നാവിനെ സൂക്ഷിക്കുക
നബി തിരുമേനി(സ) അരുള്‍ചെയ്യുന്നു: ''നേരം പുലര്‍ന്നാല്‍ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോടപേക്ഷിക്കും, ഞങ്ങള്‍ക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ; പാപങ്ങളില്‍ നീ ഞങ്ങളെ അകപ്പെടുത്തരുതേ; ഞങ്ങള്‍ നിന്നോടുകൂടെയുള്ള വയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ, ഞങ്ങളും ചീത്തയായി'' (തിര്‍മുദി). മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് നാവ്. അത് സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കണം. അപാരമാണ് നാവിന്റെ ശക്തി. അതില്‍ സ്വര്‍ഗവും നരകവുമുണ്ട്. മധുരവും കയ്പ്പുമുണ്ട്. ഇഹപര സൗഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നാവിന്റെ പങ്ക്  സുപ്രധാനമത്രെ. ഓരോ മനുഷ്യനും രാവിലെ ഉണരുമ്പോള്‍ യാതൊരാപത്തുമില്ലാത്ത ശുഭദിനം വരണമെന്ന പ്രാര്‍ത്ഥനയോടെയാണ് ജീവിതം തുടങ്ങുന്നത്. അതിന്നാദ്യംവേണ്ടത് ദേഹരക്ഷയാണ്. ശരീരത്തെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയണമെങ്കില്‍ നാവിനെ നിയന്ത്രിക്കണം.
വായില്‍നിന്നും പുറത്തു വരുന്ന വാക്കുകള്‍ ശരിയല്ലെങ്കില്‍ തടി കേടാവും, തീര്‍ച്ച. തടി സലാമത്താകേണ്ടത് ശരീരത്തിന്റെ മുഖ്യാവശ്യമത്രെ. കണ്ണ്, മൂക്ക്, കാല്, കയ്യ് തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ നാവിനെ ശ്രദ്ധിച്ചേ പറ്റൂ. നാവ് തെറ്റിയാല്‍ എല്ലാം അപകടത്തിലാകും. ഇങ്ങനെ അപായപ്പെടുത്തി ശരീരത്തെ നശിപ്പിക്കരുതെന്നാണ് എല്ലാ ഘടകങ്ങളും സംയുക്തമായി നാവിനോട് അപേക്ഷിക്കുന്നത്. എത്ര സുന്ദരമായ ചിത്രീകരണം! സംസാരം മധുരവും മാര്‍ദ്ദവുമാകണം. വായില്‍ വരുന്നതൊക്കെ മൊഴിഞ്ഞാല്‍ അപകടത്തില്‍ ചാടും. സാമൂഹ്യ ജീവിതത്തില്‍ അനര്‍ത്ഥങ്ങളും അപകടങ്ങളും വരുത്തുന്ന വാക്കുകള്‍ സത്യവിശ്വാസികള്‍ വെടിയണം. കാരണം, നമ്മള്‍ പുറത്തുവിടുന്ന ഓരോ വാക്കും അല്ലാഹുവിന്റെ മലക്കുകള്‍ റിക്കാര്‍ഡുചെയ്യുന്നുണ്ടെന്നകാര്യം മറക്കരുത്.
നാവിനെ വളരെ കരുതി മാത്രമേ ഉപയോഗിക്കാവൂ. മൂര്‍ച്ചയുള്ള വാക്കുകളും മനസ്സിനെ വേദനിപ്പിക്കുന്ന സംസാരങ്ങളും നിര്‍ത്തിയേ പറ്റൂ. പണ്ഡിതനായ ഹാത്വിമുല്‍ അസ്വമ്മ് പറയുന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ''അല്ലാഹുവിന് നല്‍കാന്‍ ഒരുത്തരം കണ്ടുവെക്കാതെ ഞാനൊരു വാക്കും പറയില്ല. അന്ത്യനാളില്‍ അല്ലാഹു എന്നോട് ചോദിക്കും. നീ എന്തിനാണ് ഇങ്ങനെ പറഞ്ഞത്? എനിക്കു പറയാന്‍ കഴിയണം, നാഥാ ഇന്ന കാരണത്താല്‍'' (താരീഖു ബഗ്ദാദ് 8/245). നല്ല വാക്ക്, മാന്യമായ മൊഴി, ആവശ്യത്തിന് മാത്രം സംസാരം, അഹങ്കാരം സ്ഫുരിക്കുന്ന വാക്കുകള്‍, കുത്തിക്കുത്തിപ്പറയല്‍, ശാപം, അശ്ലീല ഭാഷണം, ഏഷണി, പരദൂഷണം, പരിഹാസം -ഇവയെല്ലാം പരസ്പര സ്‌നേഹത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്നവയത്രെ. ഇവിടെയെല്ലാം നാവിനെ ശരിക്കും നിയന്ത്രിക്കണം. വായാടികള്‍ നരകത്തിലാണെന്ന തിരുവചനം ശ്രദ്ധേയമാണ്.
അബൂഹുറൈറ(റ)യില്‍നിന്ന്  നിവേദനം. നബി (സ) പറയുന്നു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.'' അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളെ, അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് നന്നാക്കി ത്തരികയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും'' (വി.ഖു.33:70-71). നല്ല സംസാരത്തിലൂടെ സ്വര്‍ഗ്ഗം കരസ്ഥമാക്കാനാണ് സത്യവിശ്വാസികള്‍ ശ്രമിക്കേ ണ്ടത്. നാവുകൊണ്ട് നരകം പണിയരുത്. ഓര്‍ക്കുക: സ്വര്‍ഗ്ഗവും നരകവും തുറക്കാനുപയോഗിക്കുന്ന രണ്ടവയവങ്ങളില്‍ ഒന്ന് നാവാണ്. നാവിനെ സൂക്ഷിച്ചാല്‍ രക്ഷ ഉറപ്പാണ്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter