യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ ഭാഗം 01- ഖുര്‍ആന്‍: ദൈവം മനുഷ്യനെ വെല്ലുവിളിക്കുകയോ?
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന് പറയുന്നതോടൊപ്പം അതല്ലെന്ന് പറയുന്നവരെ സമാനമായ ഒരു ചെറിയ അധ്യായമെങ്കിലും രചിക്കാന്‍ വെല്ലുവിളിക്കുന്നുണ്ട്. രണ്ടാം അധ്യായമായ സൂറതുല്‍ ബഖറയിലാണ് ഈ വെല്ലു വിളിയുള്ളത്. എന്നാല്‍ ഇതേ കുറിച്ച് പലരും സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇത്രവലിയ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ഒന്നുമല്ലാത്ത ഒരുകൊച്ചു മനുഷ്യനോട് ഇത്‌പോലോത്ത ഒരുഗ്രന്ഥം കൊണ്ടുവരാന്‍പറ്റുമോ എന്ന് വെല്ലുവിളിക്കുന്നത് അല്പത്തമല്ലേ എന്നാണ് ചിലര്‍ ചോദിക്കാറുള്ളത്. ഇതിന്റെ യുക്തിഭദ്രത നമുക്കൊന്ന് പരിശോധിക്കാം.
വാസ്തവത്തില്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്, അതിന്റെ ദൈവികതയെ നിഷേധിക്കുകയും ഇത് പ്രവാചകന്റെ വാക്കുകളാണെന്ന് പറയുകയും ചെയ്യുന്നവരെയാണല്ലോ. അവതരണവും പ്രചാരണവും തുടങ്ങിയതോടെ നിഷേധികള്‍ രംഗത്ത് വന്നപ്പോഴാണ് ഈ വെല്ലുവിളി സംഭവിക്കുന്നത്. ജീവിതത്തില്‍ ഒരു കളവ്‌പോലും പറയാത്ത വിശുദ്ധിയുടെ ലോകത്ത് ഏറ്റവും വലിയ മാതൃകയായി വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഒരു മനുഷ്യന്‍ ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നു എന്നത് എത്രമാത്രം വലിയ ആരോപണമാണ്. അത്തരത്തില്‍ ഏറ്റവും വലിയ വഞ്ചന ഏറ്റവും നിഷ്‌കളങ്കനായ ഒരുമനുഷ്യന്‍ നടത്തിയെന്ന് ആരോപിക്കുന്നവരോട് മാത്രമാണ് വെല്ലുവിളി.
ഇനി ആ വെല്ലുവിളിയുടെ സാംഗത്യം പരിശോധിക്കാം. നിരക്ഷരനായ ഒരുവ്യക്തിക്ക് ഇത്രയും സാഹിത്യസമ്പുഷ്ടവും അര്‍ത്ഥഗര്‍ഭവുമായ ഒരു ഗ്രന്ഥംകൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തേക്കാള്‍ എഴുതാനും വായിക്കാനുമറിയുന്ന സാഹിത്യപടുക്കളായ നിങ്ങള്‍ക്ക് കഴിയേണ്ടതല്ലേ എന്നാതാണ് വെല്ലുവിളിയുടെ സാരാംശം. അതില്‍ അസംഗതമോ അനുചിതമോ ആയി ഒന്നുമില്ലെന്ന് ആര്‍ക്കാണ് ബോധ്യപ്പെടാത്തത്.
ഇനി ഖുര്‍ആനെ പോലെതന്നെ മറ്റൊരു ഗ്രന്ഥം കൊണ്ടുവന്നാല്‍ അവിടെ ആരാണ് വിധികര്‍ത്താവാകുക എന്നതാണ് വിമര്‍ശകരുടെ അടുത്ത ചോദ്യം. ദൈവവും വിമര്‍ശകരും തമ്മിലുള്ള മത്സരത്തില്‍ ആരാണ് വിധികര്‍ത്താവ് എന്നാണ് ചോദ്യത്തിന്റെ പൊരുള്‍. എന്നാല്‍, വാദക്കാരുടെ അഭിപ്രായപ്രകാരം ദൈവവും വിമര്‍ശകരുമല്ല ഇവിടെ മത്സരം. മുഹമ്മദ് എന്ന ആരോപിതനായ മനുഷ്യനും വിമര്‍ശകരെന്ന മനുഷ്യരുമാണ്. അങ്ങനെ വരുമ്പോള്‍, മറ്റു മല്‍സരങ്ങളിലെന്ന പോലെ ആ മത്സരത്തിലും ലോകത്തുള്ള എല്ലാ ആളുകള്‍ക്കും വിധികര്‍ത്താവാകമല്ലോ.
ഇനി ഈ വിമര്‍ശകരുടെ പശ്ചാത്തലം കൂടി നമുക്കൊന്ന് പരിശോധിക്കാം. അതോടെ, എത്രമാത്രം അന്തരമുണ്ടെന്ന് നമുക്ക് തന്നെ വ്യക്തമാവും. മുഹമ്മദ് നബി ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാനും പരിഷ്‌കര്‍ത്താവുമാണെന്നും ആത്മീയലോകവും ഭൗതിക ലോകവും ഒരു പോലെ നിയന്ത്രിച്ച ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യനാണെന്നും തുടങ്ങി പ്രവാചകന്റെ മഹത്വം വിളിച്ചുപറഞ്ഞത്, മൈകല്‍ എച്ച് ഹാര്‍ട്ട്, ഗാന്ധിജി തുടങ്ങിയ ലോകം അംഗീകരിച്ച വ്യക്തിത്വങ്ങളും ബുദ്ധിശാലികളുമാണ്. എന്നാല്‍, പ്രവാചകരെ വിമര്‍ശിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ എന്ത് യോഗ്യതയാണ് ചൂണ്ടിക്കാണിക്കാനുള്ളത്.
ചുരുക്കത്തില്‍ ബുദ്ധിയും വിവേകവും മനുഷ്യസമൂഹത്തിന്റെ നന്മയില്‍ താല്പര്യവുമുള്ളവരെല്ലാം പ്രവാചകരെയും അവിടുത്തെ സേവനങ്ങളെയും പ്രകീര്‍ത്തിച്ചിട്ടേയുള്ളൂ. ലോകത്ത് ഇന്ന് വരെ ജീവിച്ചുപോയ ശതകോടിക്കണക്കിന് മനുഷ്യരില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ, ഇന്നും ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് പിന്തുടരുന്ന ഒരു വ്യക്തിത്വമാണ് മുഹമ്മദ് നബി എന്നത് അവിതര്‍ക്കിതമാണ്. ദേശ-ഭാഷകള്‍ക്കതീതമായി, ലോകത്ത് ഏറ്റവും കൂടുതല്‍ പാടിയും പറഞ്ഞും ഓര്‍ത്തും ഓര്‍മ്മിപ്പിച്ചും പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും സ്തുതിക്കപ്പെട്ടവന്‍ എന്ന അന്വര്‍ത്ഥമായ ആ നാമത്തിന്റെ ഉടമ തന്നെയാണ്. ആര്‍ക്കും നിഷേധിക്കാനാവാത്ത ആ പരമസത്യം തന്നെ, കേവല മനുഷ്യപ്രഭാവത്തിനപ്പുറം എന്തോ ആണെന്നത് ഉത്തമ സൂചകമാണെന്ന് പറയേണ്ടതില്ലല്ലോ. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്കെല്ലാം അത് ബോധ്യമാവുകയും ചെയ്യും.
ക്രോഡീകരണം- അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവ്
Leave A Comment