അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 141-147) മുനാഫിഖാണോ എന്നെങ്ങനെ അറിയാം
കപടവിശ്വാസികളുടെ സ്വഭാവങ്ങളെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്. അവരുടെ ഇരട്ട മുഖം തുറുന്നുകാട്ടുന്ന മറ്റൊരു സ്വഭാവത്തെക്കുറിച്ചാണിനി പറയുന്നത്.
സത്യവിശ്വാസികള്‍ക്ക് ആപത്തുകള്‍ സംഭവിച്ചുകാണാന്‍ കൊതി പൂണ്ടിരിക്കുന്നവരാണവര്‍. അതേസമയം സത്യവിശ്വാസികള്‍ക്കെന്തെങ്കിലുംനേട്ടം ലഭിക്കുകയാണെങ്കിലോ, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ്‌ലിംകളാണല്ലോ, ഞങ്ങള്‍ക്കും അതില്‍ അവകാശവും പങ്കും ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞുവരികയും ചെയ്യും.
വല്ലപ്പോഴും സത്യനിഷേധികള്‍ക്കാണ് വിജയം കൈവന്നതെങ്കിലോ - ഉഹ്ദില്‍ സംഭവിച്ചതു പോലെ? അപ്പോഴവര്‍ നിലപാട് മാറ്റി സത്യനിഷേധികളെ സമീപിച്ചിങ്ങനെ പറയും: 'ഞങ്ങളല്ലേ മുസ്‌ലിംകളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതന്നത്. അവര്‍ക്കെതിരെ പല തന്ത്രങ്ങളും പ്രയോഗിച്ച് ഞങ്ങള്‍ നിങ്ങളെ സഹായിച്ചില്ലേ; അവരെ ഞങ്ങള്‍ നിരുത്സാഹപ്പെടുത്തിയില്ലേ? അതുകൊണ്ട് വിജയലാഭത്തില്‍ നിന്നൊരോഹരി ഞങ്ങള്‍ക്കും തരണം'.
ഒരു യുദ്ധം കഴിഞ്ഞാല്‍ വിജയിച്ച കക്ഷികള്‍ സമരാര്‍ജിതസമ്പത്ത് (ഗനീമത്ത്) ശേഖരിച്ച് പങ്കാളികള്‍ക്കിടയില്‍ വിതരണം ചെയ്യുമല്ലോ. അത്തരം സന്ദര്‍ഭങ്ങളില്‍ അവകാശവാദവുമായി മുനാഫിഖുകള്‍ ഇരുപക്ഷത്തും ചെല്ലുമെന്ന് ചുരുക്കം. ഭൗതികനേട്ടം മാത്രമാണവരുടെ ലക്ഷ്യം.
കപടവിശ്വാസികള്‍ മുസ്‌ലിം വേഷധാരികളായി നടന്ന് ഇത്രമാത്രം ദ്രോഹം ദീനിന് ഏല്പിച്ചിട്ടും, തല്‍ക്കാലം ഇഹലോകത്തുവെച്ച് അവര്‍ക്കെതിരെ ശിക്ഷാനടപടിയൊന്നും എടുക്കുന്നില്ലെങ്കിലും, ഖിയാമത്ത് നാളില്‍ തക്ക നടപടി എടുക്കുകതന്നെ ചെയ്യും. അവര്‍ വിചാരിക്കുന്നതുപോലെ സത്യവിശ്വാസികളെ പരാജയപ്പെടുത്തി കീഴടക്കാനുളള അവസരം ഒരിക്കലും അവര്ക്ക് അല്ലാഹു നല്‍കുകയില്ല.
ചിലപ്പോഴൊക്കെ മുഅ്മിനീങ്ങള്‍ക്കും പരാജയം സംഭവിക്കാമെങ്കിലും, അവരെ പറ്റെ നശിപ്പിക്കാനൊന്നും സത്യനിഷേധികള്‍ക്കോ കപടവിശ്വാസികള്‍ക്കോ അല്ലാഹു അവസരം നല്‍കുകയില്ല.
الَّذِينَ يَتَرَبَّصُونَ بِكُمْ فَإِنْ كَانَ لَكُمْ فَتْحٌ مِنَ اللَّهِ قَالُوا أَلَمْ نَكُنْ مَعَكُمْ وَإِنْ كَانَ لِلْكَافِرِينَ نَصِيبٌ قَالُوا أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُمْ مِنَ الْمُؤْمِنِينَ ۚ فَاللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ ۗ وَلَنْ يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا (141)
നിങ്ങളുടെ അവസ്ഥകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കയാണ് ആ കപടന്മാര്‍. അല്ലാഹുവിങ്കല്‍ നിന്നു ഒരു നേട്ടം നിങ്ങള്‍ക്ക് ലഭ്യമായാല്‍, ഞങ്ങള്‍ നിങ്ങളൊന്നിച്ചു തന്നെയായിരുന്നില്ലേ എന്നവര്‍ തട്ടിവിടും. ഇനി അവിശ്വാസികള്‍ക്കാണ് വിജയമുണ്ടായതെങ്കില്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും വിശ്വാസികളില്‍ നിന്നു ഞങ്ങള്‍ നിങ്ങളെ ഉപരോധിച്ചില്ലേ എന്നാണവര്‍ ചോദിക്കുക. എന്നാല്‍ അന്ത്യനാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധികല്‍പിക്കുന്നതാണ്. സത്യവിശ്വാസികള്‍ക്കെതിരെ അല്ലാഹു നിഷേധികള്‍ക്ക് യാതൊരു വഴിയും വെച്ചുകൊടുക്കുന്നതേ അല്ല.
وَلَنْ يَجْعَلَ الَّله لِلْكَافِرِينَ -ഈ വാക്യത്തിന് വിവിധ വ്യാഖ്യാനങ്ങളുണ്ട്:
1) സത്യവിശ്വാസികളെ നശിപ്പിച്ച് നാമാവശേഷമാക്കാന്‍ അവിശ്വാസികള്‍ക്കൊരിക്കലും സാധ്യമല്ല.
2) തെളിവുകളും പ്രമാണങ്ങളും മുഖേന സത്യവിശ്വാസികളെ പരാജയപ്പെടുത്താനവര്‍ക്ക് കഴിയില്ല.
3) ഖിയാമത്ത് നാളില്‍ സത്യവിശ്വാസികളെ കവച്ചുവെക്കുവാനോ, അതിജയിക്കാനോ അവര്‍ക്ക് സാധിക്കില്ല.
4) മുസ്‌ലിംകള്‍ യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കുന്ന കാലത്തോളം അവിശ്വാസികള്‍ക്കവരെ കീഴ്പ്പെടുത്താന്‍ കഴിയില്ല.
ഇവിടെ പറഞ്ഞ ഈ ഇരട്ടത്താപ്പ് നമ്മളും ശ്രദ്ധിക്കണം. തീരെ ഗുണമില്ലാത്ത മനുഷ്യന്‍, ഇരട്ട മുഖമുള്ളവനാണെന്ന് തിരുനബി صلى الله عليه وسلم. ഒരു വിഭാഗത്തിന്‍റെയടുത്ത് ഒരു മുഖവും, മറ്റൊരു കൂട്ടരുടെയടുത്ത് വേറെയൊരു മുഖവും കാണിക്കുന്നവന്‍. (ബുഖാരി, മുസ്‌ലിം رحمهما الله).
അടുത്ത ആയത്ത് 142
കപടവിശ്വാസികളുടെ ഒരു ധാരണ തിരുത്തുകയാണിനി. അവരുടെ ഭാവവും കാട്ടിക്കൂട്ടലുമൊക്കെ കണ്ടാല്‍ തോന്നും, അവരുടെ ഗൂഢരഹസ്യങ്ങളൊന്നും അല്ലാഹു അറിയുന്നില്ലെന്ന്. അല്ലാഹുവിനെയവര്‍ വിദഗ്ദമായി പറ്റിക്കുകയാണ്, വഞ്ചിക്കുകയാണെന്നാണവരുടെ വിചാരം.
സാധുക്കളായ മുഅ്മിനീങ്ങളെ അവര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതു പോലെ സര്‍വജ്ഞനായ അല്ലാഹുവിനെയും പറ്റിക്കാമെന്നാവരുടെ ധാരണ. അതിനുണ്ടോ കഴിയുന്നു?! എല്ലാ ഗൂഢ രഹസ്യങ്ങളും പരസ്യമായി അറിയുന്ന സര്‍വ്വജ്ഞനായ അല്ലാഹുവിനെ വഞ്ചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നവര്‍ മനസ്സിലാക്കണം.
അല്ലാഹു അതൊന്നും അറിയാത്ത പോലെ, ഈ ലോകത്ത് അവരെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുകയാണ്. അതായത് അവര്‍ സ്വയം വഞ്ചിതരാവുകയാണ് എന്നര്‍ത്ഥം. ഈ വഞ്ചനക്കനുയോജ്യമായ നടപടി അല്ലാഹു എടുക്കുകതന്നെ ചെയ്യും.
എല്ലാ കുറ്റവാളികള്‍ക്കും നല്‍കപ്പെടുന്ന ശിക്ഷ അവരവരുടെ കുറ്റത്തിന്‍റെ പ്രകൃതമനുസരിച്ചാണല്ലോ. ഇവരുടെ വഞ്ചനക്കും അനുയോജ്യമായ ശിക്ഷതന്നെ നല്കും.
യുദ്ധത്തിന്ന് പോകാനും പള്ളികളില്‍ സന്നിഹിതരാകാനും ജമാഅത്ത് നമസ്‌കാരത്തിന്ന് അണിനിരക്കാനുമൊക്കെ മുനാഫിഖുകളുമുണ്ടാകുമല്ലോ. അതില്‍ നിന്നൊന്നും ആരും അവരെ വിലക്കിയിട്ടില്ല. പുറമെയുള്ള ഈയൊരു സമീപനവും പരിഗണനയും കാരണം അവര്‍തന്നെ സ്വയം വഞ്ചിതരായിരിക്കുകയാണ്.
അവരുടെ ചില ലക്ഷണങ്ങളുംകൂടി പറയുന്നുണ്ട്.
അലസന്മാരായിട്ടാണ് അവര്‍ നമസ്‌കാരത്തിന്ന് നില്‍ക്കുക. അതുതന്നെ ജനങ്ങളെ കാണിക്കാനല്ലാതെ നിഷ്‌കളങ്കമായി ചെയ്യില്ല. അപൂര്‍വമായിട്ടല്ലാതെ അല്ലാഹുവിനെ ഓര്‍ക്കുകയുമില്ല. എപ്പോഴെങ്കിലും ഓര്‍ക്കുകയാണെങ്കില്‍തന്നെ, തങ്ങള്‍ മുസ്‌ലിംകളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അത് ചെയ്യുക.
إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا (142)
ആ കപടന്മാര്‍ അല്ലാഹുവിനെ ചതിക്കാന്‍ നോക്കുകയാണ്. എന്നാല്‍ അവരുടെ വഞ്ചനക്കവന്‍ പ്രതിക്രിയ ചെയ്യും. നമസ്‌കരിക്കാനൊരുങ്ങുകയാണെങ്കില്‍ അവര്‍ മടിയന്മാരായും ആളുകളെ കാണിക്കാനുമാണ് നില്‍ക്കുക. വളരെക്കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെ പറയുകയുള്ളൂ;
കപടവിശ്വാസികളുടെ സ്വഭാവങ്ങളാവിടെ ചൂണ്ടിക്കാണിച്ചത്. നമ്മുടെ കൂട്ടത്തില്‍തന്നെ പലര്‍ക്കും ഈ സ്വഭാവങ്ങളുണ്ടോ എന്ന് പരിശോധിക്കണം.
വളരെ സുപ്രധാനമായ നിസ്‌കാരം ശരിയായ രൂപത്തില്‍ നിര്‍വഹിക്കാന്‍ പലര്‍ക്കും മടിയാണിന്ന്. തീരെ ഒഴിവാക്കിയാല്‍ ആളുകള്‍ കാണമല്ലോ എന്ന് പേടിച്ച് നിസ്കരിക്കുകയൊക്കെ ചെയ്യും. തക്കം കിട്ടുമ്പോള്‍ ഒഴിവാക്കുകയും ചെയ്യും. അല്ലാഹുവിനെ കുറിച്ചുളള ഓര്‍മ, ഭയഭക്തി തുടങ്ങിയ നിസ്കാരത്തിന്‍റെ കാതലായ വശമൊന്നും ആ നിസ്കാരത്തിലുണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളം.
മദീനയിലെ മുനാഫിഖുകളും അങ്ങനെയായിരുന്നു. നിസ്‌കാരം ജമാഅത്തായിട്ടാണല്ലോ നടക്കുക. അതില്‍ പങ്കെടുക്കാത്തവര്‍ കപടന്‍മാരാണെന്ന് സ്വാഭാവികമായും സംശയിക്കപ്പെടും. അതുകൊണ്ട് പരമാവധി പങ്കെടുക്കും. ചാന്‍സ് കിട്ടുമ്പോഴൊക്കെ മുങ്ങുകയും ചെയ്യും. പ്രത്യേകിച്ച്, ഇശാ,സ്വുബ്ഹ് പോലെ ഇരുട്ടുള്ള സമയത്തെ നമസ്‌കാരങ്ങളില്‍ നിന്ന്.
തിരുനബി ﷺ യുടെ കാലത്ത് സ്വഹാബികളില്‍ ആരും സുബ്ഹിക്ക് പള്ളിയില്‍ വരാതിരുന്നിട്ടില്ല. ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ജമാഅത്തിന് വരാതിരിക്കൂ. കപട വിശ്വാസികള്‍ മാത്രമാണ് സുബ്ഹിക്ക് ഇടക്കിടെ വരാതിരുന്നത്.
ഈ നിസ്കാരങ്ങളവര്‍ക്ക് വലിയ ഭാരമാണെന്നാണ് തിരുനബി صلى الله عليه وسلم പറഞ്ഞത്:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لَيْسَ صَلاَةٌ أَثْقَلَ عَلَى الْمُنَافِقِينَ مِنَ الْفَجْرِ وَالْعِشَاءِ، وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا (بخاري)
(തിരുനബി ﷺ പറഞ്ഞു: ഇശാ, സുബ്ഹ് എന്നീ നമസ്കാരത്തേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവരറിഞ്ഞിരുന്നെങ്കിൽ, നിരങ്ങിയിട്ടാണെങ്കിലും [പള്ളിയിലേക്ക്] എത്തുമായിരുന്നു).
കപടവിശ്വാസിയുടെ അസ്വർ നമസ്‌കാരത്തെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചിത്രീകരിച്ചതിങ്ങനെയാണ്: ‘സൂര്യന്‍ അസ്തമിക്കുന്നതുവരെ കാത്തിരുന്ന്, അസ്തമയ സമയമാകുമ്പോള്‍ കോഴി കൊത്തുംപോലെ നാലു കൊത്തു കൊത്തും’. ’കപടവിശ്വാസിയുടെ നമസ്‌ക്കാരമാണിത്’ എന്ന് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറയുകയും ചെയ്തു.
ഈ രണ്ടു വഖ്ത്തും നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. ജമാഅത്തിന് പോകാന്‍ മടിയുണ്ടോ, എങ്കില്‍ മാറിച്ചിന്തിക്കണം. ആരുടെ ലക്ഷണമാണെന്ന് മനസ്സിലാക്കിയാല്‍ മതി, നമുക്ക് മാറാം.
സുബ്ഹി നമസ്കരാം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കുന്നവ൪ക്ക് അല്ലാഹു വലിയ പ്രതിഫലമാണ് നല്‍കുക. അതറിഞ്ഞിരുന്നെങ്കില്‍ നിരങ്ങിയിട്ടാണെങ്കിലും പള്ളിയിലെത്തുമെന്ന് നേരത്തെ പറഞ്ഞ ഹദീസില്‍ നമ്മള്‍ കണ്ടല്ലോ.
عَنْ بُرَيْدَةَ الأَسْلَمِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ (الترمذي)
(തിരുനബി ﷺ പറയുന്നു: പള്ളിയിലേക്ക് ഇരുട്ടില്‍ പോകുന്നവ൪ക്ക് പരലോകത്ത് സമ്പൂ൪ണ്ണ പ്രകാശം കൊണ്ട് സന്തോഷ വാ൪ത്ത അറിയിക്കുക).
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ (بخاري، مسلم)
(തിരുനബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ).
عن عثمان بن عفان رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ (مسلم)
(ഉസ്മാനുബ്നു അഫ്ഫാന്‍ رضي الله عنهപറയുന്നു: തിരുനബി ﷺ പറയുന്നത് ഞാൻ കേട്ടു: ഇശാ നമസ്കാരം സംഘടിതമായി നമസ്കരിക്കുന്നവൻ അർദ്ധരാത്രി വരെ നമസ്കരിച്ചവനെ പോലെയാണ്. സുബ്ഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്).
അല്ലാഹുവിന്‍റെ കല്‍പന പ്രകാരം എല്ലാ ദിവസവും സുബ്ഹി, അസ്൪ ജമാഅത്തുകളുടെ സമയത്ത് മലക്കുകള്‍ ഇറങ്ങുന്നുണ്ട്. സുബ്ഹി ജമാഅത്തിന്‍റെ സമയത്ത് മലക്കുകള്‍ ഇറങ്ങുമ്പോള്‍ അസ്റിന് ഇറങ്ങിയവര്‍ കയറിപ്പോകും. അടുത്ത അസ്റിന് മലക്കുകള്‍ ഇറങ്ങുമ്പോള്‍ സുബ്ഹിക്ക് ഇറങ്ങിയവര്‍ മലക്കുകള്‍ കയറിപ്പോവുകയും ചെയ്യും. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസ്ർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുന്നു എന്നര്‍ത്ഥം. ഈ പ്രക്രിയ തുട൪ന്നുകൊണ്ടേയിരിക്കും.
ഈ മലക്കുകള്‍ ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍, സുബ്ഹിയും അസ്റും പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കാത്തവരുടെ പേരുവിവരങ്ങള്‍ അവരുടെ റെക്കോ൪ഡില്‍ ഉണ്ടായിരിക്കുകയില്ല.
ഈ ജമാഅത്തുകളില്‍ പങ്കെടുത്തവരെക്കുറിച്ച് മലക്കുകള്‍ അല്ലാഹുവിനോടിങ്ങനെ പറയുമത്രേ: تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ് (ബുഖാരി).
ഇമാം അഹ്‍മദിന്‍റെ (رحمه الله) റിപ്പോ൪ട്ടില്‍ ഇതുകൂടിയുണ്ട്: “അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ”.
മലക്കുകള്‍ എല്ലാ ദിവസവും അല്ലാവിന്‍റെയടുത്ത് സാക്ഷി പറയുന്നതും ഇസ്തിഗ്ഫാറിന് അപേക്ഷിക്കുന്നതും സുബ്ഹി, അസർ ജമാഅത്തായി നമസ്‌കരിക്കുന്നവ൪ക്കാണ്.
സുബ്ഹി ജമാഅത്തിന് വേണ്ടി എഴുന്നേല്‍ക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഉറങ്ങുക, ഉറങ്ങുമ്പോള്‍ വുളുവെടുത്ത് ദിക്റുകളൊക്കെ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ കിടക്കുക, രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കുക – ഇത് ശ്രദ്ധിച്ചാല്‍ സ്വുബ്ഹി ജമാഅത്തിന് പള്ളിയിലെത്താന്‍ കഴിയും.
എത്രയൊക്കെ ശ്രമിച്ചിട്ടും സുബ്ഹി ജമാഅത്തിനെത്താന്‍ പറ്റുന്നില്ലെന്ന് പറയുന്നവരുണ്ട്. പകലിലോ മറ്റോ ചെയ്ത തെറ്റുകളായിരിക്കാം ഇങ്ങനെ തടഞ്ഞുനിറുത്തുന്നത്. ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങുക.
അല്ലാഹുവിന്‍റെ പ്രത്യേക തൌഫീഖ് ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം കിടന്നുറങ്ങുമ്പോള്‍, നമ്മളെ മാത്രം തെരഞ്ഞെടുത്ത് എഴുന്നേല്‍പിച്ച് പള്ളിയിലേക്ക് വിടുന്നത് അല്ലാഹുവിന്‍റെ വലിയ തൌഫീഖുതന്നെയല്ലേ!
ഇമാം ഹസനുല്‍ ബസ്വരി(رحمه الله)യോട് ഒരാളിങ്ങനെ പറഞ്ഞത്രേ: ‘ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ (സ്വുബ്ഹിക്ക്) വുളുവെടുക്കാനുള്ള വെള്ളവും മറ്റും ഒരുക്കാറുണ്ട്. നേരത്തെ ഉറങ്ങാറുമുണ്ട്. എന്നാലും നമസ്കാരത്തിന് വേണ്ടി എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല’. മഹാനവര്‍കള്‍ മറുപടി പറഞ്ഞു: ‘തെറ്റുകള്‍ താങ്കളെ തടവിലാക്കിയിരിക്കുകയാണ്. പകല്‍ നന്നാക്കൂ, എങ്കില്‍ താങ്കളുടെ രാത്രിയും നന്നാകും’.
മറ്റുള്ള വഖ്തുകളെല്ലാം കൃത്യമായി നി൪വ്വഹിക്കുകയും സ്വുബ്ഹി മാത്രം ഒഴിവാക്കുകയും ചെയ്യുന്നവരെയും കാണാം. ഉറക്കുതന്നെ വിഷയം.
എല്ലാ വഖ്ത്തുകളും ജമാഅത്തായി നിര്‍ഹിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. ഇല്ലെങ്കില്‍ വലിയ പ്രതിഫലമാണ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. 27 ഇരട്ടിയല്ലേ പ്രതിഫലം. ചില്ലറക്കാര്യമാണോ അത്?!
അതായത്, ഒരു കൊല്ലം ജമാഅത്തായി നിസ്കരിച്ചാല്‍ കിട്ടുന്ന കൂലി, ഒറ്റക്ക് നിസ്കരിച്ചിട്ട് കിട്ടണമെങ്കില്‍ 27 കൊല്ലം നിസ്കരിക്കേണ്ടിവരും. 3 കൊല്ലം ജമാഅത്തായി നിസ്കരിച്ച കൂലി കിട്ടാന്‍ 81 കൊല്ലം ഒറ്റക്ക് നിസ്കരിക്കേണ്ടിവരും.
രണ്ടാളുണ്ടായാല്‍ ജമാഅത്തായില്ലേ. ഒരു നിര്‍വാഹവുമില്ലെങ്കില്‍, ഭാര്യയെ മഅ്മൂമാക്കി നിസ്ക്കരിച്ചാലും ജമാഅത്തിന്‍റെ കൂലി കിട്ടുമല്ലോ. എന്നാലും പുരുഷന്മാര്‍ പള്ളിയിലെ ജമാഅത്തിനുതന്നെ മുന്‍ഗണന കൊടുക്കണം. കുറഞ്ഞ ആളുകളുള്ള ജമാഅത്തിനേക്കാള്‍ പുണ്യം കൂടുതലുള്ളവ തന്നെയാണ്. മുസ്‍ലിംകളുടെ സാഹോദര്യത്തിന്‍റെയും ആദര്‍ശപരമായ ഐക്യത്തിന്‍റെയും പ്രതീകംകൂടിയാണല്ലോ ജമാഅത്ത് നിസ്ക്കാരം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.
അടുത്ത ആയത്ത് 143
കപടവിശ്വാസികളുടെ മറ്റൊരു സ്വഭാവത്തെക്കുറിച്ചാണിനി പറയുന്നത്. ഇസ്‌ലാമിന്‍റെ പക്ഷത്തോ കുഫ്‌റിന്‍റെ പക്ഷത്തോ ഉറച്ചുനില്‍ക്കാതെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കുക.
നേര്‍വഴി ഒന്നു മാത്രമല്ലേയുള്ളൂ. അതുകൊണ്ടുതന്നെ ഇങ്ങനെ രണ്ടു തോണിയിലും കാലിടുന്ന അവസ്ഥ മാറ്റിയേ പറ്റൂ. അല്ലാതെ ഒരിക്കലുമവര്‍ നേര്‍മാര്‍ഗത്തിലാകില്ല. വഴിപിഴച്ച ദുര്‍മാര്‍ഗികളായി മാത്രമേ അല്ലാഹു അവരെ കണക്കാക്കുകയുള്ളൂ. പിന്നെയെങ്ങനെയാണവര്‍ക്ക് രക്ഷാമാര്‍ഗം ലഭിക്കുക?!
مُذَبْذَبِينَ بَيْنَ ذَٰلِكَ لَا إِلَىٰ هَٰؤُلَاءِ وَلَا إِلَىٰ هَٰؤُلَاءِ ۚ وَمَنْ يُضْلِلِ اللَّهُ فَلَنْ تَجِدَ لَهُ سَبِيلًا (143)
ആ വിഭാഗത്തിലേക്കോ ഈ വിഭാഗത്തിലേക്കോ അല്ലാതെ രണ്ടിനുമിടയില്‍ ആടിക്കളിക്കുകയാണവര്‍! അല്ലാഹു ഒരാളെ വഴിതെറ്റിച്ചാല്‍ പിന്നെ അവന്ന് യാതൊരു മാര്‍ഗവും കാണാന്‍ താങ്കള്‍ക്കു കഴിയുന്നതല്ല.
അടുത്ത ആയത്ത് 144
അല്ലാഹു മുഅ്മിനുകളോടിങ്ങനെ പറയുകയാണ്: കപടവിശ്വാസികള്‍ രണ്ട് വിഭാഗങ്ങള്‍ക്കുമിടയില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുന്നവരാണ്. സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കിയവരുമാണവര്‍. അവരെ കണ്ട് നിങ്ങള്‍ സത്യനിഷേധികളെ മിത്രങ്ങളാക്കരുത്. അങ്ങനെ ചെയ്താല്‍, നിങ്ങളെ ശിക്ഷിക്കാന്‍ നിങ്ങള്‍തന്നെ വഴിവെക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്കെതിരെ നിങ്ങള്‍തന്നെ വ്യക്തമായ തെളിവ് സ്ഥാപിക്കലാണത്.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۚ أَتُرِيدُونَ أَنْ تَجْعَلُوا لِلَّهِ عَلَيْكُمْ سُلْطَانًا مُبِينًا (144)
സത്യവിശ്വാസികളേ, മുഅ്മിനുകളെ വിട്ട് കാഫിറുകളെ നിങ്ങള്‍ ഉറ്റമിത്രങ്ങളാക്കരുത്. സ്വന്തത്തിനെതിരായി അല്ലാഹുവിനു സ്പഷ്ടമായ തെളിവുണ്ടാക്കിക്കൊടുക്കുവാനാണോ നിങ്ങളുദ്ദേശിക്കുന്നത്?
മുനാഫിഖുകളുടെ മിത്രങ്ങളും സഹകാരികളും കൂട്ടുകാരുമൊക്കെ സത്യനിഷേധികളായിരുന്നു. ആ നിലപാട് അതീവ ഗുരുതരമാണ്. അങ്ങനെയുണ്ടായിക്കൂടെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ്. പരലോകത്ത് നരകവും ശിക്ഷയും ദൈവക്രോധവും നേടിത്തരുന്നതിനായി അല്ലാഹുവിനു സ്പഷ്ടമായ തെളിവുണ്ടാക്കിക്കൊടുക്കലാണ് നിഷേധികളെ സംരക്ഷകരും ആത്മമിത്രങ്ങളുമാക്കല്‍.
അടുത്ത ആയത്തുകള്‍ 145, 146
കപടവിശ്വാസം ഏറ്റവും വലിയ സത്യനിഷേധമാണ്. കാരണം, പരസ്യമായി നിഷേധിക്കുന്നവരെ പരസ്യമായിത്തന്നെ അറിയാനാകും. അങ്ങനെത്തന്നെ അവരോട് പെരുമാറുകയും ചെയ്യാം. മുനാഫിഖുകള്‍ അങ്ങനെയല്ലല്ലോ. അവര്‍ ഇരട്ട മുഖവുമായി നടക്കുന്നവരാണ്. അവരുടെ ശല്യവും അവര്‍ വരുത്തിവെക്കുന്ന അപകടവും അതിഭയങ്കരമാണ്. അതുകൊണ്ടുതന്നെ കടുത്ത ശിഷക്ഷക്കവര്‍ അര്‍ഹരുമാണ്. നരകത്തിന്‍റെ ഏറ്റവും അടിയിലെ തട്ടിലാണവര്‍. കടുത്ത ശിക്ഷ ലഭിക്കുന്നത് അവിടെയാണ്.
അതേസമയം, അത്തരക്കാര്‍തന്നെ ശരിയായ തൗബചെയ്യുകയും ജീവിതം നന്നാക്കുകയും നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുകയും എല്ലാ കാര്യത്തിലും അല്ലാഹുവിനെ അനുസരിക്കുകയുമൊക്കെ ചെയ്താല്‍ അവരെ യഥാര്‍ത്ഥ വിശ്വാസികളുടെ കൂട്ടത്തില്‍ത്തന്നെ അല്ലാഹു ഉള്‍പ്പെടുത്തും. അവന്‍ കാരുണ്യവാനാണ്.
ഖേദം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ അത് മനസ്സറിഞ്ഞുതന്നെയാണെന്ന് ചെയ്തുകാണിക്കുകയും വേണം. അതായത്, ചെയ്തുപോയവയെക്കുറിച്ച് ഖേദിക്കുകയും, മേലില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നന്നാവുകയും, അല്ലാഹുവിനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കുകയും, മറ്റുള്ളവരെ കാണിക്കാനോ ബോധ്യപ്പെടുത്താനോ ശ്രമിക്കാതെ ജീവിതത്തില്‍ അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം ലക്ഷ്യമാക്കുകയും ചെയ്യണം. അപ്പോഴേ പശ്ചാത്താപം സാക്ഷാല്‍കൃതമാകുകയുളളൂവെന്ന് താല്‍പര്യം.
إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا (145)
കപട വിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാണു തീര്‍ച്ച! അവര്‍ക്ക് ഒരു സഹായിയെയും താങ്കള്‍ കണ്ടെത്തുന്നതല്ല;
إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا (146)
എന്നാല്‍ പശ്ചാത്തപിക്കുകയും കര്‍മങ്ങള്‍ ഉല്‍കൃഷ്ടമാക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും മതകാര്യങ്ങള്‍ അല്ലാഹുവിനായി നിഷ്‌കളങ്കമാക്കുകയും ചെയ്തവര്‍ ഇങ്ങനെയല്ല, അവര്‍ സത്യവിശ്വാസികളൊന്നിച്ചായിരിക്കും. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
ഏഴു തട്ടുകളുണ്ട് നരകത്തിന്: ജഹന്നം, ലളാ, ഹുഥമ, സഈര്‍, സഖര്‍, ജഹീം, ഹാവിയ. ഏഴാമത്തെ തട്ടാണ് ഹാവിയ എന്ന അഭിപ്രായമുണ്ട്.
ഈ നാമങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനില്‍ കാണാം. നരകത്തിനു പൊതുവെ ഇവയില്‍ ഒരോ നാമവും ഉപയോഗിക്കുകയും ചെയ്യും.
കാപട്യം ഗുരുതരമാണെന്നും വല്ലാത്ത അപകടകാരിയാണെന്നും ഇവിടെ നിന്ന് മനസ്സിലാക്കണം. സത്യനിഷേധികളെപ്പറ്റി പറഞ്ഞിടത്ത്, അവര്‍ നിഷേധത്തില്‍ നിന്ന് പിന്‍മാറണം എന്ന ഏക ഉപാധിയാണ് അല്ലാഹു വെച്ചിരിക്കുന്നത് (അല്‍അന്‍ഫാല്‍: 38). എന്നാലിവിടെ 146-ആം ആയത്തില്‍ കപടവിശ്വാസിയുടെ സന്‍മാര്‍ഗ പ്രാപ്തിക്കും വിജയലബ്ധിക്കും നാല് ഉപാധികള്‍ വെച്ചിരിക്കുകയാണ്! ഖേദിച്ചുമടങ്ങണം, ജീവിതം നന്നാക്കണം, അല്ലാഹുവിനെ മുറുകെ പിടിക്കണം, മതകാര്യങ്ങള്‍ അല്ലാഹുവിനായി നിഷ്കളങ്കമാക്കണം.
ഇതെല്ലാം പാലിക്കുന്നു എങ്കില്‍, അവര്‍ സത്യവിശ്വാസികളോട് 'കൂടെ' ആണ് എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. തൊട്ടുപിന്നില്‍ 'അവര്‍ക്ക് മഹത്തായ പ്രതിഫലം നല്‍കും' എന്ന ശൈലി ഒഴിവാക്കി, 'സത്യവിശ്വാസികള്‍ക്ക്.....'എന്നു എടുത്തുപറഞ്ഞതും ചിന്തിക്കേണ്ടതാണ്. കാപട്യത്തിന്‍റെ ഗൗരവം മനസ്സിലാക്കാന്‍ ഇനിയുമെന്തിന് കൂടുതല്‍ വീശദീകരിക്കണം!
അടുത്ത ആയത്ത് 147
നല്ല വഴിയിലൂടെ സഞ്ചരിക്കുന്നവരെ, അല്ലാഹുവിനെ അനുസരിക്കുന്നവരെ ശിക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും ഉദ്ദേശമില്ലെന്നാണിനി പറയുന്നത്.
مَا يَفْعَلُ اللَّهُ بِعَذَابِكُمْ إِنْ شَكَرْتُمْ وَآمَنْتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا (147)
നന്ദിപ്രകടിപ്പിക്കുകയും സത്യവിശ്വാസം കൈകൊള്ളുകയും ചെയ്തിട്ട് പിന്നെ നിങ്ങളെ ശിക്ഷിക്കുന്നതില്‍ അല്ലാഹുവിനെന്തുകിട്ടാനാണ്? അല്ലാഹു നിങ്ങളുടെ കൃതജ്ഞത സ്വീകരിക്കുന്നവനും സൂക്ഷ്മജ്ഞനുമാകുന്നു.
-------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment