എം.എം. ബശീര്‍ മുസ്‌ലിയാര്‍

സമസ്തയുടെ പ്രവര്‍ത്തനരംഗത്ത് ബഹുജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച രണ്ടു ഉയര്‍ന്ന സംഘാടകരാണ് എം.എം. ബശീര്‍ മുസ്‌ലിയാരും ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരും. ഈ രണ്ടു നാമങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് എപ്പോഴും ഉപയോഗിക്കാറുള്ളത്. വിദ്യാര്‍ത്ഥി ജീവിതത്തില്‍ കൂട്ടുകാരായി വളര്‍ന്ന് സംഘടനാ പ്രവര്‍ത്തനരംഗത്തും സഹപ്രവര്‍ത്തകരായി സമുദായത്തിനും സംഘടനക്കും സര്‍വ്വോപരി പരിശുദ്ധ ദീനിനും അളവറ്റ നേട്ടങ്ങള്‍ നല്‍കി ഈ ലോകത്തോട് വിടപറഞ്ഞവരാണ് ഇവര്‍ രണ്ടു പേരും.
ഒരു പ്രത്യേക ശൈലിയില്‍ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ക്ക് വിശദീകരിക്കുകയും എതിരാളികളുടെ വാദങ്ങള്‍ യുക്തിയുക്തം മറുപടി പറയുകയും ചെയ്തുകൊണ്ട് പരിശുദ്ധ സുന്നത്തു ജമാഅത്തിന്റെ ആദര്‍ശം ഊട്ടിയുറപ്പിക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ചിവരാണ് എം.എം. ബശീര്‍ മുസ്‌ലിയാര്‍. കൂര്‍മ്മബുദ്ധിയുടെയും ആകര്‍ഷക ശൈലിയുടെയും ഉടമയായിരുന്ന ബശീര്‍ മുസ്‌ലിയാരെ സമസ്തയിലെ ബുദ്ധിരാക്ഷസന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ടായിരുന്നു. യുവപ്രായത്തില്‍തന്നെ ബശീര്‍ മുസ്‌ലിയാര്‍ സമസ്തയുടെ നേതൃരംഗത്തെത്തി. അദ്ദേഹത്തിന്റെ ബുദ്ധിയും അറിവും സംഘാടക കഴിവും സമസ്തുയടെ നേതൃത്വം അംഗീകരിക്കുകയായിരുന്നു. സംഘടനാരംഗത്ത് പല നൂതന പദ്ധതികളും ബശീര്‍ മുസ്‌ലിയാര്‍ ആവിഷ്‌കരിക്കുകയും സമസ്തയിലൂടെയും പോഷക ഘടകങ്ങളിലൂടെയും നടപ്പാക്കുകയും ചെയ്തു. യുക്തിപൂര്‍വ്വകമായ അഭിപ്രായങ്ങളിലൂടെ ബശീര്‍ മുസ്‌ലിയാര്‍ മറ്റുള്ളവരില്‍നിന്നും വേര്‍തിരിഞ്ഞുനിന്നു. സുന്നികളെ പഴഞ്ചന്മാരെന്നു വിശേഷിപ്പിച്ച പുത്തന്‍ പ്രസ്ഥാനക്കാരെ അദ്ദേഹം നാവടക്കി. പഴമയിലൂടെ തന്നെ പുതുമയുടെ മുഖങ്ങള്‍ അദ്ദേഹം വരച്ചുകാട്ടി. സംഘടനക്കും പ്രസ്ഥാനത്തിനും വേണ്ടി ആരോഗ്യം കണക്കിലെടുക്കാതെ അദ്ദേഹം നാടുചുറ്റി. ബിദഈ പ്രസ്ഥാനക്കാര്‍ക്കും യുക്തിവാദികള്‍ക്കും അദ്ദേഹം വായടപ്പന്‍ മറുപടി നല്‍കി. അനവധി യുവപ്രവര്‍ത്തകരെ അദ്ദേഹം വളര്‍ത്തിയെടുത്തു. 1958-ല്‍ തിരൂരങ്ങാടി താലൂക്ക് സുന്നി യുവജനസംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സംഘടനയുടെ നേതൃരംഗത്തേക്ക് ഉയരുന്നത്. 24-12-60-ന് ചേര്‍ന്ന മുശാവറ യോഗം അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് എടുക്കുമ്പോള്‍ മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. 1961-ലെ കക്കാട് സമ്മേളനത്തിന്റെ സൂത്രധാരകരില്‍ ഒരാളായിരുന്നു ബശീര്‍ മുസ്‌ലിയാര്‍. കക്കാട് സമ്മേളന സോവനീര്‍ കഴമ്പുറ്റതാക്കുന്നതില്‍ അദ്ദേഹത്തിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. 1976-ല്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിലര്‍പ്പിതമാവുകയായിരുന്നു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പല മാതൃകാ പ്രവര്‍ത്തനങ്ങളും നടപ്പില്‍ വന്നു. 1977-ലെയും 83-ലെയും 87-ലെയും ജില്ലാ സമ്മേളനങ്ങള്‍ നടത്തപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1977 ഏപ്രില്‍ 16,17 തിയ്യതികളില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ സജ്ജമാക്കിയ പാണക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ നടന്ന സമസ്ത ജില്ലാ സമ്മേളനം സംഘടനാ പ്രവര്‍ത്തനരംഗത്ത് പുതിയ ഒരാവേശത്തിന്റെ വാതായനമാണ് തുറന്നത്. സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ഉലമാ കോണ്‍ഫറന്‍സില്‍ വെച്ചാണ് സമസ്ത മലപ്പുറം ജില്ലാ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് രൂപം നല്‍കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരിപാടിയാണ് അതു മുഖേന നടപ്പിലാക്കപ്പെട്ടത്. ജാമിഅ നൂരിയ്യയിലെ മുഖ്തസര്‍, മുതവ്വല്‍ ക്ലാസുകൡ പഠിക്കുന്ന മലപ്പുറം ജില്ലക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. 43 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് ആരംഭിച്ച പ്രസ്തുത പദ്ധതിയിലൂടെ മാസംതോറും മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവന്നിരുന്നു. ’85 വരെ പ്രസ്തുത പദ്ധതി നിര്‍വ്വിഘ്‌നം തുടര്‍ന്നുവരികയുണ്ടായി. ബശീര്‍ മുസ്‌ലിയാര്‍ ആയിരുന്നു സ്‌കോളര്‍ഷിപ്പ് ഫണ്ട് ചെയര്‍മാന്‍. മഹല്ലുകളില്‍ നിന്ന് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍ മുഖേന പിരിച്ചെടുക്കുന്ന സംഭാവനകളും പ്രസിഡണ്ട് കെ.കെ. ഹസ്രത്തിന്റെ ഗള്‍ഫ് പര്യടനങ്ങളും ആയിരുന്നു സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ മുതല്‍ക്കൂട്ട്. 77-ലെ സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന യുവജന കണ്‍വന്‍ഷന്‍ ജില്ലയിലെ എസ്.വൈ.എസ്. പ്രവര്‍ത്തനം സജീവമാക്കാന്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഉലമാ-ഉമറാ കണ്‍വന്‍ഷനില്‍വെച്ചാണ് ജില്ലയിലെ ദീനീ പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റി ജില്ലാ സുന്നി മഹല്ല് ഫെഡറേഷനു രൂപം നല്‍കിയത്.
1983 മാര്‍ച്ച് 3,4,5,6 തിയ്യതികളില്‍ മലപ്പുറം പൂളക്കമണ്ണ വയലില്‍ നടന്ന ജില്ലാ സമ്മേളനം സമ്മേളന ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായമായിരുന്നു. 87-ല്‍ കുറ്റിപ്പുറത്ത് നടന്ന ജില്ലാ സമ്മേളനം ബശീര്‍ മുസ്‌ലിയാര്‍ മരിക്കുന്നതിന് നാലു ദിവസം മുമ്പായിരുന്നു. സമ്മേളനം തീരുമാനിക്കപ്പെട്ടതിനു ശേഷം അദ്ദേഹം രോഗബാധിതനായി കിടപ്പിലായി. ആശുപത്രികളിലും വീട്ടിലുമായി വിശ്രമിച്ചിരുന്ന അദ്ദേഹം സമ്മേളനത്തിനു ബുദ്ധിപരമായി നേതൃത്വം നല്‍കി. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഓരോ പരിപാടികളും ആസൂത്രണം ചെയ്തിരുന്നത് അദ്ദേഹത്തെ നേരില്‍ കണ്ടു അഭിപ്രായം ആരാഞ്ഞുകൊണ്ടായിരുന്നു. സമ്മേളനത്തിന്റെ ഏതാനും ദിവസം മുമ്പ് കുറ്റിപ്പുറത്ത് വന്നു കാറില്‍ നിന്നിറങ്ങാന്‍ കഴിയാതെ റോഡിലൂടെ സഞ്ചരിച്ച്  സമ്മേളനനഗരി സജ്ജമാക്കുന്ന നിളാതീരം കണ്ടു മടങ്ങി. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളും പ്രമേയങ്ങളും സമ്മേളത്തിന്റെ തലേന്ന് ഈ വിനീതനും പ്രിയസുഹൃത്ത് ജലീല്‍ ഫൈസിയും ചേറൂരില്‍ പോയി അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. 87 ജനുവരി 16,17,18 തിയ്യതികളിലായിരുന്നു സമ്മേളനം. പല പുതിയ പദ്ധതികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ബശീര്‍ മുസ്‌ലിയാര്‍ കണ്‍വീനറും കെ.ടി. മാനു മുസ്‌ലിയാരും ഈ വിനീതനും അംഗങ്ങളും ആയി പ്ലാനിംഗ് സെല്‍ രൂപീകരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ് സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നത്.
സമ്മേളനം കഴിഞ്ഞു നാലു ദിവസത്തിനു ശേഷം 87 ജനുവരി 22ന് (ജമാദുല്‍ ഊലാ 21) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 1930-ലാണ് ജനനം. മരിക്കുമ്പോള്‍ 57 വയസ്സ് പ്രായം. ചേറൂര്‍ വലിയ ജുമുഅ പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
ഒരു അത്താണി നഷ്ടപ്പെട്ടു എന്നാണ് ദീര്‍ഘകാലം തന്റെ ഉസ്താദും നേതാവുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന യോഗത്തില്‍ പറഞ്ഞത്. അതെ, ബശീര്‍ മുസ്‌ലിയാര്‍ എല്ലാ പ്രയാസങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയായിരുന്നു.
കോട്ടുമല ജുമുഅ പള്ളിയില്‍ കോട്ടുമല ഉസ്താദിന്റെ കീഴില്‍ പത്തു വര്‍ഷം ഓതിപ്പഠിച്ചു. 1955-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. അച്ചനമ്പലം, മറ്റത്തൂര്‍, വെളിമുക്ക്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. പാഠ്യപദ്ധതി, മാസാന്ത സിലബസ്, പാഠക്കുറിപ്പുകള്‍, ഹാജര്‍ പട്ടിക, അര്‍ദ്ധ വാര്‍ഷിക- വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ദര്‍സുകള്‍. ദര്‍സ് ഏകീകരണത്തിനും പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും അദ്ദേഹവും സഹപ്രവര്‍ത്തകരും ചിന്തിച്ചു. സമസ്തയുടെ കാസര്‍കോഡ് സമ്മേളനത്തിലും കിണാശ്ശേരിയില്‍ നടന്ന എസ്.വൈ.എസ്. ജില്ലാ സമ്മേളനത്തിലും ദര്‍സ് പുരോഗമന മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹം ദര്‍സ് നടത്തിയിരുന്ന കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ അതിനു വേണ്ടി പ്രത്യേക മുദരിസ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തു പരിപാടികള്‍ നടപ്പിലാക്കുന്നതിനു ശ്രമം തുടങ്ങി. പക്ഷേ വിജയിച്ചില്ല. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്റെയും സമസ്ത ജില്ലാ കമ്മിറ്റിയുടെയും കീഴില്‍ ദര്‍സ് പരീക്ഷകള്‍ നടപ്പിലാക്കി. വര്‍ഷങ്ങളോളം നല്ലനിലയില്‍ നടന്നുവന്നു. പിന്നീട് ഇതും ഇല്ലാതായി. സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ മാതൃകാ ദര്‍സുകള്‍ സ്ഥാപിച്ചു. പഴമ നിലനിര്‍ത്തിക്കൊണ്ട് പുതിയ പാഠ്യപദ്ധതിയുമായി കടമേരി റഹ്മാനിയ്യയില്‍ അദ്ദേഹം പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തു. പദ്ധതിയുടെ വിജയം സമുദായം അനുഭവിച്ചറിഞ്ഞു. കൂടുതല്‍ പുരോഗതിയോടെ മത-ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് ബശീര്‍ മുസ്‌ലിയാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ചെമ്മാട് ദാറുല്‍ഹുദാ അക്കാദമി. ദാറുല്‍ ഹുദായുടെ സ്ഥാപക പ്രസിഡണ്ടും പ്രിന്‍സിപ്പാളും ബശീര്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു.
കോട്ടുമല ഉസ്താദ് ജാമിഅ മുദരിസായ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് കോളേജ് കമ്മിറ്റി പ്രവര്‍ത്തന സമിതി അംഗമായി മരിക്കുന്നതു വരെ തുടര്‍ന്നു. വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി എന്നിവയിലും അംഗമായിട്ടുണ്ട്. സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ വൈ. പ്രസിഡണ്ട്, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ ബശീര്‍ മുസ്‌ലിയാര്‍ വഹിച്ചു. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാനയുടെ സംസ്ഥാപനത്തില്‍ മുക്യപങ്ക് വഹിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter