വിശേഷങ്ങളുടെ ഖുർആൻ: (17)  തേനും തേനീച്ചയും

തേനും തേനീച്ചയും

വിശുദ്ധ ഖുർആനിൽ ഒരിടത്ത് മാത്രമാണ് തേനിൻ്റെ അറബി പദമായ 'അസൽ ' വന്നിട്ടുള്ളത്. അതാണെങ്കിൽ സ്വർഗീയാരാമത്തിൽ സൂക്ഷ്മശാലികളായ വിശ്വാസികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ പൊലിവുകൾ വിവരിക്കവേയാണ്. എന്നാൽ തേനീച്ചയുടെ പേരിൽ ഖുർആനിൽ ഒരധ്യായം തന്നെയുണ്ട്. എന്ന് വച്ച് അതിൽ മുഴുവൻ തേനീച്ച മാത്രം ചർച്ച ചെയ്യപ്പെടുന്നുവെന്ന് അർത്ഥമില്ല.

അന്നഹ്ൽ അധ്യായത്തിലെ 68,69 വചനങ്ങളിലാണ് നാമകരണത്തിന് ഹേതുവായ പരാമർശങ്ങൾ ഉള്ളത്. അതിൽ തേനീച്ചയെ വ്യക്തമായി പരാമർശിക്കുന്നുണ്ടെങ്കിലും തേനിനെ പറ്റി തേനീച്ചകളുടെ ഉദരങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന പാനീയം എന്ന വിശേഷമാണമാണ് നൽകിയിട്ടുള്ളത്.

സൂറ: മുഹമ്മദിലെ പതിനഞ്ചാം സൂക്തം ഇങ്ങനെയാണ്. "സൂക്ഷ്മത പുലർത്തി ജീവിച്ചവർക്കുള്ള വാഗ്ദത്ത സ്വർഗത്തിൻ്റെ സ്ഥിതിയിതാണ്; കേട് വരാത്ത ജലത്തിൻ്റെയും രുചിഭേദമുണ്ടാകാത്ത പാലിൻ്റെയും പാനം ചെയ്യുന്നവർക്ക് ആസ്വാദ്യകരമായ മദ്യത്തിൻ്റെയും സ്ഥുടം ചെയ്ത തേനിൻ്റെയും അരുവികൾ അതിലുണ്ട്. അവർക്കതിൽ സർവവിധ പഴവർഗങ്ങളും തങ്ങളുടെ നാഥങ്കൽ നിന്നുള്ള പാപമോചനവും ഉണ്ടായിരിക്കും."

എന്നാൽ അന്നഹ്ൽ അധ്യായത്തിലെ 68,69 വചനങ്ങൾ ഇങ്ങനെ വായിക്കാം: " അങ്ങയുടെ രക്ഷിതാവ് തേനീചയ്ക്ക് ഇങ്ങനെ ബോധനം നൽകി. പർവതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യർ കെട്ടി ഉയർത്തുന്നവയിലും നീ കൂടുകളുണ്ടാക്കുകയും എല്ലാ ഫലവർഗങ്ങളിൽ നിന്നും ആഹരിക്കുകയും നിൻ്റെ നാഥൻ്റെ വഴികളിൽ വിനയപൂർവം പ്രവേശിക്കുകയും ചെയ്യുക. അവയുടെ ഉദരങ്ങളിൽ നിന്ന് ഭിന്ന നിറങ്ങളിലുള്ള ഒരു പാനീയം ബഹിർഗമിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. ചിന്താശീലരായ ആളുകൾക്കതിൽ ദൃഷ്ടാന്തമുണ്ട്, തീർച്ച."

ഇവിടെ തേനീച്ചയും അതിൻ്റെ ഉൽപ്പന്നമായ തേനും സംബസിച്ച് ഖുർആൻ നൽകിയ വിവരങ്ങൾ ശ്രദ്ധേയവും ചിന്താർഹവുമാണ്. ഒന്നാമതായി തേനീച്ചയുടെ ആവാസ വ്യവസ്ഥമായി ബന്ധപ്പെട്ട സൂചനയാണ്. അതിൻ്റെ ഗൃഹനിർമാണത്തിൽ ഇന്നും സ്വീകരിച്ചു വരുന്ന രീതി അതിന് ദിവ്യബോധനത്തിലൂടെ പഠിപ്പിച്ചു കൊടുക്കുന്നുവെന്നാണ് ഖുർആൻ ഉണർത്തിയത്. അതിന് ഖുർആൻ ഉപയോഗിച്ച വാക്ക് 'ഔഹാ' നബി മാർക്ക് നൽകുന്ന ദിവ്യബോധനത്തിന് ഉപയോഗിച്ച അതേ പദം. 

പ്രാണി - പറവകളുടെ കൂട്ടത്തിൽ പലത് കൊണ്ടും വേറിട്ട് നിൽക്കുന്ന ജീവിയാണ് തേനീച്ച. വെടിപ്പുള്ള സ്ഥലങ്ങളിൽ മാത്രം ആഹാരം അന്വേഷിച്ച് ചെല്ലുന്ന ശുചിത്വ ബോധമുള്ള പ്രാണി. മാത്രമല്ല, രുചികരവും പ്രയോജനപ്രദവുമായ വസ്തു മനുഷ്യർക്ക് നൽകുകയും ചെയ്യുന്നു. മറ്റു ഈച്ചകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി നല്ലതിൽ മാത്രം ചെന്നിരുന്ന് നല്ലത് മാത്രം മറ്റുള്ളവർക്ക് ഉൽപ്പാദിപ്പിച്ചു നൽകുന്ന വിശിഷ്ട ജീവി. അതിൻ്റെ ജീവിതരീതിയും സംഘബോധവും പരസ്പര സഹകരണവും കഠിനാധ്വാനവും ആസൂത്രണ വൈഭവവുമെല്ലാം നിരീക്ഷകരിൽ ഏറെ കൗതുകം ജനിപ്പിക്കുകയും അവരെ ഹഠാദാകർഷിക്കുകയും ചെയ്യുന്നു. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (16) ഖുർആനിലെ പ്രാർത്ഥനകൾ

പുരാതന കാലം മുതൽ തന്നെ തേൻ ഒരു വിശിഷ്ട പാനീയമായി കരുതി പോന്നിരുന്നു. അതിൻ്റെ ഔഷധ മൂല്യം കണ്ടെത്താൻ വ്യത്യസ്ത കാലങ്ങളിൽ പഠനങ്ങൾ നടന്നിട്ടുണ്ട്. വേദഗ്രന്ഥങ്ങളും പരമ്പരാഗത ചികിൽസാ രീതികളും അതിൻ്റെ ഗുണവും വൈശിഷ്ട്യവും അംഗീകരിച്ചതാണ്. ഏറ്റവും പുതിയ ഗവേഷണ-നിരീക്ഷണങ്ങൾക്ക് ശേഷം തേനുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നിഗമനങ്ങൾ കാണുക: 

"പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey). മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്. " ( മലയാളം വിക്കിപീഡിയ)

ഏറെ ധാതു സംപുഷ്ടമായ തേനിൽ അന്നജം, പഞ്ചസാരകൾ, ഭക്ഷ്യ നാരുകൾ, ഫാറ്റ്, പ്രോറ്റീൻ, ജലം, വിവിധ തരം വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സോഡിയം, സിങ്ക് തുടങ്ങിയ അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. തേൻ ചികിൽസയ്ക്കും പ്രതിരോധശേഷി വർധിപ്പിക്കാനും വിശപ്പ് മാറ്റാനും തേൻ ഉപയോഗിച്ചു വരുന്നു. 

മാത്രമല്ല, പുരാതന കാലത്ത് മൃതദേഹങ്ങൾ കേട് വരാതെ സൂക്ഷിക്കാൻ തേൻ പുരട്ടുന്ന രീതി സ്വീകരിച്ചിരുന്നു. അത് പോലെ യുദ്ധങ്ങളിലും മറ്റും പരിക്ക് പറ്റിയവർക്ക് തേൻ ഉപയോഗിച്ച് ചികിത്സ നടത്തിയിരുന്നു. ബുദ്ധ സന്യാസിമാർ തേനിനെ മരുന്നായി ഉപയോഗിച്ചിരുന്നതായും കാണാം. 

തേനീച്ചയുടെ വീട് നിർമാണത്തെ പറ്റി ഖുർആൻ വിവരിച്ചതിനെ സാധൂകരിക്കുന്ന തരത്തിലാണ് പുതിയ പഠനങ്ങളുടെ വെളിപ്പെടുത്തൽ. ' പ്രകൃതിയിലെ സുന്ദരമായ നിർമ്മാണ വിദഗ്ദരാണ് തേനീച്ചകൾ. ഷട്കോണാകൃതിയിൽ കൃത്യമായ അളവിൽ അറകളായി നിർമ്മിക്കപ്പെടുന്ന തേനീച്ച കൂടുകൾ അത്ഭുതകരമായ രീതിയിൽ ഗണിതശാസ്ത്രമാനദണ്ഡങ്ങൾ പിന്തുടരപ്പെടുന്നുവെന്നതാണ് ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത് ' (വിക്കിപീഡിയ)

മറ്റൊരു പ്രധാന കാര്യം, തേനീച്ചയുടെ വീട് നിർമാണവും തേൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഖുർആൻ വചനത്തിൽ സ്ത്രീ ലിംഗത്തോടുള്ള അഭിസംബോധന രീതിയിലാണ് ഖുർആൻ സംസാരിക്കുന്നത്. തേനീച്ചകളിൽ പെൺവർഗമാണ് അധ്വാനത്തിലും ആസൂത്രണത്തിലും മറ്റും മുൻപന്തിയിലെന്ന് പുതിയ പഠനങ്ങളും സൂചിപ്പിക്കുന്നു. ആൺ ഈച്ചകളെ മടിയൻമാരായും (The Drones) പെൺ ഈച്ചകളെ ജോലിക്കാരികളായും (The workers) നിരീക്ഷകർ തരം തിരിച്ചിരിക്കുന്നു.
'ഈ അലസൻമാർക്ക് കൂട്ടിൽ ഒരു ജോലിയുമുണ്ടാവില്ല. അവരുടെ ജോലി റാണിയുമായിട്ട് ഇണ ചേരൽ മാത്രമാണ്. ഇവക്ക് കൊമ്പ് ഉണ്ടാവില്ല.' ജോലിക്കാരികളായ പെൺ തേനീച്ചകൾ പുറത്ത് പോയാണ് മധുവും പൂമ്പൊടിയും കൊണ്ട് വരുന്നതും വീട്ടിലെ കാര്യങ്ങളെല്ലാം അടുക്കും ചിട്ടയിലും ആക്കുന്നതും. റാണി തേനീച്ചയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങളെല്ലാം നടക്കുക. പിന്നീട് മാത്രം നിരീക്ഷിച്ചറിഞ്ഞ ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട തരത്തിലാണ് ഖുർആൻ്റെ സംബോധന രീതിയെന്നത് എത്ര മാത്രം ആശ്ചര്യകരമല്ല!
 
തേനീച്ചയുമായി ബന്ധപ്പെട്ട് വിസ്മയകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്.  പരാഗണം(Pollination) നടത്തുന്ന ജോലിയാണത്.  പൂക്കളുള്ള സസ്യങ്ങളും തേനീച്ചകളും പരസ്പരാശ്രിതമാണ്.  'തേനീച്ചയിൽ നിന്ന് മാനവരാശിക്ക് ഏറ്റവും ഉപയോഗപ്രദമായത് സസ്യങ്ങളുടെ പരപരാഗണമാണ്. മനുഷ്യൻ ഉപയോഗിക്കുന്ന പഴങ്ങളും വിളകളും പരപരാഗണം നടക്കാതെ ഉല്പാദിപ്പിക്കപ്പെടുകയില്ല. മനുഷ്യന്റെ ഭക്ഷണ സാധങ്ങളിൽ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. തേനീച്ചയുടെ സഹായത്താലാണ് 80 ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ് തേനീച്ചയുടെ ആഹാരം.

പൂമ്പൊടിയാൽ മറഞ്ഞ മധു ഒരു തേനീച്ച ഒരു പൂവിൽ വന്നിരുന്ന് കുടിക്കുമ്പോൾ, തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തിൽ പൂമ്പൊടി പറ്റിപ്പിടിക്കും. തേനീച്ച അടുത്ത പൂവ് സന്ദർശിക്കുമ്പോൾ ആ പൂമ്പൊടിയെ അവിടെ തള്ളിക്കളയുന്നു. ഇങ്ങനെ പൂമ്പൊടിയെ ഒരു സസ്യത്തിൽ നിന്ന് മറ്റൊരു സസ്യത്തിലേക്ക് വഹിക്കുന്നതിനെ പരപരാഗണം(Cross-Pollination) എന്ന് പറയുന്നു.

"ചെടികളിൽ പരാഗണം നടത്തി വംശവർദ്ധനവ് നടത്തുക മാത്രമല്ല തേനീച്ചകൾ ചെയ്യുന്നത്. അവയെ ചെറുകീടങ്ങളിൽ നിന്നും ഒരു പരിധിവരെ സം‌രക്ഷിക്കുകയും ചെയ്യുന്നു. ജർമ്മനിയിൽ ബയോ സെൻ‌ട്രം യൂണിവേഴ്സിറ്റിയിലെ ഗവേഷകർ തേനീച്ചയുടെ ഈ കഴിവിനെക്കുറിച്ചുള്ള പഠനത്തിൽ നിന്നും കണ്ടുപിടിച്ച കാര്യമാണിത്. പൂച്ചെടികൾക്കു ചുറ്റിനും തേനിനായി പറക്കുന്ന തേനീച്ചയുടെ മുരളൽ ശബ്ദം ഒരു പരിധിവരെ ചെറുകീടങ്ങളെ ചെടികളിൽ നിന്നും അകറ്റുന്നു. കാപ്സിക്കം ചെടിയിലാണ്‌ ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയത്. ഒരു ടെന്റിൽ കുറേ കാപ്സിക്കം ചെടികളേയും തേനീച്ചകളേയും വളർത്തുകയും മറ്റൊന്നിൽ കാപ്സിക്കം മാത്രവും വളർത്തി. തേനീച്ചകളോടൊപ്പം വളർന്ന ചെടികളിലേതിനെക്കാൾ കൂടുതൽ ഏകദേശം 60% മുതൽ 70% വരെ കായ്കൾ ഒറ്റയ്ക്കു വളർന്ന ചെടികളിൽ പുഴു കുത്തി നശിപ്പിച്ചതായി കണ്ടെത്തി. ഈ പരീക്ഷണമാണ്‌ ചെടികളിൽ തേനീച്ചകൾ വഴി നടത്തപ്പെടുന്ന സം‌രക്ഷണം." (wikipedia)

ചുരുക്കത്തിൽ അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട് എന്ന ഖുർആൻ്റെ പ്രഖ്യാപനം ഏറെ അർത്ഥ തലങ്ങളിൽ പുലരുകയാണ്. തേനിലൂടെയുള്ള സിദ്ധൗഷധം മാത്രമല്ല; മനുഷ്യർക്ക് ആഹാരവും ഔഷധവുമായി വരുന്ന പഴവർഗങ്ങളും സസ്യങ്ങളും ഉൽപ്പാദനം തുടരാനാവശ്യമായ പരാഗണവും തേനീച്ചയിലൂടെ നടക്കുന്നു. അത് പോലെ ഇവയെ കീടങ്ങളിൽ നിന്നും പുഴുക്കളിൽ നിന്നും സംരക്ഷിക്കുന്നതിൽ പോലും കാര്യമായ റോൾ തേനീച്ച നിർവഹിക്കുന്നു. 

ഖുർആൻ രണ്ട് വസ്തുക്കളെയാണ് രോഗശമനിയെന്ന് പ്രത്യേകം വിശേഷിപ്പിച്ചത്. ഒന്ന് ഖുർആൻ, മറ്റൊന്ന് തേൻ. തിരു നബി(സ) വിശദീകരിച്ചു - " രണ്ട് ശമനികൾ. തേൻ എല്ലാ രോഗത്തിനും സിദ്ധൗഷധമാണ്. ഖുർആൻ മനോവ്യാധികൾക്ക് ശമനമാണ് ''.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter