image

മുഹമ്മദ് ബാഖവി, ഗ്രന്ഥ രചന ജീവിതവ്രതമാക്കിയ പണ്ഡിതന്‍

മലപ്പുറം ജില്ലയിലെ ഓമച്ചപ്പുഴ മഹല്ല് പള്ളിയിലെ ദര്‍സില്‍ ചെന്നാല്‍, കംപ്യൂട്ടറിന് മുന്നിലിരുന്ന് കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്ന ഒരു മുദരിസ് ഉസ്താദിനെയായിരിക്കും പലപ്പോഴും നിങ്ങള്‍ക്ക് കാണാനാവുക,മുഹമ്മദ് ബാഖവി പൂക്കോട്ടൂര്‍. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം, വര്‍ഷങ്ങളായി മുദരിസ് ആയി സേവനം ചെയ്യുകയാണ്. എന്നാല്‍, സാധാരണ പണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി, താന്‍ ആര്‍ജ്ജിച്ചെടുത്ത വിവരങ്ങള്‍, വരും തലമുറകള്‍ക്കെല്ലാം ഉപകാരപ്പെടും വിധം ഗ്രന്ഥങ്ങളാക്കി രചിക്കാന്‍ കൂടി ഇദ്ദേഹം സമയം കണ്ടെത്തുന്നു. 55-ാം വയസ്സിലെത്തി നില്‍ക്കുന്ന ഇദ്ദേഹം, ഇതിനകം ചെറുതും വലുതമായി 350ലേറെ കൃതികള്‍ രചിച്ചുകഴിഞ്ഞു, ഭൂരിഭാഗവും അറബി ഭാഷയില്‍ തന്നെ. അവയെല്ലാം പ്രസിദ്ധീകരിക്കാനായി, അബ്ജദിയ്യ പബ്ലികേഷന്‍സ് എന്ന പേരില്ഒരു പ്രസാധനാലയവും. കേരളക്കരയിലിരുന്ന് അറബി ഭാഷയില്‍ ഗ്രന്ഥ രചന നടത്തിക്കൊണ്ടിരിക്കുന്ന ഈ പണ്ഡിതനെ നമുക്കൊന്ന് പരിചയപ്പെടാം. മുഹമ്മദ് ബാഖവിയുമായി ഇസ്‍ലാം ഓണ്‍വെബ് നടത്തിയ പ്രത്യേക അഭിമുഖം.

ബാല്യകാലവും പഠനവും?

മാരിയാട് എന്റെ സ്വദേശം. തൊട്ടടുത്തുള്ള ബാബുല്‍ ഉലൂം മദ്റസയിലും പൂക്കോട്ടൂര്‍ എ.യു.പി സ്കൂളിലുമായിരുന്നു എന്റെ പഠനാരംഭം. ശേഷം കാപ്പാട്ടുങ്ങല്‍ പള്ളിയില്‍, മൊറയൂര്‍ ഇ.കെ അബൂബക്ര്‍ മുസ്‍ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഒഴുകൂര്‍, കൂട്ടിലങ്ങാടി, മിനാര്‍കുഴി, മഞ്ചേരി, മുണ്ടുപറമ്പ് തുടങ്ങി വിവിധ ദര്‍സുകളില്‍ പഠനം തുടര്‍ന്നു. 1985 ല്‍ ബാഖിയാതില്‍ പോവുകയും അവിടത്തെ രണ്ട് വര്‍ഷത്തെ പഠനനാന്തരം ഒന്നാം റാങ്കോടെത്തന്നെ ബാഖവീ ബിരുദം നേടി പുറത്തിറങ്ങുകയും ചെയ്തു.

ശേഷം എടപ്പാള്‍ പഴയങ്ങാടിയില്‍ (മര്‍ഹൂം കെ.വി ഉസ്താദിന്റെ മഹല്ല്) ദര്‍സ് തുടങ്ങി. അന്നെനിക്ക് 22 വയസ്സായിരുന്നു പ്രായം. ശേഷം മലപ്പുറം ശുഹദാ പള്ളി, ആലത്തൂര്‍ പടി, ഇരിങ്ങല്ലൂര്‍ പാലാണി, പടിക്കല്‍, പൊന്മുണ്ടം, വെളിമുക്ക് പാലക്കല്‍തുടങ്ങി പല സ്ഥലങ്ങളിലും ഖാദി, മുദരിസ്, ഖതീബ് തുടങ്ങി വിവിധ നിലകളില്‍ സേവനം ചെയ്തു. ഇപ്പോള്‍ 5 വര്‍ഷമായി വൈലത്തൂരിനടുത്ത് ഓമച്ചപ്പുഴ മഹല്ലിലാണ് സേവനം ചെയ്യുന്നത്.

എഴുത്തുമായുള്ളബന്ധം എങ്ങനെയാണ് തുടങ്ങുന്നത്?

ചെറുപ്പത്തിലേ ഏറെ താല്‍പര്യമുള്ള മേഖലയാണ് എഴുത്ത്. മുണ്ടുപറമ്പ് ദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ ഏതാനും ഗാനങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തായിരുന്നു തുടക്കം. ശേഷം എടപ്പാള്‍ മുദരിസായി സേവനം ചെയ്യുന്ന കാലത്ത് പ്രവാചകരുടെ ഫലിതങ്ങള്‍, രക്ത-മുലകുടി-വിവാഹ ബന്ധങ്ങള്‍ എന്നീ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

അറബി ഭാഷയിലെ രചന തുടങ്ങുന്നത് എവിടെ മുതലാണ്?

എടപ്പാളിന് ശേഷം ഞാന്‍ സേവനം ചെയ്യുന്നത് മലപ്പുറം, ശുഹദാക്കളുടെ പള്ളിയിലാണ്. അവിടെ നടക്കുന്ന ആണ്ട്നേര്‍ച്ചാസമയത്ത് പാരായണം ചെയ്യാന്‍ അവരെ പ്രകീര്‍ത്തിക്കുന്ന മൌലിദ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍ പെടുകയും അത് പരിഹരിക്കാനെന്നോണം അത്തരം ഒരു മൌലിദ് രചന നടത്തുകയും ചെയ്തു. അറബിയിലെ എന്റെ ആദ്യ രചന ആ മൌലിദ് ആണെന്ന് പറയാം. ഹിജ്റ വര്‍ഷം 1415ലായിരുന്നു അത്. ശേഷം എഴുത്ത് മേഖലയില്‍ താല്‍പര്യം വര്‍ദ്ധിക്കുകയും അറബി രചനയില്‍ തന്നെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഫുറൂഖുല്‍ അല്‍ഫാള് അടക്കമുള്ല ചിലതെല്ലാം രചിക്കുന്നത് അക്കാലത്താണ്. പിന്നീട്, ഖുര്‍ആന്‍, ഉസൂലുല്‍ ഖുര്‍ആന്‍, ഹദീസ്, പ്രകീര്‍ത്തനം, അറബി വ്യാകരണം, പദനിഷ്പാദനശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലായി കുറെ രചനകള്‍ നടത്താനായി പ്രധാനമായും ദര്‍സില്‍ പഠിപ്പിക്കപ്പെടുന്ന കിതാബുകള്‍ക്കെല്ലാം ചെറിയ ചെറിയ വിശദീകരണങ്ങളോ കുറിപ്പുകളോ ആയി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിധമുള്ള രചനകളായിരുന്നു. ഇടക്ക് ചില അറബി കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രചനകളില്‍ സ്വീകരിക്കുന്ന പ്രത്യേക രീതികള്‍ ?

രചനക്ക് പേര് നല്‍കുന്നിടത്ത് സ്വീകരിക്കുന്നതാണ് പ്രത്യേകം പറയാവുന്നത്. രചന നടത്തുന്ന വര്‍ഷം (ഹിജ്‍റ കലണ്ടര്‍ പ്രകാരമുള്ളത്) കിതാബിന്റെ പേരില്‍ നിന്ന് തന്നെ (അബ്‍ജദ് കണക്ക് പ്രകാരം) മനസ്സിലാക്കിയെടുക്കാവുന്ന വിധമാണ് നാമകരണം ചെയ്യാറുള്ളത്. ഉദാഹരണമായി, ഫുറൂഖുല്‍ അല്‍ഫാള് എന്ന പേരിലെ അക്ഷരങ്ങളുടെ കണക്ക് കൂട്ടി നോക്കിയാല്‍ അതെഴുതപ്പെട്ട വര്‍ഷമായ 1429 എന്ന് ലഭിക്കുന്നതാണ്. പ്രസിദ്ധീകരണാലയത്തിന് പേര് നല്‍കപ്പെട്ടിരിക്കുന്നത് തന്നെ, അബ്ജദിയ്യ പബ്ലികേഷന്‍സ് (ദാറുല്‍കുതുബ് അബ്ജദിയ്യ) എന്നാണ്.

എന്തെങ്കിലും ഗഹനവും ബ്രഹത്തുമായ വല്ലരചനകളും ആലോചനയിലുണ്ടോ?

ഗഹനമായ രചന എന്നതിനേക്കാളേറെ, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായി വരുന്ന മേഖലകളിലെല്ലാം ചെറിയതെങ്കിലും എന്തെങ്കിലുമൊക്കെ സംഭാവനകള്‍ നടത്തണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷത്തില്‍ 40 കിതാബുകളും 10 മലയാള പുസ്തകങ്ങളുമായി 50 രചനകളെങ്കിലും നടത്തുക എന്നതാണ് ഞാന്‍ സ്വയം തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ് 3-4 വര്‍ഷമായി അത് നടന്നുവരുന്നു, അല്‍ഹംദുലില്ലാഹ്. അറബിയിലും മലയാളത്തിലുമായി ഇതിനകം 350ലധികം കൃതികള്‍ രചിക്കാനായി. അവരില്‍ ചിലതെല്ലാം രണ്ടാമതും മൂന്നാമതുമെല്ലാം പുനപ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

തേടിയെത്തിയ അഭിനന്ദനങ്ങള്‍  

പലരും ഗവേഷണ ലക്ഷ്യത്തോടെ സമീപിച്ചിട്ടുണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അടക്കമുള്ള പല സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍നിന്നുമെല്ലാം അഭിനന്ദനങ്ങളും അവാര്‍ഡുകളുമെല്ലാം ലഭിച്ചിട്ടുണ്ട്. 2011 ലായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രത്യേകം ആദരിച്ചിരുന്നു. 2018ല്‍ കേരള യൂണിവേഴ്സിറ്റി, അസ്ഹരി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അറബി ഭാഷാസംഭാവനക്കുള്ള പ്രഥമ അവാര്‍ഡ് നല്‍കപ്പെട്ടത് എനിക്കായിരുന്നു. കൂടാതെ, വണ്ടൂര്‍ സ്വദഖതുല്ല മുസ്‍ലിയാരുടെ പേരില്‍ ദാറുസ്സുന്ന ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒരിക്കല്‍ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഞാനേറ്റവും താലോലിച്ചുകൊണ്ടു നടക്കുന്നത് രണ്ട് പ്രമുഖ വ്യക്തികളുടെ അഭിനന്ദനങ്ങളാണ്. ബാഖിയാത് പ്രിന്‍സിപ്പള്‍ സൈനുല്‍ ആബിദീന്‍ ഹസ്റതിന്റേതായിരുന്നു അവയിലൊന്ന്. ഞാന്‍ പടിക്കല്‍ ദര്‍സ് നടത്തുന്ന കാലത്ത്, കുട്ടി മുസ്‍ലിയാരുടെ ആണ്ട് ദിന പരിപാടികള്‍ക്ക് ബാഖിയാത് പ്രിന്‍സിപ്പളെ ക്ഷണിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഇഅ്റാബുല്‍ ഇഅ്റാബ് എന്ന ഗ്രന്ഥരചനയില്‍ മുഴുകിയ സമയമായിരുന്നു അത്. ബാഖിയാതില്‍ നേരിട്ട് ചെന്ന് ക്ഷണിച്ചത് പ്രകാരം അദ്ദേഹം പരിപാടിക്ക് വന്നു. നേരെ വന്നത് എന്റെ പള്ളിയിലേക്കായിരുന്നു. ഭക്ഷണം കഴിച്ച് അല്‍പനേരം അദ്ദേഹം അവിടെ വിശ്രമിച്ചു. അതിനിടെ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇഅ്റാബുല്‍ഇഅ്റാബ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അത് കണ്ട അദ്ദേഹം വളരെയേറെ സന്തോഷിക്കുകയും ഇന്ത്യയില്‍തന്നെ ഇവ്വിഷയകമായി ഒരു രചന പോലും ഉണ്ടായിട്ടില്ലെന്നുമെല്ലാം പറഞ്ഞ് ആ ശ്രമത്തെ ഏറെ പ്രശംസിക്കുകയും അത് എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കണമെന്നുമെല്ലാം ഉപദേശിച്ചു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് പകര്‍ന്നത് വല്ലാത്തൊരു ധൈര്യവും പ്രേരണയുമായിരുന്നു.

സമസ്ത സെക്രട്ടറി ആയിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരുടേതായിരുന്നു. ഞാന്‍ എടപ്പാള്‍ ദര്‍സ് നടത്തുന്ന കാലത്ത് ഉസ്താദ് ഒരിക്കല്‍, ആ ഭാഗത്ത് ഒരു പരിപാടിക്ക് വന്നപ്പോള്‍എന്റെ പള്ളിയില്‍ വന്നിരുന്നു. പിന്നീട് വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. വളരെ കാലം കഴിഞ്ഞ്, എന്റെ ചില രചനകള്‍ വായിക്കാനിടയായ ഉസ്താദ് ഇത് എഴുതിയ ആളെയൊന്ന് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അങ്ങനെ ഉസ്താദിനെ പോയി കാണുകയും ചെയ്തു.

ശേഷം ഉസ്താദുമായുള്ള ആ ബന്ധം സൂക്ഷിക്കുകയും എന്റെ എല്ലാ രചനകളുടെയും ഒരു കോപ്പി ഉസ്താദ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവസാനമായി, ഉസ്താദ് വഫാത് ആവുന്നതിന് അല്‍പം മുമ്പ് മമ്പുറം നേര്‍ച്ചയുടെ ദിവസം അവിടെ വെച്ച് കണ്ടുമുട്ടുകയും അവസാനമായി എഴുതിയവയുടെ കോപ്പികള്‍ കൂടി വേണമെന്ന് പറയുകയും ചെയ്തെങ്കിലും അതിനുള്ള അവസരം തരപ്പെടുന്നതിന് മുമ്പ് ഉസ്താദ് യാത്രയാവുകയും ചെയ്തു. ഉസ്താദിന്റെ ആ വാക്കുകളും എന്റെ രചനകളിലുള്ള ആ താല്‍പര്യവും തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

നാട്ടുകാരും പരിചയക്കാരുമായ പലരും പലയിടങ്ങളിലായി അഭിനന്ദനങ്ങള്‍ നല്കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമാവുക എന്നതാണല്ലോ പരമമായ ലക്ഷ്യം. അതിന് വേണ്ടി എല്ലാവരുടെയും ദുആകളുണ്ടാവണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.

പൊതുവെ, കേരളീയ പണ്ഡിതര്‍ രചനാരംഗത്ത്, വിശിഷ്യാ അറബിഭാഷയില്‍ പിറകിലാണല്ലോ, എന്ത്പറയുന്നു.

കേരളീയ പണ്ഡിതരില്‍ ഭാഷാരംഗത്ത് തന്നെ കഴിവുള്ള എത്രയോ പേരുണ്ട്. പക്ഷെ, പലരും തങ്ങളുടെ കഴിവിനെ കുറിച്ച് അത്ര ബോധവാന്മാരല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാര്യമായ ഭാഷാകഴിവുകളൊന്നുമില്ലാതിരുന്നിട്ടും, ദീനിന്നും ഇല്‍മിനും എന്തെങ്കിലും സേവനം ചെയ്യേണ്ടതല്ലേ എന്ന ചിന്ത കൊണ്ട് മാത്രമാണ് ഞാന്‍ ഈ രചനകളെല്ലാം നടത്തുന്നത്. ദര്‍സ് നടത്തുന്നു എന്നതിലപ്പുറം പ്രസംഗത്തിലൂടെയോ മറ്റോ ഒന്നും ചെയ്യാനാവാത്തതിനാല്‍, ഉത്തരവാദിത്ത നിര്‍വ്വഹണത്തിനുള്ള ഒരു എളിയ മാര്‍ഗ്ഗമാണ് ഇതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

വളര്‍ന്നുവരുന്ന തലമുറയോട് എന്താണ് പറയാനുള്ളത്

ദീനീ വിജ്ഞാനം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായി, മറ്റു സ്വാര്‍ത്ഥ ലക്ഷ്യങ്ങളൊന്നുമില്ലാതെ വേണം ആര്‍ജ്ജിക്കേണ്ടത്. സമയത്തിന്റെ വില നാം നന്നായി തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് വളരെ അമൂല്യമാണ്. രചനകള്‍ക്കുള്ള അവസരങ്ങളും സാധ്യതകളും എക്കാലത്തും പരന്ന് കിടക്കുകയാണ്, അത് ഒരിക്കലും അവസാനിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് എല്ലാവരും തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ കഴിവുകളെ സ്വയം മനസ്സിലാക്കി, വൈജ്ഞാനിക സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ആദ്യമായി എന്നോട് തന്നെ എനിക്ക് പറയാനുള്ളത്. അത് തന്നെയാണ് മറ്റുള്ളവരോടും പറയാനുള്ളത്. അസാധ്യമായി ഒന്നുമില്ല എന്നത് എന്നും പ്രസക്തമാണ്.

തയ്യാറാക്കിയത് :എം.എച്ച് പുതുപ്പറമ്പ്