ശറഫല്‍ അനാം: പ്രണയത്തിന്റ ആത്മഗീതങ്ങള്‍
നബിയിഷ്ടത്തിന്റെ കനലില്‍ കാച്ചിയെടുത്ത ഹൃദയ സങ്കീര്‍ത്തനത്തിന്റെ ആത്മഗീതമാണ് ശര്‍റഫല്‍ അനാം. പ്രമുഖ ഹന്‍ബലി പണ്ഡിതനായ ഇബ്‌നുല്‍ ജൗസിയാണ് ഇതിന്റെ രചയിതാവ്. ഹിജ്‌റ 597ല്‍ യശഃശരീരനായ ഇദ്ദേഹം അല്‍ അറൂസ് എന്ന നബി കീര്‍ത്തന കാവ്യഗ്രന്ഥം രചിച്ചിട്ടുണ്ട്. ഹരീരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മാലികി പണ്ഡിതന്‍ അശ്ശൈഖ് അഹ്മദുബ്‌നു ഖാസിമാണ് ഇതിന്റെ രചയിതാവെന്നും പ്രമാണമുണ്ട്. അഹ്മദുല്‍ ബര്‍സൂഖി, ഈ പക്ഷക്കാരനാണ്. അല്‍ ബുലൂഗുല്‍ ഫൗസി, ഫത്ഹുസ്സ്വമദില്‍ ആലം തുടങ്ങിയവയാണീ അപദാനങ്ങളുടെ ആശയ സൂചികാ ഗ്രന്ഥങ്ങള്‍. അതല്ല, ഇബ്‌നുല്‍ ജൗസിയും ഇബ്‌നുല്‍ ഖാസിമും സംയുക്തമായാണ് -ഒരാള്‍ പദ്യവും മറ്റെയാള്‍ ഇടഗദ്യവും- ശര്‍റഫല്‍ അനാം രചിച്ചതെന്നും അഭിപ്രായമുണ്ട്. ഇമാം സുയൂത്വിയും ഇബ്‌നു ഹജര്‍ അസ്ഖലാനിയും ചേര്‍ന്ന് നബിചരിത ഗ്രന്ഥം രചിച്ചത് പോലെയാണിതെന്നൊക്കെ വക്കുകള്‍ ചിതലരിച്ച മൗലിദ് കിതാബിന്റെ കൈപ്പട- ടിപ്പണികളില്‍ കാണാവുന്നതാണ്.
പ്രവാചക സ്‌നേഹിയെ സംബന്ധിച്ചിടത്തോളം ഒരുത്സവമാണ് ശര്‍റഫല്‍ അനാം. താളവും മേളവും രാഗവും ശ്രുതി ലയങ്ങളും ഇടതടവില്ലാതെ നിര്‍ഝരിക്കുന്ന വര്‍ണാഭമായ നെഞ്ചുരുക്കത്തിന്റെ ഘോഷയാത്രയാണ് ഓരോ ഗീതവും. ‘അല്‍ ഹംദു ലില്ലാഹില്ലദീ ശര്‍റഫല്‍ അനാമ ബി സ്വാഹിബില്‍ മഖാം’ (സമുന്നത സ്ഥാനിയെക്കൊണ്ട് മാനവകുലത്തെ അതിശ്രേഷ്ഠനാക്കിയ നാഥനാണ് നമോവാകങ്ങളിലഖിലവും) എന്ന തിരുമുല്‍ക്കാഴ്ച ഇലാഹിന്റെ മുന്നില്‍ സമര്‍പ്പിച്ചു കൊണ്ടാണ് കവി ആരംഭിക്കുന്നത്. ഈ ദിവ്യോപഹാര വചനത്തിലെ ശര്‍റഫല്‍ അനാം എന്ന വാചക ശകലമാണ് പിന്നെ പ്രസിദ്ധമായത്. പേരിനൊരു മഹത് കാവ്യമല്ല ശര്‍റഫല്‍ അനാം എന്ന് പിന്നീട് തലമുറകള്‍ പാരായണം ചെയ്ത് സാക്ഷ്യം പറഞ്ഞു. പ്രകീര്‍ത്തനങ്ങളില്‍ അദ്വിതീയ സ്ഥാനം അലങ്കരിക്കാന്‍ മാത്രം ശക്തമായ ശൈലീ വിന്യാസവും ആശയ ഗാംഭീര്യവും പ്രതിപാദന ചാരുതയും ഇതിനുണ്ടെന്ന് അകം തുറന്ന് വായിച്ചവര്‍ ഏറ്റുപറഞ്ഞു. തിരുപ്പിറവിയും അനുബന്ധ വിശേഷങ്ങളും ഇത്രമേല്‍ പ്രണയാതുരമായ വായനാനുഭവമാകുന്ന മറ്റു സ്രോതസുകള്‍ നന്നേ ചുരുക്കമാണ്. നബി തിരുമേനി(സ്വ) എന്ന സമാദരണീയ സങ്കല്‍പത്തെ അവിടത്തെ പ്രകാശ പൂര്‍ണമായ വിവരണങ്ങളോടെ സമഞ്ജസപ്പെടുത്തിക്കൊണ്ടാണ് തൂലികക്കാരന്‍ ഹൃദയങ്ങളെ അനുഭുതികളിലേക്ക് ആനയിക്കുന്നത്.
art for art or society എന്ന യവന ദാര്‍ശനിക സമസ്യക്ക് or for the righter sake എന്ന അനുബന്ധം കൂടി ശര്‍റഫല്‍ അനാം ചേര്‍ക്കുന്നുണ്ട്. പ്രാസ ശോഭയാല്‍ കാവ്യം ചേതോഹരമാണെങ്കിലും ആശയ വിസ്മയങ്ങളുടെ വേലിയേറ്റങ്ങള്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നത് കാണാം. അവ വിരസമായ പുനര്‍വായന ഉണ്ടാക്കുന്നില്ല. മറിച്ച്, നബി തിരുമേനി(സ്വ)യോടുള്ള അനുരാഗ ജന്യമായ ദിവ്യാനുഭൂതികള്‍ ഉള്‍വഹിക്കാനാകാതെ വന്ന കവിയുടെ അതിശയപ്പെടലുകള്‍ കാവ്യനീതിക്ക് പുതുമാനം നല്‍കിയതായേ കാണാനാകൂ. പ്രവാചക സങ്കീര്‍ത്തന സപര്യ ജീവിത വൃത്തിയാക്കിയവര്‍ക്കും അത്തരം വരികളുടെ അന്തപ്രചോദനകള്‍ ജന്മസാഫല്യമാക്കിയവര്‍ക്കും ശര്‍റഫല്‍ അനാം കരള്‍ച്ചോര ചാലിച്ചെഴുതിയ രചനകള്‍ തന്നെ. ആവര്‍ത്തനങ്ങള്‍ ആസ്വാദന മൂര്‍ച്ചയുടെ ആരാമങ്ങളിലേക്ക് മാത്രമേ അവരെ നയിക്കുകയുള്ളൂ.
മഹതി ആമിന ബീവിയുടെ ദിവ്യ ഗര്‍ഭം, ഭ്രൂണ വളര്‍ച്ചയുടെ നാള്‍വഴികള്‍, ഗര്‍ഭ കാലത്തെ അത്ഭുതങ്ങള്‍, കാത്തിരുന്ന തിരുപ്പിറവി, തജ്ജന്യമായ അമാനുഷികതകള്‍, പൂമേനിയുടെ ദേഹ കാന്തി… തുടങ്ങിയ അധികമാരും ആവിഷ്‌കരിക്കാത്ത സ്‌നേഹ പദങ്ങളിലേക്കാണ് കവിത കടന്നുചെല്ലുന്നത്. കാല്‍പനികതയുടെ കല്‍പനാധികാരം കൈയാളിയ കവി കുമാരനാണ് ഇബ്‌നുല്‍ ജൗസി എന്ന് തീര്‍പ്പിടാന്‍ മാത്രം ആവിഷ്‌കാര തീവ്രത ഇവിടങ്ങളില്‍ കാണാം.
ഹൃദയപരതയുടെ നിലക്കാത്ത ബഹിസ്ഫുരണം എന്ന കവിതാ നിര്‍വചനത്തിന്റെ അര്‍ത്ഥ സമ്പൂര്‍ണതയും ഗ്രാഹ്യമാകണമെങ്കില്‍ മദീനയിലെ പച്ച ഖുബ്ബയെ സ്വന്തം ആത്മ ഭിത്തിയില്‍ പ്രതിഷ്ഠിച്ച് ശര്‍റഫല്‍ അനാമിലൂടെ ഒരിട തീര്‍ത്ഥയാത്ര പോയാല്‍ മതി, ഉറപ്പ്.
ചേര്‍ത്തുവെപ്പിലും കോര്‍ത്തിണക്കത്തിലും കവിക്ക് തര്‍ത്തീബും മുവാലാത്തും നഷ്ടപ്പെടുന്നതായി ദോഷൈക നിരൂപകര്‍ക്ക് തോന്നാനിടയുണ്ട്. ഗര്‍ഭകാല വിശേഷണത്തിന് മുമ്പേ തിരുപ്പിറവിയുടെ അത്ഭുതങ്ങളിലേക്ക് കവി ഇറങ്ങിപ്പോകുന്നതെന്തേ എന്നത് പോലുള്ള സംശയങ്ങളാണവ. വസ്തുതാധിഷ്ഠിത വിവരണങ്ങളില്‍ അതിവൈകാരികത കസവ് തീര്‍ക്കുമ്പോള്‍ കാലഗണനയില്‍ പ്രസക്തിയേതുമില്ല. നിറഞ്ഞു കവിഞ്ഞ് പാര്‍ശ്വങ്ങളിലേക്ക് വഴിഞ്ഞൊഴുകുന്ന സ്‌നേഹാര്‍ച്ചനകളില്‍ നിന്ന് ആദ്യമാദ്യം അഗ്നിച്ചിറകുകള്‍ മുളക്കുന്നവ കരള്‍ച്ചിറയും ഭേദിച്ച് പുറത്തുചാടും, അത്ര തന്നെ. ഹൃദയത്തിന്റെ ഭാഷാ സാഹിത്യത്തില്‍ അതാണ് നീതി.
കവി ആരംഭിക്കുന്നത് തന്നെ അനുരക്ത വിവശനായ പ്രണയിയായാണ്. തപ്ത പൂര്‍ണമായ ഒരന്തഃചരിതത്തിന്റെ സമാപ്തി കുറിക്കാരനും പ്രശോഭിതവും പ്രകാശിതവുമായ ചരിത്രത്തിന്റെ കാരണക്കാരനുമായി തിങ്കളുദിച്ചുയര്‍ന്ന രാവിന്റെ അവസാന യാമത്തില്‍ പിറന്നുവീണ പ്രവാചക പൊലിമയുടെ അപദാനങ്ങള്‍ എവിടെ നിന്നാരംഭിക്കണം, എന്തില്‍ ചെന്നവസാനിപ്പിക്കണം എന്ന കാര്യത്തില്‍ കവിയുടെ എഴുത്താണിയും ഒരു നിമിഷം ഒരാശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയെന്നിരിക്കണം. ആശയ ദാരിദ്ര്യം കൊണ്ടല്ല, അറ്റം അനന്തമായ ആശയ പുഷ്‌കലത കൊണ്ട് മാത്രം. ‘ബിശഹ്‌രി റബീഇന്‍ ഖദ് ബദാ നൂറുഹുല്‍ അഅ്‌ലാ; ഫയാ ഹബ്ബദാ ബദ്‌റന്‍ ബിദാകല്‍ ഹിമാ യുജ്‌ലാ’ റബീഉല്‍ അവ്വലിന്റെ പന്ത്രണ്ടാം നാളിന്റെ പോരിശയില്‍ തന്നെ കൊണ്ടു നാന്ദികുറി. അല്ലെങ്കിലും അലസമാവാന്‍ അനുവദിക്കാത്ത ജാഗ്രതയും അശ്രദ്ധമാവാന്‍ അനുവദിക്കാത്ത ഉള്‍താപവുമാണല്ലോ ഏതൊരു പ്രണയപ്പാട്ടിനും അകക്കാമ്പും ഹര്‍ഷവും നല്‍കുന്നത്.
നാമശ്രവണ മാത്രയില്‍ തന്നെ ഹൃദയമിളകുന്ന ഇഷ്ടമാണ് കവിക്ക് നബിയോട്. ആ മുഖ കമല ദര്‍ശന സന്ദര്‍ഭത്തില്‍ തന്നെ പ്രേക്ഷകര്‍ അസ്ഥപ്രജ്ഞരാവുമെന്ന് സൂചനയെന്നോണം കുറിക്കുന്ന കവി പ്രവാചക ഭംഗി കണ്ടമ്പരന്ന നിലാവിന്റെ നിര്‍ന്നിമേഷത കൂട്ടുപിടിച്ച് സ്വന്തം പക്ഷത്തെ സാധൂകരിക്കുന്നു. പ്രവാചക പ്രഭു വെളിപ്പെട്ടതോടെ കത്തിപ്പൂത്തു നില്‍ക്കുന്ന അരുണശോഭ കെട്ടടങ്ങിപ്പോയെന്ന് പറയുന്ന കവി വര്‍ണകളുടെ അപര്യാപ്തത നന്നായി അനുഭവിക്കുന്നുണ്ട്.
ആദി മനുഷ്യനായ ആദം(അ) ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഇലാഹീ സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്ന പ്രകാശമായിരുന്നു നബി തിരുമേനി എന്ന പ്രമാണത്തെ കവി പാട്ടാക്കിപ്പാടുന്നുണ്ട്. പ്രഥമ ദൂതന്റെ സൃഷ്ടി തരുവിലും നൂഹ് നബി(അ)യുടെ പേടക ഹര്‍മത്തിലും ത്യാഗത്തിന്റെ കനല്‍ച്ചൂള താണ്ടിയ ഖലീലി(അ)ന്റെ രമണീയ ഭാരത്തിലും ഞാന്‍ ഉണ്ടായിരുന്നു എന്ന പ്രവാചകോക്തിയും കവി പാട്ടിന് കൂട്ടാന്‍ ചേര്‍ത്തെഴുതുന്നു.
ഗര്‍ഭാവസ്ഥയുടെ അലോസരങ്ങള്‍ തെല്ലും തീണ്ടാത്ത മാതാ പുണ്യവതിക്കുണ്ടായ വേദനാനുഭവങ്ങള്‍ കവി വിവരിക്കുന്നതാണ് അതീവ സുന്ദരം. ഗര്‍ഭസ്ഥ ശിശുവിന്റെ മാഹാത്മ്യങ്ങള്‍ അശരീരിയായി ആമിനാ ബീവി മുഴങ്ങിക്കേട്ടതും ഒന്നാം മാസം ആദം നബി(അ) വന്ന് സുവിശേഷം പറഞ്ഞതും രണ്ടാം മാസം ഇദ്‌രീസ്(അ) ചെന്ന് പുഞ്ചിരി പകര്‍ന്നതും മൂന്നാം മാസം നൂഹ്(അ) എത്തി അതിമധുരം ചേര്‍ത്തതും നാലാം മാസം രക്തവിശുദ്ധതയുടെ ഉത്ഭവസ്ഥലമായ ഇബ്‌റാഹീം(അ) വന്നണഞ്ഞ് ക്ഷേമം നേര്‍ന്നതും അഞ്ചാം മാസം ഇസ്മാഈല്‍(അ) ചാരം ചേര്‍ന്ന് കണ്‍കോണിട്ട് നോക്കിയതും ആറാം മാസം മൂസാ(അ) ഗാംഭീര്യത്തിന് ഗരിമ കുറിച്ച് കടന്നുപോയതും ഏഴാം മാസം ദാവൂദ്(അ) എത്തി ലിവാഉല്‍ ഹംദിന് അളവെടുപ്പ് നടത്തിയതും എട്ടാം മാസം മസീഹ് വന്ന് ഒളിയെറിഞ്ഞതും മാസം ഒമ്പതില്‍ സുലൈമാന്‍(അ) വന്ന് പ്രഭ ചൊരിഞ്ഞതും കുഞ്ഞ് ജനിച്ച നേരം സ്വര്‍ഗസ്ത്രീകള്‍ തോരണം നിരത്തി നടന നൃത്തമാടിയതും തസ്‌നീം തൂ മണങ്ങള്‍ മുറിയാകെ ചാലിട്ട് പരന്നതും കവി കുറിച്ചിട്ടപ്പോള്‍ കിട്ടിയ ഓര്‍മ സുഖം മറ്റൊരിടത്തും കിട്ടാത്തതാണെന്ന് തീര്‍ച്ച. രാജദര്‍ബാറിലേക്ക് കണ്ണുകളെറിഞ്ഞ്, കൈകള്‍ നിലത്തമര്‍ത്തി, ആകാരം കുനിഞ്ഞ്, കണ്‍മഷിയെഴുതി, ചേലാകര്‍മം ചെയ്യപ്പെട്ട്, പൊക്കിള്‍ക്കൊടി സൗഷ്ഠവപ്പെടുത്തി, കനിവിനൊത്ത കാഴ്ച പകര്‍ന്നാണ് തിരുപ്പിറവി നടന്നതെന്ന് കവി കുറിക്കുന്നു. കവിളുകള്‍ പാല്‍വെളിച്ചമാര്‍ന്നതെന്നും പുരികക്കൊടികള്‍ ഇടതൂര്‍ന്നിറങ്ങിയതെന്നും നാസിക പൂമൊട്ട് പോലെയെന്നും അധരങ്ങള്‍ വാടാമലരെന്നുമൊക്കെ ആമിനാ ബീവി തെളിഞ്ഞ കണ്ണുകളോടെ കണ്ടു. രണ്ടു ചുമലുകള്‍ക്കിടയിലെ മുദ്രയാണ് വിശേഷപ്പെരുമകളിലെ വിസ്മയക്കാഴ്ച. നവജാത പൈതലില്‍ നിന്ന് പുറപ്പെട്ട വിശുദ്ധ പ്രകാശം ദിഗന്തങ്ങളില്‍ നിറഞ്ഞുവെന്നും പ്രസ്തുത ജ്വാലയില്‍ പേര്‍ഷ്യന്‍ കൊട്ടാരങ്ങള്‍ സുവ്യക്തമായി കണ്ടുവെന്നും മാതാവിന്റെ അനുഭവ സാക്ഷ്യം. കിസ്‌റയുടെ അന്തഃപുരിയടക്കം കൊട്ടാരത്തിന്റെ ബാല്‍ക്കണികള്‍ പതിനാലും ഇളകിയാടിയെന്നും അഗ്നിഭക്തരുടെ ഹോമകുണ്ഠം കെട്ടടങ്ങിയെന്നും സാവ തടാകം വറ്റിവരണ്ടുവെന്നും…. ശര്‍റഫല്‍ അനാമിലെ പ്രണയ പൂരം ഇശലുകളേറി കൊടുമ്പിരി കൊള്ളുകയാണ്.
ഉപ്പയില്ലാത്ത ഉലകത്തിന്റെ ഊഷരതയിലേക്കാണ് കുഞ്ഞുനബി(സ്വ) പിറന്നുവീണത്. ഉണക്കച്ചപ്പാത്തിയും മക്കയിലെ മൊട്ടക്കുന്നും സൃഷ്ടിച്ചെടുത്ത സഹന നിര്‍ഭരതയും കുലീനമായ കുല മഹിമയുടെ രാജ പ്രൗഢി കടഞ്ഞെടുത്ത സാംസ്‌കാരിക മനോബലവും തിരുനബിയില്‍ അതിശയകരമായ വികാസ പരിണാമങ്ങള്‍ സാധിപ്പിച്ചു. പരിപാലന സ്പര്‍ശത്തിന്റെ ചുടുകരവും അമര്‍ത്തി പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് കഅ്ബ മന്ദിരത്തിലേക്കോടി നാഥനെ നമിക്കുന്ന ആശീര്‍വാദത്തിന്റെയും പ്രാര്‍ത്ഥനയുടെയും രംഗം കവി പങ്കുവെക്കുന്നുണ്ട്. ഭാഷയും സ്വരവും പിതാമഹന്റേത് തന്നെയാണ് കവിതയില്‍.
നബി തിരുമേനിയെ മുലയൂട്ടാന്‍ പറവകളും, പോറ്റിവലുതാക്കാന്‍ മാലാഖമാരും പിതാമഹന്റെ മുന്നില്‍ വന്ന് കേണുവെന്ന് പറയുന്ന കവി, പോറ്റുമ്മ ഹലീമ ബീവിയുടെ ഹൃദയ താളങ്ങളിലൂടെയും കാല്‍പനിക സവാരി നടത്തുന്നുണ്ട്. ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടും അനാഥ പൈതലിനെ മുലയൂട്ടാനായി സ്വീകരിച്ച ഹലീമ ചരാചര പ്രപഞ്ചത്തിന്റെ ഉള്‍ത്തുടിപ്പിന്റെ മാംസ പേശികളിലേക്കാണ് തന്റെ അമ്മിഞ്ഞക്കുമിളകള്‍ ഇറക്കിവെക്കുന്നതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. സൗഭാഗ്യം വിരുന്നുവന്ന വഴികളിലൂടെയാണ് ഹലീമയുടെ ശോഷിച്ച നാല്‍ക്കാലി വാഹനം അബ്ദുല്‍ മുത്ത്വലിബിന്റെ ഭവനമണഞ്ഞത്. മുലകുടിക്കാന്‍ ലോകനായകന്‍ വന്നതോടെ തന്റെ രോഗാതുര മൃഗത്തിന് പുതിയൊരു ഊര്‍ജവും ആവേശവും. വല്ലാത്തൊരു അത്ഭുതത്തിന് മുന്നില്‍ പൂര്‍വാക്ഷേപകര്‍ക്ക് നാവടങ്ങി; വാക്കുകള്‍ കെട്ടടങ്ങി. ബനൂ സഅ്ദിന്റെ പരിസരങ്ങളിലിപ്പോള്‍ നവരത്‌നത്തിന്റെ വീര്യവും വീറും. പച്ചപ്പട്ടുടുത്ത താഴ്‌വാരങ്ങളിലൂടെ അകിടുകളില്‍ പാല്‍ നിറഞ്ഞുതുളുമ്പിയ ആടുമാടുകള്‍ ഏദന്‍ തോട്ടത്തില്‍ എന്ന പോലെ ചുറ്റിക്കറങ്ങി. ക്ഷാമത്തിന്റെ വറചട്ടികള്‍ പിളര്‍ന്ന് ക്ഷേമ സുഭിക്ഷതയുടെ കാര്‍ത്തിക രാവുകള്‍ വിരുന്നുവന്നു. കവി ഉന്മത്ത മോഹിതനായി ഹലീമയുടെ സൗഭാഗ്യത്തില്‍ പങ്ക് പറ്റാന്‍ ശ്രമിക്കുകയാണ്.
പ്രവാചക പ്രകീര്‍ത്തനത്തില്‍ തല്‍പരയും ഉല്‍സുകിയുമായ യഹൂദ സ്ത്രീ സ്വപ്ന ദര്‍ശനത്തിലൂടെ നബിയിമ്പത്തിന്റെ പാരാവാരത്തുള്ളിയായി മാറിയത് കവി പ്രാധാന്യപൂര്‍വം രേഖപ്പെടുത്തുന്നുണ്ട്. പ്രണയം തൊലിപ്പുറ പ്രകടനമല്ലെന്നും കണങ്കാല്‍ മുതല്‍ തലച്ചോര്‍ വരെ പടരേണ്ട പേരറിയാത്ത നൊമ്പരമാണെന്നും തെര്യപ്പെടുത്തുന്ന കവി പ്രവാചക പ്രണയത്തില്‍ മരിച്ച് ഇല്ലാതാകാനാണ് ആശിഖുകളോട് ആവശ്യപ്പെടുന്നത്.
ശര്‍റഫല്‍ അനാമിലെ സ്‌നേഹ പ്രസരണം തീര്‍ത്തും വൈകാരികമാണ്; നിസ്വാര്‍ത്ഥവും നിര്‍ലോഭവും. നബിയോടൊപ്പം ചേരാന്‍ വെമ്പുന്ന ശൃംഗാരങ്ങളാണധികവും. ബാക്കി പ്രേമ കഥനങ്ങളും. അതിനിടെ ആവര്‍ത്തനങ്ങള്‍ കടന്നുവരുന്നത് കവി ഹൃദയത്തിന്റെ സംതൃപ്തിക്ക് അതല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അഭിനിവേശം ആപാദചൂഢം അതിരു കവിയുമ്പോഴുണ്ടാകുന്ന അഭിലാഷ വര്‍ത്തമാനങ്ങള്‍ സ്വാഭാവികമത്രെ.
‘അശ്‌റഖല്‍ ബദറു’ ശര്‍റഫല്‍ അനാമിന്റെ ഹൃദയവും ആമുഖവുമാണ്. ആ വരികളിലൂടെ സ്‌നേഹാന്വേഷിയായ മുസാഫിറായി കവി മാറുന്നത് നമുക്ക് അനുഭവിച്ചറിയാനാകുന്നു. ഇശ്ഖിന്റെ ഒട്ടക സംഘത്തിനൊപ്പം പീഢഭൂമികളും മരുപ്പറമ്പുകളും സമതലങ്ങളും പര്‍വതങ്ങളും താണ്ടിത്തള്ളുന്നതിന്റെ ചൂട് നാം അനുഭവിക്കുന്നു. അല്ലാമ ഇഖ്ബാലിന്റെ അവസാന പ്രകീര്‍ത്തന കൃതിയായ അര്‍മഗാനെ ഹിജാസിലെ പോലെ ഒരു ഭാവനാ വഴി അശ്‌റഖയിലും കാണാം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുകളില്‍ നടക്കുന്ന മൗലിദ് സദസ്സുകളുടെ ആവേശം ഈ അശ്‌റഖ ആലാപനമാണെന്നതാണ് അനുഭവം. പ്രാദേശിക ഭിന്നമായ പല ശകലങ്ങളും കാണാമെങ്കിലും ‘മര്‍ഹബ- മര്‍ഹബ- മര്‍ഹബ- അല്ലാഹ് മര്‍ഹബ’ എന്ന കാവ്യ ചേരുവ അശ്‌റഖ ബൈത്തിന് നമുക്കിടയിലൊരു ക്ലാസിക് ടച്ച് നല്‍കിയിട്ടുണ്ട്. ‘യാനബീ സലാം അലൈകും; യാ റസൂല്‍ സലാം അലൈകും’ എന്ന ചിരപരിചിത ശകലം കൂടി അശ്‌റഖക്ക് മേമ്പൊടിയായി വരാറുണ്ട്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം സജീവമാകാനുള്ള അവസരവും അശ്‌റഖ തന്നെ. പണ്ടത്തെ പത്തായപ്പുരകളുടെ മോന്തായം കുലുക്കിയിരുന്നു പള്ളി മുക്രിയുടെ അശ്‌റഖ ആലാപനം. ആണുങ്ങള്‍ അശ്‌റഖ ഓതിത്തുടങ്ങിയാല്‍ അടുക്കള സജീവമാകും. കാരണം, പെണ്ണുങ്ങള്‍ക്കറിയാം അശ്‌റഖ മദ്ഹിന്റെ കൊട്ടിക്കലാശമാണെന്ന്. അകത്തെ മുറിയില്‍ നിന്ന് ഉപ്പയും ഒപ്പമുള്ളവരും അശ്‌റഖ ഓതുമ്പോള്‍ പിന്‍വാതില്‍ വഴി വന്ന് ഉമ്മ കോളറക്ക് വലിച്ച് സുപ്ര നിരത്താന്‍ പറയുന്നതും ആഹാര ബഹളങ്ങളുടെ ആരവമുയരുന്നതും ലേഖകന്റേതെന്നത് പോലെ ഒരുപാട് പേരുടെ റബീഅ് ഓര്‍മയാണ്.
കവി വാഴ്ത്തപ്പെടട്ടെ. കവന കൗമുദി ഒപ്പം വഹിച്ച് അദ്ദേഹം മദീനയിലേക്ക് പോവുകയാണ്. വഴിയറിയാത്തതിനാല്‍ അതുവഴി വരുന്ന സാര്‍ത്ഥവാഹക സംഘത്തെ കണ്ടപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒപ്പം കൂട്ടുവാന്‍ കവി കെഞ്ചുന്നു. സ്വന്തം അനുരാഗ തീവ്രതയോട് തന്നെ മദീനത്തേക്ക് ഇടിച്ചുവലിക്കാന്‍ ആവശ്യപ്പെടുന്നു.
തന്റെ പ്രണയ ജ്വാലകളടങ്ങിയ കത്തുകള്‍ വിശുദ്ധ ഭവനങ്ങളുടെ ഭാഗത്തേക്ക് (മദീനയിലേക്ക്) രാപ്പകലുകളില്‍ എത്തിച്ചുകൊടുക്കാന്‍ സ്വന്തം സ്‌നേഹ സത്തയോട് നിസ്സഹായതയോടെ യാചിക്കുന്ന കവിക്ക് മുന്നില്‍ ലോക സാഹിത്യങ്ങള്‍ തോറ്റമ്പിത്തീരുകയാണ്. കുറിച്ചിട്ടതിനെക്കാളും ഹൃദയാവര്‍ജകം കവിയുടെ അകത്തെ കവിതയാണ്. കേട്ട പാട്ടുകള്‍ മധുരതരം; കേള്‍ക്കാത്തവ അതിമധുരം എന്നതാണ് ശര്‍റഫല്‍ അനാമിലെയും ശരി. അല്ലെങ്കിലും ‘വലകും ഫീക ഗറാമുന്‍; വശ്തിയാഖുന്‍ വ ഹനീനുന്‍’ എന്ന വചനഭാഗത്തിന്റെ മാത്രം സാരപ്രപഞ്ചം എത്രകാലം അറിയാനും പറയാനും ഉള്ളതാണ്! അത് നീതിപൂര്‍വം എഴുതാനും പറയാനും ആര്‍ക്ക് കഴിയും? നബിയേ, ഞങ്ങള്‍ തോറ്റുപോവുകയാണ്. അങ്ങയുടെ അവര്‍ണനീയ സ്ഥാനമാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാതെ പോകുന്നതില്‍ സങ്കടത്തോടെ.. ആവേശം അണപൊട്ടുന്ന സന്താപത്തോടെ.. ആനന്ദം തള്ളിത്തുളുമ്പുന്ന ഈ ഹര്‍ഷ ബാഷ്പങ്ങളോടെ..
Leave A Comment