വിഷയം: ‍ മദ്ദ് തഅ്ളീം

മദ്ദുത്തഅ്ളീം (مد التعظيم) ഒന്ന് വിശദീകരിക്കുമോ?

ചോദ്യകർത്താവ്

Mishal

Jan 11, 2021

CODE :Qur10038

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുൻഫസ്വിലായ മദ്ദുകളിൽ രണ്ട് ഹർകത് മാത്രമേ നീട്ടേണ്ടതുള്ളൂ എന്ന അഭിപ്രായമുള്ള ഖിറാഅത്ത് അനുസരിച്ച് സാധാരണയുളള മദ്ദുകൾക്ക് പുറമെ, തൗഹീദിനെ കുറിക്കുന്ന വാചകങ്ങളിലെ നിഷേധത്തിന്റെ (لا) ലാമിനെ തൗഹീദിന്റെ ആശയത്തെ ഗൗരവത്തോടെ ദ്യോതിപ്പിക്കുന്നതിനായി കൂടുതൽ നീട്ടുന്നതിനാണ് മദ്ദുതഅ്ളീം എന്ന് പറയുന്നത്.

വിഷയം ഒന്നുകൂടെ കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി നമുക്കൊന്ന് വിശദമായി പറയാം.

ഫത്ഹ്, കസ്റ്, ളമ്മ് എന്നിവക്ക് ശേഷം യഥാക്രമം അലിഫ്, സുകൂനുള്ള യാഅ്, സുകൂനുള്ള് വാവ് എന്നീ മദ്ദക്ഷരങ്ങള്‍ വരുമ്പോള്‍ ആ ഹര്‍കത്തുകളുടെ സ്വരത്തെ നീട്ടുന്നതിനാണ് മദ്ദ് എന്ന് പറയുന്നത്.

മദ്ദുകള്‍ രണ്ടു തരമുണ്ട്. അസ്വ്’ലിയ്യായ മദ്ദും ഫര്‍ഇയ്യായ മദ്ദും. മദ്ദ് വന്ന അക്ഷരത്തെ ഉച്ചരിക്കാന്‍ അനിവാര്യമായ നീട്ടലിനാണ് അസ്വ്’ലിയ്യായ മദ്ദ് എന്ന് പറയുക. ഒരു അലിഫിന്‍റെ കണക്കാണ് ഈ നീട്ടലിന്‍റെ അളവ്. ഒരു അലിഫിന്‍റെ അളവ് എന്നാല്‍ രണ്ട് ഹര്‍കത്തുകള്‍ ഉച്ചരിക്കാനുള്ള സമയം എന്നാണ്. ഉദാഹരണത്തിന് ജാ (جا) എന്നുച്ചരിക്കാന്‍ ജജ് എന്ന രണ്ട് ഹര്‍കത്തുകള്‍ ഉച്ചരിക്കുന്ന അതേ സമയമാണ് എടുക്കേണ്ടത് എന്ന് സാരം.

പ്രത്യേകകാരണങ്ങള്‍ ഉണ്ടായതിനാല്‍ മേല്‍പറഞ്ഞ അസ്വ്’ലിയ്യായ മദ്ദിനെ കൂടുതല്‍ നീട്ടുന്നതിനെയാണ് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നത്. ഈ കാരണങ്ങള്‍ പദങ്ങളുമായി ബന്ധപ്പെട്ടതോ (لفظي) ആശയവുമായി ബന്ധപ്പെട്ടതോ (معنوي)  ആയേക്കാം. ലഫ്ളുകളുടെ (പദങ്ങളുടെ) ഘടനകളുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ വരുന്ന മദ്ദുകളാണ് നാം സാധാരണ കേള്‍ക്കുന്ന അഞ്ച് മദ്ദുകള്‍. മദ്ദ് മുത്തസ്വില്‍, മുന്‍ഫസ്വില്‍, ലാസിം, ആരിള്, ലീന്‍ എന്നിവയാണവ. അവ സുപരിചിതമാണല്ലോ.

ചില ആശയങ്ങളുടെ ഗൌരവത്തെ ദ്യോതിപ്പിക്കുന്നതിനായി ചില സ്ഥലങ്ങളില്‍ കൂടുതല്‍ നീട്ടേണ്ടി വരും. നിഷേധം, നിന്ദ്യത, ബലഹീനത, ശിക്ഷ തുടങ്ങിയ ആശയങ്ങളുടെ ആഴം സ്വരത്തിലൂടെ തന്നെ മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഇത്തരം നീട്ടലുകളെയാണ് ആശയങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങള്‍ (മഅ്നവിയ്യ്) കൊണ്ടുള്ള മദ്ദുകള്‍ എന്ന് പറയുന്നത്. എന്തൊരു സുഖം, വല്ലാത്ത വേദന, ഇല്ലേയില്ല, മഹാത്ഭുതം, ഏത്ര നീചം, പാവം, കഠിനമായ ശിക്ഷ തുടങ്ങിയ പ്രയോഗങ്ങളുടെ ഘാഢതക്ക് വേണ്ടി നാം മലയാളത്തില്‍ തന്നെ കൂടുതല്‍ നീട്ടുന്നത് നമുക്ക് പരിചിതമാണല്ലോ. ഖുര്‍റാഉകളായ ഇമാമുമാരില്‍ നിന്ന്  വിശുദ്ധഖുര്‍ആനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലുള്ള ഇത്തരം മദ്ദുകളെ മദ്ദുത്തബ്’രിഅ എന്നും മദ്ദുല്‍ മുബാലഗ എന്നും പേര് വിളിക്കപ്പെടുന്നു. മദ്ദുല്‍ മുബാലഗ തന്നെ അല്ലാഹുവിന്‍റെ തൌഹീദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുള്ള സ്ഥലത്താണ് വന്നതെങ്കില്‍ അതിനെ മദ്ദുത്തഅ്ളീം എന്ന് പേര് പറയപ്പെടുന്നു.

لا ريب، لا شية، لا إلـه إلا الله  തുടങ്ങിയ സ്ഥലങ്ങള്‍ ഉദാഹരണം. ഇവിടെയൊക്കെ ലാ എന്ന മദ്ദുള്ള അക്ഷരത്തെ അവിടെയുള്ള ആശയത്തെ കൂടുതല്‍ ഗൌരവത്തോടെ മനസ്സിലാക്കാന്‍ വേണ്ടി സാധാരണത്തേതിലധികം നീട്ടാമെന്ന് ഇമാം ഹംസ(റ)യുടെ ഖിറാഅതിന്‍റെ രിവായതിലുണ്ട്..

മുകളിലെ ഉദാഹരങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. ആദ്യത്തെ രണ്ട് ഉദാഹരണങ്ങള്‍ അസ്വ്’ലിയ്യായ മദ്ദാണ്. അവിടെ രണ്ട് ഹര്‍കത്തിന്‍റെ അളവ് നീട്ടുന്നതിന് പകരം നാല് ഹര്‍കതിന്‍റെ അളവ് നീട്ടലാണ് മദ്ദുത്തബ്രിഅ അല്ലെങ്കില്‍ മദ്ദുല്‍ മുബാലഗ. എന്നാല്‍ മൂന്നാമത്തെ ഉദാഹരണം ശ്രദ്ധിക്കൂ. അവിടെ ലാ ഇലാഹ എന്നിടത്ത് നമുക്ക് പരിചിതമായ മദ്ദ് മുന്‍ഫസ്വില്‍ ആണുള്ളത്. ഒരു പദത്തിന്‍റെ അവസാനം മദ്ദക്ഷരവും തൊട്ടടുത്ത പദത്തിന്‍റെ ആദ്യത്തില്‍ ഹംസ് എന്ന അക്ഷരവും വരുമ്പോഴാണല്ലോ മദ്ദ് മുന്‍ഫ്വസില്‍. മദ്ദ് മുന്‍ഫസ്വില്‍ നാലോ അഞ്ചോ ആറോ ഹര്‍കത്ത് വരെ നീട്ടാം എന്ന അഭിപ്രായമുള്ള ത്വരീഖുകള്‍ പിന്തുടര്‍ന്ന് പോരുന്നവര്‍ക്ക് ഇവിടെ ഇനി മദ്ദുല്‍മുബാലഗ വരുന്നില്ല. കാരണം മദ്ദുല്‍ മുബാലഗ എന്നാല്‍ രണ്ട് ഹര്‍കത് നീട്ടുന്നതിനെ നാലാക്കി നീട്ടുക എന്നതാണ്. അവര്‍ നേരത്തേ നാലോ അഞ്ചോ ആറോ ഹര്‍കതിന്‍റെ അളവില്‍ മദ്ദ് ചെയ്യുന്നുണ്ടല്ലോ. എന്നാല്‍ മദ്ദ് മുന്‍ഫസ്വില്‍ രണ്ട് ഹര്‍കതിന്‍റെ അളവനുസരിച്ച് മാത്രമേ ഓതേണ്ടതുള്ളൂ എന്ന നിയമം പിന്തുടരുന്ന ഖിറാഅതില്‍ لا إلـه إلا الله എന്നിടത്ത് ലാ എന്നത് രണ്ട് ഹര്‍കത് നീട്ടുന്നതിന് പകരം തൌഹീദിന്‍റെ ആശയം കൂടുതല്‍ ഗൌരവത്തോടെ ദ്യോതിപ്പിക്കുന്നതിനായി നാല് ഹര്‍കത്ത് നീട്ടുന്നതിനാണ് മദ്ദുത്തഅ്ളീം എന്ന് പറയുന്നത്. ഹംസ(റ) എന്നവരുടെ ഖിറാഅത് അങ്ങനെയാണ്.

നാം കേരളക്കരയില്‍ ഇമാം ഹഫ്സ്വ്(റ) എന്നവര്‍ ഇമാം ആസ്വിം(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഖുര്‍ആന്‍ പാരായണ രീതിയാണ് പിന്തുടര്‍ന്ന് പോരുന്നത്. ഇമാം ഹഫ്സ്വ്(റ) എന്നവര്‍ ഇമാം ആസ്വിം(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഖുര്‍ആന്‍ പാരായണ രീതി പ്രധാനമായും രണ്ട് ത്വരീഖുകളിലൂടെയാണ് ഇന്ന് പ്രചാരത്തിലുള്ളത്. ത്വരീഖുശ്ശാത്വിബിയ്യ, ത്വരീഖു ത്വയ്യിബതുന്നശ്’ര്‍ എന്നിവയാണവ. മേല്‍പറയപ്പെട്ട രണ്ടു ത്വരീഖുകള്‍ തമ്മില്‍ മദ്ദ് മുന്‍ഫസ്വില്‍ എത്ര അളവിലാണ് നീട്ടി ഓതേണ്ടത് എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. കേരളക്കരയില്‍ നാം തുടര്‍ന്ന് പോരുന്ന ശാത്വിബിയ്യ ത്വരീഖത് അനുസരിച്ച് നാം മുമ്പ് സൂചിപ്പിച്ചത് പോലെ നാല് മുതല്‍ ആറ് ഹര്‍കതിന്‍റെ അളവ് വരെ നീട്ടി ഓതാം എന്നതാണ് നിയമം. അങ്ങനെ നീട്ടുന്നവര്‍ക്ക് ഇവിടെ ഇനി മദ്ദുല്‍മുബാലഗ വരുന്നില്ല. കാരണം മദ്ദുല്‍ മുബാലഗ എന്നാല്‍ രണ്ട് ഹര്‍കത് നീട്ടുന്നതിനെ നാലാക്കി നീട്ടുക എന്നതാണ്. ഇവിടെ നാം നേരത്തെ നാലോ അഞ്ചോ ആറോ ഹര്‍കത്ത് നീട്ടിയാണല്ലോ ആദ്യമേ ഓതുന്നത്. എന്നാല്‍ ത്വയ്യിബതുന്നശ്’ര്‍ എന്ന ത്വരീഖ് അനുസരിച്ച് മദ്ദ് മുന്‍ഫ്വസില്‍ ഉള്ള സ്ഥലങ്ങളിലും രണ്ട് ഹര്‍ക്കത്തേ നീട്ടേണ്ടതുള്ളൂ എന്നാണ് നിയമം. ഈ ഖിറാഅതില്‍ തൌഹീദിന്‍റെ കലിമതുകളുള്ള സ്ഥലങ്ങളിലെ നിഷേധത്തിന്‍റെ (نفي) ന്‍റെ ലാ യുടെ മദ്ദിനെ മാത്രം രണ്ട് ഹര്‍കത് നീട്ടുന്നതിന് പകരം ഗൌരവത്തിന് വേണ്ടി നാല് ഹര്‍കതിന്‍റെ അളവനുസരിച്ച് നീട്ടാം എന്നാണ് നിയമം. ഇതു തന്നെയാണ് മദ്ദ് തഅ്ളീം എന്ന പേരില്‍ അറിയപ്പെടുത്തത്.  

മുകളിലെ വിശദമായ ചര്‍ച്ചയില്‍ നിന്ന് കേരളക്കരയില്‍ നാം പിന്തുടര്‍ന്ന് പോരുന്ന ഖിറാഅത് അനുസരിച്ച് മദ്ദ് തഅ്ളീം എന്നത് വരുന്നേ ഇല്ല എന്ന് മനസിലായല്ലോ.

എന്നാല്‍ നിസ്കാരത്തില്‍, തക്ബീറതുല്‍ ഇഹാറാമിലും നീക്കുപോക്കുകളുടെ  തക്ബീറിലും സാധാരണത്തേക്കാളുപരി നീട്ടുന്ന മസ്അല പറയുന്നുണ്ട്.  തക്ബീറതുല്‍ ഇഹ്റാം ചൊല്ലുമ്പോള്‍ കൈ ഉയര്‍ത്തി ശേഷം താഴ്തി നെഞ്ചിന് താഴെ പൊക്കിളിന് മീതെയായി കെട്ടിവെക്കുന്നത് വരെ ആ തക്ബീര്‍ നീട്ടണമെന്നും നീക്കുപോക്കുകളിലെ തക്ബീര്‍ എവിടെ നിന്നാണോ പോകുന്നത് അവിടം മുതല്‍ എങ്ങോട്ടാണോ പോകുന്നത് അവിടെ എത്തുന്നത് വരെ നീട്ടണം എന്നുമൊക്കെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉണ്ട്. തക്ബീറില്‍ കൂടുതല്‍ നീട്ടാന്‍ അല്ലാഹ് എന്ന പദത്തിലെ ലാമിന് ശേഷമുളള ഒരു മദ്ദ് മാത്രമേ ഉള്ളൂ. ഈ ലാമിനെ നീട്ടുന്നതാണ് മദ്ദുത്തഅ്ളീമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. നിസ്കാരത്തില്‍ നീട്ടാന്‍ പറഞ്ഞ ഈ മസ്അല ഖുര്‍ആന്‍ പരായണത്തിലുള്ള നിയമമല്ല. അത് നിസ്കാരവുമായി മാത്രം ബന്ധപ്പെട്ട മസ്അലയാണ്. ഖുര്‍ആന്‍ പാരായണത്തില്‍ അത് അനുവദനീയവുമല്ല.

ഒറ്റപ്പെട്ട ചില പണ്ഡതര്‍ അല്ലാഹ് എന്ന പദത്തിലെ ലാമുല്‍ജലാലതിനെ കൂടുതല്‍ നീട്ടുന്നതിനെയാണ് മദ്ദുത്തഅ്ളീം എന്ന് പറയുന്നതെന്ന്  അഭിപ്രായപ്പെടുന്നതായി കണ്ടിട്ടുണ്ട്.   മുഹമ്മദുബ്നു മഹ്മൂദു സമര്‍ഖന്തീ(റ) അവരുടെ ഖസീദതുല്‍ ഫാത്വിഹയില്‍ ഇതിന് അനുകൂലമായ ഒരു പരാമര്‍ശം  നടത്തിയിട്ടുമുണ്ട്. നിസ്കാരത്തില്‍ അല്ലാഹ് എന്നതിനെ നീട്ടുന്നതുമായി ബന്ധപ്പെട്ട  കര്‍മശാസ്ത്ര മസ്അലകള്‍ കൂടി പരിഗണിച്ചുകൊണ്ട്,  ലാമുല്‍ ജലാലത്തിന് ഖുര്‍ആന്‍ അല്ലാത്തതില്‍ ഏഴ് അലിഫിന്‍റെ കണക്ക് (14 ഹര്‍കതിന്‍റെ അളവ്) വരെ മദ്ദ് ചെയ്യാമെന്നും അതില്‍ കവിയല്‍ ഹറാമാണെന്നും, ഖുര്‍ആനില്‍ രണ്ട് അലിഫിന്‍റെ അളവ് (4 ഹര്‍കത്തിന്‍റെ അളവ്) മദ്ദ് ചെയ്യല്‍ നല്ലതാണെന്നും അവരഭിപ്രായപ്പെടുന്നു. ഏഴ് അലിഫിന്‍റെ അളവ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതു കൊണ്ട് 14 ഹര്‍കത്തിന്‍റെ അളവ് എന്ന് ലക്ഷ്യമില്ലെന്നും അവരുടെ ലക്ഷ്യം അത് 7 ഹര്‍കത് എന്നാണെന്നും മറ്റു ചിലയിടങ്ങളില്‍ വിശദീകരിക്കപ്പെടതായി കാണുന്നു.  എന്നാല്‍ ഖുര്‍റാഉകളില്‍ നിന്ന് ആരില്‍ നിന്നും ലാമുല്‍ജലാലതിനെ മദ്ദ് ചെയ്തതായുള്ള ഖിറാഅത്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായുള്ള സനദ് എവിടെയും കാണുന്നില്ല. ആഗോളാടിസ്ഥാനത്തില്‍ അംഗീകൃതരും വിശ്വപ്രസിദ്ധരുമായ ഖിറാഅത് പണ്ഡിതന്മാരൊന്നും ഇതിനെ അംഗീകരിക്കുന്നുമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter