ആന്തരികവും ബാഹ്യവുമായ ശിര്‍കും വിലായത്തും -മക്തൂബ് 09

ഏറ്റവും പ്രിയപ്പെട്ട എന്‍റെ സഹോദരന്‍, ഖാളി സ്വദറുദ്ധീന്‍.
വിലായത്തിന്‍റെ പവിത്രത കൊണ്ട് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

ഈമാന്‍ പൊതുവായ വിലായത്താണ്. വിശ്വാസമുള്ളവന്‍  ഔലിയഇന്റെ പൊതു ശ്രേണിയില്‍ പെടുന്നു. വളരെ സാധാരണമായതിനാല്‍ തന്നെ ആ വിശ്വാസി ദൈവശാസനകള്‍ അവഗണിക്കാനും നിരോധനകള്‍ വര്‍ത്തിക്കാനുമുള്ള സാധ്യതയുണ്ട്. 

എന്നാല്‍ കല്‍പനകളെ പൂര്‍ണ്ണമായും പാലിക്കുകയും നിരോധനകളെ വെടിയുകയും ചെയ്യുന്ന രണ്ടാം വിഭാഗം ഔലിയാഉണ്ട്. ഇക്കൂട്ടര്‍ ഒന്നാം വിഭാഗത്തേക്കാള്‍ സവിശേഷതയുള്ളവരാണ്.  ഇവരോട് തുലനം ചെയ്യുമ്പോള്‍ ഒന്നാം വിഭാഗം വളരെ സാധാരണക്കാരാണ്. 

അതിവിശിഷ്ടരായ മൂന്നാം വിഭാഗമുണ്ട്. അല്ലാഹുവിന്റെ കല്‍പ്പനകളെ പാലിക്കുകയും നിരോധനകള്‍ വെടിയുകയും ചെയ്യുന്നതോടൊപ്പം ശാരീരികേഛകളെയും ഉടലിന്റെ മോഹങ്ങളെയും കീഴടക്കിയവരാണവര്‍.  സ്വശരീരത്തിന്‍റെ താല്‍പര്യങ്ങളേക്കാള്‍  ഇവര്‍ അല്ലാഹുവിന്‍റേതിനു പ്രഥമസ്ഥാനം നല്‍കുന്നു. ദൈവനിഷേധത്തിന്റെ അടിസ്ഥാനം ശാരീരികേഛകളെ പിമ്പറ്റലാണെന്ന് മനസ്സിലാക്കുന്ന ഇവര്‍ സ്വതാല്‍പര്യങ്ങളുടെ പൂര്‍ത്തീകരണം പോലും ശിര്‍ക്കാണെന്ന് വിശ്വസിക്കുന്നു. അല്ലാഹുവിന്‍റെ വചനം സുവിതിദമല്ലൊ, സ്വേഛയെ ദൈവമാക്കി വച്ചവനെ താങ്കള്‍ കണ്ടിട്ടുണ്ടോ? (സൂറതുല്‍ജാസിയ-23)

ശിര്‍ക്ക് എന്താണെന്ന് അറിയല്‍ ഇത്തരുണത്തില്‍ അത്യന്താപേക്ഷിതമാണ്. ഈ വിഭാഗത്തിന്‍റെ അടുക്കല്‍ ശര്‍ക്ക് രണ്ട് ഇനമാണ്. പ്രത്യക്ഷമായതും പരോക്ഷമായതും.

പ്രത്യക്ഷ പങ്കുചേര്‍ക്കല്‍ എന്നാല്‍ അല്ലാഹുവിനെയല്ലാത്ത മറ്റൊരു ആരാധ്യനെ സ്വീകരിക്കലാണ്. ഈമാനിന്റെ മൗലിക തത്വങ്ങളോട് കടകവിരുദ്ധമാണിത്. ഇതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ. 

രണ്ടാമത്തേത് തന്‍റെ ആവശ്യങ്ങള്‍ നിറവേറാന്‍ വേണ്ടി അല്ലാഹു അല്ലാത്ത ഒരാളോട് സഹായം തേടലാണ്. ആത്മജ്ഞാനികളില്‍ ചിലര്‍ പറഞ്ഞു: അല്ലാഹു അല്ലാത്ത വല്ലതിനും ഉണ്മയുണ്ടെന്നു വിശ്വസിക്കലാണ് ആരിഫീങ്ങളുടെ അഭിപ്രായത്തില്‍ ശിര്‍ക്ക്.

മറ്റു ചിലര്‍ പറയുന്നത് ഇപ്രകാരമാണ്. ആന്തരികശിര്‍ക് എന്നാല്‍ തന്‍റെ വാക്കുകളും പ്രവൃത്തികളും തന്നിലേക്കു തന്നെ ചേര്‍ക്കലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സ്വയം തന്ത്രങ്ങള്‍ മെനയലുമാണ്. ആന്തരികശിര്‍ക് തൗഹീദിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കിലും പൂര്‍ണ്ണതക്കെതിരാണ്. കവിയുടെ വാക്കുകള്‍ മഹത്തരമാണ്.

നിന്റെ 
ഏകത്വതിന്റെ
ഖുല്‍സൂം നദിയിലിറങ്ങിയ നേരം
ഞാനെല്ലാം വിസ്മരിച്ചു.
മനുഷ്യരെയോ
മാലാഖമാരേയോ
ഞാനോര്‍ത്തില്ല.
നിന്‍റെ
ഏകതയെ 
ദര്‍ശിക്കുമ്പോഴാണ്
ഞാന്‍
സ്വതന്ത്രനാകുന്നത്.

ഒരു രാജാവിന്റെ പരിവാരങ്ങളില്‍ സാധാരണക്കാരും സവിശേഷക്കാരുമുണ്ടാകുമെന്നത് സുവിദിതമാണല്ലോ. ഒരു വിഭാഗം രാജകല്‍പ്പനകള്‍ ശിരസാവഹിക്കുകയും നിരോധനകള്‍ വെടിയുകയും ചെയത് നിലകൊള്ളുന്നു. രാജസന്നിധിയല്‍ ഇവരുടെ സ്ഥാനവും മഹത്വവും ഇതുമാത്രമാണ്. മറ്റൊരു വിഭാഗം ഇവരേക്കാള്‍ സവിശേഷതയുള്ളവരും രാജാവുമായി സഹവാസത്തിനു പോലും അവസരം ലഭിക്കുന്നവരുമാണ്. മറ്റൊരു വിഭാഗം  രാജാവിന്‍റെ കൂടിയാലോചനക്കു പോലും പരിഗണിക്കപ്പെടുന്ന തരത്തില്‍ മഹത്വമുള്ളവരാണ്.

Read More: മക്തൂബാതെ സ്വദി മക്തൂബ് 08- ഇവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍

മറ്റൊരു വിഭാഗം രാജാവുമായി ഒന്നാകാന്‍ അവസരം ലഭിച്ചവരാണ്.  രാജാവിന്റെ ഭരണമേഖലകളില്‍ സ്വന്തം അധികാരസ്ഥലങ്ങളിലെന്ന പോലെ അവര്‍ കൈകാര്യം ചെയ്യുന്നു. അതൊരിക്കലും തെറ്റുദ്ധാരണക്കോ വഞ്ചനക്കോ കാരണമാകുന്നില്ലതാനും.

ശരീഅതിലും തതുല്ല്യമായി ഉദാഹരണങ്ങള്‍ കാണാം. ഒരു പിതാവിനു തന്‍റെ മകന്‍റെ സ്ഥാനത്തിരുന്ന് ഇടപാടുകള്‍ ചെയ്യാം. പ്രായപൂര്‍ത്തിയായ ശേഷം മകന് അത് നിഷേധിക്കാനാവില്ല. ഇവിടെ പിതാവും പുത്രനും ഒന്നായിത്തീരുന്നു. ഇക്കാരണത്താലാണ് ആത്മീയാചാര്യന്മാര്‍ ഇപ്രകാരം പറയുന്നത്. സാധാരണക്കാരോടുള്ള നിരോധന സവിശേഷക്കാരോടുള്ള  അനുവാദമാവാറുണ്ട്. മക്കയില്‍ വെച്ച് യുദ്ധം ചെയ്യാന്‍ പ്രവാചകന്‍ അനുവാദം നല്‍കപ്പെട്ടതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അടിസ്ഥാന പരമായി അതു നിഷിദ്ധമാണെങ്കിലും നബിക്ക് അനുവദിച്ചു കൊടുക്കുകയും ചില സത്യനിഷേധികളെ നബി വധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇടയിലുള്ള ഒരുമയെ അറിയിക്കുന്നു. ഇതുപോലെയാണ് നോമ്പ് മുറിച്ച അഅ്റാബിയോടുള്ള പ്രവാചകന്‍റെ വാക്കും. പ്രവാചകന്‍ പറഞ്ഞു: നീ ഭക്ഷിക്കുകയും നിന്‍റെ കുടുംബത്തെ ഭക്ഷിപ്പിക്കുകയും ചെയ്യൂ. ശേഷം പ്രവാചകന്‍ തുടര്‍ന്നു, ഇതു നിനക്ക് അനുവദനീയമാണ്. നീയല്ലാത്ത മറ്റൊരാള്‍ക്കും അനുവദനീയമല്ല.

മതത്തിന്റെ നിയമവ്യവസ്ഥയെ എടുത്തുകളയുന്നതായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ കാര്യം അങ്ങനെയല്ല. ശരീഅതിനെ സംരക്ഷിക്കാന്‍ വേണ്ടി സാധാരണവിശ്വാസികളെ അതിന്‍റെ നിയമാവലികള്‍ക്കുള്ളില്‍ നിലനിര്‍ത്തി. അതോടൊപ്പം അല്ലാഹുവിന്‍റെ അധികാരത്തില്‍ ഇടപെടാന്‍  കഴിയുന്ന പ്രത്യേകക്കാരില്‍ പ്രവാചകന്‍ ഉള്‍പ്പെട്ടതിനാല്‍  തന്‍റെ സവിശേഷത വെളിപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷത്തില്‍ തന്നെ ശരീഅതിനു വിരുദ്ധമായ തീരുമാനങ്ങള്‍ ചിലര്‍ക്ക് നബി നല്‍കുകയും ചെയ്തു. 

ഖാജാ സനാഈ(റ) തന്‍റെ മസ്നവിയില്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വെളിച്ചം വീശുന്നത്.

കഷ്ടം!
നിന്‍റെ വിലയിടിഞ്ഞല്ലോ.
അതു
തുരമ്പെടുത്തല്ലോ.
ഇനിയും
ആ അധികാരം
നിനക്ക് വാഴാനാകില്ല.
പിശാച്
നിന്‍റെ സിംഹാസനത്തില്‍ 
ആസനസ്ഥനായിരിക്കുന്നു.
എങ്കിലും
ഖാതമുണ്ടെങ്കില്‍
ജിന്നും പിശാചുക്കളും
നിന്‍റെ വഴിയെ വരും.
സഹോ,
ആദ്യവും അന്ത്യവും
നീയൊരു മാലാഖ.
പക്ഷെ
കോങ്കണ്ണ് ബാധിച്ച നിന്‍റെ കാഴ്ചകളില്‍
ഒന്ന് രണ്ടായും രണ്ട് നൂറായും കാണുന്നു.
ഇവിടെ
ഒന്നും രണ്ടും നൂറുമില്ല.
നീ എന്ന ഒരാള്‍ മാത്രം.

നിസ്സംശയം, അടിസ്ഥാനപരമായി പ്രവാചകന്‍മാരെല്ലാം ഒരേ സ്ഥാനക്കാരാണ്. എന്നിട്ടും ചിലര്‍ക്ക് അല്ലാഹു ചില സവിശേഷതകള്‍ നല്‍കി. അപ്രകാരം തന്നെയാണ് എല്ലാ വിശ്വാസികളും. അടിസ്ഥാനപരമായി എല്ലാവരും സമന്മാരാണ്.  എന്നാലും ചിലര്‍ മറ്റു ചിലരേക്കാള്‍ പവിത്രത ഉള്ളവരാണ്.

ചുരുക്കത്തില്‍ പലരും പല തട്ടിലാണുള്ളത്. ഇത് അനിഷേധ്യമായ കാര്യമാണ്. ഒരു ഉദാഹരണം പറയാം. രാജാവിന്‍റെ സേനാംഗങ്ങള്‍ എല്ലാവരും അദ്ധേഹത്തിന്‍റെ കല്‍പ്പനാധികാരത്തിന്‍റെ കീഴില്‍ സമന്മാരാണ്. എങ്കിലും അവരുടെ പദവികളില്‍ വ്യത്യാസങ്ങളുണ്ടല്ലോ. ശുചീകരണത്തൊഴിലാളി, വേലക്കാരന്‍, പാറാവുകാരന്‍, നിരീക്ഷകന്‍, ഖജനാവു സൂക്ഷിപ്പുകാരന്‍, കൂടിയാലോചനക്കാരന്‍, മന്ത്രി എന്നീ വിവിധ തരക്കാരാണവര്‍. കൂട്ടത്തില്‍ ഒരുത്തന്‍ രാജാവിന്‍റെ അധകാരച്ചെങ്കോല്‍ പോലും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ സമീപസ്ഥനായിരിക്കും. അദ്ധേഹത്തിന്‍റെ കല്‍പനയും വിലക്കും നിര്‍ദേശങ്ങളും രാജാവിന്‍റേതു തന്നെയാണ്. ചിന്താശേഷിയുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിത്. 

സാധാരണവിശ്വാസികളും ഇപ്രകാരം തന്നെയാണ്. തന്‍റെ താഴെയുള്ളവരിലേക്കു നോക്കുമ്പോള്‍ ഓരോരുത്തരും സവിശേഷതയുള്ളവരാണ്. എന്നാല്‍  മുകളിലുള്ളവരെ അപേക്ഷിച്ച് ഇവര്‍ സാധാരണക്കാരാണു താനും.  അല്ലാഹുവിന്‍റെ അടുക്കല്‍ സവിശേഷപദവി നേടുമ്പോഴാണ് ഔലിയാഇന്‍റെ പദവി സാധ്യമാകുന്നത്.  അവരുടെ അകവും പുറവും  ഒന്നാണ്. വാക്കും പ്രവൃത്തിയും ഹഖിനോട് വിരുദ്ധമാകുന്നില്ല. തന്‍റെ സഹജീവികളോട് സഹവസിക്കുന്നതിനപ്പുറം സ്വയം അല്ലാഹുവിന്‍റെ വഴിയില്‍ ബലിദാനം ചെയ്യുന്നവരാണവര്‍. ഇഹപരലോകത്തെ അനുഗ്രഹങ്ങള്‍ അവരെ തേടിയെത്തിയാലും അതിനെ അവര്‍ അവഗണിക്കുന്നു. പകരം തന്‍റെ ഇഷ്ടഭാജനത്തിന്‍റെ പ്രണയത്തിലവര്‍ അലിഞ്ഞുചേരുന്നു. അല്ലാഹുവിലാണ് അവരുടെ പ്രതീക്ഷ. അവനോടു മാത്രമാണ് അവര്‍ക്ക് ഭീതിയുള്ളതും. അല്ലാഹു മാത്രമാണ് അവര്‍ക്ക് ആനന്ദകരമായിട്ടുള്ളത്. അവനല്ലാത്തതെല്ലാം അരോചകമാണ്. അവനെ മാത്രം ഓര്‍ക്കുകയും മറ്റെല്ലാം വിസ്മരിക്കുകയും ചെയ്യുന്നു. അവരുടെ അകവും പുറവും സാരസര്‍വ്വസ്വവും ആ ദിവ്വ്യ പ്രണയത്തില്‍ നിമഗ്നമാണ്. ആ പ്രണയഭാജനത്തിനല്ലാതെ അവരുടെ ഹൃത്തടത്തില്‍ ഇടമില്ല തന്നെ. 

ഈ ദിവ്വ്യ പ്രണയം വിരിഞ്ഞ, കവിയുടെ വാക്കുകള്‍ ഇപ്രകാരമാണ്.

വിശേണങ്ങളെയല്ല
നീ
കാമിക്കേണ്ടത്,
ഉടലിനെയാണ്.
അപ്പോള്‍
നീ
മെഹ്ബൂബായിത്തീരുന്നു.

കാലം
മാറ്റിമറിക്കുന്ന
വിശേഷണങ്ങളില്‍
നീ വരിക്കരുത്,
അത്
നിന്നെത്തന്നെ
മറച്ചുകളയും.

ഈ പദവിയിലെത്തുന്ന ഒരാള്‍ക്ക്  താന്‍ ഔലിയാഇല്‍ പെട്ടവനാണെന്ന ബോധം ഉണ്ടായിരിക്കില്ലെന്നാണ് പ്രബലമായ വീക്ഷണം. കാരണം വിലായത്തിന്‍റെ ഉപാധി അതിനെ ലക്ഷ്യം വെക്കാതിരിക്കലോ അതു തെരഞ്ഞെടുക്കാതിരിലോ ചെയ്യലാണല്ലോ. തന്‍റെ ആവശ്യങ്ങളെല്ലാം തന്‍റെ ഇഷ്ടഭാജനത്തില്‍ നിന്നും അദ്ധേഹം നേടിയെടുക്കും. സ്വന്തത്തിലേക്കു പോലും അദ്ധേഹം ആവശ്യക്കാരനല്ല.  അദ്ധേഹം അല്ലാഹുവിന്‍റെ മേല്‍ സത്യം ചെയ്തു പറയുകയാണെങ്കില്‍ അല്ലാഹു അതു നിറവേറ്റിക്കൊടുക്കും എന്ന പ്രവാചക വാക്കുകള്‍ പ്രസക്തമാണ്. ഇവിടെ, എങ്കില്‍ എന്ന് പറഞ്ഞതില്‍ നിന്നും അവര്‍ അപ്രകാരം സത്യം ചെയ്യില്ല എന്നും നിറവേറ്റിക്കൊടുക്കും എന്നതില്‍ നിന്നും അവര്‍ സത്യം ചെയ്താല്‍ അല്ലാഹു അതു നിറവേറ്റിക്കൊടുക്കുമെന്നും മനസ്സിലാക്കാം. അഥവാ ഔലിയാ എന്ത് തേടിയാലും നേടിയെടുക്കാനാവും. പക്ഷെ പൊതുവെ അവര്‍ അപ്രകാരം ചെയ്യാറില്ല

ഒരാത്മജ്ഞാനിയുടെ വാക്കുകള്‍ ഇപ്രകാരമാണ്

കാമുകന്‍
തന്‍റെ 
പ്രണയഭാജനത്തെ
വരിച്ചാല്‍
അവന്‍ നിര്‍ഭയനായി.

ലോകം
മുഴുവനും
മണല്‍തരിയേക്കാള്‍
അവനു
നിസ്സാരം

പ്രാണസ്വരൂപത്തിന്‍റെ
ലോകത്തുനിന്നും
ഇടയാളരില്ലാത്ത
ഒരു വിളി വരുന്നു

നീ ഇല്ലായിരുന്നെങ്കില്‍.....

സ്വത്വത്തിലേക്കു നോക്കുന്നതില്‍ നിന്നും ഔലിയാ സുരക്ഷിതരാണ്. അത്കൊണ്ട് തന്നെ ലോകമാന്യം അവര്‍ക്ക് വരില്ല. സ്വശരീരത്തില്‍ നിന്നും മുഖം തിരിക്കുമ്പോഴാണല്ലോ ഈ പദവിയിലെത്തിച്ചേരാന്‍ ഇവര്‍ക്കാവുന്നത്. 

ആത്മജ്ഞാനികളില്‍ പെട്ട ഒരാളുടെ വാക്ക് ഇപ്രകാരമാണ്

നീ
നിന്നില്‍ തന്നെയാണെങ്കില്‍
കഅബ പോലും
നിന്‍റെ ആരാധനയാല്‍
മലിനമാകുന്നു,
നീ
നിന്നെയും വിട്ട് പുറത്തുവന്നാല്‍
ബിംബാലയങ്ങള്‍പോലും
ബൈതുല്‍ മഅ്മൂറായി മാറുന്നു.

അദ്ദേഹം പൊതുജനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവനായിരിക്കും. പ്രസിദ്ധികളില്‍ പെട്ട് വഞ്ചിക്കപ്പെടാതിരിക്കാനാണത്. കാരണം ജനങ്ങളില്‍ നിന്നും ലഭ്യമാകുന്നത് ഒന്നുകില്‍ നിന്ദയോ അല്ലെങ്കില്‍ മുഖസ്തുതിയോ ആണ്. അവ രണ്ടും മതഗാത്രത്തിന് ഹാനികരമാണ്.  ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഒരാളുടെ ആരാധന സ്വീകാര്യയോഗ്യമാകുന്നതിന്‍റെ പ്രത്യക്ഷ തെളിവ് ആരാധ്യനായ നാഥനല്ലാത്ത ഒന്നിലേക്കും തന്‍റെ ശ്രദ്ധ പതിയാതിരിക്കല്‍ ആണ്. അഹംഭാവം ഉള്ളവരുടെ ലക്ഷണമാണ് തന്‍റെ ആരാധനകളില്‍ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇടം തീര്‍ക്കല്‍. അത്തരക്കാര്‍ സ്വശരീരത്തിന്‍റെ അടിമകളാണ്. ദൈവദാസന്മാരല്ല. ലോകമാന്യം ബാധിച്ച കണ്ണുകളുള്ളവന്‍ അല്ലാഹുവിനെ കണ്ടെത്തില്ല. പകരം തനിക്കു ചുറ്റുമുള്ളവരെ മാത്രമാണ് കാണുക. അന്നേരം അവന്‍ അവരുടെ അടിമകളാണ്. അല്ലാഹുവിന്റെയല്ല. സ്വശരീരത്തിന്‍റെയോ സൃഷ്ടികളുടെയോ അടിമയായവന്‍ അല്ലാഹുവിനോട് പ്രതിഫലം തേടല്‍ തികച്ചും വിരോധാഭാസമാണ്.

  Read More: മക്തൂബ്-07 ആചാര്യനെ അന്വേഷിക്കുമ്പോള്‍

ഒരു സാധാരണ മനുഷ്യനായിരിക്കെ തന്നെ, മാനുഷികമായ അപചയങ്ങളില്‍ നിന്നും വലിയ്യ് സുരക്ഷിതനായിരിക്കും. അഥവാ നിന്ദ്യമായ ജീവിതക്രമങ്ങളില്‍ നിന്നും ദുര്‍ചിന്തകളില്‍ നിന്നും അദ്ധേഹം മോചിതനായിരിക്കുമെന്നു സാരം. അത്തരം കാര്യങ്ങള്‍ വര്‍ത്തിക്കാനുള്ള ആന്തരികചോദനകള്‍ ഉണ്ടായിരക്കെ തന്നെ അതില്‍ നിന്നും അദ്ധേഹം അകലം പാലിക്കുന്നു. അങ്ങനെ       ആയില്ലെങ്കല്‍ അദ്ദേഹത്തിന്‍റെ നടപടികള്‍ പ്രശംസനീയമാകില്ല.  കാരണം മ്ലേഛമായ ഒരു കാര്യം ചെയ്യാനുള്ള ഭൗതികസാഹചര്യങ്ങള്‍ ഇല്ലാത്തതിനാലോ അല്ലെങ്കില്‍ അദ്ധേഹം അശക്തനായതിനാലോ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെങ്കില്‍ അതില്‍ പ്രശംസക്ക് വകയില്ലല്ലോ. അസാധ്യമായ കാര്യം ചെയ്യാത്തത് ഒരു നേട്ടവുമല്ലല്ലോ.  സാധാരണയില്‍ ഒരാള്‍ സ്രഷ്ടാവിനെ വഴിപ്പെട്ടതിന്‍റെ പേരില്‍ പ്രതിഫലവും വഴികേടു കാണിച്ചതിന്‍റെ പേരില്‍ ശിക്ഷയും അര്‍ഹിക്കുന്നതും ഈ അടിസ്ഥാനത്തിലാണ്. രണ്ടിനുമുള്ള സാഹചര്യങ്ങള്‍ മനുഷ്യനുണ്ട്. എന്നാല്‍ മാലാഖമാര്‍ക്ക് വഴികേടിനുള്ള സാധ്യത ഇല്ല തന്നെ. അക്കാരണത്താല്‍ തന്നെ നന്മ ചെയ്തതിനാല്‍ പ്രതിഫലമോ തിന്മക്കു ശിക്ഷയോ അവര്‍ക്കില്ല. ഒരു സൃഷ്ടി നേടാന്‍ കൊതിക്കുന്ന എല്ലാ വിഹിതങ്ങളിലും ഒരു വലിയ്യിനും താല്‍പര്യം ഉണ്ടാകാം. പക്ഷെ ആ താല്‍പര്യങ്ങള്‍ക്കിടയില്‍ ഒരന്തരമുണ്ട്. സാധാരണക്കാര്‍ അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്കു മീതെ തങ്ങളുടെ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കുന്നു. ഔലിയാ തങ്ങളുടെ താല്‍പര്യങ്ങളേക്കാളും അല്ലാഹുവിന്‍റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നു. 

എന്‍റെ സഹോദരാ,
ഇതു നഷ്ടപ്പെട്ടു പോകുമോ എന്ന വേദനയും ബേജാറും നിനക്കുണ്ടായിരിക്കണം. അതേസമയം നീ ഹതാശനായിക്കൂട. നീതിയും ഔദാര്യവും അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ പെട്ടതാണ്. തന്‍റെ വിധിതീര്‍പ്പുകളിലേക്ക് നോക്കുമ്പോള്‍ അവന്‍ കടുത്ത നീതിബോധമുള്ളവനാണെങ്കിലും നമ്മുടെ അശക്തത കണ്ട് വലിയ നന്മചെയ്യുന്നവനുമാണ്. തന്‍റെ വിധിവിലക്കുകളെ നീതിപൂര്‍വ്വം അവന്‍ നടപ്പില്‍ വരുത്തിയാല്‍ സര്‍വ്വ ജനങ്ങളും വലിയ നാശത്തില്‍ അകപ്പെട്ടേനേ. അതേസമയം നമ്മുടെ അശക്തതയെ ദര്‍ശിച്ച് നാഥന്‍ ഉദാരത കാണിച്ചാല്‍ നമ്മുടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും സാധുവാകുകയും തിന്മകള്‍ നന്മയായും ന്യൂനതകള്‍ നേട്ടങ്ങളായും അവന്‍ മാറ്റുകയും ചെയ്യും. അന്നേരം നിരാശയോ ഭീതിയോ വരില്ല.
കവികളുടെ വാക്കുകള്‍ ശ്രദ്ധേയം

ഹൃദയമേ
ഇന്നു 
നീ നിരാശപ്പെടരുത്.
നിരാശ കാരണം
നാളെ
തന്‍റെ വിധികളെയവന്‍ 
നിരീക്ഷിക്കും,
നമ്മുടെ അശക്തതയെയാവില്ല. 

ഒരിക്കല്‍ ഇബ്റാഹീമു ബനു അദ്ഹം രാത്രിസമയം കഅ്ബ ത്വവാഫ് ചെയ്യുകയായിരുന്നു. ത്വവാഫിനിടെ അദ്ധേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ തിന്മകളില്‍ നിന്നും എന്നെ നീ കാക്കേണമേ. 

ഇതു കേട്ട ഒരാള്‍ ഇപ്രകരം പറഞ്ഞു: കാവലിന്‍റെ കീരീടം എല്ലാ ശിരസ്സുകളുമണിഞ്ഞാല്‍ പാപമോചനത്തിന്‍റെ കലവറയിലെ മുത്തുകളും കാരുണ്ണ്യത്തിന്‍ ഖനിശേഖരങ്ങളും ആരുടെ മേലാണ് വിതറുക?. ആരിലും പാപത്തിന്‍റെ കറ പുരണ്ടില്ലെങ്കില്‍ നമ്മുടെ കരുതലിന്‍റെ സോപ്പുകൊണ്ട് ആരെയാണ് നാം ശുദ്ധീകരിക്കുക? നിങ്ങളിലാരും പാപം ചെയ്യുന്നില്ലെങ്കില്‍ ആരോടാണ് പശ്ചാത്താപം സ്വീകരിക്കപ്പെടാനുള്ള രഹസ്യവിവരങ്ങള്‍ കൈമാറുക?.  

മനം നിറയെ പ്രതീക്ഷയുമായി പറഞ്ഞ കവിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ

നാഥാ,
ഞാന്‍ പാപിയാണ്,
നാണവും നെറിയുമില്ലാത്തവന്‍,
എന്നാലും
ഞാന്‍ ഖിന്നനല്ല.
കാരണം
ഈ വഴി നിന്നിലേക്കുള്ളതല്ലേ.
അഴുക്കില്‍ നിന്നും 
പാപിയെ 
വിമലീകരിക്കുകില്‍
അവന്‍ 
സര്‍വ്വോത്തമനും
പരിശുദ്ധനുമാകുമല്ലോ.

എന്‍റെ സഹോദരാ,

നന്മയുടെയും ഉദാരതയുടെയും മുകില്‍ വേണികളെ കൊണ്ട് അരുതായ്മയുടെയും അച്ചടക്കക്കേടിന്‍റെയും അഴുക്കുകളെ എന്നില്‍ നിന്നും നിന്നില്‍ നിന്നും ഇന്ന് മറച്ചുവെക്കുന്നവനാണ് അല്ലാഹു. അവന്‍ നാളെ പ്രവാചകന്മാരുടെയും ഔലിയാഇന്‍റെയും മാത്രമല്ല സകല സൃഷ്ടികള്‍ക്ക് മുമ്പില്‍ വെച്ച് നമ്മെ മാനക്കേടിലാക്കുമെന്ന് നീ കരുതുന്നുവോ?. 
ഒരു സന്തപ്ത കവിയുടെ വാക്കുകള്‍ ഇപ്രകാരമാണ്

പ്രണയിക്കുന്നവന്‍
പാപിയാണേലും
മദ്യത്തിന്‍റെ മത്തില്‍
മുങ്ങിയാലും,
തന്‍റ പ്രണയഭാജനം
ആ ന്യൂനത
 മറച്ചുപിടിക്കും,

പിന്നെ
എത്ര അശ്രദ്ധനായാലും
എന്തിനെയവന്‍ 
ഭയക്കണം?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter