ലക്ഷദ്വീപ്: കേന്ദ്രത്തിന്‍റേത് കപട നീക്കം

ലക്ഷദ്വീപില്‍ നിന്നു അശുഭകരവും ഭീതിദവുമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  
ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, സവിശേഷ മത-സാംസ്‌കാരിക തനിമയും പാരമ്പര്യവുമുള്ള ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

മോദിയുടെ സമീപസ്ഥനും ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപിന്റെ  പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതു വഴി ബിജെപി ഭരണകൂടം പദ്ധതിയിടുന്നത് ആ മണ്‍തുരുത്തുകളില്‍ സമഗ്രാധിപത്യമുണ്ടാക്കി, സംസ്‌കാരിക അരാജകത്വം സൃഷ്ടിച്ച് ദ്വീപുവാസികളെ നിശ്ശബ്ദരാക്കാനും ടൂറിസ്റ്റുകളുടെ വിളയാട്ടത്തിനായി തീറെഴുതി നല്‍കാനുമാണ്.  

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയിരുന്ന പതിവു രീതി ലംഘിച്ചുകൊണ്ടാണ് ഈ നിക്ഷിപ്ത താല്‍പര്യ നിയമനം എന്നത് കുടുതല്‍ ആശങ്ക ജനിപ്പിക്കുന്നു.

മുസ്ലിംകള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍, ശാന്തി-സമാധാനത്തോടെ ജീവിക്കുന്നവര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കാനും സംസ്‌കാരം അട്ടിമറിക്കാനും, അവരുടെ വിശ്വാസവും ആചാരവും ഉച്ഛാടനം ചെയ്യാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Also Read:ദ്വീപ് സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥനകളുയരുന്ന മിഹ്റാബുകള്‍ അതിവിദൂരമല്ല

കുന്നുകാലി വധ നിരോധനം, ബീഫ് ഉത്പന്നങ്ങളുടെ ഭ്രഷ്ട്, പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍, പഞ്ചായത്ത് റെഗുലേഷന്‍ ആക്ട് എന്നിവ പ്രബല്യത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നതെന്താണെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണല്ലോ. 

നിഷ്‌കളങ്കരും നിഷ്‌കപടരുമായ ഒരു ജനതയുടെ സമ്പൂര്‍ണ തകര്‍ച്ച കിനാകണ്ട്, കേന്ദ്രം നടത്തുന്ന ഈ കപട നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി നടക്കേണ്ടതുണ്ട്. കേരളവുമായി അയല്‍പക്ക ബന്ധവും മറ്റു പലവിധ സവിശേഷ ബന്ധങ്ങളും പുലര്‍ത്തുന്ന ദ്വീപുകാരുടെ സുരക്ഷയും സംരക്ഷണവും ശാന്തി-സമാധാനവും നമ്മുടെ കൂടി ബാധ്യതയാണ്. 

ഇവ്വിഷയത്തിലെ ദേശീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ചരിത്രപരമായ ഉത്തരവാദിത്വവും സ്വാഭാവികമായി, അയല്‍ക്കാരും സംസ്‌കാര സമ്പന്നരും അഭ്യസ്തവിദ്യരും കരുണയുറ്റ ഹൃദയങ്ങളുടെ ഉടമകളുമായ കേരളീയര്‍ക്കു തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter