ചോദ്യം : "അള്ളാഹു ഉദ്ദേശിക്കുന്നവരെ അവൻ ദുർമാർഗത്തിലാക്കും. അവൻ ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗത്തിലാക്കും. അള്ളാഹു ദുർമാർഗത്തിൽ ആക്കിയവനെ നീ സന്മാർഗത്തിൽ ആക്കുകയില്ല. അള്ളാഹു വല്ലവനെയും സന്മാർഗത്തിലാക്കിയാൽ അവനാണ് ശരിയായ സന്മാർഗി. ഇത്തരം പരാമർശങ്ങൾ ഖുർആനിൽ ധാരാളമായി കാണുന്നു. ഇതിന്റെ ഉദ്ദേശം എന്താണ്?

ചോദ്യകർത്താവ്

Anwar sadhique

May 5, 2019

CODE :Qur9262

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധ ഖുർആനിലെ ആയത്ത് പദാനുപദം പരിഭാഷപ്പെടുത്തിയതിലുള്ള പ്രശ്നമാണ് ഇവിടെ സംഭവിച്ചത്. ഈ ആയത്തുകളുടെ അര്‍ത്ഥം ഇപ്രകാരമാണ് മനസ്സിലാക്കേണ്ടത്. ‘ദുഷ്ചെയ്തികൾ ചെയ്യുന്നവർക്ക് അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അവർ അർഹിക്കുന്ന ദുർമാർഗം അല്ലാഹു വിധിക്കും’. ‘സൽകർമ്മം ചെയ്യുന്നവർക്ക് അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ ഫള്ല് കൊണ്ട് അവൻ സന്മാർഗം വിധിക്കും’. ‘അങ്ങനെ അല്ലാഹു ദുർമാർഗം വിധിച്ചവരെ താങ്കൾക്ക് സന്മാർഗത്തിലാക്കാൻ കഴിയില്ല’. അധ്യാപകൻ കുറേ  വിദ്യാർത്ഥികളെ പരീക്ഷയിൽ ജയിപ്പിച്ചു, കുറേ പേരെ തോൽപ്പിക്കകുയും ചെയ്തുവെന്ന് പറയുന്നത് പോലെയാണ് ഈ പ്രയോഗം. വിദ്യാർത്ഥികളിൽ കൂടുതൽ ശരിയുത്തരം എഴുതിയവരെ അവരുടെ ആ എഴുത്തിന്റെ അടസ്ഥാനത്തിൽ വിജയി എന്നും കൂടുതൽ മിസ്റ്റേക്ക് വരുത്തിയവരെ അവരുടെ ആ എഴുത്തിന്റെ അടിസ്ഥാനത്തിൽ പരാജയി എന്നും അധ്യാപകൻ വിധിച്ചു, വിധിയെഴുതി എന്നതാണല്ലോ യഥാർത്ഥത്തിൽ സംഭവിച്ചത്.

ചുരുക്കത്തില്‍ അല്ലാഹു ഉദ്ദേശിച്ചവർ എന്നാൽ അല്ലാഹു നൽകിയ പ്രവർത്തന സ്വാതന്ത്യം ഉപയോഗിച്ച് സൽപ്രവൃത്തികളിലൂടെ സന്മാർഗവും തിന്മകളിലൂടെ ദുർമാർഗവും തെരഞ്ഞടുക്കുന്നവർ എന്നാണ്. ഇത്തരം പരാമര്‍ശങ്ങളുടെ അര്‍ത്ഥം ഈ രീതിയിലാണ് മനസ്സിലേക്കേണ്ടതെന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ പലയിടത്തായി വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് രണ്ട് പരാമര്‍ശങ്ങള്‍ വിവരിക്കാം. അല്ലാഹു തആലാ പറയുന്നു: ‘സ്ത്രീ പുരുഷന്മാരില്‍ നിന്ന് സല്‍കര്‍മ്മം ചെയ്യുന്നവരാരോ അവര്‍ക്ക് നാം നല്ല ജീവിതം നല്‍കും, അവര്‍ ചെയ്തതിനുള്ള എറ്റവും നല്ല പ്രതിഫലവും അവര്‍ക്ക് നാം നല്‍കും’ (സൂറത്തുന്നഹ്ല്‍). ‘അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും പിശുക്ക് കാട്ടാതിരിക്കുകയും സത്യ ദീനീനെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് നാം സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും, പിശുക്ക് കാട്ടുകയും സ്വയം പര്യപ്ത അവകാശപ്പെടുകയും സത്യ ദീനിനെ കളവാക്കുകയും ചെയ്യുന്നവര്‍ക്ക് നാം നരകത്തിലേക്കുള്ള വഴി എളുപ്പമാക്കും’ (സൂറത്തുല്ലൈല്‍)

അതു പോലെ അ്ലലാഹു തആലാ ഒരു കാര്യവും ചെയ്യാൻ ആരെയും നിർബ്ബന്ധിക്കുകയോ നന്മ ചെയ്തവനെ ശിക്ഷിക്കുകയോ തന്റെ ഏതെങ്കിലും ഒരു അടിമയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും ആരോടും അനീതി കാണിക്കില്ലെന്നും വ്യക്തമായി വിശുദ്ധ ഖുർആനിൽ പല തവണ വ്യക്തമാക്കിയതാണ്.

അല്ലാഹു എല്ലാ മനുഷ്യർക്കും ഇഷ്ടമുള്ളത് ചിന്തിക്കുവാനും തീരുമാനിക്കുവാനും തെരഞ്ഞെടുക്കുവാനും പ്രവർത്തിക്കുവാനുമുള്ള വിശേഷ ബുദ്ധിയും സ്വാതന്ത്യവും നൽകിയിട്ടുണ്ട്, അത് മൂലമാണ് അവർ കാര്യങ്ങളെല്ലാം ചെയ്യുന്നത്, അല്ലാതെ അല്ലാഹു നിർബ്ബന്ധിച്ച് ചെയ്യിക്കുകയല്ലാ എന്ന യാഥാർത്ഥ്യം ആ സ്വാതന്ത്ര്യം അനുഭവിക്കുന്ന വിശേഷ ബുദ്ധി നഷ്ടപ്പെടാത്ത ഓരോ മനുഷ്യനും വ്യക്തിപരമായും ലോക മുഴുവനും പൊതുവേയും അംഗീകരിച്ചത് കൊണ്ടാണല്ലോ എല്ലാ രാജ്യങ്ങളിലും നീതിന്യായ വ്യവസ്ഥകളും ശിക്ഷാമുറകളും ജയിലുകളുമൊക്കെയുള്ളത്.  മനുഷ്യൻ വിധിയുടെ കൈകളിലെ പാവയാണെന്ന് ലോകം അംഗീകരിച്ചിരുന്നെങ്കിൽ ഈ അച്ചടക്ക, ശിക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല. കാരണം മനുഷ്യൻ ആരെ കൊന്നാലും മാനഭംഗപ്പെടുത്തിയാലും കവർച്ച നടത്തിയാലും അക്രമിച്ചാലും അവനെ ശിക്ഷിക്കാൻ പാടില്ല, കാരണം അവനല്ല അതൊന്നും ചെയ്യുന്നത്, അതിന് അവൻ ബുദ്ധിയോ വിവേകമോ പ്രവർത്തന സ്വാതന്ത്ര്യമോ നൽകപ്പെടാതെ ആരാലോ നിയന്ത്രിക്കപ്പെടുന്ന വല്ല പാവയോ യന്ത്രമോ റോബോട്ടോ ഒക്കെ ആണ് എന്നൊക്കെയുള്ള വിശ്വാസം വെച്ചു പുലർത്താൻ യുക്തിവാദികൾ പോലും  ധൈര്യപ്പെടുന്നില്ലല്ലോ.

മരണ ശേഷം രക്ഷാ ശിക്ഷകൾ നടപ്പാക്കുന്ന ദിവസം അല്ലാഹു പറയും. ഇന്ന് ആരോടും അതിക്രമം കാണിക്കപ്പെടുകയില്ല. നിങ്ങളോരോരത്തരും ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതെന്തായിരുന്നുവോ ആ കർമ്മ ഫലമാണ് ഇവിടെ നൽകപ്പെടുക (സൂറത്തു യാസീൻ). എത്ര സൂക്ഷ്മമായ അളവിൽ നന്മ ചെയ്താലും അതിന്റെ പ്രതിഫലം ആഖിറത്തിൽ കാണും, എത്ര ചെറിയ തെറ്റ് ചെയ്താലും അതിന്റെ ശിക്ഷയും ആഖിറത്തില്‍ അനുഭവിക്കും (സൂറത്തസ്സൽസലഃ), ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണഫലം അവന്‍ തന്നെ അനുഭവിക്കും, ആരെങ്കിലും തിന്മ ചെയ്താല്‍ അതിന്റെ ദോഷഫലം അവനും അനുഭവിക്കും. നിന്റെ രക്ഷിതാവ് അടിമകളെ ഒരിക്കലും ഉപദ്രവിക്കില്ല (സൂറത്തു ഫുസ്സ്വിലത്ത്). അവന്‍ നീതിമാനും നീതി നടപ്പാക്കാൻ കൽപ്പിക്കുന്നവനുമാണ് (സൂറത്തുന്നഹ്ല്‍)..........................

ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഹിദായത്തും പൊരുത്തവും സ്വര്‍ഗവും സര്‍വ്വോപരി അവന്റെ ലിഖാഉം കരസ്ഥമാക്കാന്‍ വേണ്ടി നല്ല രീതിയില്‍ ജീവിക്കാനുള്ള ധൈര്യവും ആത്മ വിശ്വാസവുമാണ് വിശുദ്ധ ഖുര്‍ആനിലുടനീളം അല്ലാഹു നല്‍കുന്നത്. അല്ലാതെ ജീവിതത്തെ നെഗറ്റീവായി കാണാനോ വിധിയില്‍ ആശങ്കപ്പെടാനോ ഉള്ള ഒരു ചെറു സൂചന പോലും അല്ലാഹുവിന്റെ ദീനിലോ കലാമിലോ കാണുക സാധ്യമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter