അധ്യായം 2. സൂറ ബഖറ- (Ayath 187-190) അന്യായം അരുത്, ചന്ദ്രക്കല
നോമ്പ് നിര്‍ബന്ധമാക്കിയ വിഷയമാണല്ലോ കഴിഞ്ഞ പേജില്‍ ചര്‍ച്ച ചെയ്തിരുന്നത്. ആദ്യകാലത്ത് നോമ്പുദിവസങ്ങളില്‍ ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ആഹാരപാനീയങ്ങള്‍ കഴിക്കാന്‍ പാടില്ലായിരുന്നു. അതുപോലെത്തന്നെ, ഇശാഇനു മുമ്പ് ഉറങ്ങിയാലും അന്നുപിന്നെ യാതൊന്നും കഴിക്കാന്‍ പാടുണ്ടായിരുന്നില്ല. അതുകാരണം, നോമ്പ് തുറക്കേണ്ട സമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഉറങ്ങിപ്പോയ ചിലര്‍ക്ക് രാത്രി ഉണര്‍ന്നിട്ടും ഒന്നും കഴിക്കാന്‍ പറ്റാതെ വന്നു. അതേ അവസ്ഥയില്‍ത്തന്നെ പിറ്റേന്നും നോമ്പ് പിടിച്ചതുകൊണ്ട് കൂടുതല്‍ ക്ഷീണവും അനുഭവിക്കേണ്ടിവന്നു.
ഒരു സ്വഹാബിക്ക് നോമ്പ് തുറക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല. പകലിലെ അദ്ധ്വാനത്തിന്‍റെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പിറ്റേന്നത്തെ നോമ്പുനോറ്റ് ഉച്ചയായപ്പോഴേക്കും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായത്രേ. ഇമാം ബുഖാരി رحمه الله ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അതുപോലെ, ആദ്യഘട്ടത്തില്‍ നോമ്പുകാലത്ത് ഭാര്യമാരുമായുള്ള സംസര്‍ഗവും തീരെ പാടില്ലായിരുന്നില്ല. എന്നാലും, ചിലരെങ്കിലും രാത്രിസമയത്ത് അതിന് പ്രേരിതരായിപ്പോയിരുന്നു. ഉറങ്ങിയശേഷം ചിലര്‍ ഭാര്യമാരെ സമീപിക്കുകയും, വേറെ ചിലര്‍ ഭക്ഷണം കഴിക്കുകയും ചെയ്യാനിടയായതും പിന്നീട് ഖേദിക്കുകയും ചെയ്ത സംഭവങ്ങളും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
ഇങ്ങനെ നോമ്പുകാലത്ത് ചില പ്രയാസങ്ങള്‍ നേരിടുകയും വലിയ വിഷമം തോന്നുകയും ചെയ്തു. തിരുനബി صلى الله عليه وسلم യോടവര്‍ ആവലാതി ബോധിപ്പിച്ചു. ഈ സമയത്താണ്, അത്തരം നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി ഇനിയുള്ള വാക്യം അവതരിച്ചത്.
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنْتُمْ تَخْتَانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ ۖ
വ്രതരാത്രികളില്‍ നിങ്ങള്‍ക്ക് ഭാര്യാസംസര്‍ഗം അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്. ആത്മവഞ്ചന നടത്തുകയായിരുന്നു നിങ്ങളെന്നു അല്ലാഹു അറിഞ്ഞതുകൊണ്ട് പശ്ചാത്താപം സ്വീകരിച്ചു മാപ്പു തന്നു.
فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ
അതിനാല്‍, പ്രഭാതം എന്ന വെള്ളനൂല്‍ രാത്രിയെന്ന കറുത്തനൂലുമായി വേര്‍ത്തിരിഞ്ഞു സ്പഷ്ടമാകും വരെ ഇനിമേല്‍ സ്ത്രീസംസര്‍ഗം നടത്തുകയും അല്ലാഹു നിങ്ങള്‍ക്കു നിര്‍ണയിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യാം.
ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ۚ وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ (187)
പിന്നീട് രാത്രിയാകുന്നതുവരെ നോമ്പ് പൂര്‍ത്തിയാക്കുക. പള്ളികളില്‍ ഭജനമിരിക്കവെ സ്ത്രീസംസര്‍ഗമരുത്. ഇതെല്ലാം അല്ലാഹുവിന്‍റെ പരിധികളാകയാല്‍ ലംഘിക്കാനായി നിങ്ങള്‍ സമീപിച്ചുപോകരുത്. ഇപ്രകാരമവന്‍ മാനവതക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു കൊടുക്കുന്നത് അവര്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടിയത്രേ.
الرَّفَثُ: സ്വകാര്യ സല്ലാപം, സംസര്‍ഗം.
പുറത്ത് പറയാന്‍ മടി തോന്നുന്ന സംസാരം, സ്ത്രീകളുമായുള്ള സ്വകാര്യ സല്ലാപം എന്നൊക്കെയാണ് رَفَث ന്‍റെ ശരിയായ അര്‍ത്ഥം. ഇവിടെ ഉദ്ദേശിച്ചത് സ്ത്രീസംസര്‍ഗമാണ്. അങ്ങനെയാണ് പ്രമുഖ മുഫസ്സിറുകളെല്ലാം വ്യാഖ്യാനിക്കുന്നത്.
هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ
റമളാനിന്‍റെ രാത്രിയില്‍ ദമ്പതികള്‍ തമ്മിലുള്ള എല്ലാതരം സമ്പര്‍ക്കവും അനുവദനീയമാണ്. അങ്ങനെ അനുവദിച്ചതിലടങ്ങിയ തത്വം കൂടി ചൂണ്ടിക്കാട്ടുകയാണ്- അവര്‍ നിങ്ങള്‍ക്കും, നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്. ദാമ്പത്യബന്ധത്തെ എത്രമാത്രം മാന്യമായും ഭംഗിയായുമാണിവിടെ വരച്ചുകാട്ടിയിട്ടുള്ളത്! രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമായി വര്‍ത്തിക്കുന്നതിന്‍റെ മനോഹരമായ ചിത്രം!
എളുപ്പം മനസ്സിലാകുന്ന ഉദാഹരണമാണിത്. വസ്ത്രം ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നു – ഇണയെയും ചേര്‍ത്തുനിര്‍ത്തണം. വസ്ത്രം നഗ്നത മറക്കുന്നു – ഇണകള്‍ രഹസ്യങ്ങള്‍ പരസ്പരം സൂക്ഷിക്കണം, വഷളാക്കരുത്. വസ്ത്രം പുറത്തുനിന്നേല്‍ക്കാവുന്ന ഉപദ്രവങ്ങള്‍ തടുക്കുന്നു – ഇണകളിലാര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസമേല്‍ക്കുന്നുവെങ്കില്‍, പ്രതിരോധിക്കണം.
വസ്ത്രം അലങ്കാരമാണ് – രണ്ടുപേരും പരസ്പരം അലങ്കാരമാകണം – ഉടുത്തൊരുങ്ങുന്നതുമുതല്‍ എല്ലാം. അത് പെണ്ണ് മാത്രമല്ല, ആണും അവള്‍ക്കുവേണ്ടി ഒരുങ്ങണം.
സമൂഹത്തിന്‍റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിന്‍റെ ആധാരശിലയാണ് ദാമ്പത്യം. രണ്ട് ജീവിതങ്ങള്‍ ഒന്നായിമാറുന്ന വിസ്മയകരമായ പ്രക്രിയ. പുരുഷന്‍ സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നതിനും തിരിച്ച് സ്ത്രീ പുരുഷനോട് എങ്ങനെ പെരുമാറണമെന്നതിനും വ്യക്തമായ പെരുമാറ്റച്ചട്ടങ്ങള്‍ വിശുദ്ധ ദീന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടുപോയാല്‍ ഈ വസ്ത്രം എന്ന ഉദാഹരണം എത്രകണ്ട് ഫിറ്റാണെന്ന് മനസ്സിലാകും.
هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ
വസ്ത്രം നമ്മള്‍ സെലക്ട് ചെയ്താണെടുക്കുക – ഇണയെ സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
സെലക്ട് ചെയ്ത് എടുത്താലോ, എന്‍റേതാണെന്ന ബോധ്യത്തോടെ ഉപയോഗിക്കും, ശ്രദ്ധിക്കും, സൂക്ഷിക്കും. ചെളിയോ മറ്റോ പുരളാതെ നോക്കും. ഇതുപോലെ കരുതലോടെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കണ്ടറിഞ്ഞ് പൊരുത്തപ്പെട്ട് ജീവിക്കണം.
وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ '
ദാമ്പത്യജീവിതത്തിന്‍റെ പ്രധാന ലക്ഷ്യമായ സന്താനലബ്ധി ആഗ്രഹിക്കുക എന്നാണ് ഉദ്ദേശ്യം. അത് പ്രത്യേകം ഉണര്‍ത്തുകയാണ്: ദാമ്പത്യബന്ധം കേവലം ശാരീരിക ബന്ധമോ, സുഖാസ്വാദനമോ മാത്രമായാല്‍ പോരാ. നല്ല മക്കളെ ലഭിക്കണം എന്നു കൂടി കരുതണം. അതിനായി ആഗ്രഹിക്കണം, പ്രാര്‍ത്ഥിക്കണം. അതിനുവേണ്ടി റബ്ബ് നിശ്ചയിച്ചുതന്നതാണ് ഈ ബന്ധം.
ഇന്നിപ്പോ മറിച്ചുചിന്തിക്കുന്ന കാലമാണ്. ഭൗതികമായ സുഖസൗകര്യങ്ങള്‍ മാത്രം തേടുന്ന, കുട്ടികളുണ്ടായാല്‍ അതൊക്കെ അസൌകര്യമാണെന്ന് കരുതുന്ന കാലം. അത് തെറ്റാണ്. കേവല സുഖാസ്വാദനം മാത്രമല്ല, വലിയൊരു അനുഗ്രഹമാണ് മക്കളുണ്ടാവുക എന്നത്. മനുഷ്യവര്‍ഗത്തിന്‍റെ നിലനില്‍പിനും വളര്‍ച്ചക്കും പ്രകൃതിപരമായ ഒരാവശ്യം കൂടിയാണത് – ഇതൊക്കെയാണ് റബ്ബ് മനസ്സിലാക്കിത്തരുന്നത്.
فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ
തിന്നുക, കുടിക്കുക, ശാരീരിക ബന്ധം പുലര്‍ത്തുക ഇതൊക്കെ അനുവദിക്കപ്പെട്ടിരിക്കുന്നത് ഫജ്‌റുസ്സ്വാദിഖ് വരെയാണ്. വെള്ളനൂല്‍ എന്നതുകൊണ്ട് ഉണ്‍മ പ്രഭാതവും (ഫജ്റുസ്വാദിഖ്), കറുപ്പ് നൂല്‍ എന്നതുകൊണ്ട് രാവുമാണ് ഉദ്ദേശ്യം. രാത്രിയുടെ ഇരുട്ട് നീങ്ങി പ്രഭാതം പുലരുന്നതുവരെ എന്ന് സാരം. ഇന്നത്തെപ്പോലെ സമയമറിയാന്‍ ഘടികാരങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് പെട്ടെന്ന് മനസ്സിലാകാനാണ് ഇങ്ങനെ ഉദാഹരിച്ചത്.
പ്രഭാതത്തിന്‍റെ ആരംഭമായി ആകാശത്ത് വീശിക്കാണാവുന്ന വെള്ളരേഖയാണ് 'ഫജ്‌റുസ്സ്വാദിഖ്'. അതിന്‍റെ മുമ്പുള്ള സമയമാണ് നോമ്പുരാത്രിയുടെ അവസാനഘട്ടം.
ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ
നോമ്പിന്‍റെ തുടക്കവും അവസാനവും ഇവിടെ നിന്ന് മനസ്സിലാക്കാം. അതുപോലെ, ഈ സമയത്തിനിടയില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ സ്ത്രീകളുമായി സംസര്‍ഗം ഉണ്ടാകുകയോ ചെയ്യരുതെന്നും, അതുകാരണം നോമ്പ് നഷ്ടപ്പെടുമെന്നും മനസ്സിലാക്കാവുന്നതാണ്.
وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ
ഇഅ്തികാഫ് - ആ വാക്കിന്‍റെ അര്‍ത്ഥം, ഒരു വസ്തുവിനെ ചുറ്റിപ്പിറ്റി, അതിനോട് വേര്‍പിരിയാതെ കഴിഞ്ഞു കൂടുക എന്നാണ്. ഉപാസന, ഭജനമിരിക്കുക എന്നൊക്കെ ഒറ്റവാക്കില്‍ പറയാം.
അല്ലാഹുവിന്‍റെ സാമീപ്യം തേടി, പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിച്ചുകൂട്ടുന്നതിനാണ് ഇഅ്തികാഫ് എന്ന് സാങ്കേതികമായി പറയുന്നത്. ഈ പള്ളിയില്‍ അല്ലാഹുവിനു വേണ്ടി ഇഅ്തികാഫ് ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്.
വളരെ ശ്രേഷ്ഠതയുള്ള ഒരു പുണ്യകര്‍മമാണിത്. റമളാന്‍ മാസത്തില്‍, വിശിഷ്യാ അവസാനത്തെ പത്തില്‍ വളരെ പ്രതിഫലാര്‍ഹമാണ്. റമളാന്‍ മാസത്തില്‍ അവസാനത്തെ പത്തു ദിവസം തിരുനബി صلى الله عليه وسلم സാധാരണയായി ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു; വഫാത്തായ കൊല്ലം ഇരുപത് ദിവസം ഇഅ്തികാഫിരുന്നിട്ടുണ്ട്.
നോമ്പ് സമയങ്ങളില്‍ സ്ത്രീകളുമായുള്ള സംസര്‍ഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇഅ്തികാഫിലും അത് പാടില്ലെന്ന് സാന്ദര്‍ഭികമായി അറിയിക്കുകയാണ്: ‘നിങ്ങള്‍ പള്ളികളില്‍ ‘ഇഅ്തികാഫ്’ ഇരിക്കുമ്പോഴും അവരുമായി സംസര്‍ഗം നടത്തരുത്.
റമളാനിന്‍റെ രാത്രികളില്‍ ഭാര്യാസംസര്‍ഗം ആവാം. പക്ഷേ, ഇഅ്തികാഫിനിടയില്‍ പാടില്ല. കാരണം, പള്ളിയില്‍ പോയി ഭജനമിരിക്കുന്നവര്‍ ഇത്തരം ഭൗതികചിന്തകളില്‍ നിന്നെല്ലാം പാടേ അകന്നിരിക്കേണ്ടവരാണ്. അതുകൊണ്ട് ആ ദിവസങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെടരുത്. മുഴുവന്‍ ചിന്തയും ആത്മികമായിരിക്കണം. ഇഅ്തികാഫില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് വിരോധമില്ലല്ലോ. അതുകൊണ്ടത് പ്രത്യേകം പറയേണ്ട കാര്യവുമില്ല.
تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا
ഈ നിയമങ്ങളെല്ലാം വിവരിച്ചശേഷം പറയുകയാണ്:
നോമ്പ്, നമസ്‌കാരം തുടങ്ങിയവയെല്ലാം ആരാധനാപരമായ കാര്യങ്ങളായതുകൊണ്ട്, അതു സംബന്ധിച്ച് അല്ലാഹു നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം.
അല്ലാഹു നിശ്ചയിച്ച നിയമപരമായ അതിര്‍ത്തികളാണെന്ന് പറയുമ്പോള്‍, ആ അതിര്‍ത്തി വിട്ടുകടക്കുന്നത് കുറ്റകരമാണ്, ശിക്ഷാര്‍ഹവുമാണ്; അതുകൊണ്ട് ആ അതിര്‍ത്തികളുടെ അടുത്ത് പോലും നിങ്ങള്‍ ചെല്ലരുത്; നിയമങ്ങള്‍ ലംഘിക്കാന്‍ അത് ഇടയാക്കിയേക്കാം.
വളരെ ശ്രദ്ധേയമായ ഒരു ഉപദേശമാണിത്. അനുവാദത്തിന്‍റെ പരിധി എവിടെയാണോ അവസാനിക്കുന്നത്, അവിടെനിന്നുതന്നെ നിരോധത്തിന്‍റെ പരിധി തുടുങ്ങുന്നുണ്ട്. അതുകൊണ്ട് നല്ലവണ്ണം ശ്രദ്ധിക്കണം. പരിധിയുടെ കുറച്ചുമുന്നേ നിറുത്തണം. അല്ലെങ്കില്‍, നിരോധത്തിന്‍റെ വലയത്തില്‍ ചെന്നുചാടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്, അനുവാദങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ വല്ലാതെയങ്ങ് മുന്നോട്ട് പോകരുത്, അതിര്‍ത്തിയുടെ ഏതാണ്ടടുത്തുവെച്ച് നിറുത്തണം.
വ്യഭിചാരം, യതീമിന്‍റെ ധനം കൈകാര്യം ചെയ്യുക പോലെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും (لاتَقْرَبُوا) എന്നാണ് അല്ലാഹു പ്രയോഗിച്ചിട്ടുള്ളത്. എല്ലായിടത്തും ഈ ഉപദേശം ബാധകമാണെന്നര്‍ത്ഥം.
كَذَٰلِكَ يُبَيِّنُ اللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ
ഇതെല്ലാം ഇങ്ങനെ മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നത്, അവര്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടിയാണ് എന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്.
ആദ്യം (183-ആം ആയത്തില്‍) നോമ്പിന്‍റെ നിയമനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ (لَعَلَّكُمْ تَتَّقُونَ) എന്നല്ലേ പറഞ്ഞത്. അതേ വാക്കുകൊണ്ട് തന്നെ നോമ്പിന്‍റെ വിഷയം ഇവിടെ പറഞ്ഞഅവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
അടുത്ത ആയത്ത് 188
ഇനി സമ്പത്ത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഈ വിഷയം നോമ്പിനോട് ചേര്‍ത്തുപറയാന്‍ കാരണമുണ്ട്. ആത്മനിയന്ത്രണം എന്നതാണല്ലോ ശരിയായ നോമ്പുകൊണ്ട് കിട്ടുന്ന പ്രധാന നേട്ടം. പക്ഷേ, ഈ നേട്ടം പ്രധാനമായും വൈയക്തികമാണ് - ഒരൊറ്റ വ്യക്തിയില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്.
അതേസമയം, ആത്മനിയന്ത്രണം എല്ലാവരും പാലിക്കേണ്ട ഒരു വിഷയമാണ് സമ്പത്ത് കൈകാര്യം ചെയ്യുക എന്നത്. സാമ്പത്തിക അച്ചടക്കം എന്ന് ചുരുക്കിപ്പറയാം. അതാണിനി ചര്‍ച്ച ചെയ്യുന്നത്.
ഓരോത്തരും അനുഭവിക്കുന്ന മുതലുകള്‍ അനുവദനീയമാണെന്ന് ഉറപ്പുവരുത്തുക, സാമ്പത്തിക ഇടപാടുകളില്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമോ ദ്രോഹമോ ഉണ്ടാക്കാതിരിക്കുക - ഇതാണ് സാമ്പത്തിക അച്ചടക്കം എന്ന് ചുരുക്കിപ്പറയാം.
وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنْتُمْ تَعْلَمُونَ (188)
അറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി പരസ്പരം തിന്നുകയോ ആളുകളുടെ സമ്പത്ത് കുറ്റകരമായി പിടുങ്ങാന്‍ വേണ്ടി ഭരണാധികാരികളെ സമീപിക്കുകയോ ചെയ്യരുത്.
وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ
‘അന്യരുടെ ധനം തിന്നരുത്’ എന്ന് പറയാതെ ‘നിങ്ങളുടെ ധനം തിന്നരുത്’ (لَا تَأْكُلُوا أَمْوَالَكُم) എന്ന് പറയാന്‍ കാരണം, സത്യവിശ്വാസികള്‍ എല്ലാവരും പരസ്പരം സഹോദരന്‍മാരും, ഒരേ ശരീരത്തിന്‍റെ അവയവങ്ങളെപ്പോലെ വര്‍ത്തിക്കേണ്ടവരുമാണല്ലോ. അതുകൊണ്ടാണ് ‘നിങ്ങളുടെ’ എന്ന് പറഞ്ഞത് - ഇബ്‌നുജരീര്‍ رحمه الله നെ പോലെയുള്ളവര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതുപോലെയുള്ള പ്രയോഗം 4:29ലും കാണാം. സമ്പത്തിനെക്കുറിച്ചും കൊലയെക്കുറിച്ചും പറഞ്ഞപ്പോള്‍ ‘നിങ്ങളുടെ’, ‘നിങ്ങള്‍ നിങ്ങളെത്തന്നെ’ എന്നെല്ലാമാണ് ഉപയോഗിച്ചിട്ടുള്ളത്.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا (29) النساء
وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ
വിശാലമായ അര്‍ത്ഥമാണ് ബാഥില്‍ എന്ന പദത്തിനുള്ളത്.
മോഷണം, വഞ്ചന, തട്ടിപ്പറിക്കല്‍, സൂത്രങ്ങളുപയോഗിച്ചുള്ള അപഹരണം, പലിശയിലൂടെയോ മറ്റോ അന്യരുടെ മുതലുകള്‍ കൈക്കലാക്കുക, അധ്വാനിക്കാന്‍ കഴിവുള്ളവര്‍ യാചിക്കുക, ജോലിയെടുപ്പിച്ചിട്ട് ന്യായമായ കൂലി കൊടുക്കാതിരിക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, ഇല്ലാത്ത ഗുണങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച് കൂടുതല്‍ വില വാങ്ങുക – ഇങ്ങനെ ആളുകളെ പറ്റിച്ച് പൈസ പിടുങ്ങുന്ന എല്ലാ മാര്‍ഗങ്ങളും ഇതില്‍ പെടും.
وَتُدْلُوا بِهَا إِلَى الْحُكَّامِ
അന്യായമായി ഒരാളും അപരന്‍റെ പണം കൈക്കലാക്കാന്‍ പാടില്ലെന്ന് മൊത്തത്തില്‍ പറഞ്ഞശേഷം, അധികാരസ്ഥാനത്തിരിക്കുന്നവരെ ഉപയോഗിച്ച്, മറ്റുള്ളവരുടെ ധനം കൈക്കലാക്കാന്‍ ശ്രമിക്കരുതെന്ന് പ്രത്യേകം പറയുകയാണ്. അതായത് കൈക്കൂലി, കള്ളക്കേസ് പോലെ പല വളഞ്ഞ വഴികള്‍ സ്വീകരിച്ച്, അധികാരികളെക്കൂടി സ്വാധീനിച്ച് മറ്റുള്ളവരുടെ സമ്പത്ത് കൈക്കലാക്കുക-ഇതും പാടില്ല.
അനുകൂലമായ വിധി നേടാന്‍ വേണ്ടി വിധികര്‍ത്താക്കളെ സമീപിക്കുക, കള്ളക്കേസ് കൊടുക്കുക, കൈക്കൂലി കൊടുക്കുക – ഇതൊന്നും പാടില്ല. ഇതെല്ലാമിന്ന് സാര്‍വത്രികമാണല്ലേ. എല്ലാം സാമാന്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. ഒന്നും പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ കൈക്കൂലി-കോഴ കേസുകളാണ് പുറത്തുവരുന്നത്. അതിലൊന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവര്‍. അവരുടെ പിറകെ വീണ്ടും കൂടുന്ന അനുയായികള്‍! കേസുകള്‍ കോടതിയിലെത്തിയാല്‍ തന്നെ കുറ്റവാളികള്‍ സ്വാധീനവും മറ്റുമുപയോഗിച്ച് രക്ഷപ്പെടുകയണ്.
‘തിന്നുക (تأكُلُوا)’ എന്നാണിവിടെ പ്രയോഗിച്ചിരിക്കുന്നത്. നമ്മള്‍ സാധാരണ ഭാഷയിലും അങ്ങനെത്തന്നെയല്ലേ പറയാറ് – വളരെ മോശമായ സ്വഭാവമാണതെന്ന് സൂചിപ്പിക്കുകയാണ് ഈ പ്രയോഗം. തിന്നല്‍ മാത്രമല്ല, ഉദ്ദേശ്യം, ഡ്രസ് വാങ്ങലോ, ജോലി നേടലോ എല്ലാം പെട്ടു.
ഇത്തരം അധര്‍മങ്ങള്‍ ചെയ്യരുതെന്ന് കര്‍ശനമായി വിലക്കുകയാണ് അല്ലാഹു. നമ്മളതിന് കൂട്ടുനില്‍ക്കാന്‍ പാടില്ല.
കേസുകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തിരുനബി صلى الله عليه وسلم നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയാറുണ്ട്: ഞാന്‍ ഒരു മനുഷ്യനാണ്. നിങ്ങള്‍ എന്‍റെയടുത്ത് കേസുമായി വരും. ഒരു പക്ഷേ, നിങ്ങളില്‍ ചിലര്‍, മറ്റവരെക്കാള്‍ മികച്ചുനില്‍ക്കുന്ന തെളിവ് കൊണ്ടായിരിക്കും വരുന്നത്. അങ്ങനെ, അയാളില്‍ നിന്ന് ഞാന്‍ കേട്ടതനുസരിച്ച് അയാള്‍ക്ക് ഞാന്‍ വിധിച്ചുകൊടുക്കുകയും ചെയ്തിരിക്കാം. എന്നാല്‍, ആര്‍ക്കെങ്കിലും (യഥാര്‍ത്ഥത്തില്‍) അവന്‍റെ സഹോദരന് അവകാശപ്പെട്ട വല്ലതും ഞാന്‍ വിധിച്ചു കൊടുക്കുന്ന പക്ഷം, അത് നരകത്തില്‍ നിന്നുള്ള കഷ്ണമാണെന്ന് നിങ്ങള്‍ മനസ്സലാക്കണം.
നന്നായി ശ്രദ്ധിക്കേണ്ട ഹദീസാണിത്. തെളിവനുസരിച്ചാണല്ലോ ജഡ്ജി വിധി പറയുക. തെളിവുകളില്‍ കൃത്രിമം കാണിച്ചതിലുള്ള ഉത്തരവാദിത്വവും, തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്കും, ആ തെളിവ് സമര്‍പ്പിച്ച ആളായിരിക്കും ഉത്തരവാദി; ഖാളിയല്ല. അതുകൊണ്ട് ജഡ്ജി വിധിച്ചു, കോടതി വിധിയുണ്ട് എന്നെല്ലാം പറഞ്ഞ്, മറ്റൊരാളുടെ ധനം കൈവശപ്പെടുത്തുന്നത് കടുത്ത അതിക്രമമാണ്. നരകത്തിലെ തീ കഷ്ണങ്ങളാണ് അവര്‍ കൈപ്പറ്റിയതെന്ന് ഓര്‍ത്തിരിക്കട്ടെ.
കൈക്കൂലി കൊടുക്കുന്നവനെയും മേടിക്കുന്നവനെയും അത് വാങ്ങിക്കൊടുക്കുന്നവനെയും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു എന്ന് ഹദീസിലുണ്ട്.
അടുത്ത ആയത്ത്- 189
ചന്ദ്രക്കലകളെക്കുറിച്ചാണിനി പറയുന്നത്. ചാന്ദ്രമാസത്തിലെ ആദ്യ പകുതിയില്‍ ചന്ദ്രന്‍ ക്രമേണ വലുതായി പൂര്‍ണത പ്രാപിക്കുകയും രണ്ടാം പകുതിയില്‍ ക്രമേണ ക്ഷയിച്ചുവരികയും ചെയ്യുന്നതുകൊണ്ട്, അത് പല ആകൃതിയിലാണല്ലോ കാണപ്പെടുന്നത്. ചെറുതായി പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കല രണ്ടാഴ്ചയാവും മുമ്പ് പൗര്‍ണമിയാകും; തുടര്‍ന്ന് ക്രമേണ പഴയ വലിപ്പത്തിലാകും. ഈ രൂപമാറ്റങ്ങളാണ് ഇനിയുള്ള ആത്തില്‍ الأهِلَّة (ചന്ദ്രക്കലകള്‍) എന്നതുകൊണ്ട് ഉദ്ദേശ്യം.
ചന്ദ്രന്‍റെ ഈ രൂപമാറ്റത്തെക്കുറിച്ച് മുസ്‌ലിംകള്‍ തിരുനബി صلى الله عليه وسلم യോട് ചോദിച്ചിരുന്നുവത്രെ. മുആദുബ്‌നു ജബല്‍, സഅ്‌ലബത്തുബ്‌നു ഗനംرضي الله عنهما എന്നിവര്‍-ഇരുവരും അന്‍സ്വാറുകളാണ്-തിരുനബി صلى الله عليه وسلم യോട് ചോദിച്ചു: 'എന്താണ് ചന്ദ്രക്കലയുടെ അവസ്ഥ? അത് നൂലുപോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാവുന്നു; വീണ്ടും പഴയപടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ ചന്ദ്രന്‍ കാണപ്പെടുന്നത്?' അപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്. (റാസി)
ജൂതന്മാരും തിരുനബി صلى الله عليه وسلم യോട് ചന്ദ്രക്കലയെപ്പറ്റി ചോദിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് (തഫ്‌സീര്‍ കബീര്‍ 5:130).
ഏതായാലും മറുപടി അതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചാണ്. അതിന്‍റെ ഗുണം വിവരിക്കുകയാണ്. ചോദിക്കപ്പെട്ട വിഷയത്തെ പ്പറ്റി എല്ലാവരും മനസ്സിലാക്കേണ്ട, മതദൃഷ്ട്യാ അറിഞ്ഞിരിക്കേണ്ട ഒരു മറുപടി നല്‍കാന്‍ അല്ലാഹു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയാണ്: ‘പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാലനിര്‍ണയങ്ങളാണ്.’ അതായത്, നോമ്പ്, പെരുന്നാള്‍, ഹജ്ജ് തുടങ്ങിയ വിവിധ കാര്യങ്ങള്‍ യഥാസമയം നടത്താന്‍ കാലഗണനയുടെ സൗകര്യത്തിനാണത്.
يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ
ചന്ദ്രക്കലകളെപ്പറ്റി താങ്കളോടവര്‍ ചോദിക്കുന്നു. ഇങ്ങനെ പറയുക: ആളുകളുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് കര്‍മങ്ങള്‍ക്കും സമയനിര്‍ണയം നടത്താനുള്ളതാണവ.
ھِلاَل ന്‍റെ ബഹുവചനമാണ് أهِلٌة. ബാലചന്ദ്രന്‍ എന്നര്‍ത്ഥം. മനുഷ്യരുടെ വിവിധ കാര്യങ്ങള്‍ക്ക് സമയം നിശ്ചയിക്കുന്നതിന് ചന്ദ്രന്‍റെ ഈ വൃദ്ധിക്ഷയം അനിവാര്യമാണ്. നോമ്പ്, പെരുന്നാള്‍, ഥലാഖ്, ഇദ്ദ, ഹജ്ജ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചന്ദ്രന്‍റെ ഈ ക്ഷയവൃദ്ധി അടിസ്ഥാനമാക്കി നടക്കുന്നവയാണ്.
ഹജ്ജിന്‍റെ കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. അതിന്‍റെ മാസങ്ങളും, ദിവസങ്ങളും മറ്റുമെല്ലാം ലോകമുസ്‌ലിംകള്‍ക്ക് പൊതുവിലും, ഹജ്ജിന് പോകുന്നവര്‍ക്കും അറബികള്‍ക്കും പ്രത്യേകിച്ചും അറിയണമല്ലോ. അതുകൊണ്ടാണത് പ്രത്യകം പറഞ്ഞത്.
സൂര്യമാസങ്ങള്‍ അടിസ്ഥാനപ്പെടുത്തിയും ഇതെല്ലാം നടത്താമെങ്കിലും, സാധാരണക്കാര്‍ക്കത് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുകയില്ലല്ലോ.
ഇതിനോട് ചേര്‍ത്തി മറ്റൊരു വിഷയം കൂടി പറയുകയാണ് അല്ലാഹു. ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്താല്‍, വീട്ടിലേക്ക് വരുമ്പോള്‍ മുന്‍വാതിലുകളില്‍കൂടി പ്രവേശിക്കാതെ പിറകുവശത്തുകൂടി കടക്കുന്ന സമ്പ്രദായം ജാഹിലിയ്യാകാലത്ത് ഉണ്ടായിരുന്നുവത്രെ. അതാണ് പുണ്യമെന്നാണവരുടെ വിശ്വാസം.
ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് അവസാനിക്കുന്നതിന് മുമ്പ് വീടുകളിലേക്ക് വരേണ്ടിവരുമ്പോള്‍, പ്രധാനവാതിലുകളിലൂടെ അകത്ത് കടക്കാതെ, ചുമരിന്മേല്‍ കയറിയോ, പിന്‍ഭാഗത്തുള്ള ജനല്‍ പഴുതുകളിലൂടെയോ അകത്തുകടക്കും. വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ടുപോയ ശേഷം, വഴിയില്‍ വെച്ച് വീട്ടില്‍ വരേണ്ട വല്ല ആവശ്യം വന്നാലും ഇങ്ങനെ ചെയ്തിരുന്നുവത്രെ.
ഇത് അന്ധവിശ്വാസമാണെന്നും അതില്‍ ഒരു പുണ്യവുമില്ലെന്നും അറിയിക്കുകയാണ് അല്ലാഹു. അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍ കല്‍പിച്ചതുപോലെ നടക്കലാണ് പുണ്യം. വീടിന്‍റെ പ്രധാനവാതിലിലൂടെ പ്രവേശിക്കുന്നതിന് യാതൊരു വിരോധവുമില്ല.
وَلَيْسَ الْبِرُّ بِأَنْ تَأْتُوا الْبُيُوتَ مِنْ ظُهُورِهَا وَلَٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ (189)
നിങ്ങള്‍ പിന്‍ഭാഗത്തു കൂടി വീടുകളില്‍ പ്രവേശിക്കുന്നതല്ല പുണ്യം-മറിച്ച്, ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവനാണു സല്‍കര്‍മി. ഗൃഹങ്ങളില്‍ അവയുടെ കവാടങ്ങളില്‍കൂടി തന്നെ ചെല്ലുക; അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ വിജയികളായിത്തീരാന്‍.
بِرّ എന്ന പദത്തിന് പുണ്യം എന്നും, പുണ്യവാന്‍ എന്നും അര്‍ത്ഥം വരുമെന്ന് 177-ആം ആയത്തില്‍ നമ്മള്‍ പഠിച്ചത് ഇവിടെയും ഓര്‍ക്കുക.
ഈ ആയത്ത് ഒരു ഉപമാവാക്യം കൂടിയായി ഉപയോഗിക്കപ്പെടാറുണ്ട് وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا – ഏതു കാര്യത്തിലേക്ക് പ്രവേശിക്കാനും നേര്‍ക്കുനേരെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണം- വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത് എന്നാണ് ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം.
അടുത്ത ആയത്ത് 190
യുദ്ധത്തിനുള്ള അനുമതിയെക്കുറിച്ചാണിനി പഠിക്കാനുള്ളത്. മദീനയില്‍വെച്ച് യുദ്ധസംബന്ധമായി ആദ്യഘട്ടങ്ങളില്‍ അവതരിച്ച ആയത്തുകളില്‍ ചിലതാണ് ഇനിയുള്ളത്.
പ്രതിരോധത്തിനുവേണ്ടിയാണ് അനുമതി കൊടുത്തത്. വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിഷയമാണിതെന്നതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കണം.
തിരുനബി صلى الله عليه وسلم യെയും സ്വഹാബികളെയും മക്കയിലെ മുശ്‌രിക്കുകള്‍ കഠിനമായി ഉപദ്രവിച്ചു. സഹിക്കാന്‍ കഴിയാതെവന്നപ്പോള്‍ അവര്‍ മദീനയില്‍ അഭയം തേടി. പക്ഷേ, അവിടെയും മക്കാമുശ്‌രിക്കുകള്‍ ഇരിക്കപ്പൊറുതി നല്‍കിയില്ല. ഇതിനെല്ലാം കാരണമോ,അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നുതാനും. ഈ ഘട്ടത്തിലാണ് മുസ്‌ലിംകള്‍ക്ക് പ്രതിരോധ യുദ്ധത്തിന് അനുവാദം ലഭിച്ചത്.
ഈ ആയത്തുകള്‍ ഇറങ്ങാനും പ്രത്യേക കാരണമുണ്ട്: ഹിജ്‌റ ആറാം വര്‍ഷം തിരുനബി صلى الله عليه وسلم യും സ്വഹാബികളും ഉംറ ചെയ്യാന്‍ വേണ്ടി മാത്രം മക്കയിലേക്ക് പുറപ്പെട്ടു. ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മുശ്രിക്കുകള്‍ തടഞ്ഞു.
അവിടന്നങ്ങോട്ട് മുമ്പോട്ടു പോകാതെ, അവിടെ വെച്ച് മുശ്‌രിക്കുകളുമായി ഒരു സന്ധി ചെയ്തു. ഈ വര്‍ഷം മക്കയില്‍ പ്രവേശിക്കാതെ മടങ്ങിപ്പോകണം. അടുത്ത കൊല്ലം ഉംറക്കായി മക്കയില്‍ വരാം, അപ്പോള്‍ ഒരു തടസ്സവുമില്ലാതെ ഉംറ ചെയ്യാനായി മുശ്‌രിക്കുകള്‍ മൂന്ന് ദിവസം മക്കാപട്ടണം ഒഴിഞ്ഞുകൊടുക്കും – ഇങ്ങനെയൊക്കെയായിരുന്നു സന്ധിയിലെ വ്യവസ്ഥകള്‍.
ഈ ഉടമ്പടി അനുസരിച്ച് തിരുനബി صلى الله عليه وسلم യും അനുചരന്മാരും അടുത്ത കൊല്ലം ഉംറ ചെയ്യാന്‍ പുറപ്പെട്ടു. മക്കാമുശ്‌രിക്കുകള്‍ സന്ധി ലംഘിക്കുമോ എന്ന് പേടിയുണ്ടായിരുന്നു അവര്‍ക്ക്. അഥവാ അങ്ങനെ സംഭവിച്ചാല്‍ യുദ്ധം ഹറാമായ മാസത്തിലും സ്ഥലങ്ങളിലും വെച്ച് യുദ്ധം ചെയ്യേണ്ടി വരുമോ? ഈ സമയത്ത്, അവരെ സമാധാനിപ്പിക്കാന്‍ കൂടിയാണത്രെ ഈ വാക്യം അവതരിച്ചത്.
وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ (190)
ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളങ്ങോട്ടും യുദ്ധം ചെയ്യുക; പരിധിവിട്ടു പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ അല്ലാഹു സ്‌നേഹിക്കയില്ല തന്നെ.
ഇസ്‌ലാമിന്‍റെ ശത്രുക്കളുമായി ധര്‍മയുദ്ധം നടത്തേണ്ടിവന്നാല്‍, സ്വീകരിക്കേണ്ട പല അടിസ്ഥാന തത്വങ്ങളും അല്ലാഹു പഠിപ്പിച്ചുകൊടുക്കുകയാണ്. അതായത്, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍ തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാത്ത ബലഹീനന്മാര്‍, അരാധനാമന്ദിരങ്ങളില്‍ ഇരിക്കുന്ന പുരോഹിതര്‍ - ഇവരെയൊന്നും ഉപദ്രവിക്കരുത്. കൊല്ലപ്പെടുന്നവരെ അംഗവിച്ഛേദം ചെയ്യരുത്. وَلَا تَعْتَدُوا 'നിങ്ങള്‍ അതിക്രമിക്കരുത്' എന്ന് പറഞ്ഞത് അതാണ്. ഇതൊന്നും സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ല. അല്ലാഹുവിന് അത് ഇഷ്ടമല്ല.
അതുപോലെത്തന്നെ, ഇങ്ങോട്ട് യുദ്ധം ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത സമാധാനപ്രിയരായ- സഖ്യ ഉടമ്പടികളുള്ളതുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കാതിരിക്കുന്നവരോട്, യുദ്ധത്തിന് ഒരുങ്ങുക പോലും ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരോധിക്കുന്ന പല ഹദീസുകളുമുണ്ട്.
-----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment