക്കും. ഇബ്റാഹീം നബി(അ)മിന്‍റെ മഹത്വവും അല്ലാഹുവിന്‍റെയടുക്കലുള്ള സ്ഥാനവും മുസ്ലിംകളല്ലാത്തവരും അംഗീകരിക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രകടമാണല്ലോ. (ഫില്‍ ആലമീന്) അഥവാ ലോകങ്ങളില്‍ എന്ന ഉപയോഗം ഈ വിശദീകരണത്തോട് നന്നായി യോജിക്കുന്നുണ്ട്. 6) നബി(സ) തങ്ങളും ഇബ്റാഹീമീ സന്തതികളില്‍ പെട്ടവരാണല്ലോ. അഥവാ ഇബ്റാഹീം നബി(സ)യുടെ ആലിന്‍റെ മേല്‍ സ്വലാത്ത് എന്നാല്‍ അത് നബി(സ)യുടെ മേലും ആണ്. ഇബ്നു അബ്ബാസ് (റ) പറഞ്ഞതു പോലെ നബി(സ)യുടെയും ആലിന്‍റെയും മേല്‍ പ്രത്യേകമായും ഇബ്റാഹീം (അ)മിന്‍റെയും കുടുംബത്തിന്‍റെയും മേല്‍ പൊതുവായുമാണ് സ്വലാത് ചൊല്ലുന്നത്. ഈ സ്വലാതില്‍ ഇബ്റാഹീം(അ)മിനെ പ്രത്യേകമായി പറയാന്‍ കാരണം അല്ലാഹു സുബ്ഹാനഹു വതആല റഹ്മതും ബറകതും ഒരുമിച്ചു പറഞ്ഞത് ഈ പ്രവാചകന്‍റെ കുടുംബത്തിനു മാത്രമാണ്. (ഹൂദ് 73). മാത്രമല്ല ഇബ്റാഹീം നബി(അ) മുഹമ്മദ് നബി(സ) കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും ശ്രേഷ്ഠനായ ദൈവദൂതനാണ്. അവരുടെ പ്രകീര്‍ത്തനം ശേഷക്കാരിലുണ്ടാകാന്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും അല്ലാഹു അതിനു ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ നബി(സ)ക്കും ഉമ്മത്തിനും വേണ്ടി ദുആ ചെയ്തതിനുള്ള ഒരു പ്രത്യുപകാരം കൂടിയാണ് ഇങ്ങനെയൊരു സ്വലാത്ത് നിയമമാക്കിയതിനു പിന്നിലെ യുക്തി
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter