നബിതങ്ങളുടെ മാതാപിതാക്കള്

 

നബിതങ്ങളുടെ മാതാപിതാക്കളായ അബ്ദുല്ല(റ)വിനെ കുറിച്ചും ആമിനബീവിയെ കുറിച്ചും ഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് താഴേ. നബിയുടെ ജനനത്തിന് മുന്നെ തന്നെ പിതാവ് മരിച്ചിരുന്നു. ശൈശവകാലത്ത് മാതാവിനെയും നഷ്ടപ്പട്ടു.

അബ്ദുല്ലാഹ് (റ)

ഓമനപ്പേര്: അബൂമുഹമ്മദ്, അബൂ അഹ്മദ്, അബൂ ഖസം

സ്ഥാനപ്പേര്: ദബീഹ് 

സ്വന്തം പിതാവായിരുന്ന അബ്ദുല്‍മുഥ്ഥലിബിനെ മക്കളില്ലാത്തതിന്റെ പേരില്‍ അദിയ്യുബ്‌നുനൌഫല്‍ ആക്ഷേപിച്ചപ്പോള്‍ 'തനിക്ക് 10 മക്കളുണ്ടായാല്‍ അതിലൊരാളെ കഅബയുടെ അടുത്തുവെച്ച് ഞാന്‍ അറുക്കുമെ'ന്ന് സത്യം ചെയ്തുപറഞ്ഞു. അബ്ദുല്ലാഹ് എന്ന കുട്ടി പിറന്നതോടെ 10 തികഞ്ഞപ്പോള്‍ നേരത്തെയുണ്ടായ തന്റെ സത്യം ഓര്‍മ വന്നതിന്റെയടിസ്ഥാനത്തില്‍ ആരെ അറുക്കണമെന്നതില്‍ നറുക്കിടാന്‍ തീരുമാനിച്ചു. അബ്ദുല്ലാ എന്നവര്‍ക്കാണ് നറുക്ക് വീണത്. അറുക്കാന്‍ വേണ്ടി കിടത്തിയെങ്കിലും ജനങ്ങള്‍ മുഴുവന്‍ എതിര്‍ത്തതു മൂലം അദ്ദേഹത്തിന് അറുക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് തന്റെ മറ്റു മക്കളും ഖുറൈശി പ്രമുഖരും ഒന്നടങ്കം നിര്‍ദ്ദേശിച്ചതനുസരിച്ച് ഹിജാസിലെ പ്രസിദ്ധയായ ഒരു ജോത്സ്യയെ കാണാനും അവള്‍ എന്തഭിപ്രായപ്പെട്ടാലും അത് സ്വീകരിക്കാനും തീരുമാനിച്ചു. 100 ഒട്ടകം അറുക്കാനായിരുന്നു വിധി. അത്പ്രകാരം അറുത്ത് ദാനം ചെയ്തു (റൌളുല്‍ ഉനുഫ് 1:176, സുബുല്‍ 1/287). ഇതിനാല്‍ തന്നെ നബിതങ്ങള്  ‘ഇബ്നുദ്ദബീഹൈന്’ (2  ബലിപുത്രരുടെ മകന്‍) എന്ന് വിളിക്കപ്പെട്ടിട്ടുണ്ട് (സുബുല്‍). ഒന്ന് പ്രപിതാമഹന്‍ ഇസ്മാഈല്‍ നബിയാണ്. അബ്ദുല്ലാഹ്(റ)വിന് നബിതങ്ങള് അല്ലാതെ ആണായോ പെണ്ണായോ ഒരു മക്കളുമുണ്ടായിട്ടില്ല. (സുബുല്‍ 1: 481) അബ്ദുല്ലാഹ്(റ)വിന്റെ ഉമ്മ ഫാഥിമ ബിന്‍തു അംറിബ്‌നി ആഇദ് ആയിരുന്നു. അറവിന്റെ സമയത്ത് അബ്ദുല്‍മുഥ്ഥലിബിന്റെ 10 മക്കളില്‍ ഏറ്റവും ചെറിയ കുട്ടി അബ്ദുല്ലാഹ്(റ) ആയിരുന്നുവെങ്കിലും പിന്നീട് ക്രമപ്രകാരം ഹംസ, അബ്ബാസ് എന്നിവര്‍ അബ്ദുല്‍മുഥ്ഥലിബിന് പിറന്നിട്ടുണ്ട്. (സുബുലുല്‍ഹുദാ)

ആമിന ബീവി (റ)

ആമിന ബീവി(റ)ക്കും നബിതങ്ങളല്ലാതെ മറ്റൊരു കുട്ടി ഉണ്ടായിരുന്നില്ല (സുബുല്‍ 1:481) ആമിന ബീവി(റ)ക്ക് മരിക്കുന്ന സമയത്ത് ഏകദേശം 20 വയസ്സായിരുന്നു (അദ്ദുര്‍റത്തുസ്സനിയ്യ-സ്വലാഹുദ്ദീന്‍). ആഇശ ബീവി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ പറയുന്നു: റസൂല്‍ (സ) തന്റെ മാതാപിതാക്കള്‍ ഇരുവരെയും ജീവിപ്പിച്ചുതരാന്‍ അല്ലാഹുവിനോട് ദുആ ചെയ്തു. അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കുകയും രണ്ടു പേരും തങ്ങളെക്കൊണ്ട് വിശ്വസിച്ച ശേഷം അവരെ മരിപ്പിക്കുകയും ചെയ്തു (സുയൂഥി, ഖുര്‍ഥുബി, ഥബ്‌രി, ഇബ്‌നുശാഹീന്‍). ആമിന ബീവി(റ)ക്ക് ഗര്‍ഭസമയത്ത് അതിന്റെ ക്ഷീണമോ പ്രസവസമയത്ത് വേദനയോ അനുഭവപ്പെട്ടിരുന്നില്ല. ആമിനബീവിയുടെ പിതാവ്: വഹബുബ്‌നു അബ്ദിമനാഫിബ്‌നി സഹ്‌റതബ്‌നി കിലാബിബ്‌നി മുര്‍റ. ആമിനബീവിയുടെ മാതാവ്: ബര്‍റതുബിന്‍ത് അബ്ദില്‍ഉസ്സാ ബ്‌നി ഉസ്മാനബ്‌നി അബ്ദിദ്ദാറി ബ്‌നി ഖുസ്വയ്യിബ്‌നി കിലാബ്. വറഖതുബ്‌നു നൌഫലിന്റെ സഹോദരി റുഖയ്യ ആദ്യം അബ്ദുല്ലാഹ്(റ)വിന് തന്നെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് പറഞ്ഞുവന്നിരുന്നു. അദ്ദേഹം അത് സമ്മതിച്ചില്ല. പിന്നീട് ആമിന(റ)യുമായുള്ള വിവാഹശേഷം ഒരിക്കല്‍ ഇതേ സ്ത്രീയുടെ അടുത്തുകൂടെ നടന്നപ്പോള്‍ ഒന്നും പ്രതികരിക്കാത്തത് കണ്ട് അബ്ദുല്ലാഹ്(റ) ചോദിച്ചു: എന്താണ് മുമ്പത്തേതു പോലെ എന്നോട് ഒന്നും മിണ്ടാത്തത്? അവര്‍ പ്രതികരിച്ചു: നിങ്ങളിലുണ്ടായിരുന്ന ആ വശ്യമായ പ്രകാശം ഇന്ന് കാണുന്നില്ല. അതിനാല്‍ ഇന്ന് എനിക്ക് നിങ്ങളെ ആവശ്യമില്ല. (വേദപണ്ഡിതനായ സഹോദരന്‍ വറഖത്തിന്റെ പക്കല്‍ നിന്ന്, ഈ ഉമ്മത്തിലൊരു നബി വരുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.) (അര്‍റൌളുല്‍ഉനുഫ് ഫീ തഫ്‌സീരിസ്സീറത്തിന്നബവിയ്യ). ഗര്‍ഭം ധരിച്ച ശേഷം ആമിന ബീവി(റ)ക്ക് ദൈവിക വെളിപാടുണ്ടായി: നീ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഈ സമുദായത്തിന്റെ നേതാവിനെയാണ്. അതുകൊണ്ട് പ്രസവിക്കപ്പെട്ട ഉടനെ  ‘ഉഈദുഹു ബില്‍വാഹിദി മിന് കുല്ലി ശര്റി ഹാസിദിന്‍’ എന്ന് ചൊല്ലി കാവല്‍ തേടുകയും മുഹമ്മദ്  എന്ന് പേരിടുകയും വേണം. (സീറത്തു ഇബ്‌നിഹിശാം). ഗര്‍ഭം ചുമന്ന ശേഷം അബ്ദുല്ലാഹ്(റ)വിലുണ്ടായിരുന്ന വശ്യപ്രകാശം ആമിന ബീവി(റ)യിലേക്ക് പ്രവേശിച്ചു.

(സീറ) കടപ്പാട്: പ്രവാചകജീവിതം/അസാസ് ബുക്സെല്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter