വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെന്ന സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരനേതാവിനെ കുറിച്ച് സിനിമ ഇറങ്ങുന്നു എന്ന് വാര്‍ത്ത വന്നത് മുതല്‍, വല്ലാത്ത വെപ്രാളത്തിലാണ് ഫാഷിസ്റ്റുകള്‍. ചരിത്രത്തെ മറക്കാനും മാറ്റിമറിക്കാനും ശ്രമിക്കുന്നവര്‍ക്ക് ആ പേരിനെ പോലും പേടിയാണെന്നര്‍ത്ഥം. 


കല, സാഹിത്യം, തത്വചിന്ത തുടങ്ങി വിവിധ മേഘലകളില്‍ അറിവും അഭിരുചിയുമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി, തികഞ്ഞ മനുഷ്യസ്നേഹിയും രാജ്യസ്നേഹിയുമായിരുന്നു. സാമ്രാജ്യത്വ-ജന്മിത്വ-ജാതീയ ചൂഷണങ്ങളോട് അദ്ദേഹം നിരന്തരം കലഹിച്ചതും അത് കൊണ്ട് തന്നെ. അതില്‍ മതമോ ജാതിയോ വര്‍ണ്ണമോ അദ്ദേഹത്തിന് പ്രശ്നമേ അല്ലായിരുന്നു. 1921 ലെ മലബാര്‍ ഖിലാഫത് സമരത്തിലൂടെ, ഏറനാടും വള്ളുവനാടും ചേര്‍ത്ത് അദ്ദേഹം രൂപീകരിച്ച മലയാളരാജ്യമെന്ന സ്വതന്ത്ര ഭരണപ്രദേശം 6 മാസം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി നിലകൊണ്ടതും ചരിത്ര സത്യമാണ്.


അവസാനം ചതിയിലൂടെ പിടിക്കപ്പെട്ട അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍, ഒന്ന് മാപ്പ് പറഞ്ഞാല്‍ മതി, താങ്കളെ വെറുതെ വിടാം, മക്കയില് പോയി സ്വൈര്യമായി ശിഷ്ട ജീവിതം നയിക്കാനുള്ള എല്ലാ സൌകര്യങ്ങളുമൊരുക്കിത്തരാം എന്ന വാഗ്ദാനം വരെ കൊടുത്തുനോക്കി. പക്ഷെ, ആ ധീര ദേശാഭിമാനിയുടെ മറുപടി ഇങ്ങനെയായിരുന്നു, മക്ക എനിക്ക് ഏറെ ഇഷ്ടമാണ്, അവിടെ കഴിച്ച് കൂട്ടുന്നതും. പക്ഷേ, പിറന്ന മണ്ണില്‍, ആ നാടിന് വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് അതേക്കാള്‍ എനിക്കിഷ്ടം. 


സ്വാതന്ത്ര്യത്തിന്റെ അന്തകരായ, വിവിധ പേരുകളില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന സര്‍വ്വര്‍ക്കും അദ്ദേഹത്തെ ഭയമാണ്, സാമൂഹ്യഅനീതികളോട് കലഹിക്കുന്ന എല്ലാവരെയും. അവരുടെ ചരിത്രത്തെ എന്നും മറക്കാനും കറുപ്പ് ചായമടിച്ച് ഇല്ലായ്മ ചെയ്യാനുമാണ് അവര്‍ ശ്രമിക്കുന്നത്. നാസി ഭരണത്തിന്റെ നിലനില്‍പ്പിനായി ഗീബല്‍സ് പയറ്റിയതും അതേ തന്ത്രം തന്നെയായിരുന്നു. അവര്‍ക്ക് വേണ്ടത് തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന അടിയാളരെയാണ്, തങ്ങള്‍ വലിച്ചെറിയുന്ന എച്ചിലുകള്‍ക്കായി വാലാട്ടി നില്‍ക്കുന്ന ചേക്കുട്ടിമാരെയും.


അത്കൊണ്ട് തന്നെ, പോരാളികളെ അവര്‍ ഇഷ്ടപ്പെടുന്നില്ല, അവരുടെ സ്മരണകളെ പോലും അവര്‍ വെറുക്കുന്നു. കാരണം, ആ ഓര്‍മ്മകളിലൂടെ പുതിയ പോരാളികള്‍ പിറവിയെടുക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. അത്തരം പോരാളികളുള്ളിടത്തോളം തങ്ങളുടെ ചൂഷണങ്ങള്‍ വിലപ്പോവില്ലെന്നും അവര്‍ തിരിച്ചറിയുന്നു.


ആ ഓര്‍മ്മകളെ കെടാതെ സൂക്ഷിക്കുകയെങ്കിലും നമുക്ക് ചെയ്യാം. പിറന്ന നാട്ടില്‍നിന്ന് പുറത്ത് പോവാന്‍ പറയുന്ന അധികാരഗര്‍വ്വുകളിലേക്കുള്ള അടങ്ങാത്ത കലാപജ്വാലകളായി ആ ഓര്‍മ്മകള്‍ വീണ്ടും ആളിപ്പരട്ടെ.