ഖുര്‍ആന്‍ കൂടുതല്‍ സമയം എടുത്തു കുറച്ച് ഓതുന്നതാണോ അതോ പെട്ടെന്ന്കൂടുതല്‍ ഓതുന്നതാണോ കൂടുതല്‍ പ്രതിഫലം ലഭിക്കുക.
ചോദ്യകർത്താവ്
Noufal
May 28, 2017
CODE :Qur8555
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ ഓതാന്‍ മൂന്ന് രീതിയാണ് തജ്‍വീദില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ترتيل تدوير حدر എന്നിവയാണവ. തര്‍തീല്‍ എന്നാല്‍ ഖുര്‍ആനില്‍ ചിന്തിച്ച് സാവധാനത്തില്‍ ഓതുന്നതിനു തര്‍തീല്‍ എന്ന് പറയുന്നു. തജ്‍വീദിന്‍റെ നിയമങ്ങള്‍ പാലിച്ച് വേഗത്തില്‍ ഓതുന്നതിന് حدر എന്നും രണ്ട് രീതിയുടേയും മദ്ധ്യ നിലയിലുള്ള അവസ്ഥയെ تدوير എന്നും പറയാം. പാരായണത്തിന്‍റെ ഈ മൂന്ന് രീതിയിലും തജ്‍വീദിന്‍റെ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.
ഇവയില്‍ ഏറ്റവും ശ്രേഷ്ഠമായ രീതി ترتيل ആണ്. അര്‍ത്ഥം ചിന്തിച്ച് പാരായണം ചെയ്യാന്‍ കൂടുതല്‍ യോജിച്ചതാണ് ترتيل . അര്‍ത്ഥമറിയാത്തവനാണെങ്കില്‍ തന്നെ ഖുര്‍ആനിന്‍റെ മഹത്വത്തിനും ബഹുമാനത്തിനും കൂടുതല്‍ യോജിച്ചതും ഹൃദയസ്പര്‍ശിയായ പാരായണത്തിനും നല്ലത് സാവധാനത്തില്‍ ഓതുന്നതാണ്. നബി തങ്ങളുടെ ഖുര്‍ആന്‍ പാരായണം അക്ഷരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കും വിധത്തിലായിരുന്നെന്ന് ആഇശ (റ) പറഞ്ഞിട്ടുണ്ട്. ورتل القرآن ترتيلا എന്ന ആയതിനു പണ്ഡിതന്മാര്‍ അര്‍ത്ഥം നല്‍കിയതും ചിന്തിച്ച് സാവധാനം ഓതുകയെന്നാണ്. തര്‍തീലോട് കൂടെ ഖുര്‍ആനിലെ ഒരു ജുസ്അ് ഓതലാണ് തര്‍തീലില്ലാതെ അത്രയും സമയത്ത് രണ്ട് ജുസ്അ് ഓതുന്നതിലേറെ പുണ്യമെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കൂടുതല്‍ സമയമെടുത്ത് തര്‍തീലോട് കൂടെ കുറച്ച് ഓതലാണ് അല്‍പസമയത്തിനകം വേഗത്തില്‍ കൂടുതലോതുന്നതിനേക്കാള്‍ ഉത്തമമെന്ന് മനസ്സിലാക്കാമല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ