Thursday, 3 December 2020

ഫ്രാൻസ് ഉയർത്തുന്ന ഇസ്‌ലാമോഫോബിയയും മുസ്‌ലിം ലോകത്തെ എതിർപ്പുകളും

റാശിദ് ഓത്തുപുരക്കൽ ഹുദവി

28 October, 2020

+ -
image

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ ക്ലാസ്സിൽ പ്രദർശിപ്പിച്ച ചരിത്ര അധ്യാപകന്റെ നടപടിയെ പിന്തുണക്കുകയും അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന തരത്തിൽ നിലപാട് സ്വീകരിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ നടപടിക്കെതിരെ മുസ്‌ലിം ലോകം ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ മുസ്‌ലിം ലോകത്ത് ആഹ്വാനങ്ങൾ ഉയരുകയും പ്രതിഷേധ റാലികളിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ കോലം കത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

കാർട്ടൂണിൽ തുടങ്ങിയ വിവാദം

അടുത്തിടെയാണ് ഫ്രാന്‍സിലെ ഒരു സ്കൂളില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ചതിന് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ വിദ്യാർത്ഥികളിലൊരാൾ കഴുത്തറുത്ത് കൊലചെയ്തത്. ഇത് ചെയ്ത വിദ്യാർത്ഥിയെ പോലീസ് വെടി വെച്ച് കൊന്നിരുന്നു. ഇതിനു പിന്നാലെ മുസ്‌ലിം വിരുദ്ധ നിലപാടുകളുമായി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു. കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതിന് പരസ്യമായി പിന്തുണച്ച മക്രോൺ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നല്‍കി ആദരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും ഫ്രാന്‍സില്‍ അതൊരിക്കലും നടക്കില്ലെന്നുമാണ് ഇമ്മാനുവല്‍ പറഞ്ഞത്. മുമ്പ് ഇസ്‌ലാം എല്ലായിടത്തും പ്രതിസന്ധിയിലാണെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകൾ മുസ്‌ലിം ലോകത്തെ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമാന നിലപാടുകൾ തുടർന്നതോടെ മക്രോണിനെതിരെ മുസ്‌ലിം ലോകം ഭിന്നിപ്പുകളെല്ലാം മറന്നു രംഗത്തുവരുന്ന കാഴ്ചയാണ് കണ്ടത്.

മുസ്‌ലിം ലോകത്ത് വൻ പ്രതിഷേധം

പ്രവാചകനെ നിന്ദിച്ചതിന്റെ പേരിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം ശക്തമാവുകയും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആവശ്യങ്ങൾ ഉയരുകയും ചെയ്തു. ഖത്തര്‍, കുവൈത്ത്, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, സഊദി അറേബ്യ, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം വ്യാപകമാണ്. ഇവിടങ്ങളിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഫ്രഞ്ച് ഉൽപന്നങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ഖത്തര്‍ യൂനിവേഴ്‌സിറ്റി ഫ്രഞ്ച് സാംസ്‌കാരിക പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.

മക്രോണിനെതിരെ കടുത്ത ഭാഷയിലാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്ത് വന്നത്. മക്രോണിന് മാനസിക ചികിത്സ വേണമെന്ന് ഉർദുഗാൻ തുറന്നടിച്ചു. മക്രോണിനെതിരെ അറബ് ലോകത്തെ പ്രബലശക്തിയായി സൗദി-അറേബ്യയും പ്രതികരിച്ചു. മുഹമ്മദ് നബിയെ താറടിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ തീര്‍ത്തും അപലപനീയമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. എല്ലാ പ്രവാചകന്മാരുടെ കാര്യത്തിലും ഇത് തന്നെയാണ് നിലപാടെന്നും ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫ്രാൻസിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ തങ്ങളുടെ അംബാസിഡറെ ഫ്രാൻസിൽ നിന്നും തിരിച്ചു വിളിച്ചു. ബംഗ്ലാദേശിലാവട്ടെ ഫ്രാൻസിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുകയും മക്രോണിന്റെ കോലം കത്തിക്കുകയും ചെയ്തു. ഫ്രഞ്ച് സർക്കാറിനെതിരെ മറ്റൊരു മുസ്‌ലിം രാജ്യമായ ഇറാനും രംഗത്ത് വന്നു. വിദ്വേഷ സംസ്കാരത്തിന്റെ പ്രധാന ഇരകള്‍ മുസ്‌ലിംകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മക്രോണിനെ നേരിട്ട് അഭിസംബോധനം ചെയ്യാതെ ട്വീറ്റ് ചെയ്തു.

തലയറുത്തത് തെറ്റ്, കാർട്ടൂൺ കാണിച്ചതും തെറ്റ് തന്നെ

മതമൗലിക വാദത്തോട് സന്ധിയില്ലെന്ന പേരിൽ അറബ് ലോകത്ത് ഉയർന്ന് വന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് ഫ്രാൻസ്. മറ്റൊരാളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുകയും അവർ ആദരിക്കുന്നവരെ അപകീർത്തിപ്പിടിക്കുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നത് എങ്ങനെയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അധ്യാപകന്റെ തലയറുത്തു കൊന്ന സംഭവം ഏറെ അപലപനീയമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അദ്ധ്യാപകൻ ചെയ്ത പ്രവർത്തി നീചവും മോശവുമാണെന്ന് പറയാതെ വയ്യ. ഈ അധ്യാപകനെ തലയറുത്ത് കൊന്ന വിദ്യാർത്ഥിയുടെ പ്രവർത്തിയെ ഒരു മുസ്‌ലിം പണ്ഡിതനും ന്യായീകരിക്കാൻ മുന്നോട്ടു വരില്ല. സമാനമായ നിലപാട് സ്വീകരിക്കാൻ എന്തുകൊണ്ടാണ് ക്രിസ്തുവിശ്വാസം വെച്ച് പുലർത്തുന്നവർ തയ്യാറാവാത്തതെന്നാണ് അറിയേണ്ടത്. അത് തുറന്നുപറയാൻ പ്രസിഡന്റ് മക്രോൺ തയ്യാറായാൽ മാത്രമേ ഈ പ്രതിഷേധങ്ങൾക്ക് അറുതിയാവുകയുള്ളൂ.