പരിശുദ്ധ ഖുര്‍ആന് ശേഷം ഇസ്‌ലാമിന്റെ ശക്തമായ ഒരു പ്രമാണമാണ് അബൂഅബ്ദില്ലാ മുഹമ്മദ്ബിന്‍ ഇസ്മായില്‍ ബുഖാരിയുടെ അല്‍ജാമിഉ സ്വഹീഹ്. തിരുനബി (സ)യുടെ പുണ്യവചനങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ മഹാരഥന്റെ ജീവചരിത്രം വിസ്മയങ്ങളുടേതാണ്. ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെട്ട വിവരങ്ങള്‍ തന്നെ അനേകങ്ങളാണ്. ആ പാരാവാരത്തില്‍ നിന്നു ഒരല്‍പം നമുക്കും നുകരാം.
ഹദീസ് ലോകത്തെ ഈ മഹാപണ്ഡിതന് തന്റെ ചെറുപ്പകാലത്ത് തന്നെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. സ്‌നേഹ നിധിയായ ഉമ്മ തന്റെ പൊന്നുമോന്റെ ഈ അവസ്ഥയില്‍ അതീവ ദുഃഖിതയായിരുന്നു. ആയിടക്ക് ഉമ്മ ഖലീലുല്ലാഹി ഇബ്രാഹീം (അ)നെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും അവരില്‍ നിന്നു, മകന് അല്ലാഹു കാഴ്ച തിരിച്ചുനല്‍കിയെന്നു സന്തോഷവാര്‍ത്ത കേള്‍ക്കുകയും ചെയ്തു. അന്ന് ഉണര്‍ന്നെഴുന്നേറ്റ ഉമ്മയെ വരവേറ്റത് മകന്റെ കാഴ്ചയുള്ള കണ്ണുകളായിരുന്നു.
ചരിത്രപുരുഷന്‍ ഒരിക്കല്‍ ഇമാം ദാഖിലി ഹദീസ് ഉദ്ദരിക്കുന്നത് കേള്‍ക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരു സനദ് വിവരിച്ചു. ''ഇബ്രാഹീമില്‍ നിന്നു അബൂസുബൈറും, അവരില്‍ നിന്നു സുഫ്‌യാനും നിവേദനം ചെയ്യുന്നു എന്നായിരുന്നു അത്. പുണ്യ റസൂല്‍ (സ) യുടെ ഹദീസിന് ഇങ്ങനെയൊരു സനദില്ലെന്നറിയുന്ന മീശ കുരുക്കാത്ത ഈ ബാലന്‍, ഇബ്രാഹീമില്‍ നിന്നു അബൂസുബൈര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നറിയിച്ചു. ദാഖിലി ഇതത്ര ഗൗനിച്ചില്ല. അതിന്റെ ആധാരവുമായി ഒത്തുനോക്കണമെന്ന് ബുഖാരി വിനയത്തോടെ ആവശ്യപ്പെട്ടു. ദാഖിലി അകത്തു പോയി എഴുത്ത് പ്രതി നോക്കി തിരിച്ചുവന്ന് ചോദിച്ചു: 'പിന്നെ എങ്ങനെയാണ് ആ സനദ്?' ബുഖാരി: 'ഇബ്രാഹീമില്‍ നിന്നു സുബൈറുബ്‌നു അദിയ്യ്' എന്നാണത്. അങ്ങനെ ദാഖിലി, സ്മര്യപുരുഷന്റെ നിര്‍ദ്ദേശപ്രകാരം ആ തെറ്റ് തിരുത്തുകയായിരുന്നു.
പതിനാറാം വയസില്‍ ഇബ്‌നുല്‍മുബാക്കിന്റെയും വക്കീഇന്റെയും കിതാബുകള്‍ മനഃപാഠമാക്കിയ മഹാനവര്‍കള്‍, ശേഷം ഉമ്മയും, സഹോദരന്‍ അഹ്മദുമൊത്ത് മക്കയിലെത്തി ഹജ്ജ് ചെയ്തു. പൊന്നുമ്മയും സഹോദരനും മടങ്ങിയപ്പോഴും കൗമാരപ്രായക്കാരനായ മുഹമ്മദ്ബ്‌നു ഇസ്മാഈലില്‍ ബുഖാരി (റ) ഹദീസ് പഠനാര്‍ത്ഥം അവിടെ തന്നെ തങ്ങുകയായിരുന്നു. പതിനെട്ടാം വയസില്‍ തന്നെ ഒരുപാട് രചനകള്‍ നടത്തി. പുണ്യഭൂമിയില്‍ തിരുനബി (സ) യുടെ ഖബ്‌റിന്നരികെ വെച്ച് പൂര്‍ണ ചന്ദ്രനുള്ള രാത്രികളിലായിരുന്നുവത്രെ മഹാനവര്‍കള്‍ തന്റെ 'അത്താരീഖുല്‍കബീര്‍' രചിച്ചത്. ചെറുപ്പകാലത്തെ തന്റെ ഹദീസ് ശേഖരണത്തിനിടെ ബസ്വറയിലെത്തിയ ഇമാം മറ്റു പലരുടെയും കൂടെ അവിടത്തെ പണ്ഡിതരുടെ അടുത്തുപോയി ഹദീസ് ശേഖരിക്കാറുണ്ടായിരുന്നു. പക്ഷേ ഒന്നും കുറിച്ചെടുത്തിരുന്നില്ല. കുറേ ദിവസം ഇങ്ങനെ തുടര്‍ന്നപ്പോള്‍ സഹപാഠികളില്‍ ചിലര്‍ ഇതേക്കുറിച്ചന്വേഷിച്ചു. പതിനാറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇമാം ബുഖാരി ആ ചോദ്യത്തിന് മറുപടി നല്‍കിയത്. ചോദിച്ചവരോട് അവരതുവരെ എഴുതിവെച്ച ഹദീസുകളൊക്കെ നിരത്താന്‍ പറഞ്ഞു. 1500ല്‍ പരം ഹദീസുകളുണ്ടായിരുന്നു അവ. അത്ഭുതകരമെന്നു പറയട്ടെ, യുവത്വമെത്താത്ത ആ ഹദീസ് പണ്ഡിതന്‍ അവയൊക്കെയും മനസില്‍ നിന്നെടുത്ത് ഓതിക്കൊടുക്കുകയുണ്ടായി.
അത്യപൂര്‍വമായ മനഃപാഠ ശക്തിയുള്ള ഇമാമവര്‍കള്‍ പറയുന്നു: ബസ്വറയില്‍ നിന്നു കേട്ട ഒട്ടനേകം ഹദീസുകള്‍ ശാമിലെത്തിയും, ശാമില്‍ നിന്നു കേട്ടത് മിസ്വ്‌റിലെത്തിയും ഞാനെഴുതിയെടുത്തിട്ടുണ്ട്. ഒരിക്കല്‍ ബുഖാരി (റ)ന് ആരോ ഒരു ചരക്ക് കൊടുത്തു. വൈകുന്നേരം ഒരു കച്ചവടസംഘം വന്നു 5000 ദിര്‍ഹം ലാഭത്തിന് ചരക്കാവശ്യപ്പെട്ടു. അന്നു രാത്രി അവരോട് തിരിച്ചു പോവാന്‍ പറഞ്ഞു. പിറ്റേന്ന് മറ്റു ചില കച്ചവടക്കാര്‍ വന്നു. പതിനായിരം ദിര്‍ഹം ലാഭത്തിന് ചരക്ക് ആവശ്യപ്പെട്ട അവരെ തിരിച്ചയച്ചു മഹാനവര്‍കള്‍ പഞ്ഞു: ''കഴിഞ്ഞ ദിവസം വന്നവര്‍ക്ക് ചരക്ക് നല്‍കാന്‍ ഞാന്‍ കരുതിക്കഴിഞ്ഞിരുന്നു''. അങ്ങനെ ആദ്യമാവശ്യപ്പെട്ടവര്‍ക്ക് അയ്യായിരം ദിര്‍ഹമിന് തന്നെ നല്‍കുകയായിരുന്നു. കച്ചവടം ഉറപ്പിച്ചിരുന്നില്ലെങ്കിലും സൂക്ഷ്മതയുള്ള ഇമാം, അത് നടത്തണമെന്ന തന്റെ കരുത്തിനെ ലംഘിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.
മുഹമ്മദ്ബ്‌നു യൂസുഫ് പറയുന്നു: ''ഞാനൊരിക്കല്‍ പുണ്യ നബിയെ സ്വപ്നം കണ്ടു. തങ്ങളെന്നോട് എവിടെപ്പോകുന്നുവെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: ''മുഹമ്മദ്ബ്‌നു ഇസ്മാഈലില്‍ ബുഖാരിയുടെ അടുത്തേക്ക്''. അപ്പോള്‍ നബി (സ) പ്രതിവചിച്ചു: ''അവരോട് എന്റെ സലാം പറയണം''.
ബുഖാരി (റ) ഒരിക്കല്‍ സുന്നത്ത് നിസ്‌കരിക്കുകയായിരുന്നു. ദീര്‍ഘിച്ച നിസ്‌കാരത്തിന് ശേഷം തന്റെ കൂടെയുള്ളവരോട് ചോദിച്ചു: ''എന്റെ ഖമീസിന്നടിയില്‍ വല്ലതുമുണ്ടോ?'' അവരൊരു കടന്നലിനെ കണ്ടെത്തി. പതിനാറോ പതിനേഴോ പ്രാവശ്യം അത് കുത്തിയത് കാരണം തന്റെ ശരീരം വീങ്ങിയിരുന്നു. കടന്നല്‍ കുത്ത് തുടങ്ങുമ്പോഴേ നിസ്‌കാരം മുറിക്കാമായിരുന്നില്ലേയെന്ന് ചോദിച്ചവരോട് ഇമാം പറഞ്ഞത്, ആ സമയത്ത് താന്‍ ഒരു സൂറത്ത് ഓതിക്കൊണ്ടിരിക്കുകയായിരുന്നെന്നും അത് ഇടക്ക് വെച്ച് നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു.
ഹദീസ് ചക്രവാളത്തിലെ സൂര്യതേജസ്സായിരുന്നു ഇമാമവര്‍കള്‍. ദിനേന പകല്‍ സമയത്ത് ഒരു ഖത്മും രാത്രി അത്താഴസമയത്ത് ഖുര്‍ആനിന്റെ മൂന്നിലൊന്നും ഓതാറുണ്ടായിരുന്നത്രെ! സ്വഹീഹുല്‍ ബുഖാരിയിലെ ഓരോ ഹദീസും താന്‍ കുളിച്ച്, രണ്ടു റക്അത്ത് നിസ്‌കരിച്ച ശേഷം മാത്രമേ എഴുതിയിരുന്നൊള്ളൂ. സുലൈമാനുബ്‌നു മുജാഹിദ് എന്നവര്‍ പറയുന്നു: ഈ അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍, മുഹമ്മദ്ബ്‌നു ഇസ്മാഈലി (ബുഖാരി) നേക്കാളും വലിയ ഭൗതിക പരിത്യാഗിയേയോ, സൂക്ഷ്മാലുവിനെയോ, ഫഖീഹിനെയോ ഞാന്‍ കണ്ടിട്ടില്ല.
അബ്ദുല്‍വാഹിദ്ബ്‌നു ആദം എന്നവര്‍ നബി (സ)യെ സ്വപ്നം കണ്ടു. തങ്ങള്‍ ഒരു സംഘം സ്വഹാബത്തിനൊപ്പം ഒരിടത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഇബ്‌നു ആദം, തങ്ങളെന്തുകൊണ്ടാണ് അവിടെ നില്‍ക്കുന്നതെന്നന്വേഷിച്ചു. നബി (സ) പറഞ്ഞു: ''ഞാന്‍ മുഹമ്മദ്ബ്‌നു ഇസ്മാഈല്‍ ബുഖാരിയെ കാത്തിരിക്കുകയാണ്'' ഇബ്‌നു ആദം പറയുന്നു: ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ മഹാനവര്‍കള്‍ വഫാത്തായിട്ടുണ്ടെന്ന് വാര്‍ത്തയറിഞ്ഞും അന്വേഷിച്ചുനോക്കുമ്പോള്‍, ഞാന്‍ നബി തങ്ങളെ സ്വപ്നത്തില്‍ കണ്ട അതേ സമയത്തായിരുന്നു ബുഖാരി ഇമാം (റ) വിട പറഞ്ഞത്.
സിറാജ് പി പല്ലാര്‍
Leave A Comment