വിശേഷങ്ങളുടെ ഖുർആൻ: (11)  പരിഭാഷകളുടെ സാംഗത്യവും സാധുതയും

പരിഭാഷകളുടെ സാംഗത്യവും സാധുതയും

"നാഥൻ്റെ വഴിയിലേക്ക് നയതന്ത്ര പരമായും സദുപദേശത്തിലൂടെയും ക്ഷണിക്കുക. അവരുമായി ഏറ്റവും അനുയോജ്യമായ രീതിയിൽ സംവദിക്കുക.''

അന്നഹ് ല് അധ്യായത്തിലെ സൂക്തം125 ൻ്റെ ആശയം ഏറെ പ്രധാനവും അർത്ഥ സംപുഷ്ടവുമാണ്. ഇസ് ലാമിക പ്രബോധനത്തിൻ്റെ മൗലികഭാവം എന്തായിരിക്കണമെന്ന് ഈ വചനം തെര്യപ്പെടുത്തുന്നു. ഇതിലെ ഹിക്മ: എന്ന പദത്തിന് നിരവധി അർത്ഥ തലങ്ങളുണ്ട്. നയതന്ത്രം എന്ന് ഇവിടെ അർത്ഥം നൽകിയത് വർത്തമാനകാലത്ത് തേയ്മാനം വന്ന് അരോചകമായി മാറിയ 'ഡിപ്ലോമസി'യുടെ വിവക്ഷയിലല്ല. മാറി വരുന്ന ഓരോ കാലത്തും സ്വീകാര്യവും ഫലപ്രദവും ആകർഷകവുമായ ഉപാധിയാണ് പ്രബോധകൻ സ്വീകരിക്കേണ്ടതെന്ന് ഇതിൽ നിന്ന് വായിച്ചെടുക്കാം.

ഹിക്മ: യ്ക്ക് ഖുർആൻ എന്ന അർത്ഥവും ചില വ്യാഖ്യാതാക്കൾ നൽകുന്നുണ്ട്. ഇമാം ബഗവി അടക്കമുള്ള പണ്ഡിതർ അങ്ങനെയാണ് വിശദീകരിച്ചത്. അല്ലെങ്കിലും ഇസ് ലാമിക സന്ദേശത്തിൻ്റെ അകക്കാമ്പ് ഖുർആനാണെന്ന കാര്യത്തിൽ ആർക്കാണ് സംശയം? തിരുനബി(സ) തന്നെ എന്നിൽ നിന്ന് ഒരു വചനമെങ്കിലും കൈമാറണമെന്ന് വിവരമുള്ള ഓരോ അനുയായികളോടും ആഹ്വാനം ചെയ്യുന്നുണ്ട്. ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസാണ്. വിടവാങ്ങൽ ഹജ്ജ് വേളയിൽ തൻ്റെ പ്രബോധന ദൗത്യം സത്യസന്ധമായി നിർവഹിച്ചുവെന്ന് പതിനായിരക്കണക്കിന് അനുയായികളെ സാക്ഷി നിർത്തി ആണയിട്ട് അംഗീകരിപ്പിച്ച ശേഷം ഇവിടെ ഹാജറുള്ളവർ മറഞ്ഞവർക്ക് സന്ദേശം കൈമാറണമെന്ന ആഹ്വാനം കൂടി നൽകുന്നുണ്ട്. (അബൂബക്റയിൽ നിന്ന് ബുഖാരി, മുസ് ലിം നവേദനം)

അലി (റ)യോട് ഖൈബർ യുദ്ധവേളയിൽ നടത്തിയ അഭ്യർത്ഥനയ്ക്ക് പിൻബലമായി നൽകിയ വാക്കും പ്രബോധന വീഥിൽ കൈവരുന്ന ആത്മസംതൃപ്തിയുടെ അളവ് വ്യക്തമാക്കുന്നുണ്ട്. 'നീ കാരണം ഒരാൾ നേർമാർഗം പ്രാപിക്കുന്നത് ചുവന്ന ഒട്ടകം ലഭിക്കുന്നതിലും ഉത്തമമാണ്.'( ഏറ്റവും വിലപ്പെട്ടത് ലഭ്യമാകുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദത്തിലേക്ക് സൂചന). ചുരുക്കത്തിൽ ഇസ് ലാമിക സന്ദേശത്തിൻ്റെ അകക്കാമ്പ് ജനങ്ങൾക്ക് പകർന്നു നൽകുകയാണ് പ്രബോധനത്തിൻ്റെ പ്രായോഗിക രൂപം. അത് ഖുർആനെ മാറ്റി നിർത്തി സാധ്യമല്ലെന്ന കാര്യം ഉറപ്പാണല്ലോ.

അതിനാൽ അറബികൾ കടന്നു ചെന്ന പ്രദേശങ്ങളിലെല്ലാം അവർ ആദ്യം വാമൊഴിയായും പിന്നീട് വരമൊഴിയായും ഖുർആൻ ഭാഷ്യങ്ങൾ കൈമാറി. അറബി ഭാഷ പഠിച്ചെടുത്തു ഖുർആൻ്റെ ലോകത്തേക്ക് കടന്നു ചെന്നവർ അങ്ങനെയും ആ ആശയം ഉൾക്കൊണ്ടു. മുസ് ലിംകൾ എവിടെയും അറബി ഭാഷ അടിച്ചേൽപ്പിക്കുകയായിരുന്നില്ല; മറിച്ച് ഖുർആൻ്റെ തീരത്തണയാനുള്ള ഉൽക്കടാഭിനിവേശം കാരണം അവിടത്തുകാർ ഭാഷയെ മാറോടണച്ചുപിടിക്കുകയായിരുന്നു. സ്പെയിനിൻ്റെ  അനുഭവങ്ങൾ ഉദാഹരണം. അറബി ഭാഷയുമായി ഒരു ബന്ധവുമില്ലാത്ത രാജ്യത്ത് പിൽക്കാലത്ത് അറബി ഭാഷയിൽ ഉന്നത ഭാഷാജ്ഞാനികളും ഗ്രന്ഥകർത്താക്കളും വ്യാകരണ വിദഗ്ധരും കവി സാമ്രാട്ടുകളുമാണ് ഉദയം ചെയ്തത്. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (10) ഗ്രന്ഥം വ്യാഖ്യാനിച്ചു ഗ്രന്ഥാലയങ്ങൾ

ഖുർആൻ ഇതര ഭാഷകളിലേക്ക് ഭാഷാന്തരം നടത്താമോ എന്ന ചോദ്യം സാങ്കേതികമാണ്. ഖുർആൻ്റെ ആശയങ്ങൾ അറബികൾക്ക് മാത്രമുള്ളതല്ലെന്ന കാര്യം ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതിനാൽ ഇതര ഭാഷക്കാർക്ക് അത് ലഭ്യമാക്കാൻ അവരുടെ ഭാഷയിൽ നൽകുകയാണല്ലോ പ്രായോഗികവും ഫലപ്രദവുമായ വഴി. അവരെല്ലാം അറബി ഭാഷ പഠിച്ചിട്ട് വേണം ഖുർആൻ പഠിപ്പിച്ചു കൊടുക്കാനെന്ന വാദം ഖുർആൻ്റെ വീക്ഷണവുമായി തന്നെ പൊരുത്തപ്പെടുന്നില്ല. 

"നാം ഒരു ദൂതനെയും അവരുടെ ജനതയുടെ ഭാഷയിലല്ലാതെ അയച്ചിട്ടില്ല. അങ്ങനെ അല്ലാഹു ഇച്ഛിക്കുന്നവരെ സൻമാർഗത്തിലാക്കുകയും ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും ചെയ്യുന്നു. അവൻ പ്രതാപിയും തന്ത്രശാലിയുമത്രെ'' എന്ന വചനത്തിൻ്റെ താൽപര്യം വ്യക്തമാണല്ലോ. മുഹമ്മദ് നബി (സ)  അന്ത്യപ്രവാചകനും ഖുർആൻ ലോക ജനതയ്ക്കുള്ള അവസാന ഗ്രന്ഥവുമാണെന്ന് വരുമ്പോൾ അതിലെ ആശയങ്ങൾ വിവിധ ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക അന്ത്യപ്രവാചകൻ്റെ അനന്തരാവകാശികളായ പണ്ഡിതരുടെ ബാധ്യതയായി വരുന്നു. അതാണ് വാമൊഴിയായും വരമൊഴിയായും വിവിധ ഭാഷകളിൽ പണ്ഡിതർ നിർവഹിച്ചു പോരുന്നത്. 

ഇവിടെ ഖുർആൻ പരിഭാഷപ്പെടുത്തുന്നതിനെ സംബന്ധിച്ച ചില വിരുദ്ധാഭിപ്രായങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. ഖുർആൻ്റെ ആശയങ്ങൾ അറബിയിലായാലും മറ്റു ഭാഷകളിലായാലും വിവരിച്ചു നൽകുന്നതിനെയാണ് നാം ഇത് വരെ ന്യായീകരിച്ചത്. അതിന് പരിഭാഷയെന്നോ വ്യാഖ്യാനമെന്നോ വിവർത്തനമെന്നോ മൊഴി മാറ്റമെന്നോ എന്ത് പേരിട്ട് വിളിച്ചാലും അത് അനുവദനീയവും അനിവാര്യവുമാണെന്ന കാര്യത്തിൽ തർക്കത്തിന് പ്രസക്തിയില്ല. 

അതേ സമയം ഖുർആൻ അതേപടി ഇതര ഭാഷയിൽ പകർന്നു നൽകുകയെന്നാണ് ഉദ്ദേശ്യമെങ്കിൽ അത് സാധ്യമോ സാധുവോ അനുവദനീയമോ അല്ലെന്ന കാര്യത്തിലും മുസ് ലിം പണ്ഡിതർക്കിടയിൽ തർക്കമില്ല. ഖുർആൻ്റെ ഭാഷ്യമോ വിവർത്തനമോ ഖുർആൻ്റെ സ്ഥാനത്ത് നിൽക്കില്ല. ഖുർആന് പകരം അത് പാരായണം ചെയ്തു പുണ്യം കാംക്ഷിക്കാനുമാവില്ല. ഖുർആൻ്റെ വിവക്ഷയായി പണ്ഡിതർ വിവരിച്ച ഒരു പ്രധാന കാര്യം അതിൻ്റെ പാരായണം ആരാധനയായി കണക്കാക്കുന്നുവെന്നാണ്. അത് ഖുർആൻ്റെ അറബി മൂലകൃതിക്ക് മാത്രം അവകാശപ്പെട്ടതാണ്. മൂലകൃതിയുടെ പിൻബലമില്ലാതെ പരിഭാഷയെ യഥേഷ്ടം അവലംബിക്കുന്ന സാഹചര്യം വന്നാൽ അത് ഖുർആൻ്റെ നിലനിൽപ്പിനും അമാനുഷികതയ്ക്കും ഭീഷണിയായിത്തീരുമെന്ന കാര്യം വ്യക്തമാണല്ലോ.

മാത്രമല്ല; ഖുർആൻ സ്രഷ്ടാവിൻ്റെ വചനമാണ്. അതിനെ ഏതെങ്കിലും സൃഷ്ടികളുടെ ഭാഷയിലേക്ക് പൂർണ രൂപത്തിൽ മൊഴിമാറ്റം നടത്താനുള്ള ശ്രമം പോലും അസംഭവ്യവും അപകടകരവുമാണ്. എക്സ്ട്രാ ഹൈ ടെൻഷൻ ലൈനിലെ വൈദ്യൂതി നേരിട്ട് സാധാരണ ലൈനിലേക്ക് പ്രസരിപ്പിക്കാൻ ശ്രമിച്ചാലുള്ള അപകടം നമുക്ക് അനുഭവമാണല്ലോ. അത് പോലെ നൃഷ്ടികളുടെ ഭാഷകൾ സ്രഷ്ടാവിൻ്റെ വചനങ്ങളെ അതേപടി ഉൾക്കൊള്ളാൻ പര്യാപ്തമല്ല. മാത്രമല്ല, പരിഭാഷകളെ സ്വതന്ത്ര സ്വഭാവത്തിൽ കൈകാര്യം ചെയ്തു മൂലരൂപത്തെ മാറ്റി നിർത്തുന്ന രീതി സാർവത്രികമായാൽ ഒറ്റ ഖുർആൻ്റെ സ്ഥാനത്ത് അനേകം ഖുർആനുകൾ നിലവിൽ വരും. മറ്റു പല മത ഗ്രന്ഥങ്ങൾക്കും വന്ന് പെട്ട ദുർഗതി ഖുർആന് കൂടി വന്നെത്തുകയും ചെയ്യും. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (9) വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പ്രാമാണികത

അത് പോലെ സ്വതന്ത്രമായും സ്വേഷ്ടപ്രകാരവും ഖുർആൻ വചനങ്ങളെ വ്യാഖ്യാനിക്കുന്ന രീതികളെയും എക്കാലത്തേയും പണ്ഡിതർ എതിർത്തതും നിരാകരിച്ചതുമാണ്. അന്ത്യപ്രവാചകനും തുടർന്നുള്ള മൂന്ന് തലമുറകളും വ്യാഖ്യാനിച്ചു കാണിച്ച അടിത്തറയിൽ നിന്ന് കൊണ്ട് മാത്രമേ പിൽക്കാല പണ്ഡിതർക്ക് മുന്നോട്ട് പോകാൻ പറ്റൂ. അല്ലാതെ നൂറ്റാണ്ടുകൾക്ക് ശേഷം വന്ന ഒരാൾ തോന്നിയത് പോലെ ഖുർആനികാശയങ്ങളെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും തുനിഞ്ഞാൽ അതിനെ പൊതുവായ അനുവാദത്തിൻ്റെ ചുവട് പിടിച്ച് അംഗീകരിക്കേണ്ട ബാധ്യതയില്ല.

അത് കൊണ്ട് മൊഴിമാറ്റത്തെ എതിർത്ത പണ്ഡിതരുടെ ആത്മാർത്ഥതയെയോ ഉദ്ദേശ്യശുദ്ധിയെയോ ചോദ്യം ചെയ്യേണ്ടതില്ല. മറിച്ച് ജാഗ്രതാ മുന്നറിയിപ്പായും അതി സൂക്ഷ്മതയുടെ അടയാളമായും കണ്ടാൽ മതി. ഇത്തരം വിഷയങ്ങളും അപകടങ്ങളും കടന്നു വരാനുള്ള പഴുതുകൾ അടച്ചു വേണം ഈ രംഗത്ത് പരീക്ഷണങ്ങൾ നടത്താൻ എന്ന് ചുരുക്കം. 

മൊറോക്കോയിലെ ഫാസ് സ്വദേശിയായ മുഹമ്മദ് ഹജ് വി സആലിബി (ക്രി. 1874 - 1956) 'ഖുർആൻ പരിഭാഷയുടെ വിധി' എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച നിബന്ധനകൾക്ക് വിധേയമായി ഖുർആൻ ആശയ വിവർത്തനത്തെ പ്രോൽസാഹിപ്പിച്ചും പ്രേരിപ്പിച്ചുമാണ് അദ്ദേഹം സമർത്ഥിക്കുന്നത്. മുസ് ലിം പണ്ഡിതർ  അനിവാര്യമായും നിരതരാകേണ്ട ഒരു പ്രധാന മേഖലയായി ഖുർആൻ പ്രചാരണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

കേരളീയ പണ്ഡിതരിൽ പ്രമുഖനും സമസ്ത ജനറൽ സെക്രട്ടറിയുമായിരുന്ന ശംസുൽ ഉലമാ ഇ കെ അബൂബക്ർ മുസ് ലിയാർ സൂക്ഷ്മതയുടെ പക്ഷത്ത് നിന്ന്, പരിഭാഷാ ശ്രമങ്ങളെ എതിർക്കുകയും നിരുൽസാഹപ്പെടുത്തുകയും ചെയ്തു. അതേ സമയം സമസ്തയുടെ മറ്റൊരു നേതാവായിരുന്ന കൂറ്റനാട് കെവി മുഹമ്മദ് മുസ് ലിയാർ പരിഭാഷയെ അനുകൂലിച്ചുവെന്ന് മാത്രമല്ല, നാല് വാള്യങ്ങളുള്ള ബ്രഹത്തായ ഖുർആൻ പരിഭാഷ തയ്യാറാക്കി ഇറക്കുക കൂടി ചെയ്തു. അതിന് ശേഷം സമസ്തയിൽ നിന്നും പുറത്ത് നിന്നുമായി ധാരാളം പണ്ഡിതർ മലയാളത്തിൽ ഖുർആൻ വിവർത്തന യജ്ഞവുമായി മുന്നോട്ട് വന്നു. 

ഈയിടെ 12 വാള്യങ്ങളുള്ള ഖുർആൻ വ്യാഖ്യാനം തയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രമുഖ പണ്ഡിതനും ചിന്തകനുമായ മുസ്ത്വഫൽ ഫൈസി ഒന്നാം വാള്യത്തിൻ്റെ മുഖവുരയിൽ വ്യാഖ്യാന/ വിവർത്തന വിഷയത്തിലെ വ്യത്യസ്ത നിലപാടുകളെ വിശകലനം ചെയ്തു പ്രമുഖ പണ്ഡിതരുടെ പിൻബലത്തിൽ അനുകൂല നിലപാടിന് അടിവരയിടുന്നുണ്ട്. 

കടപ്പാട്:ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter