അധ്യായം 2. സൂറ ബഖറ-(Ayath 216-219) കള്ളും ചൂതാട്ടവും

സമ്പത്ത് ചെലവഴിക്കുന്നതിനെക്കുറിച്ചും സാമ്പത്തികമായ ത്യാഗത്തെക്കുറിച്ചുമാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ഇനി ശാരീരികമായ ത്യാഗത്തെക്കുറിച്ച് പറയുകയാണ്.

 

മക്കയില്‍ സ്വഹാബികള്‍ അതികഠിനമായി മര്‍ദിക്കപ്പെടുകയും ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നാടും വീടും വിട്ട് മദീനയില്‍ അഭയം പ്രാപിക്കുകയും ചെയ്തുവല്ലോ. അവിടെയും സ്വൈരമായി ജീവിക്കാന്‍ ശത്രുക്കള്‍ അനുവദിക്കാതെ വന്നപ്പോള്‍, പ്രതിരോധസമരത്തിനിറങ്ങാന്‍ അല്ലാഹു കല്‍പിച്ചു. അങ്ങനെ യുദ്ധം നിര്‍ബന്ധമാക്കിയ ആയത്താണിനി പഠിക്കാനുള്ളത്.

 

പൊതുവെ ആര്‍ക്കും താല്പര്യമില്ലാത്ത വിഷയമാണല്ലോ യുദ്ധം. വലിയ നഷ്ടങ്ങളും ദുരിതങ്ങളും അതുകൊണ്ടുണ്ടാകും എന്നതുകൊണ്ടുതന്നെ വെറുപ്പുണ്ടാവുക സ്വാഭാവികവുമാണ്. പക്ഷേ, പല കാര്യങ്ങളുടെയും ഗുണങ്ങളും ദോഷങ്ങളും പൂര്‍ണമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും  മനുഷ്യര്‍ക്ക് പൊതുവെ കഴിയാറില്ല.

 

പ്രഥമ ദൃഷ്ടിയില്‍ അനിഷ്ടകരമായിത്തോന്നുന്ന പലതും യഥാര്‍ഥത്തില്‍ ഗുണകരമായിരിക്കും. തിരിച്ചും അങ്ങനെത്തന്നെ. നല്ലതെന്ന് തോന്നുന്ന പലതും ദോഷകരവുയേക്കാം. എല്ലാറ്റിന്‍റെയും യാഥാര്‍ഥ്യം സര്‍വജ്ഞനായ അല്ലാഹുവിനു മാത്രമേ അറിയൂ. മനുഷ്യര്‍ക്ക് അതറിയാന്‍ കഴിയില്ല.

 

പറഞ്ഞുവരുന്നത്, യുദ്ധം തല്‍ക്കാലം അരോചകമായി തോന്നിയേക്കാം. താല്‍ക്കാലികമായ ചില ദോഷങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും, ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും രക്ഷക്കും അഭിവൃദ്ധിക്കും അത്യാവശ്യമാണതെന്ന് അല്ലാഹുവിനറിയാം. അതുകൊണ്ടാണീ കല്‍പന എന്നാണ് അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നത്.

 

كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ ۖ وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ ۖ وَعَسَىٰ أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ(216)

അനിഷ്ടകരമാണെങ്കിലും നിങ്ങള്‍ക്ക് യുദ്ധം ചെയ്യല്‍ നിര്‍ബന്ധമാണ്. ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങള്‍ക്ക് അനിഷ്ടപ്പെട്ടെന്നു വരാം; ദോഷകരമായിരിക്കെ പ്രിയങ്കരമായെന്നും ഭവിക്കാം. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. 

 

വളരെ പ്രസക്തമാണീ ആയത്ത്. യുദ്ധം അവര്‍ സ്വയം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനിവാര്യമായ ഘട്ടത്തിലാണ് അവരതിന് സന്നദ്ധരായതെന്നും ഇവിടെ നിന്ന് മനസ്സിലാക്കാം.

وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ ۖ وَعَسَىٰ أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ

നമുക്ക് വല്ലാത്ത ആശ്വാസവും മനസ്സമാധാനവും തരുന്ന ആയത്താണിതല്ലേ. അല്ലാഹുവിന്‍റെ വിധിവിലക്കുകളെല്ലാം നമ്മുടെ നന്മയും ഗുണവും കണക്കിലെടുത്ത് കൊണ്ടാണെന്ന് മനസ്സിലാക്കി, പൂര്‍ണമനസ്സോടെ സ്വീകരിക്കണമെന്നാണല്ലോ അല്ലാഹു ഉണര്‍ത്തുന്നത്.

 

അടുത്ത ആയത്ത് 217

 

ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടാണ് ഇനിയുള്ള ആയത്ത് അവതരിച്ചത്. ഹിജ്‌റ രണ്ടാം വര്‍ഷം അബ്ദുല്ലാഹിബ്നു ജഹ്ശ് رضي الله عنهന്‍റെ നേതൃത്വത്തില്‍ മുഹാജിറുകളായ എട്ടു പേരടങ്ങുന്ന ഒരു ചെറിയ സൈന്യസംഘത്തെ ഒരു എഴുത്ത് സഹിതം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയച്ചു. രണ്ട് ദിവസത്തെ യാത്രക്കു ശേഷം മാത്രമേ എഴുത്തുപൊളിച്ചു വായിക്കാവൂ എന്നും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രത്യേകം പറഞ്ഞിരുന്നു. യാത്രയുടെ ലക്ഷ്യം ചോരാതിരിക്കാനാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ ചെയ്തത്.

 

അങ്ങനെ അവിടന്ന് നിര്‍ദ്ദേശിച്ചതുപോലെ, കത്ത് തുറന്ന് നോക്കി. മക്കയുടെയും ത്വാഇഫിന്‍റെയും ഇടയിലുള്ള നഖ്‌ല (نَخْلَة) എന്ന സ്ഥലത്തു ചെന്ന് പതിയിരുന്ന്, ഖുറൈശികളുടെ നീക്കങ്ങള്‍ മനസ്സിലാക്കി വരണമെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.

 

സ്വഹാബികള്‍ നഖ്‌ലയില്‍ പതിയിരുന്നു. അപ്പോഴാണ് ഖുറൈശികളുടെ ഒരു ചെറിയ കച്ചവടസംഘം ആ വഴിക്ക് വന്നത്. അംറുബ്നുല്‍ഹള്റമിയും വേറെ മൂന്ന് പേരുമടങ്ങുന്ന സംഘം. എന്തുവേണമെന്ന് സൈന്യസംഘം കൂടിയാലോചന നടത്തി, അവസാനം കച്ചവടസംഘവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇബ്‌നുല്‍ഹള്റമി കൊല്ലപ്പെട്ടു. രണ്ട് പേര്‍ ബന്ധനസ്ഥരായി. മൂന്നാമന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

  

മുസ്‌ലിംകളാല്‍ ആദ്യമായി വധിക്കപ്പെട്ട മുശ്‌രിക്കാണിയാള്‍. ഈ ഏറ്റുമുട്ടലില്‍ ലഭിച്ചതാണ് ഒന്നാമത്തെ ഗനീമത്തും.

 

ഈ സംഭവം നടന്നത് യുദ്ധം നിഷിദ്ധമായ റജബ് മാസം ഒന്നാം രാവിലായിരുന്നു. ജുമാദല്‍ ഉഖ്‌റാ അവസാനത്തെ രാവാണെന്നായിരുന്നു മുസ്‌ലിംകള്‍ കരുതിയത്. ഏതായാലും, ഗനീമത്തുമായി തടവുകാരെയും കൂട്ടി സ്വഹാബികള്‍ മദീനയില്‍ തിരിച്ചെത്തി.

 

ഈ അവസരം ശത്രുക്കള്‍ ശരിക്കും ഉപയോഗപ്പെടുത്തി. റജബ് മാസത്തിന്‍റെ ശ്രേഷ്ഠത പരിഗണിക്കാതെ യുദ്ധം ചെയ്തു എന്നും പരിശുദ്ധ മാസത്തെ അവഹേളിച്ചു എന്നുമൊക്കെ പറഞ്ഞ് തിരുനബി صلى الله عليه وسلمയെയും സ്വഹാബികളെയും അവര്‍ ആക്ഷേപിച്ചു.

 

തിരുനബി صلى الله عليه وسلم യും ഈ കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് കല്‍പിച്ചിട്ടില്ലല്ലോ എന്നാണവിടന്ന് പ്രതികരിച്ചത്.

 

അബദ്ധം പിണഞ്ഞെന്ന് മനസ്സിലാക്കിയ സ്വഹാബികള്‍ വലിയ വ്യസനത്തിലായി. അപ്പോഴാണ് ഇനിയുള്ള ആയത്ത് അവതരിച്ചത്.

 

അല്ലാഹുവെ അവരെ സമാധാനിപ്പിക്കുകയാണ്. പൊതുവായ ചില തത്ത്വങ്ങള്‍ ലംഘിക്കപ്പെടുന്നതുമൂലം ചിലപ്പോള്‍ ചില ദോഷങ്ങളുണ്ടായേക്കാം. അതേ സമയം, അത് പാലിക്കുകയാണെങ്കില്‍, വലിയ ദോഷങ്ങള്‍ വേറെ ഉണ്ടാകുന്ന സാഹചര്യങ്ങളുമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍, വലിയ പിവത്തുകള്‍ തടയാന്‍ വേണ്ടി, ഇത്തരം നടപടികള്‍ സ്വീകരിക്കലാണ് ബുദ്ധി എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.

 

ശത്രുക്കളുടെ ആരോപണങ്ങള്‍ക്ക് അല്ലാഹു മറുപടി നല്‍കുന്നതിങ്ങനെയാണ്: യുദ്ധം ഹറാമായ മാസത്തില്‍ ഏറ്റുമുട്ടുന്നത് വലിയ തെറ്റുതന്നെ. അതേസമയം, വിശുദ്ധ ദീന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ആളുകളെ തടയുക, അല്ലാഹുവിനെ അവിശ്വസിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ സ്ഥാപിതമായ മസ്ജിദുല്‍ ഹറാമിലേക്ക് കടക്കാന്‍ സത്യവിശ്വാസികളെ  അനുവദിക്കാതിരിക്കുക, അന്നാട്ടുകാരെ അവിടെ താമസിക്കാന്‍ അനുവദിക്കാതെ പുറത്താക്കുക തുടങ്ങിയതെല്ലാം അതിലേറെ വലിയ തെറ്റാണ്.

 

രണ്ട് തെറ്റുകള്‍ നേര്‍ക്കുനേരെ വരുമ്പോള്‍, വലിയ തെറ്റ് ഇല്ലാതാക്കാന്‍ ചെറിയ തോതിലുള്ള ഇത്തരം നടപടികള്‍ സ്വീകരിക്കുക എന്നത് ന്യായവും പ്രായോഗികവുമാണെന്ന് ചുരുക്കം.

 

എന്നുമാത്രമല്ല, ഈ കുഴപ്പങ്ങള്‍കൊണ്ടൊന്നും മതിയാക്കാന്‍ അവര്‍ ഒരുക്കവുമല്ല. മുസ്‍ലിംകളെ കഴിയുമെങ്കില്‍, മതംമാറ്റി തിരിച്ചുകൊണ്ടുവരാനുള്ള ഉദ്ദേശ്യം കൂടി അവര്‍ക്കുണ്ട്. അതിനുവേണ്ടി മുസ്‌ലിംകളോട് യുദ്ധം തുടരാനാണ് അവരുടെ പ്ലാന്‍. അങ്ങനെ നോക്കുമ്പോള്‍, മുസ്‌ലിംകള്‍ക്കെതിരെ മുശ്‌രിക്കുകള്‍ നടത്തുന്ന ഫിത്‌ന വളരെ ഗൗരവമുള്ളതുതന്നെയാണ്. ഈ വലിയ ഫിത്നയെ അപേക്ഷിച്ച് അവരുമായുണ്ടായ ഈ ഏറ്റുമുട്ടല്‍ നിസ്സാരമായി കാണാവുന്നതേയുള്ളൂ.

 

يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِنْدَ اللَّهِ ۚ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ ۗ

പവിത്രമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അതില്‍ യുദ്ധം ചെയ്യല്‍ മഹാപാതകമാണ്. എന്നാല്‍ ദൈവ മാര്‍ഗത്തില്‍ നിന്നു ജനങ്ങളെ തടയലും അവനെ നിഷേധിക്കലും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതുപരോധിക്കലും അതിന്‍റെയാളുകളെ അവിടന്നു ബഹിഷ്‌കരിക്കലും അല്ലാഹുവിങ്കല്‍ കൂടുതല്‍ ഗൗരവതരമത്രേ. കുഴപ്പമുണ്ടാക്കല്‍ കൊലയെക്കാള്‍ ഗുരുതരമാണ്.

وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ (217)

 

കഴിയുമെങ്കില്‍ മതത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതു വരെ നിങ്ങളോടവര്‍ യുദ്ധം ചെയ്തു കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലും സ്വമതത്തില്‍ നിന്നു വ്യതിചലിച്ച് നിഷേധിയായി മരിക്കുന്നപക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹലോകത്തും പരലോകത്തും ഫലശൂന്യമായി. അവര്‍ തന്നെയാണ് നരകക്കാര്‍. അവരതില്‍ ശാശ്വതരായിരിക്കും.

 

ഫിത്നയുണ്ടാക്കലാണ് ഏറ്റവും വലിയ അപരാധമെന്ന് സാമാന്യബുദ്ധി കൊണ്ട് ചിന്തിച്ചാല്‍തന്നെ മനസ്സിലാക്കാമല്ലോ.

 

സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുകയാണ്:

وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

സത്യവിശ്വാസം സ്വീകരിച്ച ശേഷം, സ്വന്തം നിലക്കോ, ശത്രുക്കളുടെ പ്രേരണ കാരണമോ, ഇസ്‌ലാമില്‍ നിന്ന് പുറത്തുപോവുകയാണെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ചെയ്ത ഒരു കര്‍മവും ഇഹലോകത്തോ പരലോകത്തോ സ്വീകരിക്കപ്പെടില്ല. മുസ്‍ലിമായിരുന്നപ്പോള്‍ ചെയ്ത കര്‍മങ്ങള്‍ പോലും വൃഥാവിലാകും. ശാശ്വതമായ നരകശിക്ഷയായിരിക്കും ഫലം.

 

ഇസ്‌ലാമിലേക്ക് വീണ്ടും മടങ്ങിവരികയാണെങ്കില്‍ സ്വീകരിക്കപ്പെടും. മരണപ്പെടുമ്പോഴുള്ള അവസ്ഥ നോക്കിയായിരിക്കും അന്തിമ തീരുമാനം. فَيَمُتْ وَهُوَ كَافِرٌഎന്ന് പറഞ്ഞതില്‍ നിന്ന് ഇത് വ്യക്തമാണ്.

 

ക്ഷണികമായ ഐഹിക ജീവിതത്തിനു വേണ്ടി, ശാശ്വതമായ പരലോകം ഒഴിവാക്കി ഇസ്‍ലാമിന് പുറത്തേക്ക് പോകാന്‍ ബുദ്ധിയുള്ളവരാരും തയ്യാറാകില്ല. കാരണം, അതിന്‍റെ ഭവിഷ്യത്ത് അതിഭയാനകമായിരിക്കും. എന്ത് അക്രമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടാലും ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുക.

 

അടുത്ത ആയത്ത് 218

 

നേരത്തെ പറഞ്ഞ അബ്ദുല്ലാഹിബ്‌നു ജഹ്ശ് (رضي الله عنه) ന്‍റെയും കൂട്ടുകാരുടെയും കാര്യത്തിലായിരുന്നു ഈ വാക്യവും അവതരിച്ചത്.

 

അബ്ദുല്ലാഹിബ്നു ജഹ്ശും കൂട്ടുകാരും (رضي الله عنهم)  ചെയ്തുപോയത് തെറ്റാണെങ്കിലും അവരുടെ ലക്ഷ്യം നല്ലതാണ്, അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നു എന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. സത്യവിശ്വാസം സ്വീകരിച്ച, ഹിജ്‌റ ചെയ്ത, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്ത ആളുകളാണല്ലോ അവര്‍.

 

ഈ ആയത്ത് അവതരിച്ചപ്പോള്‍, അവര്‍ക്ക് സന്തോഷമായെന്നും അവര്‍ കൊണ്ടുവന്ന ഗനീമത്തിന്‍റെ അഞ്ചിലൊരുഭാഗം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ കൊണ്ടുവന്ന തടവുകാരെ അവിടന്ന് പിന്നീട് വിട്ടയക്കുകയും ചെയ്തു. അവരിലൊരാള്‍ മുസ്‌ലിമായി മദീനയില്‍ തന്നെ താമസമാക്കുകയും ചെയ്തു.

 

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَٰئِكَ يَرْجُونَ رَحْمَتَ اللَّهِ ۚ وَاللَّهُ غَفُورٌ رَحِيمٌ (218)

വിശ്വസിക്കുകയും ദേശത്യാഗം വരിക്കുകയും ദൈവമാര്‍ഗത്തില്‍ ജിഹാദിലേര്‍പ്പെടുകയും ചെയ്തവര്‍ അല്ലാഹുവിന്‍റെ അനുഗ്രഹം പ്രത്യാശിക്കുന്നവരത്രേ. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.

 

അല്ലാഹുവിന്‍റെ കാരുണ്യം ആഗ്രഹിക്കുന്നവരുടെ ചില പ്രധാന ലക്ഷണങ്ങളാണിവിടെ പറഞ്ഞിരിക്കുന്നത്. ഏത് കാര്യവും റബ്ബിലര്‍പ്പിച്ച് അവനില്‍ പരിപൂര്‍ണമായി വിശ്വസിച്ച്, സത്യമാര്‍ഗത്തില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകുക.

 

വിധിവിലക്കുകള്‍ പാലിച്ച്, സ്വതന്ത്രനായി, നിര്‍ഭയനായി ജീവിക്കാന്‍ നാട് വിടേണ്ടി വന്നാല്‍ അതും ചെയ്യണം. അതുമായി ബന്ധപ്പെട്ട് എന്ത് കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കുകയും  വേണം. വിശുദ്ധദീന്‍ സംരക്ഷിക്കാന്‍ കഴിയാത്ത വിധം ശത്രുക്കള്‍ മര്‍ദ്ദനങ്ങള്‍ തുടരുകയും, അവരെ അമര്‍ച്ച ചെയ്യല്‍ ആവശ്യയി വരികയും ചെയ്താല്‍, അവരോട് യുദ്ധം ചെയ്യുകയും വേണം. അതുകൊണ്ടുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും സഹിക്കുകയും വേണം. ഇതൊക്കെയാണ് അല്ലാഹുവിന്‍റെ അനുഗ്രഹം കിട്ടണമെന്നാഗ്രഹിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷണങ്ങള്‍.

അടുത്ത ആയത്ത് 219

 

പരിശുദ്ധ ദീന്‍ വളരുകയാണ്. ജനങ്ങള്‍ ദീനിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ തുടങ്ങി. ഓരോ കാര്യത്തെപ്പറ്റിയും ദീനീവിധികള്‍ എന്താണെന്ന് തിരുനബി صلى الله عليه وسلمയോട് അങ്ങോട്ടുതന്നെ ചോദിച്ചറിയാനും തുടങ്ങി. അത്തരം ചോദ്യവും ഉത്തരവുമാണിനി പഠിക്കുന്നത്.

 

അന്ന് സര്‍വത്ര പ്രചാരത്തിലുണ്ടായിരുന്ന മദ്യപാനവും ചൂതുകളിയെയും കുറിച്ചാണ് ചോദ്യവും ഉത്തരവും.

 

മദ്യം ഒരു ലഹരിപാനീയമാണല്ലോ. അതിനെക്കുറിച്ച് മതവിധി വരുന്നതിനുമുമ്പ് മുസ്‌ലിംകളില്‍ പലരും പഴയ സമ്പ്രദായമനുസരിച്ച് അതുപയോഗിച്ചുവന്നിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ പല ദോഷങ്ങളുമുള്ളതുകൊണ്ട് ചിലരെല്ലാം അതൊഴിവാക്കുകയും ചെയ്തിരുന്നു.

 

മദ്യപാന നിരോധനവുമായി ബന്ധപ്പെട്ട് ആദ്യമായി അവതരിച്ച വാക്യമാണിത്. ജനങ്ങള്‍ വല്ലാതെ ആസക്തരായ, പൂണ്ടുപിടിച്ച ഒരു ദുരാചാരം ക്രമേണ മാത്രമേ ഇല്ലാതാക്കാനാകൂ. ഒറ്റയടിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളില്‍ സന്ദര്‍ഭോചിതമായ നിര്‍ദ്ദേശങ്ങളാണ് അല്ലാഹു നല്‍കിയിരുന്നത്.

 

 يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا ۗ

മദ്യപാനത്തെയും ചൂതാട്ടത്തെയും കുറിച്ച് താങ്കളോടവര്‍ ചോദിക്കുന്നു. മറുപടി നല്‍കുക: അവ രണ്ടിലും ഗുരുതരമായ പാപവും ജനങ്ങള്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയുടെ ദോഷം ഗുണത്തെക്കാള്‍ വലുതാണ്.

وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ (219)

തങ്ങള്‍ എന്താണ് ചെലവു ചെയ്യേണ്ടത് എന്നും അവര്‍ താങ്കളോടു ചോദിക്കുന്നു. ന്യായമായ ആവശ്യം കഴിച്ചു മിച്ചമുള്ളത് എന്നു മറുപടി കൊടുക്കുക. നിങ്ങള്‍ ഇഹലോകത്തെയും പരലോകത്തെയും കുറിച്ചു ചിന്തിക്കുവാന്‍ വേണ്ടി ഇപ്രകാരം അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തരുന്നു.

 

ചില പ്രയോജനങ്ങളുണ്ടെങ്കിലും കൂടുതല്‍ ദോഷങ്ങളാണ് ഒരു കാര്യത്തിലുള്ളതെങ്കില്‍ അതുപേക്ഷിക്കുകയാണ് വേണ്ടത്. മദ്യപാനത്തില്‍ ഉണ്ടെന്നു പറഞ്ഞ പ്രയോജനങ്ങള്‍, താല്‍ക്കാലികമായൊരു ആസ്വാദനം, ടെന്‍ഷന്‍ മറക്കല്‍, കച്ചവടക്കാര്‍ക്ക് വലിയ ലാഭം തുടങ്ങിയവയാണ്. ഇതെല്ലാം കേവലം താല്‍ക്കാലികമാണ്.

 

മദ്യത്തിന്‍റെ ദൂഷ്യങ്ങളങ്ങനെയല്ല. അത് ദീനിനെയും ബുദ്ധിയെത്തന്നെയും  ബാധിക്കുന്നതാണ്. വിവേകം നശിപ്പിക്കും. ത‍ന്‍റേടമില്ലാതെ എടുത്തു ചാടി പല അബദ്ധങ്ങളിലും ചാടിക്കും. ബുദ്ധിസ്ഥിരത നഷ്ടപ്പെടും. ആളുകള്‍ക്കിടയില്‍ പരിഹാസപാത്രമാകും. വീട്ടില്‍ നിന്നുതുടങ്ങി, വിവിധ കുഴപ്പങ്ങളും കലഹങ്ങളുമുണ്ടാക്കും.

 

കുടുംബങ്ങളും അയല്‍ക്കാരും നാട്ടുകാരും ഇത്തരക്കാരെക്കൊണ്ട് അനുഭവിക്കുന്ന ശല്യങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല. വാക്കേറ്റം, അടിപിടി, നിയമലംഘനം, കളവ്, തോന്നിവാസം, വ്യഭിചാരം, കൊലപാതകം ഇങ്ങനെ പലതിനും കാരണം മദ്യപാനമാണ്.

 

റബ്ബിന്‍റെ സ്മരണയില്‍ നിന്ന് തെറ്റിക്കും. സല്‍ക്കര്‍മങ്ങളില്‍ നിന്ന് അകറ്റും. കാമാന്ധനും വ്യഭിചാരാസക്തനുമാക്കിത്തീര്‍ക്കും. നല്ല കാര്യത്തില്‍ ചെലവ് ചെയ്യേണ്ട പണം ഹറാമായ വഴിയില്‍ ചെലവഴിപ്പിക്കും. ഏറ്റവും പ്രധാനമായി പാരത്രിക സൗഭാഗ്യം അത് കളഞ്ഞുകുളിക്കും.

 

ആരോഗ്യത്തിനുതന്നെ പൊതുവെ ഹാനികരവും പല രോഗങ്ങളുടെയും താക്കോലുമാണത്.

 

ദുര്‍വൃത്തികളുടെ മാതാവ് എന്നാണ് തിരുനബി صلى الله عليه وسلم മദ്യത്തെ വിശേഷിപ്പിച്ചത്. വളരെ അര്‍ഥവത്താണതെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം.

 

يَسْأَلُونَكَ عَنِ الْخَمْرِ

خَمْر എന്ന വാക്കിന് മൂടുക, മറയ്ക്കുക എന്നാണ് ഭാഷാര്‍ത്ഥം. കള്ള്, മദ്യം എന്നൊക്കെയാണ് ഉദ്ദേശ്യം. മദ്യം ബുദ്ധിയെ മൂടി മറക്കുകയാണല്ലോ ചെയ്യുന്നത്. സ്ത്രീകള്‍ തല മറക്കാനുപയോഗിക്കുന്ന തട്ടത്തിന് خِمار എന്നാണ് പറയുക.

 

അന്ന്, മുന്തിരിച്ചാറില്‍ നിന്നും ഈത്തപ്പഴച്ചാറില്‍ നിന്നും ഉണ്ടാക്കുന്ന കള്ളായിരുന്നു അധികം പ്രചാരത്തിലുണ്ടായിരുന്നത്. നമ്മുടെ നാട്ടില്‍ പനവര്‍ഗങ്ങളുടെ നീരില്‍ നിന്നുണ്ടാക്കുന്ന പോലെ.

 

കള്ളിന്‍റെ എല്ലാ ഐറ്റംസിനും ഖംറെന്ന് പറയും. ഇവിടെയും എല്ലാതരം കള്ളുകളും തന്നെയാണുദ്ദേശ്യം. അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് വ്യക്തമാക്കിയിട്ടുമുണ്ട്: كُلُّ مُسْكر خَمر (മത്തുണ്ടാക്കുന്നതെല്ലാം കള്ളാണ്-ബുഖാരി, മുസ്‍ലിം)

 

കള്ള്, മദ്യം, ചാരായം, വിസ്‌കി, ബ്രാണ്ടി, കഞ്ചാവ് തുടങ്ങിയ പേരെന്താണെങ്കിലും ശരി, എല്ലാ ലഹരി പദാര്‍ത്ഥങ്ങളും നിഷിദ്ധമാണ്.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിശ്ചയം, എന്‍റെ സമുദായത്തിലെ ചിലര്‍ കള്ളുകുടിക്കും. അവരതിന് മറ്റു പേര്‍ നല്‍കുകയും ചെയ്യും.’ ഈ ഹദീസിന്‍റെ പുലര്‍ച്ച ഇന്ന് കാണുന്നുണ്ടല്ലോ. കള്ള് എന്ന് പറയില്ല, വിസ്‌കി, വൈന്‍, ബ്രാണ്ടി, ബീര്‍ ഇങ്ങനെ പലതുമാണ് പുതിയ പേരുകള്‍.

 

ഏതായാലും, ഈ ആയത്ത് മദ്യപാനം പാടേ നിരോധിച്ചില്ല. ദോഷമാണ് വലുത് എന്ന് അല്ലാഹു പറഞ്ഞതുകൊണ്ട് പലരും അത് ഉപേക്ഷിച്ചു. വ്യക്തമായ നിരോധം വരാത്തതുകൊണ്ട് ചിലരെങ്കിലും അത് തുടരുകയും ചെയ്തു.

 

പിന്നീടാണ് സൂറത്തുന്നിസാഅ് 43-ആം ആയത്ത് അവതരിക്കുന്നത്. (സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായി നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്) എന്ന ആശയമുള്ള ആയത്ത്:

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا  (43) (النساء

 

ഈ ആയത്തിറങ്ങിയതിനു ശേഷം, മുസ്‌ലിംകളെല്ലാവരും നമസ്‌കാര സമയങ്ങളില്‍ മദ്യപാനം ഉപേക്ഷിച്ചു.

 

പിന്നീടാണ് മദ്യനിരോധനത്തിന്‍റെ അവസാനഘട്ടമായി സൂറത്തുല്‍ മാഇദ യിലെ 90 ആം സൂക്തം അവതരിക്കുന്നത്:

 

{يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ، إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ} [المائدة: 90، 91]

 

(സത്യവിശ്വാസികളേ, നിശ്ചയം മദ്യപാനവും ചൂതാട്ടവും വിഗ്രഹാരാധനയും പ്രശ്‌നം വെക്കാനുള്ള അമ്പുകളും അശുദ്ധവും പിശാചിന്‍റെ നടപടികളില്‍ പെട്ടതുമാണ്. അതുകൊണ്ട് നിങ്ങള്‍ വിജയികളാകാനായി അതെല്ലാം ഉപേക്ഷിക്കുക. മദ്യപാനവും ചൂതാട്ടവും മൂലം നിങ്ങളെ ശത്രുതയിലും വിദ്വേഷത്തിലും ചാടിക്കാനും അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും തടയാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് അവയില്‍ നിന്ന് നിങ്ങള്‍ വിരമിക്കുന്നുണ്ടോ?)

 

ഈ ആയത്ത് അവതരിച്ചപ്പോള്‍ മുസ്‌ലിംകളെല്ലാവരും മദ്യം നിശ്ശേഷം ഉപേക്ഷിച്ചു. ഉമര്‍رضي الله عنه ഇങ്ങനെ പറഞ്ഞത്രെ: ഞങ്ങള്‍ നിര്‍ത്തി, ഞങ്ങള്‍ നിര്‍ത്തി!

 

ഉമര്‍رضي الله عنه വിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നത്രെ, കള്ളിന്‍റെ കാര്യത്തിലൊരു തീരുമാനമാകാന്‍. എപ്പോഴും ദുആ ചെയ്യും: ‘അല്ലാഹുവേ! കള്ളിനെപ്പറ്റി മനസ്സമാധാനം നല്‍കുന്ന ഒരു വിവരണം ഞങ്ങള്‍ക്ക് നല്‍കേണമേ! കാരണം, അത് ധനവും ബുദ്ധിയും നശിപ്പിക്കുന്നു’. തത്സമയമാണത്രെ يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ  എന്ന വചനം അവതരിച്ചത്.

 

ഉമര്‍ رضي الله عنه ഇത് ഓതിക്കേട്ടപ്പോള്‍ വീണ്ടും അങ്ങനെ ദുആ ചെയ്തുവത്രെ. അപ്പോഴാണ് സൂറത്തുന്നിസാഇലെ 43-ആം വചനം അവതരിച്ചത്. അപ്പോഴും മഹാനവര്‍കള്‍ അങ്ങനെത്തന്നെ പ്രാര്‍ത്ഥിച്ചു. അങ്ങനെയാണ് പൂര്‍ണനിരോധനം നടപ്പാക്കി, സൂറത്തുല്‍ മാഇദയിലെ 90, 91 വചനങ്ങള്‍ അവതരിക്കുന്നത്. فَهَلْ أَنتُم مُّنتَهُونَ (നിങ്ങള്‍ നിര്‍ത്തുന്നുണ്ടോ?!) എന്നിടത്ത് എത്തിയപ്പോള്‍, ‘ഞങ്ങള്‍ നിര്‍ത്തി! ഞങ്ങള്‍ നിര്‍ത്തി! എന്ന് പറയുകയും ചെയ്തു.

 

കള്ളിന്‍റെയും ചൂതാട്ടത്തിന്‍റെയും വിധിയെന്താണെന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തരണമെന്ന് വേറെ ചിലരും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ

മദ്യാപനം പോലെത്തന്നെ അന്ന് നടപ്പുണ്ടായിരുന്നതാണ് ചൂതാട്ടം.

 

مَيْسِرِ എന്നാല്‍ ‘ചൂതാട്ടം’. എളുപ്പത്തില്‍ പൈസയുണ്ടാക്കുക എന്നാണ് ഭാഷാര്‍ത്ഥം. എല്ലാതരം ചൂതുകളികളും പന്തയങ്ങളും ഉള്‍പ്പെടുന്നൊരു വാക്കാണത്.

 

ഇന്ന് പലതരം ചൂതാട്ടങ്ങളും ഭാഗ്യക്കുറികളും പന്തയങ്ങളുമെല്ലാം നിലവിലുള്ളതു പോലെ, അന്നും ചില പ്രത്യേകതരം ‘മൈസിറു’കള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നുവെച്ച് അതുമാത്രമാണ് ഇവിടെ ഉദ്ദേശമെന്ന് പറയാവതല്ല. ചൂതാട്ടങ്ങളും പന്തയങ്ങളും എല്ലാം നിഷിദ്ധമാണ്. ആകര്‍ഷകമായ പുതിയ പേരുകളിട്ടതുകൊണ്ടോ, എന്തെങ്കിലും പറഞ്ഞ് ന്യായീകരിച്ചതുകൊണ്ടോ ഒന്നും അനുവദനീയമാകില്ല.

 

പന്തയം, ഭാഗ്യക്കുറി, വാതുവെപ്പ്, കത്തുകളി, പകിട കളി ഇങ്ങനെ പരസ്പരം ദുര്‍വാശിക്കും മാത്സര്യത്തിനും വഴിവെക്കുന്ന, അനര്‍ഹമായ ധനലാഭമുണ്ടാക്കുന്ന, ദുര്‍മോഹം വളര്‍ത്തുന്ന എല്ലാ കളികളും ഇതില്‍ പെട്ടു.  

 

ഏതായാലും ഇവിടെ പറഞ്ഞ മൈസിര്‍ എങ്ങനെയായിരുന്നുവെന്ന് നോക്കാം.

 

ഒരൊട്ടകത്തിന് വില നിശ്ചയിക്കും. എന്നിട്ട് അത് അറുത്ത് 28 ഓഹരിയാക്കും. പത്ത് അമ്പുകളെടുത്ത്, ഏഴെണ്ണത്തിന്മേല്‍ ഒന്നുമുതല്‍ ഏഴു വരെ അക്കങ്ങള്‍ ഇടും. മൂന്നെണ്ണം നമ്പറില്ലാത്തതായിരിക്കും.

 

അമ്പുകളെല്ലാം കുറ്റിയിലിട്ട് കശക്കി കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും മധ്യസ്ഥന്‍ വിളിക്കും. ഓരോരുത്തരും ഓരോ അമ്പെടുക്കും. എടുത്ത അമ്പുകളിന്മേലുള്ള നമ്പര്‍ അനുസരിച്ച് അവര്‍ക്ക് ഈ ഇറച്ചി കിട്ടും. നമ്പറില്ലാത്ത നറുക്ക് കിട്ടിയവര്‍ക്ക് ഇറച്ചി കിട്ടില്ലാന്ന് മാത്രമല്ല, ഒട്ടകത്തിന്‍റെ മുഴുവന്‍ വിലയും അവര്‍ കൊടുക്കുകയും ചെയ്യണം. ഇറച്ചി കിട്ടിയവര്‍ അത് സാധുക്കള്‍ക്ക് വിതരണം നടത്തുകയും ചെയ്യും.

 

 يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ

മദ്യപാദനം കൊണ്ടുണ്ടാകുന്നത് ദുര്‍വ്യയവും വേണ്ടാത്തരങ്ങളുമാണെങ്കില്‍, അന്യരുടെ ധനം അന്യായമായി കൈവശപ്പെടുത്തുകയാണ് ചൂതാട്ടത്തിലൂടെ നടക്കുന്നത്. രണ്ടിലും വലിയ ദോഷങ്ങളുണ്ട്, ചെറിയ ഉപകാരങ്ങളുമുണ്ട്.

 

ചൂതുകളി കൊണ്ട് ചിലര്‍ക്ക് അധ്വാനമില്ലാതെ കാര്യമായ ധനലാഭം ഉണ്ടായേക്കാം. അതുപോലെ ഇറച്ചി കിട്ടുന്ന സാധുക്കള്‍ക്ക് അല്‍പം ആശ്വാസവും ലഭിച്ചേക്കാം.  ഇത്തരം ചില പ്രയോജനങ്ങളുണ്ടെങ്കിലും, മദ്യപാനത്തിലുണ്ടാകുന്ന മിക്ക ദോഷങ്ങളും ചൂതാട്ടത്തിലുമുണ്ട്. ചൂതുകളിച്ച് പാപ്പരായിപ്പോയ എത്രയാളുകളുണ്ട്!

 

ഈ ആയത്തിന്‍റെ അടുത്ത ഭാഗം നോക്കാം.

وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ

ചൂതുകളി കുറ്റകരമാണെന്ന് പറഞ്ഞുകഴിഞ്ഞു. എങ്കില്‍ പിന്നെ സാധുക്കള്‍ക്ക് എന്ത് ചെലവ് ചെയ്യും എന്നായി അവരുടെ ചോദ്യം. നിങ്ങളുടെ ന്യായമായ ചെലവ് കഴിച്ച് മിച്ചമുള്ളത് എന്നാണ് അല്ലാഹുവിന്‍റെ മറുപടി.

 

ഈ വാക്യത്തിന്‍റെ അവതരണവുമായി ബന്ധപ്പെട്ട് വേറെയും റിപ്പോര്‍ട്ടുകളുണ്ട്.

 

ഇബ്‌നു അബ്ബാസ് رضي الله عنه ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട്: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാന്‍ സ്വഹാബികളോട് കല്‍പിക്കപ്പെട്ടപ്പോള്‍, അവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞു: ഞങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് എന്താണ് ചെലവഴിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോഴാണത്രേ وَيَسْأَلُونَكَ مَاذَا يُنفِقُونَ എന്ന വചനം അവതരിച്ചത്. الْعَفْوَ (വിട്ടുവീഴ്ച ചെയ്യാവുന്നത്-സൗകര്യപ്പെട്ടത്-അത്യാവശ്യം കഴിച്ച് മിച്ചമുള്ളത്) എന്നാണ് മറുപടി.

 

എന്താണീ മിച്ചമുള്ളത് എന്ന് പറയാന്‍ കാരണം? ഈ ആയത്തിറങ്ങുന്നതിനു മുമ്പ്, ചിലയാളുകള്‍ കൈയിലുള്ള പൈസ മുഴുവന്‍ ചെലവാക്കും, ഒന്നും മിച്ചം വെക്കില്ല. എന്നിട്ടയാള്‍ നിത്യചെലവിന് പ്രയാസപ്പെടുകയും ചെയ്യും. ആരെങ്കിലും വല്ലതും അയാള്‍ക്ക് കൊടുത്തില്ലെങ്കില്‍ ഭക്ഷണത്തിനുതന്നെ വകയില്ലാതെയാകും. അങ്ങനെ ചെയ്യരുത്.

 

ഈ വിഷയത്തില്‍ ഏറ്റവും പ്രായോഗികമായ ഒരു പൊതുതത്ത്വമാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. സമുദായത്തിന്‍റെ സാമ്പത്തികമായ അഭിവൃദ്ധിക്കുവേണ്ടി പ്രയാസപ്പെടുത്തുന്ന മാര്‍ഗങ്ങളൊന്നും സ്വീകരിക്കരുത്. ന്യായമായ ആവശ്യം കഴിച്ച് മിച്ചം വരുന്നത് സമുദായ നന്മക്കു വേണ്ടി ചെലവഴിച്ചാല്‍ മതി. എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതും, പ്രായോഗികവും അതാണല്ലോ.

തന്‍റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഹദീസുകളിലുണ്ടല്ലോ. അത് വലിയ പ്രതിഫലം ലഭിക്കുന്ന സ്വദഖയാണെന്നും തിരുനബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട്.

 

ഒരാളോട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞുവല്ലോ: ‘നീ നിന്‍റെ ദേഹം കൊണ്ട് ആരംഭിക്കുക. അതിന് ധര്‍മം ചെയ്യുക. എന്നിട്ട് വല്ലതും മിച്ചമുണ്ടെങ്കില്‍, അത് നിന്‍റെ വീട്ടുകാര്‍ക്ക്. വീട്ടുകാരില്‍ നിന്ന് വല്ലതും മിച്ചം വന്നാല്‍ അത് നിന്‍റെ കുടുംബാംഗങ്ങള്‍ക്ക്, നിന്‍റെ കുടുംബംങ്ങളില്‍ നിന്നും മിച്ചമുണ്ടെങ്കില്‍ ഇതാ, ഇങ്ങനെയും ഇങ്ങനെയും ചെയ്തുകൊള്ളുക’. (മുസ്‌ലിം.) അതായത്, പിന്നീട് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാം എന്ന് സാരം.

അതേ സമയം, അതിയായ താല്പര്യം കാരണം, തന്‍റെ ആവശ്യമൊക്കെ അവിടെ നില്‍ക്കട്ടെ, മറ്റുള്ളവരുടെ ആവശ്യങ്ങല്‍ നടക്കട്ടെ എന്ന് കരുതി, ഒരാള്‍ കൂടുതല്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നല്ലതും ഉത്തമവും തന്നെയാണ്.

മഹാന്മാരായ അന്‍സ്വാരീ സ്വഹാബികളെ ഈയൊരു കാര്യത്തിന്‍റെ പേരില്‍ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടല്ലോ. وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ (തങ്ങള്‍ക്ക് അത്യാവശ്യമുണ്ടായിരുന്നാലും, തങ്ങളുടെ ദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നു) (59: 9)

--------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter