പ്രവാചകരെ അപമാനിക്കുന്ന പരാമര്‍ശം, അന്താരാഷ്ട്ര പ്രതിഷേധം ശക്തമാവുന്നു
പ്രവാചകരെ അപമാനിക്കുന്ന വിധം ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാവുന്നു. പാര്‍ട്ടി വക്താക്കളായ നവീൻ കുമാര്‍, നുപൂർ ശർമ എന്നിവരാണ്, ഒരു ചാനല്‍ ചര്‍ച്ചക്കിടെ, പ്രവാചകരെ അപമാനിക്കുന്ന വിധം പ്രസ്താവനകള്‍ നടത്തിയത്. അറബ്-മുസ്‍ലിം രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ, വക്താക്കളെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് പിരിച്ച് വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പാര്‍ട്ടി. 
57 മുസ്‍ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വളരെ ശക്തമായാണ് ഇതിനോട് പ്രതികരിച്ചത്. ഇന്ത്യയില്‍ മുസ്‍ലിംകള്‍ക്കെതിരെ നടന്ന് വരുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും യു.എന്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനങ്ങള്‍ ഇതില്‍ ഇടപെടണമെന്നുമാണ് ഒ.ഐ.സി ഔദ്യോഗികമായി അഭിപ്രായപ്പെട്ടത്. ഇതിനെതിരെ, ഇന്ത്യന്‍ ഗവണ്‍മെന്റും ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
സൌദി അറേബ്യ, ഖത്തര്‍, കുവൈത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും ഔദ്യോഗിക കുറിപ്പുകള്‍ കൈമാറുകയും ചെയ്തു. പലയിടങ്ങളിലും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തിയിരിക്കുന്നു. അറബ് ലോകത്തെ സാമൂഹ്യമാധ്യമങ്ങളും വിഷയം വളരെ ഗൌരവത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഭരണകക്ഷിയും പ്രധാനമന്ത്രിയും പരസ്യമായി മാപ്പ് ചോദിക്കണമെന്ന ആവശ്യവും പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. 
തങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നും ഏതെങ്കിലും മതത്തിന്റെ മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, പാര്‍ട്ടി അനുഭാവികളില്‍ പലരും പ്രസ്താവനകളെ പിന്തുണക്കുന്നത് തുടരുക തന്നെയാണ്. പ്രതിഷേധിച്ച പല രാഷ്ട്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter