ബീമാപള്ളി: നാടിനായി സമര്‍പ്പിച്ച ഒരു ഉമ്മയുടെയും മകന്റെയും കഥ
ചരിത്ര തമസ്‌കരണത്തിന്റെയും വെളിപ്പിച്ചെടുക്കലിന്റെയും കാലത്ത് യഥാര്‍ത്ഥ ചരിത്രം പറഞ്ഞുകൊണ്ടിരിക്കുകയെന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് ബീമാപള്ളി ചരിത്രമാണ്. ചരിത്ര പ്രസിദ്ധമായ ബീമപള്ളിയുടെയും സയ്യിദത്തുന്നിസാ ബീമ ബീവിയുടെയും അവിടുത്തെ പുത്രന്‍ മാഹീന്‍ അബൂബക്കര്‍ (റ)ന്റെയും അവിടേക്ക് പിന്നീടെത്തിയ മഹാനായ കല്ലടി മസ്താന്റെയും ചരിത്രം.
പ്രകൃതി രമണീയമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പൂന്തുറ എന്ന സ്ഥലത്തിനടത്താണ് ബീമപള്ളി ദര്‍ഗ്ഗശരീഫ് സ്ഥിതി ചെയ്യുന്നത്.മതസൗഹാര്‍ദ്ദത്തിന്റെയും മാനവഐക്യത്തിന്റെയും പ്രതീകമാണിവിടം. അറബിക്കടലിന്റെ മന്ദമാരുതനെ തഴുകിതലോടിക്കൊണ്ട് മണല്‍പരപ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന മസ്ജിദ് അശരണരുടെയും നിരാലംബരുടെയും കേന്ദ്രമാണ്.
ചരിത്ര പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ബീമപള്ളി. ബീമാ ബീവിയും പുത്രന്‍ ശഹീദ് മാഹീന്‍ അബൂബക്കറും അവിടെ അന്ത്യവിശ്രമം കൊളളുന്നുണ്ടത് തന്നെയാണ് അവിടെ ഇസ്‌ലാമിക ചൈതന്യം വളര്‍ന്നു വന്നതിന് പിന്നിലെ ചരിത്രം. ഇസ്‌ലാമിക മത പ്രചാരണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാവിന്റെയും മകന്റെയും ജീവിതം തീര്‍ത്തും മാതൃകയായിരുന്നു.
ഹിജ്‌റവര്‍ഷം 857 കളില്‍ പ്രവാചക തിരുമേനിയുടെ ഗോത്രമായ ഖുറൈശി ഗോത്രത്തില്‍ അറേബ്യയിലാണ് മഹതി ബീമാ ബീവിയുടെ ജനനം. ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ അറിവ് നേടി മതചിട്ടയോടെയുള്ള ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. ജീവിതം ബാല്യത്തില്‍ നിന്ന് യൗവ്വനത്തിന് വഴിമാറിയപ്പോള്‍ അബ്ദുല്‍ഗഫ്ഫാര്‍ എന്ന സാത്വികന്‍ അവരെ വിവാഹം ചെയ്തു. . അവര്‍ക്ക് മാഹീന്‍ അബൂബക്കറെന്ന കുഞ്ഞ് പിറന്നു. നാഥന്റെ മാര്‍ഗത്തില്‍ ജീവിതം കഴിച്ചുകൂട്ടാന്‍ താത്പര്യപ്പെട്ടിരുന്ന കുടുംബത്തില്‍ പിറന്ന കുഞ്ഞ് അതേ മാര്‍ഗത്തില്‍ തന്നെ ദീനിനിഷ്ഠയില്‍ വളര്‍ന്നു,സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെ വീണ്ടും ഒരു പരീക്ഷണം, പിതാവ് അബ്ദുല്‍ ഗഫ്്ഫാറിനെ അല്ലാഹു തിരിച്ചുവിളിച്ചു. മകന്‍ അനാഥനും, ബീവി വിധവയുമായി. പക്ഷേ, പരീക്ഷണങ്ങളിലും ക്ഷമ കൈമുതലാക്കി അല്ലാഹുവിന്റെ മാര്‍ഗത്തിലായി ജീവിതം മുന്നോട്ട് പോയി.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും അതോടൊപ്പം ആതുര ശുശ്രൂഷ മേഖലയിലുമായി മാതാവും മകനും ജീവിതം നയിച്ചു, അങ്ങനെയിരിക്കെയാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു പ്രദേശത്തേക്ക് പോകാനുള്ള ഉള്‍വിളിയുണ്ടാകുന്നത്, അതൊരു സ്വപ്‌നമാണെന്നും പറയപ്പെടുന്നുണ്ട്, മാതാവും മകനും കണ്ട ഒരേ സ്വപ്നം. പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്ത് സ്വദേശത്തോടും നാട്ടുകാരോടും വിടപറഞ്ഞ് അവര്‍ ഒരു ദിവസം യാത്ര പുറപ്പെട്ടു, ആ യാത്ര അവസാനിച്ചത് ഇന്ത്യന്‍ മണ്ണിലായിരുന്നു.
പ്രബോധനവും അതോടൊപ്പം രോഗശുശ്രൂഷ നടത്താന്‍ നാഥന്‍ നല്‍കിയ അനുഗ്രഹവും ഉപയോഗപ്പെടുത്തി അവര്‍ മുന്നോട്ട് നീങ്ങി, ഇന്ത്യയിലൂടെയുള്ള യാത്ര കേരളത്തിലെ മാഹി എന്ന പ്രദേശത്താണ് മാതാവ് ബീമ ബീവിയും പുത്രന്‍ മാഹിന്‍ അബൂബക്കറും എത്തിച്ചേര്‍ന്നത്. മാലിക്ബ്‌നു ദീനാര്‍(റ) കൂട്ടരും ഏറ്റെടുത്ത ദൗത്യത്തിന്റെ അരിക് ചേര്‍ന്ന് അവര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങള്‍ അവരെ സ്‌നേഹത്തോടെ വരവേല്‍ക്കുകയും ചെയ്തു.
Also Read: മുസ്‌ലിം സംഘാടനത്തെ പൈശാചികവൽക്കരിക്കുന്ന 'മാലിക്'
കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അവര്‍ തെക്കന്‍ തിരിവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്മായി ഇസ്‌ലാമിക പ്രബോധനം കടന്ന് ചെന്നിട്ടില്ലാത്ത ഒരു പ്രദേശം കൂടിയായിരുന്നു ഇന്നത്തെ കേരളത്തിന്റെ തലസ്ഥാന പ്രദേശം.അക്കാലത്ത് തിരുവിതാം കൂറില്‍ രാജവാഴ്ചയായിരുന്നു, മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാനായിരുന്നു അന്ന് (ക്രി1478-1528) തെക്കന്‍ തിരിവിതാംകൂര്‍ ഭരിച്ചിരുന്നത്.
മുസ്‌ലിംകള്‍ കുറവായിരുന്ന ഈ പ്രദേശത്ത് ഇസ്‌ലാമിന്റെ പ്രകാശധാര പടര്‍ത്തുകയെന്ന ലക്ഷ്യമായിരുന്നു മാതാവിന്റെയും മകന്റെയും മുന്നില്‍. മാറാവ്യാധികളും പ്രയാസപ്പെടുന്ന അസുഖങ്ങളും സുഖപ്പെടുത്താനുള്ള കഴിവ് കൂടിയുണ്ടായിരുന്നത് കൊണ്ട് ആളുകള്‍ പലരും ബീവിയിലേക്ക ഒഴുകി, അവരുടെ ജീവിത രീതിയും ഇസ്‌ലാമിനെ കുറിച്ചുള്ള അറിവുകളും വഴി പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
നാള്‍ക്കുനാള്‍ ഇസ്‌ലാമിലേക്ക ജനം വര്‍ധിച്ചുവരുന്നത് സ്വാഭാവികമായും മറ്റുപലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല, ബീമാബീവിയുടെയും മാഹീന്‍ അബൂബക്കറിനെയും കുറിച്ചുള്ള നല്ല വാര്‍ത്തകളായിരുന്നു നാട്ടില്‍ പ്രചരിച്ചിരുന്നത്, മതത്തിലേക്കുള്ള കടന്നുവരവും ഇവരുടെ സ്വാധീനവും മറ്റു പലരെയും ചൊടിപ്പിച്ചു, അവര്‍ വിവരം രാജസന്നിധിയില്‍ അറിയക്കാന്‍ തീരുമാനമെടുത്തു,അത് വഴി നടപടി സ്വീകരിപ്പിക്കാനായിരുന്നു അവരുടെ ലക്ഷ്യം, അതിന് അവര്‍ ഒരു വഴിയും കണ്ടെത്തി, വിദേശികള്‍ വന്നാല്‍ നികുതി നല്‍കണം, ഇവര്‍ നികുതി നല്‍കുന്നില്ലെന്നും രാജാവിനോട് പറയാന്‍ ചില ദുശ്ശക്തികള്‍ തീരുമാനമെടുത്തു.
ഇക്കാലത്താണ് മാഹിന്‍ അബൂബക്കര്‍ ഹജ്ജിനായി യാത്ര തിരിക്കുന്നത്, മാതാവിനെ ഏകയാക്കി പോകാന്‍ താത്പര്യമില്ലെങ്കിലും കഴിവുള്ളവര്‍ നിര്‍ബന്ധമായും നിര്‍ഹവിക്കേണ്ട ഇസ്‌ലാമിന്റെ പഞ്ചസ്തംബങ്ങളിലൊന്നായ ഹജ്ജിന് പോവാതിരിക്കാന്‍ കഴിയാത്തത് കണ്ട് മാതാവിന്റെ അനുവാദം വാങ്ങി യാത്ര തിരിച്ചത്. ബീവിയുടെ മകന്‍ ഹജ്ജിന് പോയ സമയത്താണ് അധികാരികളില്‍ നിന്നും ഒരു സംഘം ആളുകള്‍ ബീവിയെ കാണാനെത്തുന്നത്. സാധാരണഗതിയില്‍ ചികിത്സ തേടി വന്നവരായിരുന്നില്ല അവര്‍, മറിച്ച് രാജാവിന്റെ അടുക്കല്‍നിന്നും നികുതി ആവശ്യപ്പെട്ട് വന്നവരായിരുന്നു. വിദേശികളായ നിങ്ങള്‍ ദീര്‍ഘകാലമായി ഇവിടെ കഴിയുന്നു,നിങ്ങള്‍ ഇതുവരെയും നികുതി(കരം) നല്‍കിയിട്ടില്ല, തുടര്‍ന്നും ഇവിടെ താമസിക്കണമെങ്കില്‍ ഇതുവരെയുള്ള നികുതി നല്‍കണം, ഇല്ലെങ്കില്‍ നാടുകടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും,
രാജ്യ സേവകരുടെ വാക്ക് കേട്ട് ബീമ ബീവി അവര്‍ക്ക് സൗമ്യതയോടെ മറുപടി നല്‍കി, പ്രപഞ്ച സൃഷ്ടാവിന്റെ ഭൂമിയാണിത്,ഇത് ആരുടെയും തറവാട്ട സ്വത്തല്ല, ഞങ്ങള്‍ ഇവിടെ താമസിക്കുന്നത് എന്തെങ്കിലും സമ്പാദിക്കാനല്ല, ആതുര സേവനം നടത്തുകയും മതപ്രബോധനം നടത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ആരെയും നിര്‍ബന്ധിപ്പിച്ച് മതം മാറ്റുന്നുമില്ല; മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ നികുതി നിങ്ങള്‍ പിന്‍വലിക്കണം , ബീവി അപേക്ഷിച്ചു.
മറുപടിയില്‍ അവര്‍ തൃപ്തരായില്ല , അവര്‍നികുതി അടക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ ഓര്‍മിപ്പിച്ചു, അപ്പോള്‍ ബീവി അവരോട് പറഞ്ഞു, തന്റെ മകന്‍ ഹജ്ജ് കര്‍മത്തിന് വേണ്ടി പോയിരിക്കിയാണ് മടങ്ങിവരും വരെ സാവകാശം നല്‍കണമെന്ന് പറഞ്ഞു.
എന്നാല്‍ മകന്റൈ വരവ് ദീര്‍ഘിക്കുകയും രാജസന്നിധിയില്‍ നിന്നുള്ളവര്‍ വീണ്ടും വീണ്ടും ബീവിയുടെ അടുത്തേക്ക് വരികയും ഭീഷണി സ്വരം ഉയര്‍ത്തുകയും ദേഷ്യപ്പെട്ട്‌പെരുമാറുകയും ചെയ്തു. മാതാവ് നാഥനില്‍ ഭരമേല്‍പിച്ച് മകന്റെ വരവും കാത്ത് നിന്നു, അങ്ങനെ മകന്‍ വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മാതാവിനരികിലേക്ക് മടങ്ങി,
വീട്ടിലെത്തിയപ്പോഴാണ് രാജസേവകര്‍ മാതാവിനോട് അപമര്യാദയായി പെരുമാറിയ വിവരവും നികുതി ആവശ്യപ്പെട്ട സംഭവങ്ങളും മകനറിയുന്നത്. ഹജ്ജ് കര്‍മം കഴിഞ്ഞ് മടങ്ങിയെത്തിയ മാഹീന്‍ അബൂബക്കര്‍ മടങ്ങിയെത്തിയതറിഞ്ഞ് രാജ സേവകര്‍ വീണ്ടും ബീമബീവിയുടെ വീട്ടില്‍ എത്തി.
അവര്‍ വീണ്ടും നികുതി ആവശ്യപ്പെട്ടു, നാഥന്റെ മാര്‍ഗത്തില്‍പ്രബോധനം നടത്തുകയും ആതുര സേവനം നടത്തുകയുമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ നികുതിയില്‍ നിന്ന് ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ടു. രാജസേവകര്‍ക്ക് ആ മറുപടി തൃപ്തികരമായില്ല, കരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ നാട് വിടണമെന്നായിരുന്നു അവരുടെ ആഹ്വാനം. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് മതം മാറ്റുന്നില്ലെന്ന് അവര്‍ പറഞ്ഞുനോക്കിയെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല കൂട്ടത്തിലൊരാള്‍ മാഹീന്‍ അബൂബക്കറുടെ നേര്‍ക്ക് കൈകളുയര്‍ത്തി വരികയും ചെയ്തു.
അതു തടഞ്ഞ് അക്രമിയെ പ്രതിരോധിച്ച് നിര്‍ത്തിയെങ്കിലും അക്രമി തത്ക്ഷണം മരണപ്പെട്ടു,മൂസ നബിയുടെ വിധി നിര്‍ണയിച്ച അടിപോലെയായയിരുന്നു ആ അടി. സംഭവം കണ്ട് അമ്പരന്ന് കൂടെയുള്ളവര്‍ മടങ്ങിയെങ്കിലും ഇതിന് പകരം വീട്ടുമെന്ന ധ്വനിയിലായിരുന്നു അവരുടെ മടക്കം. കാര്യങ്ങള്‍ വീണ്ടും പ്രക്ഷ്ബുദ്ധമായിക്കൊണ്ടിരുന്നു, വീണ്ടും ഒരു വര്‍ഗീയ കലാപം ഉണ്ടാവാനുള്ള സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രതിരോധിക്കുയല്ലാതെ മറ്റു മാര്‍ഗങ്ങളിലെന്ന് മനസ്സിലാക്കിയപ്പോള്‍ അംഗ സംഖ്യ കുറവായിട്ടും യുദ്ധത്തിനിറങ്ങാന്‍ മാഹീന്‍ അബൂബക്കര്‍ തീരുമാനമെടുത്തു.രാത്രിയില്‍ തന്റെ അനുയായികളെ സംഘടിപ്പിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി, യുദ്ധമുഖത്ത് നിന്ന് മാറിനിന്നത് കൊണ്ട്പ്രത്യേകിച്ച് ഫലമൊന്നുമില്ല അക്രമിസംഘം മറുഭാഗത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരിക്കുകയാണ്.
എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്ന ലക്ഷ്യവുമായി ഉമ്മാന്റെ സമ്മതവും വാങ്ങി അടര്‍ക്കളത്തിലേക്ക നീങ്ങി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ പോകുന്ന മകനെ ആ മാതവ് തടഞ്ഞില്ല, ക്ഷമയും സഹനവും കൈക്കൊണ്ടാലും അക്രമികള്‍ വെറുതെ വിടുകയുമില്ല. എന്നാല്‍ പിന്നെ ആവും വിധം പ്രതിരോധിക്കുക, അങ്ങനെ മാഹിന്‍ അബൂബക്കറും അനുയായികളും യുദ്ധക്കളത്തിലേക്ക ചാടിവീണു, കഴിയുംവിധം പ്രതിരോധം തീര്‍ത്തു, ശത്രുക്കളെ വെട്ടിവീഴ്ത്തി മുന്നേറിക്കൊണ്ടിരിന്നു, ഇതിനിടെ കുതന്ത്രം മെനഞ്ഞ ശ്ത്രുക്കള്‍ ചതിയിലൂടെ അദ്ദേഹത്തെ വെട്ടിവീഴ്ത്തി, ആ യുദ്ധത്തില്‍ മാഹീന്‍ അബൂബക്കര്‍ വീരരക്തസാക്ഷിത്വം വഹിച്ച് ശഹീദായി. മകന്റെ വേര്‍പാടിന്റെ മനം നൊന്ത് നാല്‍പതാം ദിവസം മഹതിയും ലോകത്തോട് വിടവറഞ്ഞ് നാഥന്റെ സന്നിധിയിലേക്ക് യാത്രയായി
ബീമാബീവിയും മാഹീന്‍ അബൂബക്കറും വഫാത്തായി വര്‍ഷങ്ങള്‍ കഴിഞ്ഞും ഇന്നും അവിടേക്ക് സിയാറത്തിനും രോഗശമനത്തിന് തവസ്സുലാക്കി ദുആ ചെയ്യാനും ആയിരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
ബീമാപള്ളി ദര്‍ഗ്ഗാശരീഫിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന് മരുന്ന് കിണറാണ്,
ബീമാപള്ളി ദര്‍ഗാശരീഫിന്‍െ വടക്കുഭാഗത്തായി വളരെപുരാതനമായ ഒരു കിണറുണ്ട്, പലരോഗങ്ങള്‍ക്കും ശമനം ഈ കിണറിലെ വെള്ളത്തിനുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു, അതിനാല്‍ തന്നെയാണ് ഇതിന് മരുന്ന് കിണര്‍ എന്ന പോരും ലഭിച്ചത്. ഈ കിണറിന്റെ ഉത്ഭവത്തെ പറ്റി നിരവധി അഭിപ്രായങ്ങളുണ്ടെങ്കിലും ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നവര്‍ രക്തസാക്ഷിയായത് ഈ സ്ഥലത്താണെന്നും പറയപ്പെടുന്നു.
പിന്നെ ഉറുസൂം.
ബീമാപള്ളിയില്‍ എല്ലാ വര്‍ഷവും ജമാദുല്‍ ആഖിര്‍ മാസം ഒന്ന് മുതല്‍ പത്ത് വരെയുള്ള ദിവസം വരെ വാര്‍ഷിക നേര്‍ച്ച അഥവാ ഉറൂസ് നടത്താറുണ്ട്.
ബീമാബീവിയുടെയും മാഹീന്‍ തങ്ങളുടെയും ഖബറിന് പുറമെ മറ്റൊരു ഖബറുകൂടിയുണ്ട്, അത് കല്ലടി മസ്താന്‍ തങ്ങളുടേതാണ്. സയ്യിദത്ത് ബീമാബീവിയുടെയും ശഹീദ് മാഹീന്‍ അബൂബക്കര്‍ തങ്ങളുടെയും മഖ്ബറ സിയാറത്ത് ചെയ്ത് അനുഗ്രഹം തേടിയെത്തിയ അദ്ദേഹം പിന്നീട് 33 വര്‍ഷക്കാലം അദ്ദേഹം അവിടെയുള്ള ജനങ്ങള്‍ക്ക് താങ്ങും തണലുമായി കഴിച്ചുകൂട്ടി. മരണശേഷം അദ്ദേഹത്തെ അവിടെത്തന്നെ മറവ് ചെയ്തു.
ബീമാപള്ളി ദര്‍ഗ്ഗാശരീഫ് സിയാറത്ത് ചെയ്യാനെത്തുന്നവര്‍ ഈ മഖ്ബറ കൂടി സിയാറത്ത് ചെയ്താണ് മടങ്ങാറുള്ളത്.
Leave A Comment