നബിയുടെ ഭാര്യമാര്‍

നബി വിവാഹം കഴിക്കുകയും അവരോടൊന്നിച്ചു താമസിക്കുകയും ചെയ്തവര്‍ പന്ത്രണ്ടാണ്. ഇതില്‍ ആദ്യഭാര്യ ഖദീജ(റ)യാകുന്നു. നബി യുടെ ഇരുപത്തഞ്ചാമത്തെ വയസ്സിലായിരുന്നു ഖദീജ(റ)യെ കല്യാണം കഴിച്ചത്. അതിനു മുമ്പ് വിവാഹിതയായിരുന്ന അവര്‍ക്ക്‌ മുന്‍ വിവാഹത്തില്‍ സന്താനങ്ങളുണ്ടായിരുന്നു. ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് റമദാന്‍ പത്തിന് ശേഷവും അബൂത്വാലിബ് മരണപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷവും ഖദീജ(റ) മക്കയില്‍ വെച്ച് വഫാത്തായി. അവര്‍ വഫാത്താകുന്നത് വരെ നബി  മറ്റ് വിവാഹങ്ങള്‍ കഴിച്ചിരുന്നില്ല. രണ്ടാം ഭാര്യ സൗദ(റ)യാണ്. ഹിജ്‌റ അമ്പത്തിനാല് ശവ്വാല്‍ മാസത്തിലാണ് അവര്‍ വഫാത്തായത്. മൂന്നാം ഭാര്യ ആഇശ(റ)യെ ആറാം വയസ്സില്‍ നബി വിവാഹം കഴിക്കുകയും ഒമ്പതാം വയസ്സില്‍ കൂടെ താമസം ആരംഭിക്കുകയും ചെയ്തു. ഹിജ്‌റയുടെ രണ്ട് കൊല്ലം മുമ്പായിരുന്നു ഈ വിവാഹം.

അവിടത്തെ ഭാര്യമാരില്‍ ആഇശ(റ) മാത്രമായിരുന്നു കന്യക. ഹിജ്‌റ അമ്പത്തി എട്ട് റമദാന്‍ പതിനേഴ് ചൊവ്വാഴ്ച രാവില്‍ അവര്‍ വഫാത്തായി. അബൂഹുറൈറ(റ) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മദീനയിലെ ബഖീഇല്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഉമര്‍(റ)ന്റെ പുത്രി ഹഫ്‌സ(റ)യാണ് നാലാം ഭാര്യ. ഹിജ്‌റയുടെ ശേഷം മുപ്പത് മാസമായപ്പോള്‍ ശഅ്ബാന്‍ മാസത്തിലെ ആദ്യത്തിലാണ് ആ വിവാഹം നടന്നത്. ഹിജ്‌റ നാല്‍പത്തഞ്ച് ശഅ്ബാനില്‍ അവര്‍ വഫാത്തായി. അടുത്ത ഭാര്യ ഖുസൈമത്തുല്‍ ഹിലാലിയ്യയുടെ മകള്‍ സൈനബ്(റ)ആണ്. ഹിജ്‌റ മൂന്നിലാണ് അവരെ വിവാഹം കഴിച്ചത്. മൂന്നുമാസം കഴിഞ്ഞ് ആ മഹതി മരണപ്പെട്ടു. നബി തന്നെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖലീഇലാണ് അന്ത്യവിശ്രമം. സൈനബ്(റ)യും ഖദീജ(റ)യും (ഒരഭിപ്രായ പ്രകാരം റൈഹാനത്ത്(റ)യും) മാത്രമാണ് നബി യുടെ ജീവിതകാലത്ത് മരണപ്പെട്ടിട്ടുള്ളത്.

ആറാം ഭാര്യ ഉമ്മുസലമ(റ)യാണ്. ഹിജ്‌റ നാലാം വര്‍ഷം ശവ്വാലില്‍ വിവാഹം കഴിക്കുകയും അറുപത്തിരണ്ട് ശവ്വാലില്‍ മരണമടയുകയും ചെയ്തു. ഏഴാം ഭാര്യ ഉമ്മുല്‍ഹക്കം സൈനബ്ബിന്‍ത് ജഹ്ശ്(റ)യെ ഹിജ്‌റ നാലിനു ദുല്‍ഖഅ്ദയില്‍ വിവാഹം ചെയ്തു. നബി യുടെ പിതൃസഹോദരി ഉമൈമയുടെ മകളാണ് സൈനബ്(റ), നബി യുടെ കാലശേഷം ഭാര്യമാരില്‍ ആദ്യം മരണപ്പെട്ടത് ഇവരാണ്. ഹി: ഇരുപതില്‍ വഫാത്തായി. എട്ടാം ഭാര്യ ജുവൈരിയ്യ ബിന്‍തുല്‍ ഹാരിസയാണ്. ഹി: ആറാം കൊല്ലം വിവാഹം കഴിച്ചു. അമ്പത്താറ് റബീഉല്‍ അവ്വലില്‍ മരണപ്പെട്ടു. ഒമ്പതാം ഭാര്യ ബനുന്നളീര്‍ ഗോത്രത്തില്‍ പെട്ട റൈഹാന ബിന്‍തു ശംഊനുബ്‌നു സൈദാ(റ)ണ്. ഹിജ്‌റ ആറാം കൊല്ലം മുഹര്‍റമില്‍ വിവാഹം ചെയ്തു. അനന്തരം ത്രീവ്രമായി കോപിക്കുന്ന സ്വഭാവം കാരണം വിവാഹമോചനം ചെയ്തുവെങ്കിലും അവരുടെ വിഷമം മനസ്സിലാക്കിയ പ്രവാചകന്‍ വൈകാതെ പുനര്‍വിവാഹം കഴിച്ചു. ഹജ്ജത്തുല്‍ വിദാഅ കഴിഞ്ഞു നബി തിരിച്ചെത്തിയ ഉടനെ മരണപ്പെടുകയും ബഖീഇല്‍ മറവുചെയ്യുകയുമുണ്ടായി.

പത്താം ഭാര്യ റംല(റ)യാണ്. ഉമ്മുഹബീബ എന്ന പേരിലും അറിയപ്പെടും. ഏഴാം വര്‍ഷം വിവാഹം കഴിച്ചു. നാല്‍പത്തിനാലില്‍ പരലോകപ്രാപ്തയായി. ഖബ്ര്‍ മദീനയിലാണെന്നും 'ദിമശ്ഖി'ലാണെന്നും അഭിപ്രായമുണ്ട്. പതിനൊന്നാം ഭാര്യ സഫിയ്യ ബിന്‍തു ഹുയയ്യ് (റ) ഹാറൂന്‍ നബി(അ) ന്റെ സന്താനപരമ്പരയില്‍ പെട്ടവരാണ്. അമ്പതാം കൊല്ലം റമദാനില്‍ അന്തരിക്കുകയും ബഖീഇല്‍ ഖബ്‌റടക്കുകയും ചെയ്തു. പന്ത്രണ്ടാം ഭാര്യ മൈമൂന ബിന്‍തു ഹാരിസ്(റ)യെ ഏഴാം കൊല്ലം ശവ്വാലില്‍ വിവാഹം കഴിച്ചു. അബ്ബാസാ(റ)ണ് വിവാഹം ചെയ്തുകൊടുത്തത്. അമ്പത്തൊന്നില്‍ 'സറഫ്' എന്ന സ്ഥലത്ത് വെച്ചു മരണപ്പെട്ടു. അന്നവര്‍ക്ക് എണ്‍പത് വയസ്സായിരുന്നു.

മേല്‍പറഞ്ഞ പന്ത്രണ്ട് ഭാര്യമാരില്‍ മൂന്ന് പേര്‍ നബി യുടെ കാലത്ത് തന്നെ മരണപ്പെട്ടുപോയി. ബാക്കി ഒമ്പത് ഭാര്യമാരും നബി യുടെ ജീവിത കാലം മുഴുവനും ഭാര്യമാരായിക്കഴിഞ്ഞു. നബി യുടെ വഫാത്തിന്റെ ശേഷം മരണപ്പെട്ടു. നാലില്‍ കൂടുതല്‍ സ്ത്രീകളെ ഒരവസരം ഭാര്യയായി സ്വീകരിക്കുന്നത് ആര്‍ക്കും അനുവദനീയമല്ല. അത് നബി യുടെ മാത്രം പ്രത്യേകതയില്‍ പെട്ടതാണ്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter