Thursday, 28 January 2021

സിഎഎ സമരവാര്‍ഷികത്തില്‍ കര്‍ഷകസമരം വായിക്കുമ്പോള്‍

സാബിത്ത് പൂനത്ത്

23 December, 2020

+ -
image

 ഇന്ന് ഡിസംബര്‍ 23. ഉത്തരേന്ത്യക്കാര്‍ ഈ ദിവസം കിസാന്‍ ദിവസ് (കര്‍ഷക ദിനമായി) ആചരിക്കുന്നു. കിസാന്‍ഘട്ടില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി (1979 - 1980) ചൗധരി ചരണ്‍സിങിന്റെ ജന്മദിനം. കൃഷി ഉപജീവനമാക്കി കഴിഞ്ഞിരുന്ന കുടുംബ പശ്ചാത്തലത്തില്‍ ജീവിച്ചതിനാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ അവകാശ സംരക്ഷണത്തിന് ഏറെ പൊരുതിയിട്ടുണ്ട് അദ്ദേഹം. ഈ കുറിപ്പ് എഴുതുന്ന വേളയിലും രാജ്യതലസ്ഥാന പരിസരത്ത് ഇതേ കര്‍ഷകര്‍ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ്. 

2020 സെപ്റ്റംബര്‍ മാസത്തില്‍ മോദി സര്‍ക്കാര്‍ പതിവു പോലെ പാര്‍ലിമെന്റിനെ വെറും നോക്കുകുത്തിയാക്കി കാര്‍ഷിക ബില്‍ പാസാക്കിയെടുത്തു. അന്നം തരുന്ന കൈകള്‍ക്ക് പ്രത്യുപകാരമെന്നോണം രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കാര്‍ഷികരംഗവും കോര്‍പറേറ്റുകള്‍ക്ക് വിവാദ മൂന്ന് ബില്ലുകള്‍ പാസാക്കി തീറെഴുതി നല്‍കി. കര്‍ഷകരുടെ അധ്വാനത്തിന് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ഉറപ്പാണ് എംഎസ്പി (താങ്ങുവില) സമ്പ്രദായം. ഈ സമ്പ്രദായം ഇല്ലാതാക്കുന്നതോടെ ഓരോ കര്‍ഷകനും എല്ലുമുറിയെ പണിയെടുക്കുന്നത് തികച്ചും അര്‍ഥശൂന്യമായിത്തീരുന്നു. ഒരു വലിയ വിഭാഗത്തിന്റെ തൊഴിലിനെതിരെയുള്ള വെല്ലുവിളിയാണ് രക്തത്തില്‍ മുക്കി കത്തെഴുതാന്‍ വരെ കര്‍ഷക സമൂഹത്തെ പ്രേരിപ്പിച്ചത്. കൃത്യം ഒരു വര്‍ഷത്തിനപ്പുറം ഇതേ ദല്‍ഹി സമരഭൂമികയും കലാപഭൂമിയുമായിരുന്നു. ഇന്ന് തൊഴില്‍ സുരക്ഷയാണ് വെല്ലുവിളി നേരിട്ടതെങ്കില്‍ സിഎഎ ബില്ല് വലിയൊരു ജനവിഭാഗത്തിന്റെ അസ്തിത്വത്തെനെതിരെയുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു. ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്ത സിഎഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒരാണ്ട് തികയുമ്പോള്‍, ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഏറെ പ്രസക്തിയേറുന്നു.

എന്തുകൊണ്ട് പഞ്ചാബ്

ഇന്ത്യയിലെ ഉന്നത കലാലയങ്ങള്‍ കൊളുത്തിയ സിഎഎ സമരത്തീ ഇന്ത്യയാകെ ആളിപ്പടരുകയായിരുന്നു. പക്ഷേ കര്‍ഷക സമരത്തിന് ഇന്ത്യയാകെ പടരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നിലെ കാരണങ്ങള്‍ പലതാണ്. കോവിഡ് ഭീതിയാണ് ഏറ്റവും മുഖ്യം. കേരളം പോലോത്ത ഗുണഭോക്ത സംസ്ഥാനങ്ങളിലെ മുഖ്യധാരാ ചര്‍ച്ചകളില്‍ വേണ്ട പരിഗണന ഈ സമരത്തിന് ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നടന്ന മനുഷ്യചങ്ങല എടുത്തുപറയേണ്ടത് തന്നെയാണ്.

സത്യത്തില്‍ പഞ്ചാബാണ് ഈ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രം. എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദളിന് കാര്യമായ സ്വാധീനമുണ്ടായിരുന്ന ഇടം. സ്വന്തം സഖ്യകക്ഷിയെ പോലും വിശ്വാസത്തലെടുക്കാതെ വല്യേട്ടന്‍ ചമഞ്ഞാണ് ബിജെപി വിവാദ ബില്‍ പാസാക്കിയെടുത്തത്. പാസായതോടെ അകാലിദള്‍ മന്ത്രി ഹര്‍സിമ്ത് കൗര്‍ രാജിവെച്ചു. കാലിനടിയിലെ മണ്ണൊലിച്ച് പോവാതിരിക്കാനുള്ള ഒരു  അറ്റകൈ പ്രയോഗം മാത്രമായിരുന്നു യഥാര്‍ഥത്തില്‍ ഈ രാജി. പഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങള്‍ ഹരിതവിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കളായി കൃഷി കുലത്തൊഴിലായി സ്വീകരിച്ചു പോന്നതുകൊണ്ടാണ് കൊടുംതണുപ്പിലും സമരച്ചൂട് ഒരു മാറ്റവും ഇല്ലാതെ തുടരുന്നത്.

സിഎഎ - കര്‍ഷക പ്രക്ഷോഭങ്ങള്‍: പൊരുത്തവും പൊരുത്തക്കേടുകളും

പാര്‍ലിമെന്റില്‍ സിഎഎ ബില്‍ അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രത്യയശാസ്ത്രപരമായ പദ്ധതിയായാണ് അവതരിപ്പിച്ചത്. കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിച്ചതാവട്ടെ ഫാഷിസത്തിന്റെ സന്തത സഹചാരികളായ മുതലാളിത്ത വര്‍ഗത്തെ തൃപ്തിപെടുത്താനും. വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ഫണ്ടും വോട്ടും പൂര്‍ണമായി ബിജെപിയില്‍ കേന്ദ്രീകരിക്കാനുള്ള ഗൂഢതന്ത്രം.

സമരക്കാരെ തീവ്രവാദികളാക്കാന്‍ രണ്ടു സമരങ്ങളിലും സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചു. സിഎഎ പ്രക്ഷോഭത്തിനെതിരെ തീവ്രവാദി അസ്ത്രം ആദ്യമേ തൊടുത്തുവിട്ടത് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെയാണ്. പ്രതിഷേധക്കാരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന പ്രസ്താവനയിലൂടെ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു. സമാന തീവ്രവാദി മുദ്ര ഈ സമരത്തിനെതിരെയും നടന്നു. കര്‍ഷക സമരത്തിന് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്നും അവര്‍ വേഷം മാറി വന്നിരിക്കുകയാണ് എന്നായിരുന്ന ആദ്യഘട്ടത്തിലെ പ്രചരണം. ഷാഹിന്‍ ബാഗ് സമരനായിക ബില്‍കീസ് ബാനുവിന്റെ പഞ്ചാബ് ബന്ധവും ഈ പ്രചരണത്തിനായി ഉപയോഗിച്ചു. രണ്ടാം ഘട്ടത്തില്‍ അത് ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന വാദമായിരുന്നു. വര്‍ഷങ്ങളായി സിഖ് സമൂഹത്തെ കുരുക്കാനുള്ള ചൂണ്ടയാണ് യഥാര്‍ഥത്തില്‍ ഈ ഖാലിസ്ഥാന്‍ വാദം.
രണ്ടാമത്തെ ആയുധം മതത്തിന്റെ മുഖം നല്‍കലാണ്. സിഎഎ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിംകളാണെന്ന് ഹിന്ദുത്വവാദികള്‍ പ്രചരിപിച്ചു. യഥാര്‍ഥത്തില്‍ മതേതര ഇന്ത്യയില്‍ വിശ്വസിക്കുന്ന ജനങ്ങളാകെ തെരുവുകള്‍ കീഴടക്കിയിരുന്നു. ഒരു മുസ്‌ലിം പ്രശ്‌നം മാത്രമാക്കി അവതരിപിച്ച് വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ രണ്ടു മതവിഭാഗങ്ങളും തമ്മിലടിച്ചു. ഒടുവില്‍ അറസ്റ്റിലായത് മുസ്‌ലിംകള്‍ മാത്രം. 
ഇനി കര്‍ഷക സമരത്തിലേക്ക് വരാം. ഇവിടെയും സിഖ് മതചിഹ്നങ്ങള്‍ - താടിയും തലപ്പാവും- ഉയര്‍ത്തി സിഖുകാരെ ദേശവിരുദ്ധരാക്കി. പഞ്ചാബിലെ ഹിന്ദു - സിഖ് ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനായിരുന്നു ഈ ശ്രമം കാര്യമായി വിലപോയില്ല. കാരണം മാധ്യമങ്ങളില്‍ നിറഞ്ഞത് കര്‍ഷക സമരം എന്ന തലക്കെട്ടാണ്. ഒരു കര്‍ഷകനും പ്രത്യേക മതക്കാരനായി മാത്രം നിലനില്‍ക്കില്ല എന്ന സത്യമാണ് ഇതിന് പിന്നില്‍. സിഖ് സമുദായത്തെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള മറ്റൊരു ആയുധവുമായി ഈ ആഴ്ച രംഗത്ത് പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. ദല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ അന്ത്യം വിശ്രമം കൊള്ളുന്ന ഗുരുദ്വാരയില്‍ 'അപ്രതീക്ഷിത സന്ദര്‍ശനം' നടത്തി. ഈ നീക്കത്തെ വെറും രാഷ്ട്രീയ നാടകം എന്ന് കര്‍ഷകര്‍ ഒറ്റക്കെട്ടായി വിശേഷിപിച്ചതോടെ ഈ നീക്കവും പാളി.

സോഷ്യല്‍ മീഡിയ രണ്ടു സമരത്തനെതിരെയും ഹിന്ദുത്വ കക്ഷികള്‍ കാര്യമായി ഉപയോഗിച്ചു. സിഎഎ സമരങ്ങളില്‍ വ്യാജവാര്‍ത്തകളും വീഡിയോകളുമായിരുന്നെങ്കില്‍ ഇവിടെ നടന്നത് സമരത്തിന് വെറും ഒരുലക്ഷം പേരുടെ പിന്തുണയേ ഉള്ളൂ എന്ന പ്രചരണമാണ്. മാത്രമല്ല കിസാന്‍ ഏകത മോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക് പേജ് റീമൂവ് ചെയ്തതോടെ കാലങ്ങളായി ഫെയ്‌സ്ബുക്കിന് എതിരെയുള്ള പാദസേവ ആരോപണം കൂടുതല്‍ ശക്തി പ്രാപിച്ചു. മറ്റൊരു വശത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരടക്കം കിസാന്‍ ഏകതാ മോര്‍ച്ചയുടെ യുട്യൂബ് ചാനലിന് പിന്തുണ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതോടെ ആവശ്യം ആകെ വൈറലായി. ഇപ്പോള്‍ ഒരു മില്ല്യണലധികം സബ്‌സ്‌ക്രൈബേഴ്‌സ് ചാനല്‍ നേടിയെടുത്തു കഴിഞ്ഞു.
ഇരു സമരങ്ങളിലും കാര്യമായ പൊരുത്തക്കേട് പ്രകടമായത് സര്‍ക്കാര്‍ നടത്തുന്ന പ്രശ്‌നപരിഹാര ശ്രമങ്ങളിലാണ്. സിഎഎ സമരക്കാരോട് ഒരു രീതിയിലും സംസാരിക്കാനുള്ള ശ്രമം പോലും സര്‍ക്കാര്‍ നടത്തിയില്ല. പലതവണ ചര്‍ച്ചക്ക് വിളിച്ചെങ്കിലും കര്‍ഷകരുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്. പക്ഷേ ജാമിഅ അടക്കമുള്ള വാഴ്‌സിറ്റികളില്‍ നടന്ന തേര്‍വാഴ്ചക്കെതിരെ പ്രതിഷേധം കനത്തെങ്കിലും ഒരു രീതിയിലും സര്‍ക്കാര്‍ സന്ധി സംഭാഷണത്തിന് വഴങ്ങിയില്ല. പരിഹാരത്തിന് സുപ്രീം കോടതി സമീപിച്ചെങ്കിലും സമരം നിര്‍ത്തിയിട്ട് വാദം കേള്‍ക്കാമെന്ന വിചിത്ര നിരീക്ഷണമാണ് കോടതി നടത്തിയത്.
ജനവിരുദ്ധതയാണ് രണ്ട് ബില്ലിലും തെളിഞ്ഞുകാണുന്നത്. മുസ്‌ലിം വിരുദ്ധതയില്‍ ജന്മമെടുത്ത ഫാഷിസ്റ്റ് പാര്‍ട്ടിക്ക് മുസ്‌ലിം സാന്നിധ്യം പോലും അരോചകമാവുന്നത് സ്വാഭാവികം. ഇന്ത്യയുടെ ഓരോ വിഭവവും കോര്‍പറേറ്റുകള്‍ക്ക് എഴുതി കൊടുക്കുന്ന തിരക്കിലായിരുന്നു കോവിഡ് കാലത്ത് കേന്ദ്ര ധനമന്ത്രാലയം. ഈ കാര്‍ഷിക ബില്ലും അത്തരത്തിലൊന്നായെ കണക്കാക്കാനാവൂ. മതവികാരം മുതലെടുത്ത് അധികാരമുറപ്പിക്കാനുള്ള ശ്രമത്തില്‍ ജനാധിപത്യത്തില്‍ അവസാന വാക്ക് ജനങ്ങളാണെന്നത് മറക്കാതിരിക്കുന്നത് നന്നാവും.

(ദാറുല്‍ ഹുദാ ആസാം സെന്റര്‍ അധ്യാപകനാണ് ലേഖകന്‍)