ബീമാ ബീവിയും ബീമാപള്ളി വെടിവെയ്പും:  ചരിത്രo ആവർത്തിക്കുന്നു

പണ്ട് രാജഭരണകാലത്താണ് അറേബ്യയിൽ നിന്നും ഒരു ഉമ്മയും മകനും തിരുവിതാംകൂറിന്റെ മണ്ണിലെത്തുന്നത്. ദീർഘയാത്രക്കൊടുവിൽ  തിരുവിതാംകൂറിന് പടിഞ്ഞാറ് അറബിക്കടലിനോട് ചേർന്നു കിടന്ന തങ്ങൾക്കനുയോജ്യമായ ഒരു പ്രദേശം തെരഞ്ഞെടുത്തു. ബീമ ബീവിയുടെയും മകൻ മാഹീൻ അബൂബക്കറിന്റെയും ആത്മീയ ചികിൽസയും എളിമയാർന്ന സമീപനവും ജനങ്ങളെ അവരിലേക്കാകൃഷ്ടരാക്കി. അവരെ കൂടുതൽ അടുത്തറിയുകയും ഇഷ്ടപ്പെടുകയും ചെയ്ത ജനങ്ങൾ സാവധാനം ഇസ്‌ലാം ആശ്ലേഷിക്കുകയും ഇസ്ലാമിക ആചാരനുഷ്ടാനങ്ങളിൽ സജീവമാകാനും തുടങ്ങി. 

തന്റെ ഭരണ പ്രദേശത്ത് പുതുതായി ഉടലെടുത്ത സംഭവങ്ങളറിഞ്ഞ രാജാവും അനുയായികളും അസ്വസ്ഥരാവുകയും അവർ രണ്ട് പേരെയും നാട്ടിൽ നിന്നും അകറ്റാനും പദ്ധതികൾ തയ്യാറാക്കി തുടങ്ങി. അതിന്റെ ഭാഗമെന്നോണം അവരുടെ മേൽ പുതിയ നികുതി കണക്കുകൾ പ്രഖ്യാപിച്ചു. എന്നാൽ ബീമാ ബീവി നികുതി നിഷേധിക്കുകയും അവിടെ തന്നെ താമസം തുടരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അക്രമങ്ങൾകൊടുവിൽ മുസ്‌ലിം ന്യൂനപക്ഷത്തിന് മേൽ ഒരു കലാപത്തിന് തുടക്കം കുറിച്ചു. കലാപത്തിനിടയിൽ മാഹീൻ അബൂബക്കർ (റ) അടക്കo ഒട്ടനവധി മുസ്‌ലിംകൾ രക്തസാക്ഷികളായി. നാൽപതാം നാൾ മകന്റെ വേർപാടിൽ ദുഖിതയായി ബീമ ബീവിയും മരണപ്പെട്ടു. പിന്നീട് ഇരുവരുടെയും ഖബറുകൾക്ക് മേലെ ഒരു പള്ളി ഉയർന്നതോടു കൂടി ബീമപള്ളി എന്ന നാടിന്റെ ചരിത്രം ആരംഭിക്കുന്നു.

വർഷങ്ങൾക്കു മുൻപ് രാജഭരണം ന്യൂനപക്ഷമായിരുന്ന മുസ്‌ലിംകൾക്ക് മേൽ നടത്തിയ ആക്രമത്തിന്റെ ആവർത്തനമാണ് 2009 മെയ് 17ന് ഇടതു സർക്കാരിന്റെ പോലീസ് ബീമാപള്ളിയിലെ മുസ്‌ലിംകൾക്ക് മേൽ നടത്തിയ അഴിഞ്ഞാട്ടം.  മുന്നറിയിപ്പുകളില്ലാതെ പൊട്ടിയ വെടിയുണ്ടകൾ കവർന്നത് ആറു ജീവനുകളണ്. ഇന്നും ബീമാപള്ളിയിൽ അസഹനീയമായ വേദനയും കടിച്ചമർത്തി നഷ്ടങ്ങളുടെ ഓർമ്മകളുമായി ജീവിക്കുന്നവർ ധാരാളമാണ്.

 കൊമ്പ് ശിബു എന്ന ചെറുകിട ഗുണ്ട ബീമാപള്ളിയിലെ കച്ചവടക്കാരെ ഭീഷണപ്പെടുത്തി പണം കൈക്കലാക്കുന്നതിൽനിന്നുമാണ് തുടക്കം. ശിബുവും സംഘവുമായുള്ള തർക്കമാണ് ചെറിയ തുറ,ബീമാപള്ളി നിവാസികൾ തമ്മിലുള്ള സംഘർഷമായി മാറുകയും അത് വെടിവെപ്പിലേക്കെത്തുകയും ചെയ്തത്. ചെറിയൊരു തർക്കം വലിയൊരു സംഘർഷമായി മാറാനുള്ള മുഖ്യ കാരണം പോലീസിന്റെ അനാസ്ഥയാണ്. ശിബുവിനെതിരെ പള്ളി കമ്മറ്റിയും നാട്ടുകാരും നൽകിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന  പോലീസിന്‍റെ അനാസ്ഥയാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

Also Read:ബീമാപള്ളി: നാടിനായി സമര്‍പ്പിച്ച ഒരു ഉമ്മയുടെയും മകന്റെയും കഥ 


സംഘർഷഭരിതമായ പ്രദേശത്ത് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഷിബുവിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും പോലീസ് അതിന് കൂട്ടാക്കിയില്ല. ഇക്കാരണത്താൽ മെയ് 17ന്   ഷിബുവും സംഘവും ബീമാപള്ളിയിലേക്ക് വന്ന ബസ്സ് തടഞ്ഞുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വീണ്ടും ഒരു സംഘർഷം ആരംഭിക്കുകയും ഈ അവസരം മുതലാക്കി പോലീസ് വെടിവെപ്പിന് മുൻപുള്ള യാതൊരു മുൻവിധികളും പാലിക്കാതെ മുസ്‌ലിംകൾക്കെതിരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഭയന്നോടിയവരെ പിന്തുടർന്ന് വെടിവെക്കുകയും വീണവരെ തോക്കിന്റെ പാത്തി കൊണ്ടും ബയണറ്റ് കൊണ്ടും ആക്രമിക്കുകയും ചെയ്തു. എന്നാൽ, വെടിവെപ്പിനെ പറ്റി പോലീസ് കലക്ടറുമായി ചർച്ച ചെയ്യുകയോ അറിയിക്കുകയോ ചെയ്തിരുന്നില്ലെന്ന് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഏകപക്ഷീയ ആക്രമണത്തിന്റെ പിന്നാമ്പുറങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നു.

 70 റൗണ്ട് വെടിവെപ്പും 40 റൗണ്ട് ഗ്രനേഡ് പ്രയോഗവും ബീമാപള്ളിയെ യുദ്ധഭൂമിയാക്കി മാറ്റി. ഇതിലുണ്ടായ 6 മരണങ്ങളിൽ നിന്നും തടിയൂരുവാൻ പോലീസ് സ്വയം റിപ്പോർട്ട് ഉണ്ടാക്കുകയും  സബ് കളക്ടർ കെ ബിജു വിൻറെ അനുമതിയോടെയാണ് വെടിവെപ്പ് നടത്തിയതെന്നും എഴുതിച്ചേർത്തു. എന്നാൽ ഈ റിപ്പോർട്ട്  തള്ളുകയും ഒപ്പിടാൻ വിസമ്മതിക്കുകയുമാണ് അദ്ദേഹം ചെയ്തത്.തുടർന്നങ്ങോട്ട് ബീമാപ്പള്ളിയിൽ നടന്ന വെടിവെപ്പിനെ ഒരു വര്‍ഗീയ കലാപമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്’. കളക്ടറുടെയും ഡിജിപി യുടെയും റിപ്പോർട്ടുകൾ കടകവിരുദ്ധമായിരുന്നു.. ഡിജിപിയുടെ യുടെ റിപ്പോർട്ടുകൾ പോലീസിനെ  ന്യായീകരിക്കുന്നതായിരുന്നു. 

ബീമാപള്ളി വെടിവെപ്പിന് വർഗീയ കലാപം ആയി ചിത്രീകരിക്കാനും തങ്ങളുടെ തലയൂരുവാനും പോലീസ് മാധ്യമങ്ങൾക്ക് മേൽ ചെലുത്തിയ സമ്മർദം ചെറുതല്ല. വെടിവെപ്പിന് ശേഷം വന്ന ദേശാഭിമാനി റിപ്പോർട്ട് ഇപ്രകാരമായിരുന്നു " പിന്നീട് വലിയ കലാപ സാധ്യതയും ഏറ്റുമുട്ടലും ഉണ്ടായതിനാലാണ് വെടിവെക്കേണ്ടി വന്നത്". ഭരണകൂടത്തെയും പോലീസിനെയും സംരക്ഷിക്കാനായിരുന്നു ഇത്. 

ബീമാപള്ളിയിലെയും ചെറു തുറയിലെയും ആളുകൾ വർഗീയകലാപത്തെ നിഷേധിക്കുമ്പോഴും പോലീസ് ഇപ്പോഴും അതു മാത്രമാണ് വാദിക്കുന്നത്. കേരളത്തിൽ ഇതിനുമുൻപും പോലീസ് വെടിവെപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സമുദായത്തെ മാത്രം കേന്ദ്രീകരിച്ച് നടന്നത് ആദ്യമായിട്ടാണ്.
   "ഇന്ത്യയിലെ പോലീസ് അതിക്രമങ്ങൾക്ക് കൃത്യമായ വംശീയ വേരുകളുണ്ട്. മാത്രമല്ല ഇത്തരം അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ദലിത് - മുസ്ലിം ജനവിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്" എന്ന് ഡോ. ഗോപാൽ ഗുരു നിരീക്ഷിക്കുന്നു. .ഒരു സമൂഹത്തിൽ നിന്നുള്ളവർ മാത്രം അക്രമത്തിന് ഇരയാക്കപ്പെടുകയും മരിക്കുകയും ചെയ്യുമ്പോൾ ബീമാപള്ളി വെടിവെപ്പ് ഒരു വംശീയ ആക്രമണമാണെന്ന് വ്യക്തമാകുന്നു.

സത്യം പുറത്ത് കൊണ്ടുവരാനായി സര്‍ക്കാര്‍ ഒരു കമ്മീഷനെ പ്രഖ്യാപിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇന്ന് വരെ വെളിച്ചം കണ്ടിട്ടില്ല. ആ വെടിവെപ്പില്‍ മരിച്ചവര്‍ക്കും ഇന്നും മരിച്ചു ജീവിക്കുന്നവര്‍ക്കും ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും  നീതി ലഭ്യമായിട്ടില്ലെന്നത് നാം വാനോളം അഭിമാനം കൊള്ളുന്ന കേരള മോഡലിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി ഇന്നും അവശേഷിക്കുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter