അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 135-140) സ്വജനപക്ഷപാതമോ? അത് വേണ്ട!

ഭാര്യമാരോട് നീതി പാലിക്കണമെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ഇനി, സത്യവിശ്വാസികള്‍ എപ്പോഴും നീതിനിഷ്ഠ അനുഷ്ഠിക്കണമെന്നു മാത്രമല്ല, നീതിക്കുവേണ്ടി നിലപാടെടുക്കുന്നവര്‍ കൂടി ആകണമെന്ന് നിര്‍ദ്ദേശിക്കുകയാണ്.

വര്‍ത്തമാനങ്ങള്‍, സാക്ഷ്യങ്ങള്‍, തീരുമാനങ്ങള്‍, ഇടപാടുകള്‍ മുതലായ എല്ലാ വിഷയങ്ങളിലും നീതി പുലര്‍ത്തണം. നീതിയുടെ നിലനില്‍പിനുവേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാവണം.

അല്ലാഹുവിന്‍റെ തൃപ്തി മാത്രം ആഗ്രഹിച്ച് സത്യം പുലരണമെന്ന ഉദ്ദേശ്യത്തോടുകൂടി സാക്ഷി പറയണം. ആര്‍ക്കെങ്കിലും അതുകൊണ്ട് ദോഷം വരുമോ എന്ന ചിന്ത പോലും പാടില്ല. സാക്ഷിപറയപ്പെടുന്ന ആള്‍ ധനികനോ ദരിദ്രനോ എന്ന് നോക്കി സത്യത്തിന്നെതിരായി അയാള്‍ക്കനൂകൂലമായോ പ്രതികൂലമായോ ഒരു വാക്കുപോലും പറയരുത്.

അയാള്‍ ധനികനാണ്; അവനെ പേടിക്കണം/പരിഗണിക്കാം,  ദരിദ്രനാണ്; അയാളെ അവഗണിക്കാം- ഇങ്ങനെയൊന്നും കരുതി അനീതി ചെയ്യരുത്. അവരുടെ കാര്യമൊക്കെ അല്ലാഹു നോക്കിക്കൊള്ളും. നിങ്ങളുടെ ബാധ്യത നീതിയുക്തമായ നിലപാടെടുക്കുക എന്നതു മാത്രമാണ്.

സ്വന്തം ദേഹത്തിനോ മാതാപിതാക്കള്‍ക്കോ കുടുംബങ്ങള്‍ക്കോ, ആര്‍ക്കു തന്നെ ദോഷമായിരുന്നാലും സത്യവും കൃത്യതയും പാലിക്കണം. തന്നിഷ്ടമനുസരിച്ചോ സ്വാര്‍ത്ഥലാഭങ്ങള്‍ക്കോ വേണ്ടി അനീതിക്കുകൂട്ടുനിന്ന് സാക്ഷി പറയരുത്. സമൂഹത്തിനിടയില്‍ വലിയ പ്രത്യാഘാതങ്ങളാണതുണ്ടാക്കുക.

സാക്ഷ്യം പറയുമ്പോഴോ മറ്റോ, സത്യത്തെ അസത്യമായി അവതരിപ്പിക്കുകയോ, സത്യം തുറന്നുപറയാതെ ഒഴിഞ്ഞു മാറുകയോ ചെയ്താല്‍ അല്ലാഹു അത് സൂക്ഷ്മമായി അറിയും, തക്ക നടപടി എടുക്കുകയും ചെയ്യും.

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَنْ تَعْدِلُوا ۚ وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (135)

സത്യവിശ്വാസികളേ, നിങ്ങള്‍ കണിശമായ നീതി പാലകരാവുകയും അല്ലാഹുവിനു വേണ്ടിയുള്ള സാക്ഷികളാവുകയും ചെയ്യുക, അത് നിങ്ങള്‍ക്കുതന്നെയോ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായാലും ശരി. അവന്‍ ധനികനോ ദരിദ്രനോ ആയാലും അവരിരുവരോടും ഏറ്റം ബന്ധപ്പെട്ടവന്‍ അല്ലാഹുവാണ്. അതുകൊണ്ട് നീതി കൈവിട്ട് സ്വേച്ഛയെ നിങ്ങള്‍ പിന്‍പറ്റരുത്. വളച്ചൊടിച്ചു പറയുകയോ സാക്ഷ്യത്തില്‍ നിന്നു പിന്തിരിയുകയോ ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ചെയ്തികളെക്കുറിച്ചു അല്ലാഹു സൂക്ഷ്മജ്ഞാനിയാകുന്നു.

ഖൈബര്‍ യുദ്ധത്തിനു ശേഷം യഹൂദികളില്‍ നിന്ന് കുറെ വസ്തുവകകള്‍ മുസ്‍ലിംകള്‍ക്ക് ലഭിച്ചിരുന്നു.  അതിന്‍റെ ആദായം പിരിച്ചെടുക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അബ്ദുല്ലാഹിബ്‌നു റവാഹ (رضي الله عنه)നെ അയച്ചു. അവര്‍ നല്‍കേണ്ട തുക കുറച്ചുകൊടുക്കാന്‍വേണ്ടി, അദ്ദേഹത്തിന് കൈക്കൂലി കൊടുക്കുവാനവര്‍ ശ്രമിച്ചു.

അന്നേരം അദ്ദേഹം പറഞ്ഞത്രെ: ‘അല്ലാഹു തന്നെയാണ, സൃഷ്ടികളില്‍ വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട ആളുടെ – തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ- അടുത്തുനിന്നാണ് ഞാന്‍ നിങ്ങളുടെയടുത്തേക്ക് വന്നിരിക്കുന്നത്. നിങ്ങളോടാകട്ടെ എതിര്‍കക്ഷിയെന്ന നിലക്ക് സ്വഭാവികമായ വെറുപ്പുമുണ്ട്, നിങ്ങളെന്‍റെയടുത്ത് കുരങ്ങുകളെയും പന്നികളെയുംകാള്‍ അധികം വെറുക്കപ്പെട്ടവരുമാണ്: എന്നാലും അവിടത്തോടുള്ള സ്‌നേഹവും, നിങ്ങളോടുളള വെറുപ്പും നിങ്ങളില്‍ നീതിപാലിക്കാതിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയില്ല’. ഇതു കേട്ടപ്പോള്‍ അവര്‍ പറഞ്ഞത്രെ: ‘ഇതു (നീതി) കൊണ്ടുതന്നെയാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നതും’.

ഇതാണ് ശരിയായ നീതിപാലനം. മറ്റൊരാളോട് ദേഷ്യമുണ്ടെന്ന് കരുതി, നീതി പാലിക്കാതിരിക്കുകയല്ല ചെയ്യേണ്ടത്.

شُهَدَاءَ لِلَّهِ

സത്യത്തിനുവേണ്ടി, നീതിയുടെ പക്ഷം ചേര്‍ന്ന് സാക്ഷ്യം ഏറ്റെടുക്കണം. ഏറ്റെടുത്ത സാക്ഷ്യം നിര്‍വഹിക്കാന്‍ മടികൂടാതെ മുന്നോട്ടു വരണം. അത്തരക്കാരെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുകഴ്ത്തുന്നത് നോക്കൂ: ‘ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ സാക്ഷ്യം നിറവേറ്റുന്നവനാണ് സാക്ഷികളില്‍ വെച്ച് ഉത്തമന്‍’. (മുസ്‍ലിം)

അടുത്ത ആയത്ത് 136

മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിക്ക് നിര്‍വ്വഹിക്കണമെങ്കില്‍ ദൃഢമായ വിശ്വാസമുണ്ടായിരിക്കണം. അതുകൊണ്ടാണ് അടുത്ത ആയത്തില്‍ ഈമാനിനെക്കുറിച്ച് പറയുന്നത്.

വിശ്വാസികളോടുതന്നെ വീണ്ടും വിശ്വസിക്കൂ എന്നാണ് പറയുന്നത്. അതായത് വിശ്വാസം ദൃഢമാക്കണം. സത്യവിശ്വാസത്തില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ, ഉറച്ചുനിന്ന് ജീവിച്ചുപോരുകയും സത്യവിശ്വാശിയായിത്തന്നെ മരണപ്പെടുകയും വേണം.

 يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ ۚ وَمَنْ يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا (136)

സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്‍റെ റസൂലിലും തന്‍റെ ദൂതന്‍ മുഹമ്മദ് നബിക്കും അതിനുമുമ്പും അവനവതരിപ്പിച്ച കിത്താബിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിനെയും അവന്‍റെ മലക്കുകളെയും കിത്താബുകളെയും മുര്‍സലുകളെയും അന്ത്യനാളിനെയും ആരു നിഷേധിക്കുന്നുവോ, അവന്‍ ബഹുദൂരം വഴിതെറ്റുക തന്നെ ചെയ്തു.

ഇവിടെ പറഞ്ഞ ഓരോന്നും പൂര്‍ണമായി വിശ്വസിക്കാത്ത ഒരാളും സത്യവിശ്വാസിയാകുകയില്ലതന്നെ. വിശ്വാസപരമായ മൗലിക വിഷയങ്ങളാണിതെല്ലാം.

അല്ലാഹുവിലുള്ള ഏകത്വം, പ്രവാചകത്വം, പാരത്രിക ജീവിതം എന്നീ മൂന്ന് മൗലികാടിത്തറകളിലധിഷ്ഠിതമാണ് അല്ലാഹുവിന്‍റെ മതം. ഏതു കാലത്തു നിയുക്തരായ മുര്‍സലുകളും അവ പഠിപ്പിച്ചു. ഭാഗികമായെങ്കിലും അവ നിഷേധിച്ചവന്‍ വഴിതെറ്റി. ജൂതന്മാരും ക്രിസ്ത്യാനികളുമൊക്കെ ആ ഗണത്തിലാണ്. മുസ്‌ലിംകളാകട്ടെ ആ മുഴുവന്‍ പ്രവാചകരെയും തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നീ ഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നവരാണ്.

وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ

‘അവന്‍റെ റസൂല്‍’ എന്ന് പറഞ്ഞത് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചും, ‘അവിടത്തേക്ക് അവതരിപ്പിച്ചത്’ എന്നു പറഞ്ഞത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ദേശിച്ചുമാണ്. തൗറാത്തും ഇന്‍ജീലും അടക്കമുളള എല്ലാ വേദ ഗ്രന്ഥങ്ങളും ‘മുമ്പ് ഇറക്കിയത്’ എന്ന് പറഞ്ഞതിലും ഉള്‍പ്പെടുന്നു.

അടുത്ത ആയത്തുകള്‍ 137-139

അവസരവാദികളും സന്ദര്‍ഭത്തിനൊത്ത് നിറം മാറുകയും ചെയ്തിരുന്ന മദീനയിലെ കപടവിശ്വാസികളെക്കുറിച്ചാണിനി പറയുന്നത്. മതസ്വീകാരവും തിരസ്‌കാരവും അവര്‍ക്കൊരു പ്രഹസനവും നാടകവുമായിരുന്നു.  ആവശ്യത്തിനനുസരിച്ച് ഓന്തിനെ വെല്ലും വിധം അവര്‍ നിറം മാറും.

ഹൃദയത്തില്‍ സത്യവിശ്വാസമില്ലാതിരുന്ന അവര്‍ ഭൗതിക താല്‍പര്യങ്ങള്‍ക്കും കുഴപ്പമുണ്ടാക്കാനും മുസ്‌ലിംകളെ ദുര്‍ബലരാക്കാന്‍ ശത്രുക്കളില്‍ നിന്ന് അച്ചാരം മേടിച്ചുമൊക്കെയാണ് ഈ കപടനാടകമഭിനയിച്ചിരുന്നത്.

കാര്യലാഭത്തിനുവേണ്ടി താല്‍ക്കാലികമായി നാവുകൊണ്ട് സത്യവിശ്വാസം പ്രകടിപ്പിക്കും. മറിച്ചൊരവസരം വരുമ്പോള്‍ പഴയ അവിശ്വാസത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അവസരം മാറുമ്പോള്‍വീണ്ടും ഇതാവര്‍ത്തിക്കും. ഇതാണവരുടെ പതിവ്.

ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങുകയും, നിഷ്‌കളങ്കവും യഥാര്‍ത്ഥവുമായ വിശ്വാസം സ്വീകരിക്കുകയും ചെയ്യാത്ത കാലത്തോളം ഇത്തരക്കാര്‍ക്കൊരിക്കലും പൊറുത്തു കൊടുക്കുകയില്ല എന്ന് തറപ്പിച്ചുപറയുകയാണ്.

മുസ്‌ലിംകളെ കാണുമ്പോള്‍ വിശ്വാസം വെളിപ്പെടുത്തും; അവിശ്വാസികളുടെ അടുത്തു ചെന്നാല്‍ കുഫ്‌റിന്‍റെ ആളുകളായിമാറും. കുഫ്‌റില്‍ തന്നെ തുടരുകയും ചെയ്യും. അങ്ങനെ സത്യനിഷേധിയായിത്തന്നെ മരണമടയുന്നതിനാല്‍ അവരുടെ ദോഷം പൊറുക്കപ്പെടുകയില്ല എന്നാണ് ഉദ്ദേശ്യം.

അല്ലാതെ, കുഫ്‌റില്‍നിന്ന് പിന്മാറി അല്ലാഹുവിലും മറ്റും നിഷ്‌കളങ്കമായി വിശ്വസിക്കുകയും പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയും ചെയ്താലും പൊറുക്കപ്പെടുകയില്ല എന്നല്ല.

അത്തരക്കാര്‍ നേരായ വഴിയിലേക്ക് വരാന്‍ ഇച്ചിരി പ്രയാസമാണെന്നുകൂടി ഇവിടെ സൂചനയുണ്ട്. കാരണം, സത്യം സ്വീകരിക്കാന്‍ സന്നദ്ധതയുള്ള പ്രത്യേകമായൊരു മാനസികാവസ്ഥ അവര്‍ക്കുണ്ടാകില്ല. അത് കൊണ്ടാണല്ലോ കുഫ്‌റിനും ഇസ്‌ലാമിനുമിടയില്‍ അവരിങ്ങനെ ആടിക്കളിച്ചുകൊണ്ടിരിക്കുന്നത്.

 إِنَّ الَّذِينَ آمَنُوا ثُمَّ كَفَرُوا ثُمَّ آمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا كُفْرًا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا (137)

സത്യവിശ്വാസം കൈക്കൊള്ളുകയും പിന്നീട് നിഷേധികളാവുകയും വീണ്ടും വിശ്വസിക്കുകയും പിന്നെയും നിഷേധം വരിക്കുകയും അനന്തരം വര്‍ധമാനമായ അവിശ്വാസം പുല്‍കുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയോ സന്മാര്‍ഗ ദര്‍ശനം നല്‍കുകയോ ചെയ്യുന്നതേയല്ല.

 

 بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا (138)

നിശ്ചയമായും കപടവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്നു താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക.

‘ശിക്ഷയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക’ എന്ന വാക്ക് പരിഹാസരൂപത്തിലുളള ഒരു പ്രയോഗമാണ്. അതായത്, എന്തെങ്കിലും സന്തോഷവാര്‍ത്ത അവരോട് അറിയിക്കാനുണ്ടെങ്കില്‍ അത് ശിക്ഷയെ കുറിച്ചു മാത്രമാണെന്ന അര്‍ത്ഥത്തില്‍ കനത്ത ഒരു താക്കീതാണത്.

അടുത്ത ആയത്ത് 139

കപടവിശ്വാസികളുടെ മറ്റൊരു സ്വഭാവം പറയുകയാണിനി. അവരുടെ കൂട്ടുകെട്ടും ചങ്ങാത്തവും കൂറുമൊക്കെ അവിശ്വാസികളോടായിരിക്കും. സത്യവിശ്വാസികളെയല്ല അവര്‍ കൂട്ടുകാരായി സ്വീകരിക്കുക. അവരുടെ സാമ്പത്തികവും മറ്റുനിലക്കുള്ള സുഭിക്ഷതയും ഉയര്‍ച്ചയും കണ്ട് അതാണ് അന്തസ്സെന്നാണ് ഇവര്‍ ധരിച്ചുവശായത്. ഇവരുടെയീ അസ്ഥിരതക്കും ഇരട്ടത്താപ്പിനും കാരണവുമതാണ്. ഇത് തികച്ചും തെറ്റായ ധാരണയാണ്.

അന്തസ്സും പ്രതാപവുമാണവര്‍ തേടുന്നതെങ്കില്‍ – അത് തേടിപ്പോകേണ്ടത് അവിശ്വാസികളുടെ അടുത്തേക്കല്ല; അല്ലാഹുവിന്‍റെ അടുത്തേക്കാണ്. അതായത്, അവര്‍ യഥാര്‍ത്ഥ വിശ്വാസികളായിത്തീരുകയാണ് ഇസ്സത്ത് നേടാനുള്ള മാര്‍ഗം.

കാരണം, യഥാര്‍ത്ഥ ഇസ്സത്ത് ഈ കാണുന്ന പളപളപ്പല്ല. അല്ലാഹു താനുദ്ദേശിച്ചവര്‍ക്ക് നല്‍കുന്ന ശാശ്വതമായ ഇസ്സത്താണത്. അവന്‍റെയടുത്താണല്ലോ എല്ലാ പ്രാതപവും അന്തസ്സുമുള്ളത്.

(അല്ലാഹുവിനും അവന്‍റെ റസൂലിനും സത്യവിശ്വാസികള്‍ക്കുമാണ് അന്തസ്സ് - 63:8).

الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِنْدَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا (139)

സത്യവിശ്വാസികളെ വിട്ട് നിഷേധികളെ സംരക്ഷകരായി സ്വീകരിക്കുന്നവരാണ് (ആ കപട വിശ്വാസികള്‍). ആ നിഷേധികളുടെയടുത്താണോ അവര്‍ പ്രതാപം പ്രത്യാശിക്കുന്നത്? എന്നാല്‍ ആഭിജാത്യമത്രയും അല്ലാഹുവിങ്കലത്രേ!

അടുത്ത ആയത്ത് 140

കപടവിശ്വാസികള്‍ ചങ്ങാത്തം കൂടുന്നത് അവിശ്വാസികളോടാണെന്ന് പറഞ്ഞല്ലോ. ഈ അവിശ്വാസികളുടെ പതിവോ, അല്ലാഹുവിന്‍റെ ആയത്തുകളെ നിഷേധിക്കലും പരിഹസിക്കലും വിമര്‍ശിക്കലുമാണ്. അതെല്ലാം കേട്ട് അത്തരം സദസ്സുകളില്‍ അവരോടൊപ്പം ഇരിക്കരുതെന്ന് മുമ്പുതന്നെ മക്കീ സൂറയായ അന്‍ആം 68ല്‍ അല്ലാഹു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മദീനയിലെ യഹൂദികളുടെ രീതിയും ഇതുതന്നെയാണ്. തിരുനബി صلى الله عليه وسلم യെയും ഖുര്‍ആനെയും മുസ്‌ലിംകളെയും നിഷേധിച്ചും പരിഹസിച്ചും ഇകഴ്ത്തിയുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമായിരുന്ന യഹൂദികളോടൊപ്പം അവരുടെ സദസ്സുകളില്‍ മുനാഫിഖുകളും കൂടുമായിരുന്നു. അത്തരം  സദസ്സുകളില്‍ ഇരിക്കരുതെന്ന് നേരത്തെ തന്നെ മക്കയില്‍വെച്ച് അല്ലാഹു നിരോധിച്ചിരുന്നതാണ് (അല്‍ അന്‍ആം 68). പക്ഷേ, കപടവിശ്വാസികള്‍ അതനുസരിച്ചില്ല. ഇതാണ് അവതരണ പശ്ചാത്തലം.

ഇങ്ങനെ അവര്‍ ചെയ്യുന്നതിനര്‍ത്ഥം, രണ്ടുകൂട്ടരും ഒരേ നിലപാടുകാരാണ് എന്നാണല്ലോ. ഇതുപോലെയുളള വിഷയങ്ങളില്‍ രണ്ടുകൂട്ടരും ഒന്നിച്ചു പങ്കെടുക്കുന്നതുപോലെത്തന്നെ, പരലോകത്ത് നരകത്തിലും ഒന്നിച്ചു ശിക്ഷിക്കപ്പെടുമെന്ന് അല്ലാഹു താക്കീത് ചെയ്യുകയാണ്.

അത്തരം സദസ്സുകളില്‍ പരിഹാസം കേട്ടിരിക്കുന്നവരും, പരിഹസിക്കുന്നവരെ പോലെതന്നെ കുറ്റക്കാരാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا (140)

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് കേട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതരാകുന്നതുവരെ നിങ്ങള്‍ അവരൊന്നിച്ചിരിക്കരുതെന്നും അങ്ങനെ ഇരിക്കുകയാണെങ്കില്‍ അവരെപ്പോലെ നിങ്ങളുമായിത്തീരുമെന്നും അല്ലാഹു ഈ ഖുര്‍ആനില്‍ നിങ്ങള്‍ക്കവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും നിഷേധികളെയുമൊന്നടങ്കം നരകത്തില്‍ അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്.

وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ

മക്കീ സൂറത്തുകളില്‍പ്പെട്ടതാണല്ലോ അല്‍അന്‍ആം. ഇപ്പോള്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സൂറത്തുന്നിസാഅ് മദനിയ്യാണ്. അതായത്, നേരെത്തത്തന്നെ സത്യവിശ്വാസികളോട് പാടില്ല എന്ന് പറഞ്ഞ വിഷയമാണിത് എന്ന് സാരം.

സൂറത്തുല്‍ അന്‍ആം 68ല്‍ പറഞ്ഞിരുന്നതിങ്ങനെയാണ്:

وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ (68)

(നമ്മുടെ ആയത്തുകളില്‍ വ്യാപൃതരായി പരിഹസിക്കുന്നവരെ കണ്ടാല്‍, അവര്‍ മറ്റൊരു വിഷയത്തില്‍ മുഴുകുന്നതുവരെ അവരില്‍നിന്ന് വിട്ടുനില്‍ക്കണം. ഇനി, പിശാച് വിസ്മരിപ്പിച്ചുകഞ്ഞാല്‍ (മറന്നുകൊണ്ട് അങ്ങനെ ഇരുന്നുപോയാല്‍) ഓര്‍മ വന്നശേഷംപിന്നെ ഇരിക്കരുത്.)

നമ്മളെല്ലാവരും നന്നായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. മതപ്രമാണങ്ങളും മതനിയമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുകയോ, മതമൂല്യങ്ങളും നിയമങ്ങളും പരിഹാസ്യവും പഴഞ്ചനുമായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്ന സദസ്സുകളില്‍ പങ്കെടുക്കുക, അത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുക, വീഡിയോകള്‍ കാണുക, ഷെയറും സപ്പോര്‍ട്ടും ചെയ്യുക, അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുക, അത്തരം സംരഭങ്ങളുമായി സഹകരിക്കുക ഇതെല്ലാം ഈ പറഞ്ഞ ആയത്തിന്‍റെ പരിധിയില്‍ പെടും.

മതപരമായ വിഷയത്തില്‍ വേണ്ടത്ര അറിവില്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ വഴിതെറ്റുകതന്നെ ചെയ്യും. വസ്തുനിഷ്ഠമായി വിഷയങ്ങള്‍ മനസ്സിലാക്കാനുള്ള അറിവ് അവര്‍ക്കുണ്ടാകില്ലല്ലോ.

അതേസമയം, ദീനിന്‍റെ പ്രമാണങ്ങളും നിയമങ്ങളും നന്നായി അറിയുന്ന പണ്ഡിതര്‍ ഇത്തരം വിഷയങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും വേണം. എന്തിനാണെന്നറിയോ? പൊള്ളയായ അവരുടെ വാദങ്ങളും പരിഹാസങ്ങളും മനസ്സിലാക്കി സത്യാവസ്ഥ ആളുകളുടെ മുമ്പില്‍ തുറന്നു കാണിക്കാന്‍.

إِنَّكُمْ إِذًا مِثْلُهُمْ

അവരോടൊപ്പം ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെത്തന്നെയാണ് എന്ന വാക്കിന്‍റെ ഗൗരവം ആലോചിച്ചു നോക്കുക!

പരദൂഷണം, ഏഷണി, പരിഹാസം, അസഭ്യങ്ങള്‍ നിറഞ്ഞ തമാശകള്‍, കോമഡികള്‍ മുതലായ കുറ്റകരമായ കാര്യങ്ങളിലേര്‍പ്പെടുന്ന സദസ്സുകളും ഇതുപലോത്തന്നെയല്ലേ?! നമ്മളെല്ലാം പലപ്പോഴും അങ്ങനെ ഇരുന്നുകൊടുക്കാറില്ലേ! മൊബൈല്‍ ഫോണടക്കം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ പലതും ഇത്തരം വിഷയങ്ങള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയല്ലേ! തിരുത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം സദസ്സുകളില്‍ നിന്ന് എഴുന്നേറ്റുപോന്നെങ്കിലും പ്രതിഷേധിക്കണം.

നരകക്കാരോട്, എന്തേ നിങ്ങളിവിടെ എത്താന്‍ കാരണമെന്ന് ചോദിക്കുമ്പോള്‍, അവര്‍ പറയുന്ന മറുപടിയിലെ ഒരു വിഷയം ഇതാണ്.

وَكُنَّا نَخُوضُ مَعَ الْخَائِضِينَ - المدثر  (45)

(തോന്നിവാസത്തില്‍) വിലയിച്ചിരുന്നവരോടൊപ്പം ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു).

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter