വിശേഷങ്ങളുടെ ഖുർആൻ: 18  'ഗ്രന്ഥം ചുമക്കുന്ന കഴുത'

'ഗ്രന്ഥം ചുമക്കുന്ന കഴുത'

കുതിര വർഗത്തിൽ പെട്ട സസ്തനിയായ ഒരു വളർത്തു മൃഗമാണ് കഴുത. എതിർപ്പ് പ്രതികരിക്കാതെ ഏൽപിച്ച എന്ത് ജോലിയും ചെയ്യുന്നതിനാൽ വലിയ ക്ഷമയും സഹനശീലവുമുള്ള ജീവിയായി അതിനെ കണക്കാക്കേണ്ടതാണ്. പക്ഷെ, അവിവേകത്തിനും മൗഢ്യത്തിനും ബുദ്ധിശൂന്യതയ്ക്കും മറുവാക്കായാണ് മനുഷ്യർ അതിനെ വിലയിരുത്തുന്നത്.

ഖുർആനിൽ അഞ്ച് അധ്യായങ്ങളിലായി അഞ്ച് സ്ഥലങ്ങളിൽ കഴുത കടന്നു വരുന്നുണ്ട്. ഭിന്ന ഭാവങ്ങളിലുള്ള കഥാപാത്രമായാണ് അഞ്ചിടങ്ങളിലും അത് പ്രത്യക്ഷപ്പെടുന്നത്. ചിലയിടങ്ങളിൽ ഉപമാലങ്കാര രൂപത്തിലാണ് കഴുത വരുന്നതെങ്കിൽ മറ്റു ചിലയിടങ്ങളിൽ ദൈവീക സൃഷ്ടിപ്പിൻ്റെ പിന്നിലെ തന്ത്രങ്ങളും വൈവിധ്യങ്ങളും വ്യക്തമാക്കാനാണ് കഴുതയടക്കമുള്ള ജീവികളെ പരാമർശിക്കുന്നത്. അന്നഹ്ൽ (തേനീച്ച ) അധ്യായത്തിൽ എട്ടാം വചനം ഇങ്ങനെ വായിക്കാം: "കുതിര, കോവർ കഴുത, കഴുത എന്നിവയും അവൻ സൃഷ്ടിച്ചു - നിങ്ങൾക്ക് വാഹനമാക്കാനും അലങ്കാരത്തിനുമായി. നിങ്ങൾക്ക് അറിയാത്തതും അവൻ സൃഷ്ടിക്കുന്നതാണ്." 

അതിന് തൊട്ടുമുമ്പുള്ള സൂക്തത്തിൽ കന്നുകാലികളെയും മറ്റും പരാമർശിച്ച ശേഷമാണ് ഈ മൂന്ന് ജീവികളെ ഒരു വചനത്തിൽ എടുത്തു പറയുന്നത്. ഇവ മൂന്നും ഒരേ വർഗത്തിൽ പെട്ട മൃഗങ്ങളാണെന്നതും വലുപ്പത്തിൽ യഥാക്രമം അവ പരാമർശിക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. വാഹനമായി ചരക്കുകൾ കയറ്റി അയക്കാനും കയറി യാത്ര ചെയ്യാനും അന്ന് ആശ്രയിച്ചിരുന്നത് ഇത്തരം മൃഗങ്ങളെയായിരുന്നല്ലോ. 

കൂടാതെ വിവിധങ്ങളായ മൃഗങ്ങൾ വീട് മുറ്റത്ത് ഒത്തുകൂടുന്നത് വീട്ടുകാർക്ക് ഐശ്വര്യവും അലങ്കാരവുമായി കണക്കാക്കുമെന്നതും സത്യമാണ്. ഇക്കാലത്ത് കാറുകളും ട്രക്കുകളും സ്വന്തമായുള്ളവർക്ക് അനുഭവപ്പെടുന്നത് പോലെ. നിങ്ങൾക്ക് അറിയാത്തതും അവൻ സൃഷ്ടിക്കുന്നതാണെന്ന പ്രയോഗം ഏറെ അർത്ഥ തലങ്ങളുള്ളതാണ്. പിൽക്കാലത്ത് കണ്ടെത്തിയ വാഹനങ്ങൾ അക്കാലത്തുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണല്ലോ. അത് കൊണ്ട് പൊതുവായ പ്രസ്താവന നടത്തി. ഏത് കാലത്ത് എന്ത് വാഹനം കണ്ടു പിടിച്ചാലും അതെല്ലാം ഈ പ്രസ്താവനയുടെ പരിധിയിൽ വരും. 

അൽ മുദ്ദസ്സിർ അധ്യായത്തിൽ സത്യനിഷേധികളുടെ അവസ്ഥ വിശദീകരിക്കുന്ന കൂട്ടത്തിൽ സിംഹത്തിൽ നിന്ന് ഓടിയകലുന്ന പരിഭ്രാന്തരായ കാട്ടു കഴുതകളെ പോലെ ഈ ഖുർആനിൽ നിന്ന് അവർ പിന്തിരിഞ്ഞു കളയുന്നുവെന്ന് അവരെ ഉപമിച്ചു പറയുന്നു. കടന്നു വരുന്നത് തങ്ങൾക്ക് ഉപകാരപ്രദമാണോ അതോ ഉപദ്രവകരമോ എന്ന് തിരിച്ചറിയാനാകാതെ കലി തുള്ളുന്ന കഴുതയുടെ മട്ടാണ് അവർക്കെന്ന് ഖുർആൻ പറയുമ്പോൾ അതിൻ്റെ പൊരുൾ വ്യക്തം.

ലുഖ്മാൻ അധ്യായത്തിൽ കഴുതയുടെ മറ്റൊരു ദു:ശീലമാണ് അനാവൃതമാകുന്നത്. ലുഖ്മാൻ മകനെ ഉപദേശിക്കുന്നു: " നടത്തത്തിൽ മിതത്വം പാലിക്കണം. ശബ്ദം താഴ്ത്തണം. കാരണം, ഏറ്റം അരോചക ശബ്ദം കഴുതയുടെ ശബ്ദമാണ് " (വചനം: 19 ) സ്ഥല-കാല ബോധമില്ലാതെ അറപ്പുളവാക്കുന്ന ശബ്ദത്തിൽ ആർപ്പുവിളിക്കുന്ന കഴുതയെ ഓർത്തെടുത്തിട്ടെങ്കിലും അനാവശ്യ ശബ്ദ ശല്യത്തിൽ നിന്ന് പിൻമാറാനുള്ള ആഹ്വാനമാണിവിടെ തെളിയുന്നത്.

കഴുത കടന്നു വരുന്ന മറ്റൊരു സന്ദർഭം ഉസൈർ എന്ന മഹാനുമായി ബന്ധപ്പെട്ടാണ്.  അദ്ദേഹം ബൈതുൽ മുഖദ്ദസിൻ്റെ തെരുവോരങ്ങളിലൂടെ നടന്നു പോകമ്പോൾ അവിടം തകർന്നടിഞ്ഞു വിജനമായി കിടക്കുന്നു. കെട്ടിടങ്ങളെല്ലാം നിലംപൊത്തിയിരിക്കുന്നു. തൊട്ട് മുമ്പുണ്ടായ രാജാവിൻ്റെ നിർദേശപ്രകാരം തകർക്കപ്പെട്ടതാണ്.  ഈ നഷ്ടാവശിഷ്ടങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ സന്ദേഹം ഉയർന്നു: ഇതിനെ അല്ലാഹു പഴയ നിലയിൽ എങ്ങനെ പുനർജീവിപ്പിക്കും? സംശയം മുളപൊട്ടിയതേയുള്ളൂ. നിന്ന നിൽപ്പിൽ അദ്ദേഹത്തെ മരിപ്പിച്ചു നിർത്തി, നൂറ് വർഷം!
പിന്നെ പുനർജീവിപ്പിച്ചു. തുടർന്നു ചോദിച്ചു:

Also Read:വിശേഷങ്ങളുടെ ഖുർആൻ: (17) തേനും തേനീച്ചയും

നിങ്ങൾ  നിശ്ചലനായിട്ട് എത്ര കാലമായി? 

അത്, ഒരു ദിവസം, അല്ലെങ്കിൽ അര ദിവസം മാത്രം. അത്രയേ അദ്ദേഹത്തിന് അനുഭവപ്പെട്ടുള്ളൂ. 

നാഥൻ തിരുത്തിക്കൊടുത്തു: അല്ല, നൂറ് വർഷം!

ഉടനെ മരിക്കുമ്പോൾ മുന്നിലുണ്ടായിരുന്ന ഭക്ഷണത്തിലേക്ക് നോക്കാൻ പറഞ്ഞു. റൊട്ടിയും മുന്തിരിച്ചാറും അതേപടി നിൽക്കുന്നു. ഒരു മാറ്റവുമില്ല. എന്നാൽ കൂടെയുണ്ടായിരുന്ന കഴുത ചത്തു മണ്ണോട് ചേർന്നു, ദ്രവിച്ച എല്ലിൻ കഷ്ണങ്ങൾ മാത്രമായി അവശേഷിക്കുന്നു. പിന്നീട് അതിനെ ഉയർത്തുന്നതും മാംസവും മജ്ജയുമുള്ള ജീവിയായി തിരിച്ചു വരുന്നതും കാണിച്ചു കൊടുത്തു. അദ്ദേഹം പ്രതികരിച്ചു: നീ എന്തും ചെയ്തു കാണിക്കാൻ പ്രാപ്തനാണെന്ന് ഞാൻ അറിയുന്നു. (അൽ ബഖറ: 259)

ഇനി മറ്റൊരു  രംഗം. ജൂതൻമാർക്ക് അല്ലാഹു മൂസാ നബി(അ) മുഖേന വേദഗ്രന്ഥം ഇറക്കിക്കൊടുത്തു - തൗറാ. അവർ പക്ഷെ, അതിനെ വേണ്ട വിധം ഉൾക്കൊള്ളാതെ ഉഴപ്പി നടന്നു. ഗ്രന്ഥം കൂടെയുണ്ട്. എന്നാൽ അതിലെ ആശയങ്ങളോ നിർദേശങ്ങളോ അവരുടെ ജീവിതത്തേയോ മനോഭാവത്തെയോ ഒട്ടും സ്വാധീനിക്കുന്നില്ല. ഇക്കാര്യം അന്ത്യപ്രവാചകനും അനുയായികൾക്കും വിശദീകരിച്ചു കൊടുത്തത് കഴുതയുടെ ഉപമയിലൂടെയാണ്. 

"തൗറാ വഹിക്കാനുള്ള ചുമതലയേൽപ്പിക്കപ്പെടുകയും പിന്നീട് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉപമ ഗ്രന്ഥം ചുമക്കുന്ന കഴുതയെ പോലെയാണ്. അല്ലാഹുവിൻ്റെ വചനങ്ങൾ വ്യാജമാക്കിയവരുടെ ഉപമ എത്രഹീനം! അതിക്രമികൾക്ക് അല്ലാഹു മാർഗദർശനം നൽകില്ല." (അൽ ജുമുഅ: 5). കഴുത പല ഭാണ്ഡങ്ങളും ചുമക്കാറുണ്ട്. അതിൻ്റെ ഉള്ളടക്കം എന്തെന്നത് അതിന് പ്രശ്നമേയല്ല.  അതിലുള്ളത് തനിക്ക് ഗുണകരമായതാണോ അതോ അപകടകരമോ എന്നത് പോലും അതിന് വിഷയമല്ല. ഇത്രയും വിവേചനരഹിതമായി പെരുമാറുന്ന കഴുതയുടെ മട്ടും മാതിരിയുമാണവർക്ക് വേദഗ്രന്ഥങ്ങളുടെ കാര്യത്തിലെന്ന് കാട്ടിക്കൊടുക്കുകയാണിവിടെ. 

അവർ കഴുതയാണെന്ന് പറഞ്ഞില്ല. എന്നാൽ അവരുടെ മനോഭാവം ഈ കഴുതയുടേതാണെന്ന് ചൂണ്ടിക്കാട്ടുന്നതിലൂടെ ഏറ്റവും ജീവസ്സുറ്റ വഴിയിലൂടെ ഒരാശയം പറഞ്ഞു പ്രതിഫലിപ്പിക്കുകയാണ് ഖുർആൻ. ഇത് ജൂതൻമാർക്ക് മാത്രമല്ല; തങ്ങൾ കൊണ്ടു നടക്കുന്നതായി അവകാശപ്പടുന്ന ആശയമോ തത്വശാസ്ത്രമോ ജീവിതത്തെ ഒരു നിലയ്ക്കും സ്വാധീനിക്കാതെ കഴിയുന്നവർക്കെല്ലാം ചേർന്നതാണീ ഉപമ. ചൈതന്യപൂർണമായ ചിത്രീകരണമായി എക്കാലത്തും അത് വിളങ്ങി നിൽക്കുന്നു.

                  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter