അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 27-33) വൻപാപങ്ങളൊഴിവാക്കിയാൽ ചെറുത് പൊറുത്തുതരാം

വിവാഹമുമായി ബന്ധപ്പെട്ട കുറെ നിയമ നിര്‍ദ്ദേശങ്ങളാണല്ലോ കഴിഞ്ഞ പേജില്‍ വിവരിച്ചത്. നിങ്ങള്‍ പാപവിമുക്തരായിരിക്കണമെന്നും അല്ലാഹുവിന്‍റെ മാപ്പിനും അനുഗ്രഹത്തിനും പാത്രീഭൂതരാകണമെന്നും അവന്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഇത്തരം നിയമങ്ങളൊക്കെ വിവരിക്കുന്നതെന്നും പറഞ്ഞു. അതൊന്നുകൂടി വ്യക്തമാക്കുകയാണിനി.

 

ഇതൊന്നും അംഗീകരിക്കാത്ത കുറെ പേരുണ്ട്. വ്യക്തിസ്വാതന്ത്ര്യമല്ലേ, ഇഷ്ടം പോലെ ആകാമല്ലോ എന്നൊക്കെ പറഞ്ഞ് നടക്കുന്നവര്‍. അവര്‍ നിങ്ങള്‍ പിഴച്ചുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ദേഹേച്ഛകളുടെ അടിമകളാണ്. പിശാചിന്‍റെ ആളുകളാണ്. നിങ്ങള്‍ ജാഗ്രത പാലിക്കണം. അവരുടെ ദുഷ്‌പ്രേരണകള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകരുത്.

 

وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا(27)

 

നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നാണ് അല്ലാഹുവിന്‍റെ ഉദ്ദേശ്യം; എന്നാല്‍ സ്വന്തം ഇച്ഛ പിന്‍പറ്റുന്നവരുടെ അഭിലാഷം നിങ്ങളുടെ ഗുരുതരമാര്‍ഗഭ്രംശമാകുന്നു.

يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ ۚ وَخُلِقَ الْإِنْسَانُ ضَعِيفًا(28)

അല്ലാഹുവിന്‍റെ ആഗ്രഹം നിങ്ങള്‍ക്ക് ഭാരം ലഘൂകരിക്കണമെന്നാണ്. ദുര്‍ബലനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

 

മനുഷ്യന്‍ പൊതുവെ ബലഹീനനാണ്. പല വീക്നെസുകളുമുള്ളവനാണ്.  പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. മനുഷ്യസഹജമാണത്. അതുകൊണ്ടാണ് വ്യഭിചാരം പേടിച്ചാല്‍ അടിമസ്ത്രീകളെ വരെ കല്യാണം കഴിക്കാനനുവദിച്ചത്.

 

ദുര്‍ബലനായ മനുഷ്യന്‍ അല്ലാഹുവിന്‍റെ നിയമ-നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുകയാണ് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാകും. സമൂഹത്തില്‍ അരാചകത്വം നടമാടും.

 

وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ

എന്തൊരു റാഹത്തുള്ള വാക്യമാണല്ലേ. നമ്മുടെ പശ്ചാത്താപം സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് അല്ലാഹു. പറ്റിപ്പോയത് ഏറ്റുപറഞ്ഞ് മനസ്സറിഞ്ഞ് തൌബ ചെയ്യുക. റബ്ബ് സ്വീകരിക്കും. എന്തേ നേരം വൈകി എന്ന് ചോദിക്കില്ല. റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ സമയമുണ്ട്.

 

നമ്മളെ സങ്കടങ്ങള്‍ കേള്‍ക്കാനും പശ്ചാത്താപം സ്വീകരിക്കാനും സദാ സമയവും തയ്യാറായിരിക്കുന്ന റബ്ബിനോട്, നമുക്ക് പറയാന്‍ സമയമില്ല എന്നൊരു പ്രശ്നമുണ്ടാകരുത്.

 

പ്രഗത്ഭനായ ഒരു ഡോക്ടറെ കുറെ സമയം കാണാനും നമ്മുടെ രോഗവിവരങ്ങള്‍ വിശദമായി പറയാനും, അതയാള്‍ ക്ഷമയോടെ കേട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുതരികയും ചെയ്താല്‍ നമുക്കെന്തൊരു റാഹത്തായിരിക്കുമല്ലേ.

 

നമ്മുടെ എല്ലാ വീക്നെസ്സുകളും പോരായ്മകളും അറിയുന്ന റബ്ബ് ഇങ്ങനെ കേള്‍ക്കാനും സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ, നമുക്കങ്ങനെ പറയാന്‍ സയമുണ്ടോ എന്നതാണ് പ്രശ്നം. ദുആ കുറച്ച് നീണ്ടുപോയാല്‍ പരാതിയാണ് പലര്‍ക്കും. കേവലം ദുആ തന്നെ പ്രതിഫലാര്‍ഹമായ കാര്യമല്ലേ.  പിന്നെയെന്താ അതൊന്ന് കുറച്ച് നീണ്ടുപോയാല്‍...?

 

എത്ര ദുആ ചെയ്തിട്ടും കിട്ടുന്നില്ല എന്ന് പരാതി പറയുന്ന ചിലരെയും കാണാം. റബ്ബാണെങ്കില്‍, ചോദിച്ചോളൂ, തരാമെന്ന് ഏറ്റിട്ടുമുണ്ട്. ശരിയാണ്, തരാമെന്നു പറഞ്ഞത്, നമുക്ക് തോന്നുമ്പോള്‍ തരാം എന്നല്ല. അല്ലാഹുവിനത് ഖൈറാണെന്ന് തോന്നുമ്പോള്‍ തരാമെന്നാണ്.

 

അല്ലെങ്കിലും നമുക്ക് തോന്നുമ്പോള്‍ തന്നാലെങ്ങനെയാണ് ശരിയാവുക?! ഏതാണ് ഖൈറ്-ശര്‍റ് എന്ന് നമുക്കറിയില്ലല്ലോ. അപ്പോള്‍, നമ്മളാ ചോദിച്ച കാര്യം നിറവേറുന്നത് നമുക്ക് ഖൈറാണെന്ന് റബ്ബിന് തോന്നുമ്പോള്‍ തരും. ശര്‍റാണെന്ന് തോന്നുമ്പോള്‍ തരില്ല.

 

ചോദിച്ചത് കിട്ടിയില്ല എന്നുവെച്ച്, ചെയ്ത ദുആ വെറുതെയാകുമോ? ഒരിക്കലുമില്ല. ആ ദുആയുടെ പ്രതിഫലമായി ആപത്തുകളെ അല്ലാഹു പ്രതിരോധിച്ചുതരും. അതുമല്ലെങ്കില്‍ അതൊരു ഫിക്സഡ് ഡെപ്പോസിറ്റായി സൂക്ഷിച്ചുവെക്കും, പരലോകത്ത് ചെല്ലുമ്പോള്‍ മടക്കിത്തരും.

 

പിന്നെ, ചോദിക്കുന്ന നമുക്കും കുറച്ചൊക്കെ യോഗ്യത വേണ്ടേ?! ഹറാമുകളുമായി നിരന്തരം കെട്ടിമറിഞ്ഞിട്ട് ദുആക്കെങ്ങനെ ഉത്തരം കിട്ടാനാണ്?! നമ്മളും മാറണം. ഹറാമുകളൊഴിവാക്കണം. അല്ലാഹു സഹായിക്കട്ടെ-آمين

 

റബ്ബ് പറഞ്ഞപോലെ നമ്മുടെ കല്യാണങ്ങളും ആചാരാനുഷ്ഠാനങ്ങളും മറ്റു ഏര്‍പ്പാടുകളുമെല്ലാം കൊണ്ടുനടന്നാല്‍ ഗുണമേ വരൂ എന്ന് ചുരുക്കം. നമ്മള്‍ക്കും അതിനാഗ്രഹമൊക്കെയുണ്ട്. എല്ലാം റാഹത്താകണം, ബറകത്ത് വേണം എന്നെല്ലാം ആഗ്രഹമുണ്ട്. പക്ഷേ, ഈ റാഹത്തും ബറകത്തും എല്ലാം കളഞ്ഞുകുളിക്കുന്ന ഏര്‍പ്പാടേ അത്തരം പരിപാടികളില്‍ ചെയ്യൂന്ന് വെച്ചാല്‍ പിന്നെ എന്താ ചെയ്യുക?!

 

يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ

ദീനിന്‍റെ നിയമങ്ങളെല്ലാം ലഘുവാണ്, എളുപ്പമാണ്.

അല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് നമ്മടെ കുഴപ്പമാണ്.

 

എളുപ്പമല്ലേ ആവുകയുള്ളൂ. റബ്ബല്ലേ നമ്മളെ പടച്ചത്. നമുക്ക് എന്തൊക്കെ താങ്ങും, എന്തൊക്കെ താങ്ങില്ല എന്നൊക്കെ കൃത്യമായി അറിയുന്നതും അവനുതന്നെയല്ലേ.

 

കൊല്ലം മുഴുവനും നോമ്പ് നോല്‍ക്കാന്‍ പറഞ്ഞോ? ഇല്ല. ഒരു മാസം മാത്രം. കഴിയാത്തവര്‍ എന്തായാലും റമളാനില്‍ തന്നെ നോറ്റേ പറ്റൂ. അങ്ങനെയുണ്ടോ? അതുമില്ല. പിന്നീട് നോറ്റുവീട്ടിയാല്‍ മതി. ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത അസുഖമാണോ? നോമ്പ് നോല്‍ക്കേണ്ടതില്ല; മുദ്ദ് കൊടുത്താല്‍ മതി.

 

ഹജ്ജും ഉംറയും ഓരോ കൊല്ലവും ചെയ്യേണ്ടതുണ്ടോ? വേണ്ട. ജീവിതത്തിലൊരിക്കല്‍ മാത്രം മതി.

 

കിട്ടുന്നതു മുഴുവന്‍ സകാത്തായി കൊടുക്കേണ്ടതുണ്ടോ? പകുതി? വേണ്ട. 2.5% കൊടുത്താല്‍ മതി.

 

24 മണിക്കൂറും നിസ്കരിച്ചുകൊണ്ടിരിക്കേണ്ടതുണ്ടോ? വേണ്ട.

5 വഖ്ത് മതി. ഒരു വഖ്തിന് മാക്സിമം 10 മിനുട്ട്. അതുതന്നെ ധാരാളം. അപ്പോള്‍ ആകെ 50 മിനുട്ട് മതി. ഒരു മണിക്കൂര്‍ പോലും തികച്ചില്ല. ഇതിത്ര വലിയ സമയാണോ? അല്ലല്ലോ. അതുകൊണ്ടല്ലേ 3 മണിക്കൂറും അതിലധികവും ഒറ്റയിരുപ്പില്‍ കളിയും മറ്റുമൊക്കെ കാണുന്നത്! ഇടക്ക് ബ്രേക്ക് വന്നാല്‍ പോലും വെറുപ്പാണ്.

 

പിന്നെ എന്താണിങ്ങനെ പലരും പറഞ്ഞുനടക്കുന്നത്? ദീന്‍ സങ്കുചിതമാണ്... ബുദ്ധിമുട്ടിക്കുകയാണ് എന്നൊക്കെ.... തികച്ചും അടിസ്ഥാരഹിതമാണിത്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി വെറുതെ വായിട്ടലക്കുകയാണ്.

 

മൂന്ന് കാര്യങ്ങള്‍ ചെയ്യാന്‍ റബ്ബിന് താല്പര്യമുണ്ടെന്നാണിവിടെ പറഞ്ഞത്. വളരെ പ്രധാനപ്പെട്ട, നമുക്ക് വളരെ ആശ്വാസം നല്കുന്ന 3 കാര്യങ്ങള്‍...

{ يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ }  നിയമ-നിര്‍ദേശങ്ങളെല്ലാം വിവരിച്ചുതരാന്‍.

{ يُرِيدُ أَن يَتُوبَ عَلَيْكُمْ }  പശ്ചാത്താപം സ്വീകരിക്കാന്‍.

{ يُرِيدُ ٱللَّهُ أَن يُخَفِّفَ عَنْكُمْ }  എല്ലാം നിങ്ങള്‍ക്ക് എളുപ്പമാക്കിത്തരാന്‍.

ഇതടക്കം ഈ സൂറയിലെ 8  ആയത്തുകള്‍ വല്ലാത്ത റഹ്മത്തും ഈ ഉമ്മത്തിന് ഏറ്റവും ഗുണകരമാണെന്നും ഇബ്നുഅബ്ബാസ്(رضي الله عنهما) പറഞ്ഞിട്ടുണ്ട്. തിരുനബി صلى الله عليه وسلم യുടെ ഉമ്മത്തിന് മാത്രമുള്ളതാണിത്. ഈ സൂറയുടെ ആമുഖത്തില്‍ നമ്മളത് വിവരിച്ചിട്ടുണ്ട്.

 

ويقول سيدنا ابن عباس -رضي الله عنهما: " في سورة النساء ثماني آيات لأمة محمد هي خير مما تطلع عليه الشمس وتغرب:
الأولى قول الحق: يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ وَٱللَّهُ عَلِيمٌ حَكِيمٌ – النساء 26  
والثانية هي قول الحق:  وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَاتِ أَن تَمِيلُواْ مَيْلاً عَظِيماً – النساء 27 
والثالثة هي قول الحق:  يُرِيدُ ٱللَّهُ أَن يُخَفِّفَ عَنْكُمْ وَخُلِقَ ٱلإِنسَانُ ضَعِيفاً  -النساء: 28.

 والرابعة هي قول الحق:   إِن تَجْتَنِبُواْ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُّدْخَلاً كَرِيماً - النساء: 31

والخامسة هي قوله تعالى: إِنَّ ٱللَّهَ لاَ يَظْلِمُ مِثْقَالَ ذَرَّةٍ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْراً عَظِيماً – النساء 40 
والسادسة هي قول الحق:   إِنَّ ٱللَّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَآءُ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰ إِثْماً عَظِيماً – النساء 48
والسابعة هي قوله سبحانه:   وَمَن يَعْمَلْ سُوۤءاً أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُوراً رَّحِيماً -النساء: 110
والثامنة هي قوله تعالى: مَا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنْتُمْ وَكَانَ ٱللَّهُ شَاكِراً عَلِيماً -، النساء 147-هذه هي الآيات الثماني التي لم تؤت مثلها أمة إلا أمة محمد صلى الله عليه وسلم

അടുത്ത ആയത്ത്  29

അനാഥകളെയും സ്ത്രീകളെയും സംബന്ധിച്ചും, അനന്തരാവകാശത്തെയും വിവാഹത്തെയും സംബന്ധിച്ചും പല കാര്യങ്ങളും വിവരിച്ചശേഷം, സാമ്പത്തികമായ മേഖലയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയുകയാണിനി.

 

പലിശ ഇടപാടുകള്‍, ചൂതാട്ടം, പന്തയം, നിയമവിരുദ്ധമായ ക്രയവിക്രയങ്ങള്‍, മായം ചേര്‍ക്കല്‍ തുടങ്ങി നിയമാനുസൃതമല്ലാത്ത എല്ലാ വഴികളിലൂടെയുമുള്ള സ്വത്തുസമ്പാദനം അല്ലാഹു നിരോധിക്കുകയാണ്. പരസ്പരം തൃപ്തിപ്പെട്ട് ചെയ്യുന്ന, വിരോധിക്കപ്പെടാത്ത എല്ലാ ക്രയവിക്രയങ്ങളും അനുവദിക്കുകയും ചെയ്യുന്നു.

 

അല്ലാഹു അനുവദിക്കാത്ത ഒരു ഇടപാട്, ഇടപാടുകാര്‍ക്ക് തൃപ്തിയുണ്ടെന്ന് കരുതി അനുവദനീയമാകണമെന്നില്ല. അനുവദനീയമായ ഇടപാടുകളില്‍ ഇരുപക്ഷത്തിന്‍റെയും തൃപ്തി വേണമെന്നാണ് പറയുന്നത്.

 

നിങ്ങളുടെ ധനവും ദേഹവും സുരക്ഷിതമായിരിക്കാനുള്ള ഇത്തരം നിരോധങ്ങളും ശാസനകളും അല്ലാഹു നല്‍കുന്നത്, അവന് നിങ്ങളോടുള്ള കാരുണ്യവും കൃപയും കൊണ്ടാണ്.

 

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ ۚ وَلَا تَقْتُلُوا أَنْفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا(29)

സത്യവിശ്വാസികളേ, പരസ്പര സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, സ്വത്തുകള്‍ അന്യായമായി നിങ്ങള്‍ തിന്നരുത്. അന്യോന്യം കൊലനടത്താനും പാടില്ല. അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ. 

 

അന്യായമായി ഒരാളുടേത് ഒന്നും എനിക്കുവേണ്ടാ എന്ന ഉറച്ച തീരുമാനമെടുക്കണമെന്നാണീ ആയത്ത് നമ്മോട് പറയുന്നത്. പലരും തിരിച്ചാണല്ലേ. പോരുന്നതൊക്കെ ഇങ്ങോട്ട് പോരട്ടെ; എന്തായാലും കുഴപ്പമില്ല. പക്ഷേ, അങ്ങോട്ട് കൊടുക്കുമ്പോള്‍ ഈ നയമൊന്നുമുണ്ടാകില്ല.

 

അന്യായമായി എന്തൊക്കൊയുണ്ടോ അതെല്ലാം ഈ ആയത്തിന്‍റെ പരിധിയില്‍ വരും. പലിശ, ചൂതാട്ടം, അതിന്‍റെ വിവിധ ടൈപ്പുകള്‍, മോഷണം, പിടിച്ചുപറി, കൈക്കൂലി, വഞ്ചന....

 

കൈക്കൂലിയെല്ലാമിന്ന് സാര്‍വത്രികമാണ്. പച്ചയായിത്തന്നെ ഈ വിഷയം അല്ലാഹു പറഞ്ഞിട്ടുണ്ട് സൂറത്തുല്‍ ബഖറ 188 ല്‍:

 

وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ

(നിങ്ങളുടെ സ്വത്തുക്കള്‍ പരസ്പരം തിന്നുകയോ ആളുകളുടെ സമ്പത്ത് കുറ്റകരായി പിടുങ്ങാന്‍ വേണ്ടി ഭരണാധികാരികളെ സമീപിക്കുകയോ ചെയ്യരുത്....)

 

ടിക്കറ്റെടുക്കാതെ ബസിലും ട്രെയിനിലുമൊക്കെയുള്ള യാത്രകള്‍, കൂലി തികച്ചും കൊടുക്കാതിരിക്കല്‍, തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് അനധികൃതമായി പിടിച്ചുവെക്കല്‍... അന്യായങ്ങളുടെ ലിസ്റ്റ് നീളും.

 

അന്യന്‍റെ ചെലവില്‍ കഴിയുന്നതും ഈ കൂട്ടത്തില്‍ എണ്ണിയിട്ടുണ്ട് പണ്ഡിതന്മാര്‍. പണിയെടുക്കാനൊക്കെ കഴിയും, പക്ഷേ ഒന്നിനും പോകാതെ മറ്റുള്ളവരെ ആശ്രയിക്കുക.

 

إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ

നല്ല മട്ടത്തിലുള്ള കച്ചവടമാണെങ്കില്‍ കുഴപ്പമില്ല. കാരണം അത് പരസ്പരം തൃപ്തിയോടെ നടക്കുന്നതാണ്.

 

وَلَا تَقْتُلُوا أَنْفُسَكُمْ

സ്വന്തത്തെ വധിക്കരുത് എന്നാണ് പറഞ്ഞത്. മുസ്‌ലിംകള്‍ ഒറ്റ ശരീരം പോലെയായതിനാലാണത്. ഒരാള്‍ കൊല്ലപ്പെടുന്ന പക്ഷം അത് സ്വന്തം ശരീരത്തെത്തന്നെയല്ലേ ബാധിക്കുന്നത്.

 

ആത്മഹത്യ ചെയ്‌തോ, മരണത്തിനു ഹേതുവാകുന്ന കാര്യങ്ങള്‍ ചെയ്‌തോ നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കരുത്. ഗുരുതരമായ തെറ്റാണത് എന്നാണ് മറ്റൊരു വ്യാഖ്യാനം.

 

പാപങ്ങളും അക്രമങ്ങളും ചെയ്യുകവഴി നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലരുത്. അതായത്, നിങ്ങളുടെ നാശത്തിനു നിങ്ങള്‍തന്നെ വഴിയൊരുക്കരുതെന്നാണ് ഉദ്ദേശ്യമെന്ന മറ്റൊരു വ്യാഖ്യാനവും ഇവിടെയുണ്ട്.

അന്യായമായ വധം, ഗുരുതരമായ ശിക്ഷകള്‍ ലഭിക്കുന്ന, ദിവ്യകോപത്തിനും ശാപത്തിനും കാരണമാകുന്ന മഹാപാപമാണ്. (സൂറത്തുന്നിസാഅ് 93).

عَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ ص قَالَ: "لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ مُؤْمِنٍ بِغَيْرِ حَقّ (ابن ماجه، البيهقي).

(പ്രപഞ്ചം മൊത്തം ഇല്ലാതായിപ്പോകലാണ്, ഒരു മുഅ്മിന്‍ അന്യായമായി കൊല്ലപ്പെടുന്നതിനേക്കാള്‍  റബ്ബിന്‍റെയടുത്ത് നിസ്സാരം).

ഇതിപ്പോള്‍ നമ്മളാരും ചെയ്യുന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ട.

അബോര്‍ഷനൊക്കെ പിന്നെ ഏത് വകുപ്പിലാണ് പെടുക?

കൊലക്ക് സഹായിക്കുന്നവര്‍, ഗൂഢാലോചന നടത്തുന്നവര്‍, കൊട്ടേഷന്‍ സംഘങ്ങള്‍... എല്ലാവരും കുറ്റക്കാര്‍ തന്നെയാണ്.  

فقد روي عن النبي صلى الله عليه وسلم أنه قال: «من أعانَ على قتْلِ مؤمِنٍ بِشَطْرِ كلمةٍ، لَقِيَ اللهَ مكتوبٌ بين عينَيْهِ: آيِسٌ مِن رحمةِ اللهِ» رواه ابن ماجة والبيهقي بنحوه

(ഒരു സത്യവിശ്വാസിയെ കൊല്ലാന്‍ പകുതി വാക്കുകൊണ്ടെങ്കിലും സഹായിച്ചാല്‍, അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് നിരാശനായവന്‍ എന്ന് കണ്ണുകള്‍ക്കിടയില്‍ എഴുതപ്പെട്ടാണയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുക).

 

തര്‍ക്കങ്ങള്‍ മൂത്ത് കൊലകളിലെത്തുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ത്ത് ക്രമേണ കൊല്ലുന്നു. സിഹ്റ് ചെയ്ത് ഇഞ്ചിഞ്ചായി കൊല്ലുന്നു.. യുദ്ധങ്ങള്‍ നിരന്തരമുണ്ടാകുന്നു. വണ്ടിയോട്ടി കൊല്ലുന്നു. പേടിപ്പിച്ച് വണ്ടിയോട്ടുന്നവരുണ്ട്, തമാശക്കാണെങ്കില്‍ പോലും തെറ്റാണത്.

അടുത്ത ആയത്ത് 30

وَمَنْ يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا (30)

ആരെങ്കിലും നിയമം മറികടന്ന് അക്രമമായി അങ്ങനെ ചെയ്താല്‍ അവനെ നാം വഴിയെ നരകത്തില്‍ പ്രവേശിപ്പിക്കും. അത് അല്ലാഹുവിന്നു വളരെ എളുപ്പമത്രേ.

 

ചെയ്യരുതെന്ന് പറഞ്ഞൊരു കാര്യം ചെയ്താല്‍, അതിന് പിന്നെ ശിക്ഷ വേണ്ടേ. അത് റബ്ബ് പറഞ്ഞതായാലും രാജ്യം പറഞ്ഞതായാലും കമ്പനി പറഞ്ഞതായാലുമൊക്കെ അങ്ങനെത്തന്നെ. നിയമ ലംഘനങ്ങള്‍ക്ക് പെനാല്‍ട്ടി എന്നതല്ലേ ജനറല്‍ പോളിസി.

 

അടുത്ത ആയത്ത് 31

 

28 ആം ആയത്തിന്‍റെ അവസാനം وَخُلِقَ الْإِنْسَانُ ضَعِيفًا (മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരുന്നല്ലോ. ആ ദൗര്‍ബല്യം കണക്കിലെടുത്ത് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്‍റെയൊരു  ഉദാഹരണമാണ് ഇനി പറയുന്നത്.

 

സത്യവിശ്വാസികള്‍ക്ക് വല്ലാത്ത ആശ്വാസം നല്‍കുന്നൊരു വചനമാണത്. മനുഷ്യസഹജമായ ദൗര്‍ബല്യം കാരണം, ചെയ്യരുതെന്ന് പറഞ്ഞ എല്ലാ കാര്യങ്ങളില്‍ നിന്നും പൂര്‍ണാര്‍ത്ഥത്തില്‍ മുക്തരാകുന്നവര്‍ വളരെ വിരളമായേ ഉണ്ടാകൂ. തദടിസ്ഥാനത്തില്‍, പരമകാരുണികനായ, നമ്മെക്കുറിച്ച് നമ്മളേക്കാള്‍ നന്നായി അറിയുന്ന റബ്ബ് നല്‍കുന്ന വല്ലാത്തൊരു ഔദാര്യം.

ചെയ്യരുതെന്ന് പറഞ്ഞ മുഴുവന്‍ പാപങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, മഹാപാപങ്ങളെങ്കിലും ഒഴിവാക്കുകയാണെങ്കില്‍, ചെറുദോഷങ്ങള്‍ ഞാന്‍ മാപ്പാക്കിത്തരാം. മാത്രമല്ല, മാന്യമായൊരു സ്ഥാനത്ത് –സ്വര്‍ഗത്തില്‍- പ്രവേശിപ്പിച്ച് ആദരിക്കുക കൂടി ചെയ്യാം.  ഇതൊരു മഹാ അനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലോ.

إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا(31)

നിരോധിക്കപ്പെട്ട വന്‍പാപങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ നാം നിങ്ങളുടെ ചെറുദോഷങ്ങള്‍ പൊറുക്കുന്നതും പവിത്ര സ്ഥാനത്ത് നിങ്ങളെ പ്രവേശിപ്പിക്കുന്നതുമാകുന്നു.

 

ഏഴു മഹാപാപങ്ങളേതൊക്കെയാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ അവിടന്ന് മറുപടി പറഞ്ഞതിങ്ങനെയാണ്:

”അല്ലാഹുവിനോട് പങ്കുചേര്‍ക്കുക, അന്യായമായ കൊല, സിഹ്‌ര്‍, പലിശ തിന്നല്‍, അനാഥയുടെ സ്വത്തു തിന്നല്‍, യുദ്ധക്കളത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടുക, സത്യവിശ്വാസിനികളും ദുര്‍വൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ചു വ്യഭിചാരാരോപണം നടത്തുക.”

വേറെ ചില ഹദീസുകളില്‍, മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങള്‍ എണ്ണിയതായി കാണാം. മാതാപിതാക്കളെ വെറുപ്പിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക മുതലായവ അതില്‍ ഉള്‍പെടുന്നു.

മഹാപാപങ്ങള്‍ എന്ന് പറയുമ്പോള്‍ അത് വിശാലാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതാണെന്ന് ചുരുക്കം. വിശുദ്ധ ഖുര്‍ആന്‍റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍, മഹാപാപങ്ങള്‍ എഴുപതും അതിലധികവും കാണുമെന്ന് മുന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ പറഞ്ഞു കാണുന്നതും അതുകൊണ്ടാണ്.

വന്‍ദോഷങ്ങള്‍ എഴുനൂറോളമുണ്ടെന്നാണ് ഇബ്‌നുഅബ്ബാസ്(رضي الله عنهما) ഒരിക്കല്‍ പറഞ്ഞത്. മഹാപാപങ്ങള്‍ ഏതൊക്കെയാണ്? അവ ഏഴെണ്ണമാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്രേ: ”അത് ഏഴിനെക്കാള്‍ അടുപ്പം എഴുനൂറിനോടാണ്. എങ്കിലും പാപമോചനം തേടുന്നതോടുകൂടി മഹാപാപം ഇല്ല. പതിവാക്കുന്നതോടു കൂടി നിസ്സാര പാപവും ഇല്ല.”

അതായത്, എത്ര വലിയ തെറ്റാണെങ്കിലും ശരിയായ പാപമോചനം തേടിയാല്‍ അല്ലാഹു പൊറുത്തുകൊടുത്തേക്കാം.  അതേ സമയം എത്ര ചെറിയ തെറ്റായാലും ഖേദിച്ചു മടങ്ങാതെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ അത് മഹാപാപങ്ങളായി മാറുകയും ചെയ്യും.

അടുത്ത ആയത്ത് 32

അന്യരുടെ ജീവനോടും സ്വത്തിനോടും അതിക്രമം കാണിക്കുന്നതിനെപ്പറ്റി പറഞ്ഞശേഷം, അതടക്കമുള്ള എല്ലാതരം അനീതികള്‍ക്കും കാരണമാകുന്ന ദുര്‍മോഹങ്ങള്‍ പോലും ഉപേക്ഷിക്കണമെന്ന് പറയുകയാണിനി.

ഭൌതിക സുഖ സാഹചര്യങ്ങളില്‍ എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ലല്ലോ. സമ്പത്ത്, സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, പ്രകൃതിപരമായ സവിശേഷതകള്‍, സ്വഭാവങ്ങള്‍ - ഇവയിലെല്ലാം ചിലര്‍ക്ക് ചിലരേക്കാള്‍ ശ്രേഷ്ഠത അല്ലാഹു നല്‍കും. അതെല്ലാം തനിക്കും വേണമെന്ന് വ്യാമോഹിക്കരുത്. അസൂയപ്പെടുകയും ചെയ്യരുത്.

 

മറ്റൊരാള്‍ക്ക് അല്ലാഹു കൊടുത്ത പ്രത്യേകത തനിക്കും കിട്ടണമെന്നാശിക്കുകയല്ല, ഉദാരനായ അല്ലാഹുവിനോട് ഔദാര്യം ചോദിക്കുകയാണ് വേണ്ടത്. ആര്‍ക്കൊക്കെ, എന്തൊക്കെ, എപ്പോഴൊക്കെയാണ് നല്‍കേണ്ടത്, നല്‍കാതിരിക്കേണ്ടത് – ഇതെല്ലാം

സര്‍വജ്ഞനായ അല്ലാഹുവിനു ശരിക്കും അറിയാം. അവനാണതെല്ലാം നിശ്ചയിച്ചത്. ലോകത്തിന്‍റെ സുഗമമായ മുന്നേറ്റത്തിനും പുരോഗതിക്കും അതാവശ്യവുമാണത്.

സ്ത്രീ-പുരുഷ വിഭാഗങ്ങളുടെയും കാര്യം അങ്ങനെത്തന്നെ.

പുരുഷന്‍മാര്‍ക്ക് കഴിവും അഭിരുചിയുമുള്ള ചില വിഷയങ്ങളില്‍ സ്ത്രീകള്‍ പിന്നാക്കമായിരിക്കും. മറിച്ചും അങ്ങനെത്തന്നെ. അതുകൊണ്ടുതന്നെ പുരുഷന്‍റെ പ്രത്യേകത സ്ത്രീക്ക് ലഭിക്കണമെന്നോ സ്ത്രീയുടെ പ്രത്യേകത പുരുഷന്ന് ലഭിക്കണമെന്നോ ആശിക്കാന്‍ പാടില്ല. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഉറച്ചുനിന്ന് മുന്നേറുകയാണ് വേണ്ടത്.

 

സ്ത്രീ ആയതുകൊണ്ടോ പുരുഷനായതുകൊണ്ടോ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം നഷടപ്പെടുകയോ കുറയുകയോ ചെയ്യില്ല. അത് തികച്ചും കിട്ടുക തന്നെ ചെയ്യും.

 

وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِنْ فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (32)

ചിലരെക്കാള്‍ മറ്റുചിലര്‍ക്ക് അല്ലാഹു നല്‍കിയ ഔദാര്യം സ്വന്തമാക്കാന്‍ നിങ്ങള്‍ വ്യാമോഹിക്കരുത്. പുരുഷന്മാര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കും സ്ത്രീകള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നു അവര്‍ക്കുമുണ്ടാകും. നിങ്ങള്‍ ദിവ്യാനുഗ്രഹങ്ങളില്‍ നിന്ന് അല്ലാഹുവിനോടു ചോദിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മജ്ഞാനിയത്രേ.

പുരുഷന്മാര്‍ ധര്‍മസമരങ്ങള്‍ക്കു പോകുന്നു; തങ്ങള്‍ക്ക് ആ പുണ്യം നേടാനാകുന്നില്ലല്ലോ; അനന്തരാവകാശ സ്വത്തില്‍ പുരുഷന്‍റെ പാതിയല്ലേ ഞങ്ങള്‍ക്കുള്ളൂ എന്നിങ്ങനെയെല്ലാം ചില സ്ത്രീകള്‍ തിരുനബി صلى الله عليه وسلم യോട് പരിഭവം പറഞ്ഞപ്പോഴാണ് ഈ ആയത്ത് അവതരിച്ചത്.

അടുത്ത ആയത്ത് 33

അനന്തരാവകാശ സ്വത്തിന്‍റെ വിഭജനക്രമങ്ങളെല്ലാം നേരത്തെ പറഞ്ഞല്ലോ. താന്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ അന്യര്‍ക്ക് ലഭിക്കുന്നുവല്ലോ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍ അവരൊന്നും അന്യരല്ല. സ്വന്തക്കാര്‍ക്കു തന്നെയാണ് ആ സ്വത്ത് കിട്ടുന്നത് എന്നുണര്‍ത്തുകയാണ്.

മാതാപിതാക്കളും അടുത്ത കുടുംബങ്ങളും മരണപ്പെടുമ്പോള്‍ അവര്‍ വിട്ടേച്ചു പോകുന്ന സ്വത്തിന്, അല്ലാഹു നിശ്ചിത അവകാശികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുനബി (صلى الله عليه وسلم) മദീനയില്‍ ചെന്ന ശേഷം മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഇടയില്‍ സാഹോദര്യം ഏര്‍പ്പെടുത്തുകയും അനന്തരാവകാശം കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വാക്യം അവതരിച്ചതോടെ സഖ്യകക്ഷികള്‍ക്കുണ്ടായിരുന്ന ഈ സ്വത്തവകാശം ദുര്‍ബലപ്പെടുത്തപ്പെട്ടു. പരസ്പര സഹായസഹകരണങ്ങളും സ്‌നേഹബന്ധങ്ങളും തുടര്‍ന്നും നല്‍കണമെന്നും കല്‍പിക്കപ്പെട്ടു.

നിങ്ങളുമായി സഖ്യബന്ധം നിലവിലുള്ളവര്‍ക്ക്, ആ സഖ്യബന്ധമനുരിച്ച് നിങ്ങള്‍ നിര്‍വ്വഹിക്കേണ്ട ബാധ്യതകളില്‍, സ്വത്തവകാശമല്ലാത്ത എല്ലാ ബാധ്യതകളും നിങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കണം.

അതുപോലെ, ജാഹിലിയ്യാ കാലത്ത് അന്യോന്യം സ്വത്തവകാശം വകവെച്ചുകൊടുത്തുകൊണ്ട് അറബികളില്‍ പതിവുണ്ടായിരുന്ന സഖ്യ ബന്ധങ്ങളും ഇതോടെ നിറുത്തല്‍ ചെയ്തു.

ഇസ്‌ലാമിലെ അനന്തരാവകാശ നിയമവ്യവസ്ഥപ്രകാരമുള്ള അവകാശികള്‍ക്കു മാത്രമേ മേലില്‍ സ്വത്തവകാശമുള്ളൂവെന്ന് തീര്‍ത്തുപറയുകയാണ്.

وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ ۚ وَالَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ ۚ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيدًا (33)

 

മാതാപിതാക്കളും അടുത്തബന്ധുക്കളും വിട്ടുപോയ മുഴുവന്‍ സമ്പത്തിനും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. സഹായം നല്‍കാന്‍ നിങ്ങള്‍ ശപഥം ചെയ്തവര്‍ക്ക് അവരുടെ വിഹിതം നല്‍കുക. അല്ലാഹു മുഴുവന്‍ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു.

 

مَوْلَى എന്ന വാക്കിന്‍റെ ബഹുവനചമാണ് مَوَاليِ. ഏതെങ്കിലും നിലക്ക് അടുത്ത ബന്ധമുള്ളവര്‍ക്കെല്ലാം ഇത് ഉപയോഗിക്കും. അടിമ, യജമാനന്‍, അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച ആള്‍, അതില്‍നിന്നു മോചിപ്പിക്കപ്പെട്ടവന്‍, അയല്‍ക്കാരന്‍, ഉടമസ്ഥന്‍, സഖ്യ ബന്ധമുള്ളവന്‍, ആദര്‍ശ ബന്ധു, അടുത്ത ചങ്ങാതി, അടുത്ത കുടുംബമുള്ളവന്‍ എന്നിവര്‍ക്കെല്ലാം ആ വാക്ക് ഉപയോഗിക്കാറുണ്ട്.

അനന്തരസ്വത്തിന്‍റെ അവകാശികള്‍ പൊതുവെയാണ് ഇവിടെ ഉദ്ദേശ്യമെന്നും, കുടുംബബന്ധം കൊണ്ട് കൂടുതല്‍ അടുപ്പമുള്ള അവകാശികളായ ‘അസ്വബ’ (الصَبَة)ക്കാരാണ് ഉദ്ദേശ്യമെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.

وَالَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ

يَمِين എന്ന വാക്കിന്‍റെ ബഹുവചനമാണ് اَيْمَان. സത്യം, ശപഥം എന്ന അര്‍ത്ഥത്തിലും, വലതുകൈ എന്ന അര്‍ഥത്തിലും സാധാരണ ഉപയോഗിക്കാറുണ്ട്.

സഖ്യം, സന്ധി, ഉടമ്പടി പോലെയുള്ള പ്രധാന കരാര്‍ വ്യവസ്ഥകള്‍,  പരസ്പരം കൈ പിടിച്ചുകൊണ്ടും സത്യംചെയ്യുന്ന വാക്യങ്ങള്‍ ഉപയോഗിച്ചുമാണല്ലോ ഉറപ്പിക്കാറുള്ളത്. ആ നിലക്ക് കരാറുകളും വ്യവസ്ഥകളും സ്ഥാപിക്കുന്നതിന് عَقد اليَمِين എന്നു പറയാറുണ്ട്. ഇതനുസരിച്ച് عَقَدَتْ أَيْمَانُكُمْ എന്ന് പറഞ്ഞത് സഖ്യ ഉടമ്പടിയെ ഉദ്ദേശിച്ചാണെന്നാണ് മിക്ക വ്യാഖ്യാതാക്കളുടെയും അഭിപ്രായം.

വിവാഹ ഇടപാടിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്. വിവാഹ ബന്ധം സ്ഥാപിതമായിട്ടുള്ളവര്‍ക്ക് – ഭാര്യാഭര്‍ത്താക്കള്‍ക്ക് – അവരുടെ നിശ്ചിത ഓഹരി കൊടുക്കണമെന്നാണ് ഈ അഭിപ്രായമനുസരിച്ചുള്ള അര്‍ത്ഥം. അതായത്, ഭാര്യാ ഭര്‍ത്താക്കളുടെ നിശ്ചിത ഓഹരികള്‍ (ഭര്‍ത്താവാണെങ്കില്‍ പകുതിയും; നാലിലൊന്നും; ഭാര്യയാണെങ്കില്‍ ഭര്‍ത്താവിന്‍റെ പകുതിയും) മാത്രം നല്‍കുകയും ബാക്കിയെല്ലാം ആ അടുത്ത അവകാശികള്‍ക്ക് – അസ്വബക്കാര്‍ക്ക് – കൊടുക്കുകയുമാണ് വേണ്ടതെന്നു താല്‍പര്യം.

ഈ ആയത്തിലെ പ്രയോഗങ്ങളും വ്യാകരണ നിയമങ്ങളും, ബന്ധപ്പെട്ട ചില രിവായത്തുകളും അടിസ്ഥാനമാക്കി ഒന്നിലധികം രൂപത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അതിലൊരു അഭിപ്രായമനുസരിച്ചാണ് നമ്മള്‍ ആയത്തിന് അര്‍ത്ഥം പറഞ്ഞത്.

മാത്രമല്ല, ഈ ആയത്തിലെ ഒന്നാമത്തെ വാക്യം, وَالأَقْرَبُونَ എന്നിടത്ത് അവസാനിക്കുന്നതായും, وَالَّذِينَ മുതല്‍ نَصِيبَهُمْ വരെയുള്ള ഭാഗം രണ്ടാമതൊരു വാക്യമായുമാണ് മിക്കവരും കണക്കാക്കുന്നത്. ഇതനുസരിച്ചാണ് وَالأَقْرَبُونَ എന്നിടത്ത് വഖ്ഫ് ചെയ്തുവരുന്നതും. നമ്മള്‍ ഇതുവരെ പറഞ്ഞത് ഈ അഭിപ്രായമനുസരിച്ചാണ്.

ആയത്തിന്‍റെ ആദ്യം മുതല്‍ نَصِيبَهُمْ വരെ ഒറ്റ വാക്യമാണെന്ന അഭിപ്രായവുമുണ്ട്. അതനുസരിച്ച് അര്‍ത്ഥം ഇങ്ങനെയാണ്: മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിവാഹ ബന്ധം സ്ഥാപിതമായവരും (ഭാര്യാ ഭര്‍ത്താക്കളും) വിട്ടേച്ചുപോയ സ്വത്തിന് അല്ലാഹു നിശ്ചിത അവകാശികളെ എല്ലാവര്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നു. അഥവാ ആ അവകാശികള്‍ക്ക് മാത്രമേ മേലില്‍ അനന്തരാവകാശമുള്ളൂ. അവരോരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട ഓഹരി നല്‍കേണ്ടതാണ്.

------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter