റമദാന്‍ ചിന്തകള്‍ - നവൈതു..13. ഹലാല്‍ മാത്രം മതി...
തനിക്കും ആശ്രിതര്‍ക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്, വിശ്വാസിക്ക് അത് ആരാധന കൂടിയാണ്. അതേ സമയം, എന്ത്, എങ്ങനെ, എവിടെനിന്ന് സമ്പാദിക്കുന്നു എന്നതും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഇവിടെയാണ് ത്വയ്യിബ്, ഹലാല്‍, ഹറാം തുടങ്ങിയ സംജ്ഞകള്‍ കടന്നുവരുന്നത്.
ഏറ്റവും ഹൃദ്യവും അനുവദനീയവും ആയതേ ഒരു വിശ്വാസി കഴിക്കാവൂ എന്നതാണ് മതം മുന്നോട്ട് വെക്കുന്ന സമീപനം. ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന അടിയന്തിര സാഹചര്യങ്ങളിലേ അതല്ലാത്തത് സ്പര്‍ശിക്കാന്‍ പോലും അനുവാദമുള്ളൂ, അതും അത്യാവശ്യത്തിന് മാത്രം. ഒരു വിശ്വാസി സമൂഹം ഏറ്റവും സുന്ദരവും ഉദാത്തവുമായി മാറുന്നത്, ഈ ചിന്ത അവരുടെ വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും ആവാഹിക്കപ്പെടുമ്പോഴാണ്.
കളവ്, കൊള്ള, പിടിച്ചുപറി, ചതി, വഞ്ചന, പലിശ, ചൂതാട്ടം തുടങ്ങി സമൂഹത്തിന്റെ സാമ്പത്തിക ജീവിതം ദുസ്സഹമാക്കുന്ന ഘടകങ്ങളെന്തൊക്കെയുണ്ടോ, അവയെല്ലാമാണ് ഹലാലുന്‍ത്വയ്യിബ് എന്ന ഈ കൊച്ചു പദസഞ്ചയത്തിലൂടെ അകന്നുപോവുന്നത്. തന്റെ കൈകളിലേക്കെത്തുന്ന ഓരോ ചില്ലിക്കാശും പൂര്‍ണ്ണമായും തനിക്ക് അര്‍ഹതപ്പെട്ടതാണോ, മറ്റാര്‍ക്കെങ്കിലും അതില്‍ അവകാശമുണ്ടോ എന്ന് നോക്കിയേ ഒരു വിശ്വാസി സ്വീകരിക്കാവൂ. പശിയടക്കാനാവാതെ വയറ് അമര്‍ത്തി കഴിയുമ്പോഴും, തന്റെ മുന്നിലേക്ക് വരുന്ന ഓരോ നാണയത്തുട്ടിനെയും ഈ കാഴ്ചപ്പാടിലൂടെയാണ് വിശ്വാസി വിലയിരുത്തേണ്ടത്. അപരന്ന് അതില്‍ എന്തെങ്കിലും തരത്തിലുള്ള അവകാശമുണ്ടെന്ന് സംശയമുദിക്കുന്നതോടെ, അത് തന്റേതല്ലെന്ന് തിരിച്ചറിയുകയും യഥാര്‍ത്ഥ ഉടമയെ തേടി പുറപ്പെടുകയും ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നതും ഈ ചിന്തയാണ്. അല്ലാത്ത പക്ഷം, അത് ഉപോയഗിക്കുന്നതിലൂടെ, അതിലൂടെ ഉണ്ടാവുന്ന വളര്‍ച്ചയിലൂടെ, നരകത്തിലേക്കുള്ള പാതയൊരുക്കുകയാണെന്ന് അവന്‍ തിരിച്ചറിയുന്നു.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു...12. ജോലിയിലും സൂക്ഷിക്കാന്‍ മൂല്യങ്ങളേറെയുണ്ട്
ഇത്തരം വ്യക്തികളുള്ള ഒരു സമൂഹത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. എത്ര സുന്ദരമായിരിക്കും അവിടത്തെ ജീവിതം. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളി വചനമില്ലാത്ത ഏറ്റവും സുമോഹനമായ ഒരു മാതൃകാ ദേശമായിരിക്കും അത്.
അതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ നാട്. ഇസ്‍ലാമിക ചരിത്രത്തില്‍ സമാനമാതൃകകള്‍ എത്രയോ കാണാവുന്നതാണ്. കൂടുതല്‍ ലാഭത്തിനായി പാലില്‍ വെള്ളം ചേര്‍ക്കാനുള്ള അവസരങ്ങളെല്ലാം ഒത്ത് വരുമ്പോഴും, ഇതെല്ലാം കാണുന്ന പടച്ച തമ്പുരാന്‍ ഉണ്ടല്ലോ എന്ന ചിന്തയില്‍ അതിന് തയ്യാറാവത്ത കഥകള്‍ എത്രയോ നമുക്ക് കാണാനാവുന്നു. തൊട്ടപ്പുറത്തെ വീട്ടിലെ മരത്തില്‍നിന്ന്, തന്റെ മുറ്റത്തേക്ക് വീഴുന്ന പഴങ്ങള്‍ കുഞ്ഞുമക്കളെടുക്കുമോ എന്ന് ഭയന്ന് പ്രഭാതനിസ്കാരം കഴിഞ്ഞ് വീട്ടിലേക്കോടുന്ന സദ്‍വൃത്തരും ഇതിന്റെ ഉല്‍പന്നങ്ങള്‍ തന്നെയാണ്.
അത് തന്നെയാണ് യഥാര്‍ത്ഥ വിശ്വാസി സമൂഹവും..
Leave A Comment