നമ്മുടെ ഭൂമിക്കപ്പുറത്ത് ഭൂമിയുടെ സമാനമായ ഗ്രഹം ഈ അടുത്ത് നാസ കണ്ട് പിടിച്ചു എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്.. പരിശുദ്ധഖുര്‍ആനില്‍ ഈ ഒരു കാര്യത്തെക്കുറിച്ച് എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ ??..ഭൂമിക്ക് അപ്പുറം ആല്ലാഹു ജീവനെ സൃഷ്ടിച്ചിട്ടുണ്ടോ ?

ചോദ്യകർത്താവ്

ഫിറോസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 2014 ഏപ്രില്‍ 17 നു നാസ പുറത്തു വിട്ട വിവരമനുസരിച്ച് നാസയുടെ കെപ്ലര്‍ ബഹിരാകാശ ടെലസ്കോപിലൂടെ കണ്ടെത്തിയതാണ് കെപ്ലര്‍ 186എഫ് എന്ന പേരിലറിയപ്പെടുന്ന ഗ്രഹം. ഭൂമിയില്‍ നിന്ന് 500 പ്രകാശ വര്‍ഷം അകലത്തില്‍ കഴിയുന്ന ഈ ഗ്രഹം ജായര (Cygnus) എന്ന രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഭൂമിയോട് സാദൃശ്യമുണ്ടെന്ന് നാസ നിരീക്ഷിക്കുന്നു. ഭൂമിയേക്കാള്‍ അല്പം കൂടുതല്‍ വലിപ്പമുള്ള ഇതില്‍ സമുദ്രങ്ങളുണ്ടാവാമെന്ന നിഗമനത്തിലാണ് നാസായിലെ ശാസ്ത്രജ്ഞന്മാര്‍. അതിനാല്‍ അവിടെ ജീവനു സാധ്യതയുണ്ടെന്നു കരുതപ്പെടുന്നു. ഇതു പോലെ മുമ്പും പലപ്പോഴും പല ഗ്രഹങ്ങളെ കുറിച്ചും ബഹിരാകാശ നിരീക്ഷകര്‍ അനുമാനിച്ചിട്ടുണ്ട്. ചന്ദ്രനിലും ചൊവ്വയിലും ജീവന്‍റെ തുടിപ്പുണ്ടെന്ന് അവര്‍ അനുമാനിക്കുകയും ഒരു തെളിവിനായി ഇപ്പോഴും അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. അഥവാ ഇത്തരം അനുമാനങ്ങളെ ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളായി കാണരുത്. മലക്കുകള്‍ക്ക് ജീവനുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അവര്‍ ഭൂമിക്കപ്പുറം ആകാശത്താണല്ലോ ജീവിക്കുന്നത്. ഇവിടെ പറയപ്പെട്ട ആകാശമെന്തെന്ന് ഇതു വരെ ശരിയായി വ്യാഖ്യാനിക്കാനായിട്ടില്ല. അതു പോലെ മുന്തഹാ മരവും അവിടെയുള്ള പക്ഷികളും ഇസ്റാഅ് ദിനത്തില്‍ നബി(സ)യെ വഹിക്കാനായെത്തിയ ബുറാഖ് എന്ന വാഹനവും എല്ലാം ഭൂമിക്കപ്പുറം ജീവനുള്ളവയാണ്. ഖുര്‍ആനില്‍ ഭൂമിക്കപ്പുറം ജീവനുണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന ചില സൂക്തങ്ങളുണ്ട്. ഉദാഹരണത്തിനു സുറത് ശ്ശൂറാ - 29 ((ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍.)) ഇവിടെ ((അവ രണ്ടിലും)) എന്നതു കൊണ്ടു വിവക്ഷ ആകാശത്തും ഭൂമിയിലും എന്നും ((ജീവജാലങ്ങള്‍)) എന്ന അര്‍ത്ഥത്തിനു ഉപയോഗിച്ച ((ദാബ്ബത്)) എന്ന പദം കരയിലൂടെ സഞ്ചരിക്കുന്നവക്കാണ് സാധാരണ അറബി ഭാഷയില്‍ പ്രയോഗിക്കാറ്. അത് മലക്കുകളെ സൂചിപ്പിക്കാനുപയോഗിക്കാറില്ല. ആകാശമെന്ന അര്ത്ഥത്തില്‍ ഉപയോഗിക്കുന്ന സമാഅ് അല്ലെങ്കില്‍ സമാവാത് എന്ന പദം ചിലപ്പോള്‍ മലക്കുകള്‍ അധിവസിക്കുന്ന മലഉല്‍ അഅ്ലാ എന്ന അര്‍ത്ഥത്തിലും നമുക്കു നേരെ മുകളിലുള്ളത് എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. രണ്ടാമതു പറഞ്ഞ അര്‍ത്ഥത്തിലാണെങ്കില്‍ മറ്റു ഗ്രഹങ്ങളിലെയോ ഗോളങ്ങളിലെയോ ജീവജാലങ്ങളിലേക്ക് ഇതു സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തമായ വിശദീകരണങ്ങളും ഈ ആയതിനു നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter