ഖുര്‍ആന്‍ ചുംബിക്കുന്നതില്‍ വല്ല മാതൃകയും പറയാമോ? ഖുര്‍ആന്‍ മനപ്പാഠ മാക്കുന്നതിന്‍റെ മഹത്വം വിശദീകരിക്കാമോ? നിസ്കാര ശേഷം ഹസ്തദാനം പ്രത്യേകം സുന്നതുണ്ടോ? ഖുര്‍ആന്‍ സൂക്തങ്ങള്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കുന്നതിനു തെളിവ്‌ പറയാമോ?

ചോദ്യകർത്താവ്

jabir usman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ചുംബിക്കുന്നത് പ്രത്യേക പുണ്യമാണെന്ന് പറയാവതല്ല എന്നാണ് ഭൂരിഭാഗ പണ്ഡിതരും പറയുന്നത്. അതെക്കുറിച്ച് മുമ്പ് നാം വിശദമാക്കിയതാണ്. ഇവിടെ നോക്കുക. ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിന് ഏറെ മഹത്വമുണ്ട്. വിവിധ ഹദീസുകളില്‍ അത് വന്നതായി കാണാം. അബുദാവൂദ് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഖുര്‍ആന്‍റെ ആളോട് (മനപ്പാഠമാക്കി നന്നായി ഓതുന്നവന്‍ ) ഖിയാമത് നാളില്‍ പറയപ്പെടും, നീ ദുന്‍യാവില്‍ വെച്ച് ഓതിയിരുന്ന പോലെ നന്നായി പാരായണം ചെയ്തുകൊണ്ടിരിക്കുക, നീ ഓതുന്ന അവസാന ആയതിന്‍റെ അത്രയുമാണ് നിന്‍റെ സ്ഥാനം. ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് ലഭിക്കുന്ന ഈ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം മറ്റൊരാള്‍ക്കും ലഭിക്കില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഖുര്‍ആന്‍ പഠനത്തിന്‍റെയും പാരായണത്തിന്‍റെയും മഹത്വം മര്‍ഹൂം സി.എച്ച് ഹൈദ്രോസ് ഉസ്താദിന്‍റെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മഹത്വം എന്ന ലേഖനത്തിലും മര്‍ഹൂം കെ.വി ഉസ്താദിന്‍റെ ഖുര്‍ആന്‍ പഠനവും പാരായണവും എന്ന ലേഖനത്തിലും വളരെ വിശദമായി പറയുന്നുണ്ട്. നിസ്കാരശേഷം ഹസ്തദാനം പ്രത്യേകം സുന്നതുള്ളതായി രേഖകളിലില്ല. രണ്ട് വിശ്വാസികള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഹസ്തദാനം ചെയ്യണമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. നിസ്കാരശേഷം അത് പ്രത്യേകം സുന്നതുണ്ടെന്ന് പറയാവതല്ല, എന്നാല്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ഇമാം നവവി (റ) അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കാവുന്നതാണ്. പ്രവാചകര്‍ (സ)യോട് ജാഹിലിയ്യാ കാലത്ത് നടത്തിയിരുന്ന ചില ചികില്‍സാരീതികളെയും മന്ത്രങ്ങളെയും കുറിച്ച് ചോദിക്കപ്പട്ടപ്പോള്‍ അത് എന്താണെന്ന് അന്വേഷിക്കുകയും ശിര്‍ക് വരാത്തിടത്തോളം അവ അനുവദനീയമാണെന്നും പറഞ്ഞതായി ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കാമെന്ന് പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നുണ്ട്. മുന്‍ഗാല പണ്ഡിതരില്‍ പലരും പല അസുഖങ്ങള്‍ക്കും അങ്ങനെ ചെയ്തിരുന്നുവെന്നും അത് അനുവദനീയമാണെന്നും ഇബ്നുല്‍ഖയ്യിം സാദുല്‍മആദ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter