ഉസ്താദ്‌ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച പ്രമുഖനായ സൂഫീ പണ്ഡിതനാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്പുറയില്‍ പാലകത്ത് കോമു മുസ്‌ലിയാര്‍-ഫിത്വിമക്കുട്ടി ദമ്പതികളുടെ പുത്രനായി 1936 സെപ്തംബര്‍ 18-നാണ് ജനനം. സ്വദേശത്തെ ഓത്തുപള്ളിയിലും രണ്ടത്താണി ഗവണ്‍മെന്റ് മാപ്പിള സ്‌കൂളിലും പ്രാഥമിക പഠനം നടത്തി. അച്ചിപ്പുറ പഴയ ജുമുഅത്ത് പള്ളിയിലായിരുന്നു ദര്‍സ് പഠനത്തിന്റെ തുടക്കം. പിതൃസഹോദരനായ പാലകത്ത് കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരായിരുന്നു ഗുരുവര്യന്‍. ശേഷം കാവതിക്കുളം ദര്‍സില്‍ കുന്നക്കാടന്‍ കുഞ്ഞാലസ്സന്‍ മുസ്‌ലിയാര്‍, പുലിക്കോട് പാലത്തറ ദര്‍സില്‍ കോഡൂര്‍ മൊയ്തു മുസ്‌ലിയാര്‍, പറപ്പൂര്‍ വടക്കുംമുറി ദര്‍സില്‍ പാലകത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പന്താരങ്ങാടി ദര്‍സില്‍ വാളക്കുളം വഹ്ശി മുഹമ്മദ് മുസ്‌ലിയാര്‍, അച്ചിപ്പുറ ദര്‍സില്‍ പൊന്‍മള മൊയ്തീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കു കീഴില്‍ പഠനം പൂര്‍ത്തിയാക്കി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അദ്ധ്യാപക പരിശീലനവും നേടിയിട്ടുണ്ട്.

പഠനാനന്തരം അധാപന മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുലിക്കോട്, പന്താരങ്ങാടി എന്നിവിടങ്ങളില്‍ പഠനകാലത്തു തന്നെ അധ്യാപകനായിട്ടുണ്ട്. അച്ചിപ്പുറ ഏര്‍ക്കര, തൃശ്യൂര്‍ ജില്ലയിലെ അകലാട്, ചേര്‍പ്പ്, അച്ചിപ്പുറ ചെത്തുപറമ്പ്, എറണാകുളം ജില്ലയിലെ സൗത്ത് വല്ലം എന്നിവിടങ്ങളിലും സേവനം ചെയ്തു. 1963 മുതല്‍ 1975 വരെ സുദീര്‍ഘമായ കാലം സൗത്ത് വല്ലം മദ്‌റസയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977-ലാണ് യു.എ.ഇയിലേക്കു തിരിച്ചത്.

അല്‍ഐനിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചുപള്ളികളിലായി 28 വര്‍ഷത്തോളം സേവനം ചെയതു. മര്‍ഖാനിയ പള്ളിയിലായിരുന്നു പ്രഥമ നിയമനം. പിന്നീട് ഹീലി, നിയാദാത്ത്, അല്‍ഐന്‍ ബസ്റ്റാന്റ്, മര്‍ഖാനിയ, അല്‍ഐന്‍ മാര്‍ക്കറ്റ് പള്ളികളിലും ഇമാമായി. പ്രവാസ ലോകത്തെ മലയാളികളുടെ കൂട്ടായ്മയായ അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ 1977-ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രഥമ കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ജനറല്‍ ബോഡിയില്‍ സെന്റര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മഹാന്‍ ദീര്‍ഘകാലം തല്‍സ്ഥാനത്ത് തുടര്‍ന്നു. 1982-ല്‍ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, 1984-ല്‍ അല്‍ ഐന്‍ ദാറുല്‍ ഹുദാ മദ്‌റസ, 1988-ല്‍ അല്‍ ഐന്‍ ദാറുല്‍ ഹുദാ സ്‌കൂള്‍, 1992-ല്‍ ഫാത്വിമ സഹ്‌റാ വനിതാ കോളേജ്, 2004-ല്‍ കാടാമ്പുഴ ഗ്രെയ്‌സ് വാലി, 2017-ല്‍ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ തുടങ്ങിയ നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ആത്മീയതയിലധിഷ്ഠിതമായി ആരാധനാഭരിതമായ ജീവിതമായിരുന്നു മഹാന്‍ നയിച്ചിരുന്നത്. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കൂരിയാട് തേനു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പറപ്പൂര്‍ കുഞ്ഞീന്‍ മുസ്‌ലിയാര്‍, കണിയാപുരം അബ്ദുറസാഖ് മസ്താന്‍, കാരക്കാട് മാനു മുസ്‌ലിയാര്‍, ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ സൂഫീവര്യര്‍ മഹാനെ ഏറെ സ്വാധീനിക്കുകയും അവരുടെ അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ട്. 1982-ല്‍ ശാദുലി ത്വരീഖത്തിന്റെ ഗുരുവായ ശൈഖ് അബ്ദുല്‍ ഖാദര്‍ ഇസായെ മദീനയില്‍ വെച്ച് കണ്ടുമുട്ടുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. 1992-ല്‍ ശൈഖ് സഅ്ദുദ്ദീന്‍ മുറാദ് ശാദുലി ത്വരീഖത്തിന്റെ പ്രതിനിധിയായി അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെ നിയമിച്ചു. വിദേശത്തും സ്വദേശത്തുമായി നിരവധി പേര്‍ക്കാണ് മഹാന്‍ ആത്മീയ വെളിച്ചം പകര്‍ന്നത്.

കോട്ടക്കലിനടുത്ത രണ്ടത്താണി അച്ചിപ്പുറ സ്വദേശിയായ മഹാന്‍ 1978-ലാണ് വളാഞ്ചേരി അത്തിപ്പറ്റയിലേക്ക് താമസം മാറിയത്. തുര്‍ക്കി, പലസ്തീന്‍, ജോര്‍ഡാന്‍, ഇറാഖ്, മലേഷ്യ, സിങ്കപ്പൂര്‍, മലേഷ്യ, സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവസാനത്തെ പത്ത് വര്‍ഷങ്ങള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ചിലവഴിച്ചു. അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി ആണ്‍മക്കളാണ്. 2018 ഡിസംബര്‍ 19/ 1440 റബീഉല്‍ ആഖര്‍ 11-നായിരുന്നു വിയോഗം. വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിനു സമീപം അന്ത്യവിശ്രമംകൊള്ളുന്നു.

സി.പി ബാസിത് ഹുദവി തിരൂർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter