അധ്യായം 2. സൂറ ബഖറ- (Ayath 253-256) ആയത്തുൽ കുർസിയ്യ്
അല്‍ഹംദുലില്ലാഹ് - 2 ജുസ്ഉകള്‍ പഠിച്ച് പൂര്‍ത്തിയാക്കാന്‍ അല്ലാഹു തൌഫീഖ് തന്നു. ബാക്കിയുള്ള 28 നും റബ്ബിന്‍റെ തുണയുണ്ടാകും. ഇന്‍ശാഅല്ലാഹ്. അല്ലാഹുവേ, സഹായിക്കേണമേ-ആമീന്‍.
ഈ സൂറയില്‍, ഇതുവരെയായി പല മുര്‍സലുകളെക്കുറിച്ചും അവരുടെ സമുദായങ്ങളെക്കുറിച്ചും പറഞ്ഞുകഴിഞ്ഞല്ലോ. അവസാനം, കഴിഞ്ഞ ആയത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ആ റസൂലുകളില്‍ പെട്ട ഒരാളാണെന്നും പറഞ്ഞു.
تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۚ وَإِنَّكَ لَمِنَ الْمُرْسَلِينَ(252)
ഇനി, മേല്‍പറഞ്ഞ എല്ലാ മുര്‍സലുകളെയും കുറിച്ച് പൊതുവായി ചില കാര്യങ്ങള്‍ പറയുകയാണ്.
അല്ലാഹുവിന്‍റെ ദൂതന്മാര്‍ എന്ന വിഷയത്തില്‍ എല്ലാവരും സമന്മാരാണെങ്കിലും അവരുടെ സ്ഥാനങ്ങള്‍ വ്യത്യസ്തമാണ്. അല്ലാഹു നേരിട്ട് സംസാരിച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ട്. നമ്മുടെ തിരുനബി صلى الله عليه وسلم, മൂസാ നബി عليه السلام, എന്നിവരോട് അല്ലാഹു, മലക്കുകളുടെയോ മറ്റോ മാധ്യമമില്ലാതെ, നേരിട്ട് സംസാരിച്ചിട്ടുണ്ട്.
മൂസാ നബി عليه السلام നോട് അല്ലാഹു സംസാരിച്ച കാര്യം, അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട് (4: 164 നോക്കുക). കൂടാതെ, സീനാ താഴ്‌വരയില്‍വെച്ച് സംസാരിച്ച സംഭവം ഒന്നിലധികം സ്ഥലത്തും ഖുര്‍ആനിലുണ്ട്. അതുകൊണ്ടാണ് മഹാനവര്‍കളെപ്പറ്റി كَلِيمُ اللَهِ (അല്ലാഹു സംസാരിച്ച ആള്‍) എന്ന് പറയുന്നത്.
പ്രസിദ്ധമായ ‘മിഅ്‌റാജി’ല്‍, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു തആലാ സംസാരിച്ചത് പ്രബലമായ ഹദീസുകളിലുമുണ്ട്. സൂറത്തുന്നജ്മില്‍ അതിന്‍റെ ചില സൂചനകളുമുണ്ട്.
تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِنْهُمْ مَنْ كَلَّمَ اللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَاتٍ ۚ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ وَلَوْ شَاءَ اللَّهُ مَا اقْتَتَلَ الَّذِينَ مِنْ بَعْدِهِمْ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَٰكِنِ اخْتَلَفُوا فَمِنْهُمْ مَنْ آمَنَ وَمِنْهُمْ مَنْ كَفَرَ ۚ وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ (253)
ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു; അല്ലാഹു നേരിട്ടു സംസാരിച്ചവര്‍ അവരിലുണ്ട്. ചിലരെ വളരെ പദവികള്‍ അവനുയര്‍ത്തി. മര്‍യമിന്‍റെ മകന്‍ ഈസാനബിക്കു നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവിനെക്കൊണ്ട് ശക്തിപ്പെടുത്തുകയുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ പിന്‍ഗാമികള്‍ സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും പോരടിക്കുമായിരുന്നില്ല. പക്ഷെ, അവര്‍ ഭിന്നപക്ഷക്കാരായി-സത്യവിശ്വാസം കൈക്കൊണ്ടവരും നിഷേധികളായവരും അവരിലുണ്ട്. അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അന്യോന്യമവര്‍ കലഹിക്കുമായിരുന്നില്ല. എന്നാല്‍, താനുദ്ദേശിക്കുന്നത് അല്ലാഹു പ്രവര്‍ത്തിക്കുന്നു.
وَرَفَعَ بَعْضَهُمْ دَرَجَاتٍ
തിരുനബി صلى الله عليه وسلم യെ മറ്റുള്ളവരെക്കാളെല്ലാം പല പടികള്‍ ഉയര്‍ത്തി. എല്ലാ റസൂലുകളും ഏതെങ്കിലും ഒരു ജനതയിലേക്കും കാലത്തേക്കും മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ലോകജനതക്ക് ആകമാനമായി അയക്കപ്പെട്ടവരും അന്ത്യപ്രവാചകനുമാണ്. ആ ബഹുമതി അവിടത്തേക്ക് മാത്രമുള്ളതാണ്. അതുപോലെ, മറ്റ് പ്രവാചകന്‍മാര്‍ക്കില്ലാത്ത ബഹുമതികള്‍ വേറെയും പലതും തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുണ്ട്.
ഇബ്‌റാഹീം നബി عليه السلامന് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പല പദവികളും ശ്രേഷ്ഠതകളുമുണ്ടെന്ന് വേറെ പല സൂറകളിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا (125) النساء
‘ഇബ്റാഹീം നബി عليه السلام യെ അല്ലാഹു ചങ്ങാതി ആക്കിയിരിക്കുന്നു’.
എല്ലാ മുര്‍സലുകള്‍ക്കും ദൗത്യ നിര്‍വ്വഹണത്തിനാവശ്യമായ തെളിവുകളും മുഅ്ജിസത്തുകളും നല്‍കിയിട്ടുണ്ട്. അതും ഒരുപോലെയല്ല. ഈസാ നബി عليه السلامക്ക് നല്‍കിയ ദൃഷ്ടാന്തങ്ങള്‍ ഉദാഹരണം.
وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ
അല്ലാഹുവിന്‍റെ അനുവാദപ്രകാരം മരിച്ചവരെ ജീവിപ്പിക്കുക, മണ്ണുകൊണ്ട് പക്ഷികളുണ്ടാക്കി പറപ്പിക്കുക, മാറാവ്യാധികള്‍ സുഖപ്പെടുത്തുക തുടങ്ങിയവ.
وَأَيَّدْنَاهُ بِرُوحِ الْقُدُسِ
പരിശുദ്ധാത്മാവിനാല്‍ (ജിബ്‌രീല്‍عليه السلام) മഹാനവര്‍കള്‍ക്ക് പിന്‍ബലമേകിയിട്ടുണ്ട്. താന്‍ പോകുന്ന വഴിക്കെല്ലാം ജിബ്‌രീല്‍عليه السلام മഹാനവര്‍കളെ അനുഗമിക്കുമായിരുന്നു.
എന്താണിങ്ങനെ ഈസാ നബി عليه السلام യെ ഇവിടെ പ്രത്യേകമായി എടുത്ത് പറയാന്‍ കാരണം? യഹൂദികള്‍ ഈസാനബി عليه السلام യെ കള്ളം പറയുന്നവനെന്ന് പറഞ്ഞ് തരംതാഴ്ത്തി. ക്രിസ്ത്യാനികള്‍, ദൈവമാണ്, ദൈവപുത്രനാണെന്നൊക്കെ പറഞ്ഞ് വല്ലാതെയങ്ങ് ഉയര്‍ത്തുകയും ചെയ്തു. ഈ രണ്ട് കൂട്ടരുടെയും വാദം തെറ്റാണെന്ന്, ഈസാനബി عليه السلام യുടെ പേര് പറഞ്ഞുതന്നെ അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. അദ്ദേഹം മഹാനായ ഒരു റസൂലാണെന്ന് സമര്‍ത്ഥിക്കുകയുമാണ്.
ഈസാ നബി عليه السلامയെപ്പറ്റി പറയുമ്പോള്‍ മിക്കപ്പോഴും عِيسي ابن مريم (മര്‍യമിന്‍റെ മകന്‍ ഈസാ) എന്നാണ് അല്ലാഹു പറയാറ്. ഈസാ عليه السلام പിതാവില്ലാതെ ജനിച്ച ആളാണെങ്കിലും, ഒരു സ്ത്രീയില്‍നിന്ന് ജനിച്ച മനുഷ്യന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം സൂചിപ്പിക്കാനാണ് അങ്ങനെ പറയുന്നത്.
ശ്രേഷ്ഠതകളിലും പദവികളിലും മുര്‍സലുകള്‍ വ്യത്യസ്തരായിരുന്നുവെങ്കിലും അവരെല്ലാം പ്രബോധനം ചെയ്തത് ഏകദൈവവിശ്വാസമെന്ന ഒരൊറ്റ ആശയമായിരുന്നു. വ്യക്തമായ തെളിവുകള്‍ സഹിതം സത്യത്തിന്‍റെ ആ നേര്‍വഴി അവര്‍ ആളുകള്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍, അവരെല്ലാവരും അത് സ്വീകരിച്ച് ഒരേ ആദര്‍ശവാഹകരായി ജീവിക്കാന്‍ തയ്യാറാവാതെ, എന്തുകൊണ്ടാണ് ഭിന്നിക്കുകയും കലഹിക്കുകയും ചെയ്തത് എന്നൊരു സംശയം വരാമല്ലോ. അതിന്‍റെ മറുപടിയാണ്:
وَلَوْ شَاءَ اللَّهُ مَا اقْتَتَلَ الَّذِينَ مِنْ بَعْدِهِمْ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَٰكِنِ اخْتَلَفُوا فَمِنْهُمْ مَنْ آمَنَ وَمِنْهُمْ مَنْ كَفَرَ ۚ وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ
ഇതൊന്നും അല്ലാഹു അറിയാതെ സംഭവിക്കുന്നതല്ല. അങ്ങനെ സംഭവിക്കരുതെന്ന് അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കല്ലായിരുന്നു. അതായത്, എല്ലാവരും സത്യവിശ്വാസികളും സന്‍മാര്‍ഗികളും തന്നെ ആകുമായിരുന്നു.
പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും വേണ്ടത്ര തെളിവുകളും നല്‍കിയതോടൊപ്പംതന്നെ, ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും അല്ലാഹു മനുഷ്യന് കൊടുത്തിരിക്കുകയാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച്, അവന്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ, അതനുസരിച്ചുള്ള പ്രതിഫലമാണ് പരലോകത്തുവെച്ച് നല്‍കാന്‍ അല്ലാഹു തീരുമാനിച്ചിരിക്കുന്നത്.
ഈ സ്വാതന്ത്ര്യമുപയോഗിച്ച് ഒരു വിഭാഗം നല്ല വഴി തെരഞ്ഞെടുക്കുന്നു. മറുവിഭാഗം അത് ദുരുപയോഗപ്പെടുത്തി ദുര്‍മാര്‍ഗത്തില്‍ അകപ്പെടുകയും ചെയ്യു. ഇതാണ് ഇത്തരം ഭിന്നിപ്പുകള്‍ക്ക് കാരണം.
എന്തിനാണിങ്ങനെ രണ്ടും സ്വീകരിക്കാനുള്ള ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയത്? സന്മാര്‍ഗം സ്വീകരിക്കാനുള്ള ത്വര മാത്രം നല്‍കി സൃഷ്ടിക്കപ്പെട്ടുകൂടായിരുന്നോ? ഇങ്ങനെ ചോദ്യം ചെയ്യാന്‍ മനുഷ്യന് അര്‍ഹതയില്ല. അതൊക്കെ അവനെ പടച്ച റബ്ബിന്‍റെ നിശ്ചയങ്ങളും തീരുമാനങ്ങളുമാണ്!
لا يُسْألُ عَمَّا يَفْعَلُ وَهُمْ يُسْألُونَ (അവന്‍ ചെയ്യുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല; അവരാകട്ടെ ചോദ്യം ചെയ്യെപ്പടുകയും ചെയ്യും.) അമ്പിയാഅ്-23
എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടി. അവന്‍റെ നിയമ വ്യവസ്ഥ. ഓരോ സൃഷ്ടിക്കും നല്‍കേണ്ട സവിശേഷ ഗുണങ്ങള്‍, സ്വഭാവരീതികള്‍ ഇതൊക്കെ അവനറിയാം. അവനേ അറിയൂ. എല്ലാം അവന്‍റെ ഉദ്ദേശ്യവും ഹിതവുമാണ് (وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ). അത നുസരിച്ച് എല്ലാം അവന്‍ നടപ്പില്‍ വരുത്തും. അതേ ഇവിടെ നടക്കൂ.
ഈ വിഷയം, വളരെ പ്രധാനമായതുകൊണ്ടാണ്, അത് ഒന്നുകൂടി ആവര്‍ത്തിച്ച് പറഞ്ഞത്- وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا.
അടുത്ത ആയത്ത് 254
243-ാം ആയത്തില്‍ മരണം പേടിച്ച് വീടുവിട്ടിറങ്ങി കൂട്ടമരണത്തിന് വിധേയരായ സംഭവം പറഞ്ഞിരുന്നില്ലേ. അതിനു ശേഷം 245-ാം ആയത്തില്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാനും ഉപദേശിച്ചിരുന്നു. അതിനു ശേഷം ഥാലൂത്ത്-ജാലൂത്ത് സംഭവം വിശദീകരിക്കുന്നതോടൊപ്പം, പ്രതിരോധസമരത്തിനിറങ്ങേണ്ടതിന്‍റെ ആവശ്യകതയും ബോധ്യപ്പെടുത്തിത്തന്നു.
ഇനി 254 ലും, ദീനിനുവേണ്ടി ചെലവഴിക്കാന്‍ സത്യവിശ്വാസികളെ ഉപദേശിക്കുകയാണ്.
പ്രതിരോധത്തിനൊരുങ്ങുമ്പോള്‍, ആള്‍സന്നാഹം പോലെത്തന്നെ പ്രധാനമാണല്ലോ സാമ്പത്തികവും. അതുകൊണ്ടാണ് യുദ്ധങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം പലപ്പോഴും ചെലവഴിക്കുന്നതിനെക്കുറിച്ചും അല്ലാഹു പറയുന്നത്.
അടുത്ത ആയത്തില്‍ ചെലവഴിക്കാന്‍ പറയുന്നിടത്ത് ഒരു പ്രത്യേക ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മളെയൊക്കെ ഇരുത്തിച്ചിന്തിപ്പിക്കൊന്നു ശൈലി!
നിങ്ങള്‍ ചെലവാക്കുകയാണെങ്കില്‍ ഇപ്പോള്‍ ചെയ്തോളൂ... പിന്നേക്ക് വെക്കണ്ട! കാരണം, ഒരു ദിവസം വരാനുണ്ട്; ഖിയാമനാള്‍. അന്നവിടെ നിങ്ങളുടെ മുതലോ ചങ്ങാത്തമോ ഒന്നും ഉപകാരപ്പെടില്ല. ഒഴിഞ്ഞുമാറാന്‍ കഴിയുന്നതുമല്ല. അതുകൊണ്ട് ആ ദിവസം വരുന്നതിനു മുമ്പ് ചെയ്യാനുള്ളത് ചെയ്യണം.
ഈ ലോകത്ത് കാശുള്ളവര്‍ക്ക് പലതും സാധിച്ചെന്നുവരും. പലയിടത്തും രക്ഷപ്പെട്ടെന്നും വരും. പലരുമായി ചങ്ങാത്തമുള്ളതുകൊണ്ടും ശുപാര്‍ശ ചെയ്യാന്‍ ആളുള്ളതുകൊണ്ടും രക്ഷപ്പെട്ടെന്നും വരാം. പക്ഷേ, അവിടെ ഒന്നും നടക്കില്ല.
يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ۗ وَالْكَافِرُونَ هُمُ الظَّالِمُونَ (254)
സത്യവിശ്വാസികളേ, നിങ്ങള്‍ക്കു നാം നല്‍കിയതില്‍ നിന്ന്, പ്രായശ്ചിത്തമോ ചങ്ങാത്തമോ ശുപാര്‍ശയോ ഫലപ്രദമല്ലാത്ത ഒരു ദിനം വരും മുമ്പ് ചെലവുചെയ്യുക. സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍.
وَلَا شَفَاعَةٌ
'ശുപാര്‍ശ സ്വീകരിക്കപ്പെടുകയില്ല' എന്ന് പറഞ്ഞത്, അവിശ്വാസികളില്‍ നിന്നോ, അവിശ്വാസികള്‍ക്കു വേണ്ടിയോ ഉള്ള ശുപാര്‍ശ സ്വീകരിക്കപ്പെടുകയില്ല എന്നാണ്. കാരണം, നമ്മുടെ തിരുനബി صلى الله عليه وسلم ശുപാര്‍ശ ചെയ്യുമെന്നും അത് സ്വീകരിക്കപ്പെടുമെന്നും നിരവധി ഹദീസുകളിലുണ്ടല്ലോ. പാപികളായ സത്യവിശ്വാസികള്‍ക്ക് തിരുനബി صلى الله عليه وسلمയുടെ ശുപാര്‍ശ ഫലം ചെയ്യുമെന്നും ഹദീസുകളിലുണ്ട്.
അതുപോലെത്തന്നെ, അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി, അവന്‍ തൃപ്തിപ്പെട്ടവര്‍ക്കും അന്ന് ശഫാഅത്തിന് അവസരമുണ്ടാകും.
يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ
സമ്പത്ത് റബ്ബ് തന്നതാണല്ലോ. അവനാണതിന്‍റെ ശരിയായ ഉടമസ്ഥന്‍. നമ്മുടെ നിലപാടെന്താണെന്നറിയാന്‍ താല്‍ക്കാലം കൈകാര്യം ചെയ്യാന്‍ വേണ്ടി നമ്മളെ ഏല്പിച്ചതാണ്. അപ്പോള്‍ പിന്നെ അവനിഷ്ടപ്പെടുന്ന രീതിയില്‍ ചെലവഴിക്കാന്‍ എന്തിന് മടി തോന്നണം! മാത്രമല്ല, കൊടുത്താല്‍ പല ഇരട്ടികളായി തിരിച്ചുകിട്ടുകയും ഫ്രതിഫലം ലഭിക്കുകയും ചെയ്യുമല്ലോ.
وَالْكَافِرُونَ هُمُ الظَّالِمُونَ
അങ്ങനെ ചെയ്യാതെ കെട്ടിപ്പൂട്ടിവെക്കുന്ന സത്യനിഷേധികള്‍ അക്രമികള്‍ തന്നെയാണ്.
അടുത്ത ആയത്ത് 255
നമുക്കൊക്കെ സുപരിചിതമായ, എപ്പോഴും കൂടെകൊണ്ടുനടക്കുന്ന ആയത്തുല് കുര്‍സിയ്യാണിനി പഠിക്കാനുള്ളത്.
പ്രവാചകവര്യന്മാര്‍ വ്യക്തമായ തെളിവുകള്‍ സഹിതം പ്രബോധനം ചെയ്തുകൊണ്ടിരുന്നിട്ടും മനുഷ്യര്‍ ഭിന്നിച്ചതും പരസ്പരം വൈരാഗ്യത്തോടെ പെരുമാറുന്നതും 253 ല്‍ പറഞ്ഞല്ലോ.
അവരെല്ലാം പ്രബോധനം ചെയ്ത തൗഹീദിന് കാരണമായ ചില മൗലിക യാഥാര്‍ത്ഥ്യങ്ങളാണ് ഈ ഒരൊറ്റ ആയത്തില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്താണിത്. ഇതില്‍ അല്ലാഹുവിന്‍റെ മഹത്തായ ‘കുര്‍സിയ്യി’നെപ്പറ്റി പറയുന്നതുകൊണ്ടാണ് ‘ആയത്തുല്‍ കുര്‍സിയ്യ് (آيَة الكُرسى) ‘ എന്ന പേരിലറിയപ്പെടുന്നത്.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ
مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (255)
അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കയില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ സമ്മതമില്ലാതെ ആ സന്നിധിയില്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്? അവരുടെ മുന്നിലും പിന്നിലുമുള്ളത് അവനറിയുന്നു. താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല. അവന്‍റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍ക്കൊണ്ടതാണ്. അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമേ ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു.
ഈ ആയത്തിന്‍റെ മഹത്വത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്.
പിശാചുക്കള്‍ പേടിച്ചുവിറച്ച് പരക്കം പാഞ്ഞിട്ടിട്ടുണ്ടത്രെ ആ ആയത്ത് ഇറങ്ങിയപ്പോള്‍ (ഖുര്‍ഥുബി).
1) ഖുര്‍ആനിലെ ഏറ്റവും മഹത്തായ ആയത്ത് أفضل آية في كتاب الله
തിരുനബിصلى الله عليه وسلمയോട് ഖുര്‍ആനിലെ ഏത് സൂക്തമാണ് ഏറ്റവും മഹത്തായത് എന്ന് ചോദിച്ചപ്പോള്‍: അല്ലാഹു ലാ ഇലാഹ എന്ന് തുടങ്ങി ആയത്തുല്കുര്‍സിയ്യ് അന്ത്യം വരെ ഓതി.)
ഇതേ ആശയമുള്ള നിരവധി ഹദീസുകള്‍ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
2) ഇസ്മുല്‍ അഅ്ളം ഉള്‍പ്പെട്ട ആയത്ത്.
അല്ലാഹുവിന് മഹത്തായ ധാരാളം നാമങ്ങളുണ്ടെന്ന് വിശുദ്ധ ഖു൪ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ. 99 എണ്ണം നമുക്കും സുപരിചിതമാണ്. ആ പേരുകള്‍ പറഞ്ഞത് ദുആ ചെയ്യുന്നത് ഏറെ ഫലപ്രദവുമാണ്. അതിലേറ്റവും മഹത്തായ പേരുകള്‍ ഏതാണെന്നതിനെക്കുറിച്ച് 14 ഓളം അഭിപ്രായങ്ങളുണ്ട്. ഭൂരിഭാഗം പേരും പറയുന്നത്, അല്ലാഹു എന്ന പേരാണെന്നാണ്. الْحَيُّ الْقَيُّومُആണെന്നും അഭിപ്രായമുണ്ട്.
ഏതായാലും മഹത്തായ ആ 3 പേരുകളും ഈ ആയത്തിലുണ്ട്. അതായത്, ഈ ആയത്തോതി ആത്മാര്‍ഥമായി ദുആ ചെയ്താല്‍ ഫലമുണ്ടാകുമെന്നര്‍ഥം.
അല്ലാഹുവിന്‍റെ അതിമഹത്തായ 2 സ്വിഫത്തുകള്‍കൊണ്ടു തുടങ്ങി (الْحَيُّ الْقَيُّومُ) – 2 സ്വിഫത്തുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്നു (الْعَلِيُّ الْعَظِيمُ ).
അല്ലാഹുവിന്‍റെ 16, പേരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. 17 എണ്ണമായും 21 എണ്ണം വരെയും എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട് ചില പണ്ഡിതര്‍.
3) നിരന്തരം അല്ലാഹുവിനെ തഖ്ദീസ് ചെയ്തുകൊണ്ടിരിക്കുന്നു (പരിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നുണ്ട് ഈ ആയത്ത്.
قال رسول الله – صلى الله عليه وآله وسلم :وَالَّذِي نَفْسِي بِيَدِهِ إِنَّ لَهَا لِسَانًا وَشَفَتَيْنِ تُقَدِّسُ الْمَلِكَ عِنْدَ سَاقِ الْعَرْشِ
4) ആയത്തുകളുടെ നേതാവ്
قال ص: لِكُلِّ شَيْءٍ سَنَامٌ وَإِنَّ سَنَامَ الْقُرْآنِ سُورَةُ الْبَقَرَةِ وَفِيهَا آيَةٌ هِيَ سَيِّدَةُ آيِ الْقُرْآنِ هِيَ آيَةُ الْكُرْسِيِّ
ഇത് പതിവാക്കുന്നവര്‍, കൊണ്ടുനടക്കുന്നവര്‍, ഇവര്‍ക്കൊക്കെ വലിയ സ്ഥാനമാനങ്ങളും പ്രതിഫലങ്ങളുമാണ് ലഭിക്കുന്നത്.
ഓതുന്നവന് കിട്ടുന്ന ഗുണങ്ങളെന്തൊക്കെയാണ്?
നമുക്കൊന്നും ഊഹിക്കാന്‍പോലും കഴിയാത്ത അത്ര മഹത്ത്വങ്ങളും ശ്രേഷ്ഠതകളുമുള്ള ഈ ആയത്ത് മനുഷ്യന്‍റെ പാരത്രികനേട്ടത്തിന് മാത്രമല്ല, ഐഹികമായ നേട്ടങ്ങള്‍ക്കും കാരണമാണ്. ധാരാളം ഹദീസുകള്‍ ഇത് സംബന്ധമായുണ്ട്.
- ശൈത്വാന്‍ - ജിന്നുകളില്‍ നിന്ന് കാവല്‍ ലഭിക്കും
ഇത് സാക്ഷാല്‍ ശൈഥാന്‍ തന്നെ പറഞ്ഞതല്ലേ. സാധാരണ മൂപ്പര്‍ പറഞ്ഞത് കേള്‍ക്കരുതെന്നാണ് പറയാണ്. പക്ഷേ, ഇക്കാര്യത്തില്‍ ഇബ്‍ലീസ് പറഞ്ഞത് സത്യമാണ്, സ്വീകരിക്കേണ്ടതുമാണ്. അബൂഹുറൈറ رضي الله عنهയില്‍ ഉദ്ധരിക്കുന്ന ഇതുസംബന്ധമായ ഹദീസ് പ്രസിദ്ധമാണല്ലോ.
സകാത്ത് മുതല്‍ തിരുനബി صلى الله عليه وسلم അബൂഹുറൈറرضي الله عنه വിനെ സൂക്ഷിക്കാന്‍ ഏല്‍പിച്ചു. പള്ളിയിലുള്ള മുതലിന് മഹാനവര്‍കള്‍ കാവലിരുന്നു. രാത്രി ഒരു കള്ളനെത്തി. പിടികൂടി, പ്രാരാബ്ധങ്ങള്‍ കേട്ടപ്പോള്‍ അലിവുതോന്നി വിട്ടയച്ചു. പിറ്റേന്ന് സ്വുബ്ഹിക്കു ശേഷം തിരുനബി صلى الله عليه وسلم തലേ രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് ചോദിച്ചു. ഇന്നും വരും, കരുതിയിരിക്കണം കെട്ടോ എന്ന് പറഞ്ഞു. പറഞ്ഞ പോലെ, രണ്ടാം ദിവസവും കള്ളനെത്തി. പ്രാരാബ്ധങ്ങള്‍ കേട്ടപ്പോള്‍ വീണ്ടും അലിവുതോന്നി വിട്ടയച്ചു.
മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചു. എന്തുതന്നെയെയാലും ഇനി വിട്ടയക്കില്ലെന്നും തിരുനബി صلى الله عليه وسلم യുടെ അടുത്തുകൊണ്ടുപോകുമെന്നും തറപ്പിച്ചുപറഞ്ഞു.
എന്ത് വിലകൊടുത്തും രക്ഷപ്പെടാനുള്ള ശ്രമം നടത്തി കള്ളന്‍.
അങ്ങനെയാണ് സ്വന്തം രഹസ്യം വരെ വെളിപ്പെടുത്താന്‍ തയ്യാറായത്.
ഞനൊരു കാര്യം പഠിപ്പിച്ചുതരാം.
അബൂഹൂറൈറ رضي الله عنه അന്തംവിട്ടു: കള്ളനായ നീ എന്നെ പഠിപ്പിക്കുകയോ?!
ആകട്ടെ, എന്താ നീ പഠിപ്പിക്കാന്‍ പോകുന്നത്? കേള്‍ക്കട്ടെ.
അബൂഹുറൈറ رضي الله عنه ആണെങ്കിലോ, പഠിക്കാന്‍ വല്ലാത്ത താല്പര്യള്ള ആളും! ഒരു അവസരവും പാഴാക്കില്ല.
അപ്പോഴാണാ കള്ളന്‍ പറഞ്ഞത്: നിങ്ങള്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതണം, എന്നാല്‍ അല്ലാഹുവിന്‍റെ പ്രത്യേക സംരക്ഷണം ലഭിക്കും, ഒരു പിശാചും നേരംവെളുക്കുന്നതുവരെ നിങ്ങളോട് അടുക്കുകയുമില്ല. (ബുഖാരി).
ഇത് കേട്ടപ്പോള്‍ സംഗതി തരക്കേടില്ലല്ലോ എന്ന് അബൂഹുറൈറرضي الله عنه വിനും തോന്നി. പക്ഷേ, എങ്ങനെ വിട്ടയക്കും. കള്ളനല്ലേ. ഒന്നുകൂടി ഉറപ്പുവാങ്ങി:
ഈ പറഞ്ഞത് ശരിയല്ലേ? ഇനി നീ വരില്ലല്ലോ. ഉറപ്പല്ലേ? കള്ളന്‍ ഉറപ്പും കൊടുത്തു. വിട്ടയക്കുകയും ചെയ്തു.
പിറ്റേന്ന് തിരുനബി صلى الله عليه وسلم അന്വേഷിച്ചു. ആരാണ് ആ വന്നതെന്നറിയോ എന്ന് ചോദിച്ചു. അത് പിശാചാണെന്നും എപ്പോഴും നുണ പറയാറുള്ള അവന്‍, ഇപ്പറഞ്ഞത് സത്യമാണെന്നും പറഞ്ഞുകൊടുത്തു.
ഉറങ്ങാനൊരുങ്ങുമ്പോള്‍ വിശേഷിച്ചും ആയത്തുല്‍ കുര്‍സിയ്യ് മറക്കരുതേ..
ഇവന്‍റേതടക്കമുള്ള എല്ലാ ശര്‍റുകളില്‍ നിന്നും റബ്ബ് കാത്തുരക്ഷിക്കട്ടെ-ആമീന്‍
2) മക്കളെയും നമ്മുടെ വീടും സംരക്ഷിക്കും
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(رضي الله عنه) പറയുന്നു: ഒരാള്‍ തിരുനബി صلى الله عليه وسلمയോടപേക്ഷിച്ചു: അല്ലാഹുവിന്‍റെ തിരുദൂതരേ, എനിക്ക് അല്ലാഹു ഉപകാരം ചെയ്യുന്ന എന്തെങ്കിലും പഠിപ്പിച്ചുതന്നാലും! അവിടന്ന് പ്രതികരിച്ചു: നീ ആയത്തുല്കുര്‍സിയ്യ് ഓതുക. അത് നിന്നെയും നിന്‍റെ സന്തതികളെയും നിന്‍റെ വീടിനെയും സംരക്ഷിക്കും; മാത്രമല്ല, നിന്‍റെ അയല്‍ വീടുകളെപ്പോലും അത് കാത്തുരക്ഷിക്കും (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2:7).
അബ്ദുര്‍റഹ്‍മാനുബ്നു ഔഫ് رضي الله عنه, വീട്ടിലേക്ക് കടന്നാല്‍, വീടിന്‍റെ 4 കോണുകളിലും ഇത് ഓതാറുണ്ടായിരുന്നവത്രെ (ഖുര്‍ഥുബി).
വീട്ടില്‍ അസ്വാരസ്യങ്ങളും പിണക്കങ്ങളും വഴക്കുമൊക്കെ ഇല്ലാതിരിക്കാനുള്ള മാര്‍ഗമാണെന്നുകൂടിയല്ലേ ഇപ്പറയുന്നത്. ദേശ്യം പിടിപ്പിക്കുന്നതും, അത് ആളിക്കത്തിക്കുന്നതും പിന്നെ വാക്കേറ്റങ്ങളിലേക്കും മറ്റുമൊക്കെ എത്തുന്നതിനും പിന്നില്‍ പിശാചാണല്ലോ പ്രവര്‍ത്തിക്കുന്നത്. അവനെ അങ്ങ് ആട്ടിപ്പുറത്താക്കിയാല്‍ മതി!
വീടുകളില്‍ എപ്പോഴും പാരായണം ചെയ്യുക. ചെറിയ ആയത്തല്ലേ. ഓതാനും എളുപ്പമാണല്ലോ. ഉറക്കത്തില്‍ പേടിച്ചുണരുക, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുക- ഇതൊന്നും ഉണ്ടാകൂലാ മനസ്സറിഞ്ഞ് ചൊല്ലിയാല്‍.
പരലോകത്ത് കിട്ടാന്‍ പോകുന്ന നേട്ടങ്ങളെന്തൊക്കെ?
ഫര്‍ള് നിസ്‌കാരങ്ങള്‍ക്കു ശേഷം ആയത്തുതല്‍കുര്‍സിയ്യ് ഓതിയാല്‍, അടുത്ത നിസ്‌കാരം വരെ അല്ലാഹുവിന്‍റെ ഉത്തരവാദിത്വത്തില്‍ ആയിരിക്കും എന്ന് തിരുനബി صلى الله عليه وسلم- (ഇമാം ഥബ്‌റാനി رحمه الله).
2) ഫ൪ള് നമസ്കാരത്തിന് ശേഷം ആയത്തുൽ കുർസി ഓതിയാൽ സ്വ൪ഗം ലഭിക്കും
ഫര്‍ള് നമസ്‌കാരത്തിനു ശേഷം ഈ ആയത്ത് ഓതിപ്പോരുന്ന ആള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രതിബന്ധം മരണം മാത്രമാണെന്ന് തിരുനബി صلى الله عليه وسلم (ഇമാം ഥബ്റാനി, ഇമാം നസാഈ رحمهما الله ).
ഏതുകാര്യവുമെന്ന പോലെ, ഈ പാരായണവും മനസ്സിരുത്തി ചെയ്യുമ്പോഴേ ആ പ്രതിഫലം കിട്ടൂ. ഓരോ നിസ്കാരത്തിന്‍റെയും ശേഷം, സ്വര്‍ഗം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ആയതുല്‍കുര്‍സിയ്യ് ഓതുന്ന ഒരാള്‍ സ്വാഭാവികമായും മറ്റു തെറ്റുകളില്‍ നിന്നൊക്കെ പരമാവധി വിട്ടുനില്‍ക്കുമല്ലോ. സംഭവിച്ചുപോയ തെറ്റിനെക്കുറിച്ച് അയാള്‍ക്ക് ഖേദവുമുണ്ടാകും. ആ ആത്മാര്‍ത്ഥമായ ഖേദം, തൌബ, പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും ചെയ്യും. അങ്ങനെയങ്ങ് മരണപ്പെട്ടാല്‍ സ്വര്‍ഗത്തിലേക്കെത്തുകയും ചെയ്യും- إن شاء الله
എപ്പോഴൊക്കെയാണ് ഓതേണ്ടത്:
- ഉറങ്ങാന്‍ പോകുമ്പോള്‍
വേറെയും ദിക്റുകളുണ്ട് ല്ലേ. അതോടൊപ്പം മറക്കാതെ, മനസ്സിരുത്തി ഇതും ഓതുക.
- രാവിലെയും വൈകുന്നേരവും
രാവിലെയും വൈകുന്നേരവും ചൊല്ലണമെന്ന് സാക്ഷാല്‍ ഇബ്ലീസ് തന്നെ ഉബയ്യുബ്നു കഅ്ബ് رضي الله عنه വിനോട് നേരിട്ട് പറഞ്ഞതായും തിരുനബി صلى الله عليه وسلمയോട് അദ്ദേഹം അക്കാര്യം ചോദിച്ച് ഉറപ്പുവരുത്തിയതായും ഹദീസിലുണ്ട് (ഇമാം നസാഈ, ഥബ്റാനി(رحمهما الله
- യാത്ര പുറപ്പെടുമ്പോള്‍
തിരിച്ചുവരുന്നതുവരെ അവന്നോ വീട്ടിലോ പ്രയാസങ്ങളുണ്ടാവുകയില്ല.
വീട്ടില്‍ മോഷണം, മറ്റു ആപത്തുകളൊന്നും ഉണ്ടാവുകയുമില്ല.
രാവിലെ ജോലിക്കുപോകുമ്പോഴും ചൊല്ലി പോവുക. മൂന്ന് പ്രാവശ്യം يَا حَفِيظ എന്ന് പറയുകയും ചെയ്യുക. തിരിച്ചുവരുന്നതുവരെ റബ്ബിന്‍റെ കാവലുണ്ടാകും.
ഇനി ആയത്തിന്‍റെ വിശദീകരണം നോക്കാം.
അല്ലാഹുവിന്‍റെ പല മഹത്തായ ഗുണങ്ങളും വളരെ വ്യക്തമായി പറഞ്ഞ ആയത്താണിത്. ആരാധ്യനായി സ്വീകരിക്കേണ്ടത് ആരെയാണെന്നും ഇലാഹിന് എന്തെല്ലാം ഗുണങ്ങളുണ്ടായിരിക്കണമെന്നും പഠിപ്പിക്കുന്നു. അല്ലാഹു അല്ലാത്തവരെ ഇലാഹാക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന ഒരു വാക്യമാണിത്.
ഏകദൈവവിശ്വാസം സമര്‍ത്ഥിക്കുന്ന മൗലികമായ യാഥാര്‍ത്ഥ്യങ്ങളാണ്, കേവലം പത്ത് ചെറുവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തിലടങ്ങിയിട്ടുള്ളത്.
(1) അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല (اللَّهُ لَا إِلَٰهَ إِلَّا هُوَ). ഇതാണ് പ്രധാന മുദ്രാവാക്യം. വിശദീകരിക്കേണ്ടതില്ലല്ലോ. ഈ മുദ്രാവാക്യത്തിന്‍റെ അനിവാര്യതയാണ്, ശേഷമുള്ള ഓരോ വാക്യവും സമര്‍ഥിക്കുന്നത്.
(2) അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും സര്‍വം നിയന്ത്രിക്കുന്നവനുമാണ് (الْحَيُّ الْقَيُّومُ)
അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് എന്ന് (الحَيُّ) പറയുമ്പോള്‍, അവനോട് മാത്രം യോജിക്കുന്ന തരത്തിലുള്ള ജീവിതമാണുദ്ദേശ്യം. നമ്മള്‍ ജീവിക്കുന്നു എന്നുപറയുന്നതുപോലെയാണെന്ന് മനസ്സിലാക്കാന്‍ പാടില്ല.
സ്വയം നിലകൊണ്ട്, അവനല്ലാത്ത മറ്റെല്ലാറ്റിനെയും വ്യവസ്ഥാപിതമായി നിയന്ത്രിച്ചു കൈകാര്യം നടത്തുന്നവനുമാണ് - സര്‍വ്വനിയന്താവ് (الْقَيُّوم).
ഈ രണ്ട് ഗുണങ്ങളും മറ്റാര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമോ? ഇല്ല. അപ്പോള്‍പിന്നെ ആരാധ്യനായിരിക്കാനുള്ള യഥാര്‍ത്ഥ അര്‍ഹതയും അവന് മാത്രമാണ്.
(3) മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. (لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ) ഉറക്കത്തിന്‍റെ തുടക്കമാണ് മയക്കം (سِنَة). അതിന്‍റെ പൂര്‍ണാവസ്ഥയാണ് ഉറക്കം (نَوْم). ഇത് രണ്ടും അവനെ തീണ്ടുകയില്ല. ക്ഷീണമോ തളര്‍ച്ചയോ ഇല്ലാതിരിക്കാനുള്ള ഒരുതരം വിശ്രമമാണല്ലോ ഇത് രണ്ടും.
നമുക്ക് പരിചയമുള്ള ഒരുദാഹരണം പറഞ്ഞതാണ്. ഒരു വണ്ടിയുടെ ഡ്രൈവര്‍ മെല്ലെയൊന്ന് തൂങ്ങി ഉറങ്ങിപ്പോയാല്‍ തന്നെ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് അറിയാമല്ലോ. എന്നിരിക്കെ, സര്‍വലോകവും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു എന്ന ആ മഹച്ഛക്തിക്ക് അല്‍പസമയത്തേക്കെങ്കിലും ഉറക്കമോ മയക്കമോ ബാധിച്ചാലുള്ള അവസ്ഥ എന്തായിരിക്കും?!
(4) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെതാണ്. (لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ) എല്ലാം അവന്‍ സൃഷ്ടിച്ചത്. എല്ലാം അവന്‍റെ ഉടമയിലും. അവന്‍റെ ഉദ്ദേശ്യത്തിനും നിയന്ത്രണത്തിനും അധികാരത്തിനും വിധേയം. ഇിവിടെ ഈ ലോകത്ത്, മനുഷ്യര്‍ക്കോ മറ്റോ നാമമാത്രമായ എന്തെങ്കിലും അധികാരമുണ്ടെങ്കില്‍തന്നെ, അതും അവന്‍ നല്‍കിയതുതന്നെ. എന്നിരിക്കെ, അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്?!
(5) അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുന്നവരായി ആരുണ്ട്?! (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) ആരും തന്നെയില്ല. സ്വാധീനം ചെലുത്തിയും ശുപാര്‍ശ ചെയ്തും ഈ ലോകത്ത് പലരും കാര്യം നേടുന്നതുപോലെ, അവിടെ ഒന്നും ചെയ്യാനോ ചെയ്യിപ്പിക്കാനോ ആര്‍ക്കും കഴിയില്ല. ആരും ധൈര്യപ്പെടുകയുമില്ല. അല്ലാഹു അനുവദിച്ചവര്‍ക്ക്, അനുവദിച്ച പ്രകാരം അല്ലാതെ, ശുപാര്‍ശ ചെയ്യാനുള്ള കഴിവില്ല.
പരലോകത്ത് വെച്ച് നടക്കുന്ന ശുപാര്‍ശകളില്‍ ഏറ്റവും വലിയ ശുപാര്‍ശ (الشَفَاعَة الكُبْرَى) തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശുപാര്‍ശയാണ്. അതും അല്ലാഹുവിന്‍റെ അനുവാദത്തോടെയായിരിക്കും.
സൃഷ്ടികള്‍ എല്ലാവരും ‘മഹ്ശറി’ല്‍ ഒരുമിച്ചുകൂടി അനിശ്ചിതാവസ്ഥയിലാണ്, ഞങ്ങളുടെ കാര്യത്തില്‍ വല്ല തീരുമാനവും എടുത്തുതരാന്‍ റബ്ബിനോട് ശുപാര്‍ശ ചെയ്യണമെന്ന്, പ്രവാചക പ്രധാനികളായ പലരോടും അവര്‍ അപേക്ഷിക്കും. ഓരോ പ്രവാചകനും ഓരോ കാരണം പറഞ്ഞു അതിന് അര്‍ഹതയില്ലെന്ന് മറുപടി പറയും.
അവസാനം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിക്കും. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സുജൂദില്‍ വീഴുകയും, അല്ലാഹുവിന്‍റെ സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കും. ‘മുഹമ്മദേ, തലയുയര്‍ത്തി ചോദിച്ചുകൊള്ളുക, ശുപാര്‍ശ ചെയ്തുകൊള്ളുക’ എന്ന് അല്ലാഹു അനുമതി നല്‍കും. അപ്പോഴായിരിക്കും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശുപാര്‍ശ ചെയ്യുക.
(6) അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതുമെല്ലാം അവന്‍ അറിയുന്നു. (يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ) അതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരുടെ സകല കാര്യങ്ങളും- ഭൂത-വര്‍ത്തമാന-ഭാവികാല വ്യത്യാസമോ, ചെറുപ്പ വലുപ്പമോ ഇല്ലാതെ- അവന്‍ അറിയുന്നു. അറിയുന്നു എന്ന് മാത്രമല്ല, എല്ലാം കണ്ടും കേട്ടും, വീക്ഷിച്ചും, രേഖപ്പെടുത്തിയും കൊണ്ടിരിക്കുന്നു.
(7) അല്ലാഹുവിന്‍റെ അറിവില്‍പെട്ട ഏത് കാര്യത്തെക്കുറിച്ചും അവന്‍ ഉദ്ദേശിച്ചതല്ലാതെ ആര്‍ക്കും സൂക്ഷ്മമായി ഒന്നും അറിയുകയില്ല. (وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ) അവന്‍ ഉദ്ദേശിച്ചതും അവന്‍ അറിയിച്ചുകൊടുത്തതുമല്ലാതെ ആര്‍ക്കും ഒന്നും അറിയില്ലതന്നെ. നമ്മളെ സംബന്ധിച്ചിടത്തോളം, കൂടുതല്‍ കൂടുതല്‍ പഠിക്കുംതോറും നമ്മുടെ അറിവില്ലായ്മ എത്രത്തോളമാണെന്ന് ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്.
(8) അവന്‍റെ ‘കുര്‍സിയ്യ്’ ആകാശഭൂമികള്‍ ഉള്‍ക്കൊള്ളത്തക്കവണ്ണം വിശാലമായതാണ്. (وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ) ‘പീഠം, രാജപീഠം, ഔദ്യോഗിക ഇരിപ്പിടം’ എന്നൊക്കെയാണ് ‘കുര്‍സിയ്യി’ന് വാക്കര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ നിന്നാണ് കസേരക്ക് അറബി ഭാഷയില്‍ كُرْسِى എന്ന് പറയുന്നത്. ഇവിടെ എന്താണുദ്ദേശമെന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ആകാശങ്ങളിലും ഭൂമിയിലും അതിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെ ഭരണാധികാരത്തിലും, അറിവിലും ഒതുങ്ങിനില്‍ക്കുന്നവയാണ് എന്ന് ചുരുക്കിപ്പറയാം.
(9) ആകാശങ്ങളെയും ഭൂമിയെയും കാത്തുസൂക്ഷിച്ചുപോരുന്നത് അല്ലാഹുവിന് ഒരു ഭാരമേ അല്ല (وَلَا يَئُودُهُ حِفْظُهُمَا) അവനെ സംബന്ധിച്ചിടത്തോളം, എണ്ണമോ വണ്ണമോ, ചെറുപ്പ വലുപ്പങ്ങളോ ഒന്നും ഒരു പ്രശ്‌നമല്ല. ഏതൊരു കാര്യവും വേണമെന്ന് അവന്‍ നിശ്ചയിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും. (36: 82) അവന്‍ ഉദ്ദേശിക്കുന്നതെന്തോ അതവന്‍ പ്രവര്‍ത്തിക്കും. (11: 107.) അവന്‍ ചെയ്യുന്നതിനെപ്പറ്റി അവനെ ചോദ്യം ചെയ്യാനും ആരുമില്ല. (21: 23) എന്നിരിക്കെ, ആകാശഭൂമികളുടെ കൈകാര്യവും നിയന്ത്രണവും അവന് എങ്ങനെ ഭാരമാകും?!
(10) അവന്‍ തന്നെയാണ് ഉന്നതനും മഹത്ത്വമുള്ളനും (وَهُوَ الْعَلِيُّ الْعَظِيمُ)
പരമമായ ഔന്നത്യവും മഹത്വവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. മറ്റാരെക്കുറിച്ചായാലും ശരി, മഹാനെന്നോ മറ്റോ പറയുമ്പോള്‍, അത് തികച്ചും ആപേക്ഷികമാണ്.
ഈ പറയപ്പെട്ട ഗുണങ്ങളെല്ലാം അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കെങ്കിലും ഉണ്ടെന്ന് പറയാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ടാണ് ഇലാഹായിരിക്കാന്‍ അര്‍ഹത തനിക്ക് മാത്രമാണെന്ന് അവന്‍ പറഞ്ഞത്.
ശരിയായി ചിന്തിച്ചാല്‍ ആര്‍ക്കും അത് ബോധ്യമാവുകയും ചെയ്യും.
ഒരു കാര്യം ശ്രദ്ധിക്കണം: അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളെ, അല്ലെങ്കില്‍ പ്രവൃത്തികളെ കുറിച്ച് പയുമ്പോള്‍ - അതായത്, ‘അല്ലാഹു കാണുന്നവനാണ്, കേള്‍ക്കുന്നവനാണ്, നീതിമാനാണ്, വലിയവനാണ്, കോപിച്ചു, തൃപ്തിപ്പെട്ടു, കൊടുത്തു, അയച്ചു’ എന്നൊക്കെ പറയുമ്പോള്‍, അവയൊക്കെ സൃഷ്ടികളെക്കുറിച്ച് പറയാറുള്ള അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല.
അല്ലാഹുവിന്‍റെതായ ഗുണവിശേഷങ്ങളെ പ്രത്യേകം മനസ്സിലാക്കിത്തരുന്ന വാക്കുകള്‍ മനുഷ്യഭാഷയില്‍ ഇല്ലല്ലോ. വേറെ എങ്ങനെ പറഞ്ഞാലും അത് മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയമില്ല. അപ്പോപ്പിന്നെ നമുക്ക് പരിചിതമായ വാക്കുകളില്‍ അങ്ങനെ പറയുന്നു എന്നേ ഉള്ളൂ. ഏറ്റവും പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ മാത്രമേ അവ മനസ്സിലാക്കാവൂ, അത് അല്ലാഹുവിനോട് യോജിക്കുന്ന രീതിയില്‍ എന്ന്. കാരണം, അവനെപ്പോലെ ഒരു വസ്തുവും ഇല്ല. (ليس كمثله شيء) അവനോട് കിടയൊക്കുന്ന ഒരാളും ഇല്ല. (وَلَمْ يَكُن لَّهُ كُفُوًا أَحَدٌ)
അടുത്ത ആയത്ത് – 256
അല്ലാഹു മാത്രമേ ആരാധ്യനായിട്ടുള്ളുവെന്നും വിശുദ്ധ ദീന്‍ സത്യമതമാണെന്നുമൊക്കെ, ശരിയായിചിന്തിക്കുന്ന ആളുകള്‍ക്കൊക്കെ ബോധ്യമാകും. അങ്ങനെ ബോധ്യമായിട്ടുമുണ്ട്. അതുകൊണ്ട് ആരെയും നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് ചേര്‍ക്കുകയോ, നിര്‍ബന്ധിച്ച് ഇസ്ലാമില്‍ തുടരാന്‍ കല്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
ഇന്നത്തെക്കാലത്ത് പ്രത്യേകിച്ച് അടിവരയിട്ട് മനസ്സിലാക്കേണ്ട ആയത്താണിത്. നിര്‍ബന്ധ മതപരിവര്‍ത്തനം എന്നൊന്ന് ദീനിലില്ലേയില്ല.
ഈ ആയത്തിറങ്ങാനുള്ള കാരണം: മദീനയില്‍ താമസിച്ചിരുന്ന യഹൂദി ഗോത്രമാണ് ബനുന്നളീര്‍. ഇവരുടെ ഉപദ്രവം അസഹ്യമായപ്പോള്‍ തിരുനബി صلى الله عليه وسلمഅവരെ മദീനയില്‍ നിന്ന് നാട് കടത്താന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ പോകാനൊരുങ്ങി. കൂടെ അന്‍സ്വാറുകളായ ചില സ്വഹാബികളുടെ മക്കളും പുറപ്പെടാന്‍ തയ്യാറായി. അവര്‍ ജൂതമതവിശ്വാസികളായിരുന്നു. അപ്പോള്‍ അവരുടെ ബാപ്പമാര്‍ അവരെ നിര്‍ബന്ധപൂര്‍വം തടഞ്ഞു. ഇസ്‍ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണീ വാക്യം അവതരിച്ചത്.
لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ (256)
മതത്തില്‍ അടിച്ചേല്‍പിക്കലില്ല. ദുര്‍മാര്‍ഗത്തില്‍ നിന്നു സന്മാര്‍ഗം വ്യതിരിക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട്, ആരെങ്കിലും പിശാചിനെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവന്‍ പൊട്ടാത്ത ബലിഷ്ഠപാശം തന്നെയാണു പിടിച്ചിരിക്കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
ഇസ്‌ലാം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല; അത് സത്യമതമാണ്; قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ സത്യവിശ്വാസവും സന്‍മാര്‍ഗവും ഇന്നതാണെന്നും, അവിശ്വാസവും ദുര്‍മാര്‍ഗവും ഇന്നതാണെന്നും സ്പഷ്ടമായി തിരിച്ചറിയത്തക്ക തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം നിലവിലുണ്ട്.
അതുകൊണ്ട് ആരെയും നിര്‍ബന്ധിക്കരുത്. ‘വേണമെന്നുള്ളവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് അവിശ്വസിക്കുകയും ചെയ്യാം.’ 18: 29 (فَمَنْ شَاء فَلْيُؤْمِنْ وَمَنْ شَاء فَلْيَكْفُرْ) രണ്ടിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, സത്യമാര്‍ഗം സ്വീകരിക്കുന്നവര്‍ക്കേ പരലോകരക്ഷയുണ്ടാകൂ. അല്ലാത്തവര്‍ക്ക് ശാശ്വത ശിക്ഷയുമായിരിക്കും ലഭിക്കുക.
فَمَنْ يَكْفُرْ بِالطَّاغُوتِ
'ഥാഗൂത്ത്' എന്നാല്‍ പിശാച് എന്നും മറ്റും അര്‍ഥമുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കുന്ന പിശാചുക്കള്‍ എന്നാണിവിടെ ഉദ്ദേശ്യം.
‘ദുര്‍മൂര്‍ത്തി, ചെകുത്താന്‍’ എന്നിങ്ങനെ മലയാളത്തിലുള്ള ചില പ്രയോഗങ്ങളില്ലേ, അതുപോലെയാണ് ‘ഥാഗൂത്ത്’ എന്ന പദവും.
طَّاغُوت എന്ന പദത്തിന്‍റെ ക്രിയാരൂപം طَغَى എന്നാണ്. ‘അതിരു വിട്ടു, ധിക്കരിച്ചു’ എന്നൊക്കെയാണ് അര്‍ത്ഥം. വല്ലാതെ അനുസരണക്കേട് കാണിക്കുന്ന എല്ലാവര്‍ക്കും ആ പദം ഉപയോഗിക്കപ്പെടാറുണ്ട്.
فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ‘മുറിഞ്ഞ് പോകാത്ത ബലമുള്ള കയര്‍ മുറുകെ പിടിച്ചു’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം വ്യക്തമാണ്. ഥാഗൂത്തുകളെ അവിശ്വസിക്കുകയും, അല്ലാഹുവിനെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ ശാശ്വതമായ രക്ഷാമാര്‍ഗം സ്വീകരിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.
-------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment