അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 34-37) ദമ്പതികൾ പിണങ്ങിയാൽ
ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്. വഴക്കും അസ്വാരസ്യങ്ങളും പരമാവധി ഒഴിവാക്കാനും, എങ്ങാനുമതുണ്ടായാല്‍ പരിഹരിക്കാനും സഹായിക്കുന്ന കാര്യങ്ങള്‍.
പുരുഷന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം അവര്‍ക്കും, സ്ത്രീകളുടേത് അവര്‍ക്കും തികച്ചും ലഭിക്കുമെന്ന് കഴിഞ്ഞപേജില്‍ പറഞ്ഞിരുന്നല്ലോ. ഓരോത്തരും അവരവര്‍ക്ക് നിശ്ചയിച്ച പ്രവര്‍ത്തന മണ്ഡലത്തില്‍ മുന്നേറണം. പുരുഷനും സ്ത്രീയും എല്ലാ മേഖലകളിലും തുല്യരല്ല എന്നതുതന്നെ കാരണം; പ്രത്യേകിച്ചും ദാമ്പത്യജീവിതത്തില്‍.
വൈവാഹിക ജീവിതത്തില്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിനുള്ള അധികാരം പുരുഷനാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ള ഏതൊരു മേഖലയിലും ആധികാരികമായ ഒരു മേല്‍നോട്ടക്കാരനില്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാകാമല്ലോ. ഗാര്‍ഹിക ജീവിതത്തില്‍ പ്രത്യേകിച്ചും. ‘നാഥനില്ലാത്ത വീടുപോലെ’ എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ടായത് അതുകൊണ്ടാണല്ലോ.
ഈ ആധികാരിക സ്ഥാനം പുരുഷന്നാണ് എന്നാണ്, കാര്യകാരണസഹിതം അല്ലാഹു പ്രഖ്യാപിക്കുന്നത്.
രണ്ട് കാരണങ്ങളാണ് പ്രധാനം:
1) സ്ത്രീയെക്കാള്‍ പുരുഷനെ അല്ലാഹു ഉല്‍കൃഷ്ടനാക്കിയിട്ടുണ്ട്.
ബുദ്ധിശക്തി, കായികശേഷി, മനക്കരുത്ത്, ധൈര്യം തുടങ്ങി പല കാര്യങ്ങളിലും പുരുഷന്‍ പൊതുവെ സ്ത്രീയെക്കാള്‍ മികച്ചുനില്‍ക്കുന്നു.
ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ പുരുഷന്മാരെ കവച്ചുവെക്കുന്ന ചില സ്ത്രീകളുണ്ടാകാം. പക്ഷേ, പൊതുവെ പുരുഷനാണ് ഈ കാര്യത്തില്‍ മുന്‍പന്തിയിലെന്നതില്‍ സംശയമില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളില്‍ നിന്ന് പ്രവാചകന്മാരില്ലാതിരുന്നതും. ഖിലാഫത്ത്, ഇമാമത്ത്, ഖാളിസ്ഥാനം തുടങ്ങി പലതും പുരുഷനില്‍ നിക്ഷിപ്തമാണല്ലോ.
2) പുരുഷന്മാരാണ് സ്ത്രീകള്‍ക്കുവേണ്ടി സമ്പത്ത് ചെലവഴിക്കുന്നത്. മഹ്ര്‍, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചെലവുകളെല്ലാം വഹിക്കുന്നത് പുരുഷന്മാരാണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേല്‍നോട്ടത്തിന് സ്വാഭാവികമായും അര്‍ഹരാക്കുന്നു.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا (34)
പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത്. അനുസരണ ശാലിനികളും നാഥന്‍റെ നിയമാനുസൃതം പുരുഷന്‍റെ അഭാവത്തില്‍ വേണ്ടതൊക്കെ സംരക്ഷിക്കുന്നവരുമായിരിക്കും പുണ്യവതികള്‍. എന്നാല്‍, പിണങ്ങിയേക്കുമെന്ന് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുകയും, വേണ്ടി വന്നാല്‍ കിടപ്പറകളില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുക. ഇവയൊക്കെ നിഷ്ഫലമായാല്‍ അടിക്കുക. ഇനി നിങ്ങളെ അനുസരിച്ചാല്‍ പിന്നീടവരെപ്പറ്റി ശിക്ഷാമാര്‍ഗമന്വേഷിക്കരുത്. നിശ്ചയം അല്ലാഹു ഉന്നതനും മഹാനുമാകുന്നു.
فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ
അല്ലാഹുവിനെ അനുസരിക്കുക, ഭര്‍ത്താവിനെ അനുസരിക്കുക, അടക്കത്തോടെ വര്‍ത്തിക്കുക, ഭര്‍ത്താവിന്‍റ അഭാവത്തില്‍ അവന്‍റെ സ്വത്ത്, മാനം, മക്കള്‍ മുതലായവയും, അവള്‍ക്കോ അവന്നോ അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങളും കാത്തുസൂക്ഷിക്കുക - ഇതാണ് സദ്‌വൃത്തകളായ സ്ത്രീകളുടെ ലക്ഷണങ്ങള്‍.
بِمَا حَفِظَ اللَّهُ
വിവാഹം മുഖേന ചാരിത്ര്യം സംരക്ഷിക്കാനും ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുമുള്ള വഴി ലഭിച്ചത്, തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റിത്തരാന്‍ ഭര്‍ത്താക്കളോട് അനുശാസിക്കപ്പെട്ടത് – ഇതൊക്കെയാണ് بِمَا حَفِظَ ا للهُ (അല്ലാഹു കാത്തുരക്ഷിച്ച പ്രകാരം) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. തങ്ങളുടെ ഗുണത്തിനും സുരക്ഷക്കും വേണ്ടി അല്ലാഹു ഇതെല്ലാം ചെയ്തുകൊടുത്തിരിക്കുന്നു എന്നതുകൊണ്ട്, ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തില്‍ മാത്രമല്ല, അവരുടെ അസാന്നിധ്യത്തിലും മേല്‍ പറഞ്ഞ കാര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണ് എന്നര്‍ത്ഥം.
ഉത്തമ സ്ത്രീ ആരാണെന്ന് തിരുനബി صلى الله عليه وسلمപറയുന്നത് നോക്കൂ:
عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ ص: خَيْرُ النِّسَاءِ إِذَا نَظَرْتَ إِلَيْهَا سَرَّتْكَ، وَإِذَا أَمَرْتَهَا أَطَاعَتْكَ، وَإِذَا غِبْتَ عَنْهَا حَفِظَتْكَ فِي مَالِكَ وَنَفْسِهَا " . قَالَ : ثُمَّ تَلا هَذِهِ الآيَةَ : الرِّجَالُ قَوَّامُونَ عَلَى النِّسَاءِ سورة النساء آية 34.
(നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്‍റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്‍റെ ധനവും താല്‍പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ).
ഇങ്ങനെ അനുസരിച്ചു ജീവിച്ചാല്‍ കിട്ടാന്‍ പോകുന്നത് വലിയ പ്രതിഫലമല്ലേ. സ്വര്‍ഗത്തിന്‍റെ ഏതു വാതിലിലൂടെയും പ്രവേശിക്കാം.
عن عبد الرحمن بن عوف رضي الله عنه، قال رسول اللّه صلى الله عليه وسلم: إِذَا صَلَّتِ الْمَرْأَةُ خَمْسَهَا، وَصَامَتْ شَهْرَهَا، وَحَفِظَتْ فَرْجَهَا، وَأَطَاعَتْ زَوْجَهَا، قِيلَ لَهَا: ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ (أحمد)
(ഒരു സ്ത്രീ അഞ്ച് വഖ്ത് നിസ്കരിക്കുകയും റമളാന്‍ നോമ്പ് നോല്‍ക്കുകയും ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍, സ്വര്‍ഗത്തിലെ ഇഷ്ടമുള്ള വാതിലിലൂടെ പ്രവേശിച്ചോളൂ എന്നവളോട് പറയപ്പെടും).
വല്ലാത്ത ആനുകൂല്യം ല്ലേ. ഇവര്‍ക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ ഇത്രയേ ചെയ്യേണ്ടൂ.. ആണുങ്ങള്‍ക്ക് വേറെ എന്തൊക്കെ ഉത്തരവാദിത്തങ്ങളാണുള്ളത്!
وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ
പവിത്രവും ശക്തവുമായ ദാമ്പത്യത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പിന്ന് ഹാനിയേല്‍ക്കാതിരിക്കാനായി അല്ലാഹു സമര്‍പ്പിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണിത്.
ഭാര്യ അനുസരണക്കേടും പിണക്കവും കാണിക്കുന്നുവെങ്കില്‍, ആദ്യം അതിന്‍റെ ഭവിഷ്യല്‍ഫലങ്ങളെക്കുറിച്ചും മറ്റും നല്ല നിലക്ക് ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. വഴക്കുണ്ടാക്കുക, ഭീഷണിപ്പെടുത്തുക, വീട്ടില്‍ കൊണ്ടുപോയി ആക്കുക എന്നാണോ പറഞ്ഞത്, അല്ല. ഉപദേശിച്ചുനോക്കുക. മിക്കവാറും നിസ്സാര പ്രശ്നമായിരിക്കും. ഉപദേശിച്ചാല്‍ ശരിയാകും.
പ്രശ്നങ്ങളും പിണക്കങ്ങളുണ്ടാകാതിരിക്കാനാണ് പരമാവധി ശ്രമിക്കേണ്ടത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്ന ചിലരുണ്ട്. അത് അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാകരുതെന്നാണ് തിരുനബി صلى الله عليه وسلم പഠിപ്പിക്കുന്നത്.
قال النبي صلى الله عليه وسلم: ( لا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ ) رواه مسلم
ഇത്തരം ചൊറിച്ചിലുകളാണ് പിന്നീട് വലിയ പ്രശ്നങ്ങളിലേക്കെത്തുക.
ദേഷ്യപ്പെട്ട് സംസാരിക്കും, വാക്കേറ്റമാകും, അവസാനം ഥലാഖിലേക്കുമെത്തും. രണ്ടിലൊരാള്‍ താഴ്ന്നുകൊടുത്താല്‍ പ്രശ്നം തീരും. വിട്ടുവീഴ്ചയാണ് പരിഹാരം.
അല്ലെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ‘ആരാണ് ശരി’ എന്നതിനല്ല, “ബന്ധത്തിന്‍റെ നന്മ മുന്‍നിറുത്തി ചിന്തിക്കുമ്പോള്‍ ‘എന്താണ് ശരി’ എന്നതിന് മുന്‍തൂക്കം കൊടുത്തു നോക്കൂ, പ്രശ്നങ്ങളവസാനിക്കും.
ഇരുവരും സ്വന്തത്തിനു വേണ്ടി മാത്രം വാദിക്കാതെ, രണ്ടുപേര്‍ക്കുംകൂടി വേണ്ടി വാദിക്കുന്ന സാഹചര്യമാണുണ്ടാവേണ്ടത്.
രണ്ടുകൂട്ടരും മയത്തില്‍ പറയാന്‍ ശ്രമിക്കുക. ഉപ്പ് കൂടിയാലോ ഭക്ഷണം കരിഞ്ഞുപോയാലോ അടച്ചാക്ഷേപിക്കരുത്. ഇവിടെ എന്തുണ്ടാക്കിയാലും ഇങ്ങനെത്തന്നെ... ഇതെപ്പോഴും പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ ആ പെണ്ണ് എത്ര, എങ്ങനെ വെച്ചുവിളമ്പിയാലും ശരിയായിക്കിട്ടുമോ.. എന്തൊരു അസ്വസ്ഥതായിരിക്കും ബേജാറുമായിരിക്കും അവള്‍ക്ക്?!
നേരെ മറിച്ച്, ഉഷാറായിട്ടുണ്ട് ട്ടോ, എരുവ് ലേശം കൂടിപ്പോയിട്ടുണ്ട്, കുറച്ചാല്‍ നന്നായിരുന്നു എന്ന് പറഞ്ഞാലോ.. അവളെ അംഗീകരിക്കുകയും ചെയ്തു, പറയാനുള്ളത് മാന്യമായി, അവള്‍ക്ക് മാനസിക പ്രയാസമുണ്ടാകാത്ത രീതിയില്‍ പറയുകയും ചെയ്തു.
وَاهْجُرُوهُنَّ فِي الْمَضَاجِعِ
ഉപദേശം ഫലിക്കുന്നില്ലെങ്കില്‍ കിടപ്പറയില്‍ മാറ്റിനിറുത്തണം.
കിടപ്പു സ്ഥാനത്ത് അകറ്റിനിറുത്തുക എന്ന് വളരെ സൂക്ഷ്മമായാണ് അല്ലാഹു പറഞ്ഞത്, അതായത്, കിടപ്പുമുറിയില്‍ തന്നെ മാറിക്കിടക്കുക. വീടോ റൂമോ മാറ്റരുത്.
എന്തിനാണിങ്ങനെ പറഞ്ഞത്, പിണക്കത്തിന്‍റെ ഗൌരവം കൂടാതാരിക്കാനും പ്രശ്നം പെട്ടെന്ന് തീരാനും. ഇപ്പോള്‍ നിങ്ങള്‍ രണ്ടാള്‍ മാത്രം ഈ പിണക്കം അറിഞ്ഞാല്‍ മതി. വീട്ടിലെ മറ്റാരും അറിയണ്ട. ഉമ്മയോ ബാപ്പയോ സഹോദരന്മാരോ വരെ അറിയരുത്.
മൂന്നാമതൊരാള്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ പ്രശ്നം തീരാന്‍ സമയമെടുത്തേക്കാം. രണ്ടു പേരെയും പറഞ്ഞ് പിരികയറ്റാനും, പിന്നെ വാശിയും വൈരാഗ്യവുമായി നീണ്ടുപോകാനും സാധ്യതയുണ്ടല്ലോ.
വേറെ റൂമിലോ, വീടു തന്നെ മാറിയോ കിടന്നാല്‍ എല്ലാരും അറിയുമല്ലോ. അതു വേണ്ട. ഒറ്റ റൂമില്‍, പറ്റുമെങ്കില്‍ ഒറ്റക്കട്ടിലില്‍ തന്നെ കിടക്കുക. ഒന്ന് തട്ടിമുട്ടിയാല്‍ ചിലപ്പോള്‍ ആ പിണക്കമങ്ങോട്ട് തീരും. മാറിക്കിടന്നാല്‍ തട്ടാനും മുട്ടാനും കഴിയില്ലല്ലോ!
കിടപ്പറയില്‍ മാത്രം അകന്നു നില്‍ക്കണം. പുറത്ത് മിണ്ടാതിരിക്കരുത്. തെറ്റനില്‍ക്കുകയും ചെയ്യരുത്.
)عَنْ الْحَسَن , قَالَ : لَا يَهْجُرهَا إِلَّا فِي الْمَبِيت فِي الْمَضْجَع , لَيْسَ لَهُ أَنْ يَهْجُر فِي كَلَام وَلَا شَيْء إِلَّا فِي الْفِرَاش. (
പിണക്കത്തിലാണെങ്കില്‍, വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഒന്നും മിണ്ടാതെ, സലാം പോലും പറയാതെ ഇറങ്ങിപ്പോകുന്ന ചിലരുണ്ട്. അത് ചെയ്യരുത്. ആര്‍ക്കറിയാം, അതുപോലെത്തന്നെ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന്? പിണക്കത്തിലായിരിക്കെ മരിച്ചുപോകേണ്ടിവരുന്നത് ഗുരുതരമല്ലേ...
وَاضْرِبُوهُنَّ
ഉപദേശിച്ചു, കിടപ്പറയില്‍ അകന്നുനിന്നു... എന്നിട്ടും പിണക്കം തീരുന്നില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? ഒരു ശിക്ഷണമെന്ന നിലക്ക്, അച്ചടക്കത്തിന്‍റെ ഭാഗമായി അടിക്കുകയാവാം.
അവസാന ചികിത്സയായ ഈ അടി ഒരു പീഡനമല്ല, അച്ചടക്കം നല്‍കലാണ്. പാടു വരാത്ത, മുറിവ് പറ്റാത്ത, പരുക്ക് പറ്റാത്ത വിധത്തിലുള്ള അടിയേ പാടുള്ളൂവെന്ന് പ്രത്യേകം മനസ്സിലാക്കണം. തൂവാല കൊണ്ടുള്ള അടിയാണതെന്നു വരെ വ്യാഖ്യാനിച്ച മഹാന്മാരുണ്ട്. ബ്രഷ് കൊണ്ടുള്ള അടി എന്നാണ് ഇബ്നു അബ്ബാസ്-رضي الله عنهما വിശദീകരിച്ചത്.
)عَنْ عَطَاء , قَالَ : قُلْت لِابْنِ عَبَّاس : مَا الضَّرْب غَيْر الْمُبَرِّح ؟ قَالَ : بِالسِّوَاكِ وَنَحْوه (
അടിക്കാനല്ലേ പറഞ്ഞത് എന്നുകരുതി ഞെളിയേണ്ടതില്ല. അടിവീരന്മാരെ നാണം കെടുത്തിയിട്ടുണ്ട് തിരുനബി صلى الله عليه وسلم:
പകല്‍ ഭാര്യയെ അടിക്കുകയും രാത്രി അവളൊന്നിച്ചു കിടക്കുകയും ചെയ്യുകയാണോ?!
കഥയറിയാതെ ആട്ടം കാണുന്ന ശരീഅത്ത് വിരോധികള്‍ ഇവിടെ കൊട്ടും കുരവയുമായി രംഗത്തുവരുന്നതു കാണാം. അവരെ പറഞ്ഞുമനസ്സിലാക്കി തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കുക. തിരുനബി صلى الله عليه وسلم യുടെ ചര്യയില്‍ ഇവയൊക്കെ വ്യക്തമായി അനാവരണം ചെയ്യപ്പെട്ട കാര്യങ്ങളാണല്ലോ.
فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ
ഈ പറഞ്ഞ ഏതെങ്കിലും രീതികള്‍ കൊണ്ട് പിണക്കം അവസാനിപ്പിച്ച് അനുസരിക്കാന്‍ അവള്‍ സന്നദ്ധയായാല്‍, പിന്നെ ഒരു നടപടിയും അവള്‍ക്കെതിരെ എടുക്കരുത്. പിന്നെയും ചീത്ത പറയുക, ഭിഷണിപ്പെടുത്തുക, മോശമായി പെരുമാറുക – ഇതൊന്നുമുണ്ടാകാന്‍ പാടില്ല.
إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا
ഇത്രയെല്ലാം വിശദീകരിച്ചുപറഞ്ഞ ശേഷം പുരുഷന്മാരെ താക്കീത് ചെയ്യുകയാണ് അല്ലാഹു. സ്ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുണ്ടെന്നുവെച്ച്, അതവര്‍ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍, തക്ക നടപടിയെടുക്കാന്‍ അല്ലാഹു തയ്യാറാണെന്ന് എപ്പോഴും ഓര്‍മ വേണം. അല്ലാഹു ഉന്നതനും വലിയവനുമാണ്, തീര്‍ച്ച.
സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കാരണമില്ലാതെ കയര്‍ക്കുക, നിസ്സാര കാര്യത്തിനു പോലും അടിക്കുക, ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയവയൊന്നും അല്ലാഹു വെച്ചുപൊറുപ്പിക്കില്ലെന്നര്‍ത്ഥം.
അല്ലെങ്കിലും തന്‍റേടമുള്ള ആണുങ്ങളാണെങ്കില്‍, ഇണയെ നിയന്ത്രിക്കുന്നതോടൊപ്പം നല്ല നിലക്കുമാത്രമേ പെരുമാറുകയുള്ളൂ. മാന്യമായേ ഇടപെടുകയുള്ളൂ. ഭര്‍ത്താവ് ഉഷാറാണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടത് നാട്ടുകാരോ ജോലിസ്ഥലത്തുള്ളവരോ അല്ല; സ്വന്തം ഭാര്യയാണ്. പുറത്തുള്ളവരോട് നല്ല ഉഷാറായിട്ട് പെരുമാറും. പുരയിലെത്തിയാലോ കച്ചറയും.
പറ്റിപ്പോയതൊക്കെ റബ്ബ് പൊറുത്തരട്ടെ. ഭാവിജീവിതം മനോഹരമാക്കുക. പരസ്പരം പൊരുത്തപ്പെടീക്കുക. പൊരുത്തപ്പെട്ടുകൊടുക്കും ചെയ്യുക. ഇണകള്‍ പരസ്പരം പൊരുത്തപ്പെടുന്നില്ലെങ്കില്‍, പിന്നെ ആരാണീ ലോകത്ത് അത് ചെയ്യുക!
രണ്ട് കാര്യങ്ങള്‍ ശരിക്കും ബോധ്യപ്പെട്ടാല്‍, ഇണകള്‍ തമ്മില്‍ ഒരു പ്രശ്നവുമുണ്ടാകില്ല. എങ്ങാനും ഉണ്ടായിപ്പോയാല്‍ തന്നെ വിട്ടുവീഴ്ചാമനോഭാവത്തോടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കും.
ആണ്‍ ഇങ്ങനെ ചിന്തിക്കുക: ഞാനല്ലേ ഇവളെ നന്നായി നോക്കേണ്ടത്, അതെന്‍റെ ബാധ്യതയല്ലേ. റബ്ബിന്‍റെ പേര് പറഞ്ഞല്ലേ കൂടെക്കൂട്ടിയത്. ഞാനവള്‍ക്ക് നല്ല ജീവിതം കൊടുത്തില്ലെങ്കില്‍ വേറെ ആരാണ് കൊടുക്കുക? രണ്ട് ഭര്‍ത്താക്കള്‍ പറ്റുമോ? ഇല്ലല്ലോ. അപ്പോള്‍ അത് എന്‍റെ മാത്രം ഡ്യൂട്ടിയാണ്. ഇതാണ് قَوَّام (നിയന്ത്രണാധികാരമുള്ളവന്‍) എന്ന പദത്തിന്‍റെ ശരിയായ സാരം.
പെണ്ണ് എന്ത് ചിന്തിക്കണം: മാതാപിതാക്കളെക്കാളും എനിക്ക് കടപ്പാടുള്ള വ്യക്തിയല്ലേ ഇദ്ദേഹം, ഞാന്‍ ക്ഷമിക്കുകയല്ലേ വേണ്ടത്, മനസ്സിലൊന്നുമുണ്ടാകില്ല, സ്വഭാവപ്രകൃതമാണ്. എനിക്ക് സംരക്ഷണം നല്കുന്ന ആളല്ലേ... പോയാല്‍ പിന്നെ എനിക്കും കുട്ടികള്‍ക്കും ആരാണുള്ളത്...
വല്ലാത്ത കടപ്പാടല്ലേ.. അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ പെണ്ണിന് പിന്നെ ഏറ്റവും കടപ്പാടുള്ളത് ഭര്‍ത്താവിനോടാണ്. അതുകൊണ്ടാണല്ലോ, പടപ്പുകള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ ആരോടെങ്കിലും കല്‍പിക്കുമായിരുന്നെങ്കില്‍, കടപ്പാടുകളുടെ പ്രാമുഖ്യം കാരണം ഭാര്യമാരോട് ഭര്‍ത്താക്കള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു എന്ന് തിരുനബി صلى الله عليه وسلمപറഞ്ഞത്.
)قال النبي صلى الله عليه وسلم: لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لأَحَدٍ، لأَمَرْتُ النِّسَاءَ أَنْ يَسْجُدْنَ لأَزْوَاجِهِنَّ لِمَا جَعَلَ اللَّهُ لَهُمْ عَلَيْهِنَّ مِنَ الْحَقِّ- رواه أبو داود والترمذي)
സാന്ദര്‍ഭികമായി ഇവിടെ നാം ചിലത് മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീ-പുരുഷസമത്വത്തിന്നും വേണ്ടി മുറവിളി കൂട്ടുന്ന പലരെയുമിന്ന് കാണാം. ആത്മാര്‍ഥമായല്ല അവരങ്ങനെ ചെയ്യുന്നതെന്ന് സ്പഷ്ടമാണ്. സ്ത്രീയെ ചൂഷണം ചെയ്യുകയും വില്‍പനച്ചരക്കാക്കുകയും മാത്രമാണവരുടെ ഉദ്ദേശ്യം.
സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലെന്നാണവര്‍ പറയുക. അത് ശരിയല്ല. അര്‍ഹിക്കുന്ന സ്വാതന്ത്ര്യം വകവെച്ചുകൊടുത്തിട്ടുണ്ട്. പരിപൂര്‍ണമായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുമുണ്ട്.
സ്ത്രീകള്‍ വളരെ മോശമായി അടിച്ചമര്‍ത്തപ്പെടുകയും കേവല ഭോഗവസ്തുവായി അധഃപതിക്കുകയും ചെയ്ത ജാഹിലിയ്യാകാലത്തെ സാമൂഹിക വ്യവസ്ഥിതികള്‍ ഇസ്‍ലാം കീഴ്‌മേല്‍ മറിച്ചു. അവരോട് മാന്യവും ഉദാത്തവുമായി പെരുമാറുവാന്‍ നബി (صلى الله عليه وسلم) നിരന്തരം നിര്‍ദ്ദേശിച്ചു. അവിടത്തെ അവസാന പ്രസംഗത്തില്‍ പോലും കണിശമായി ആ വിഷയം എടുത്തുപറഞ്ഞു. തിരുജീവിതത്തില്‍ അത് വ്യക്തമായി പാലിച്ച് മാതൃക കാണിച്ചുതന്നു. ഇത്തരം കാര്യങ്ങളെല്ലാം ശരിക്ക് ചിന്തിച്ചു മനസ്സിലാക്കിയാല്‍, എത്രമാത്രം പ്രധാന്യമാണ് സ്ത്രീ സുരക്ഷക്ക് വിശുദ്ധ ഇസ്‍ലാം നല്‍കിയതെന്ന് വ്യക്തമാകും.
അടുത്ത ആയത്ത് 35
ഇതുവരെ പറഞ്ഞത്, സ്ത്രീയുടെ നിയന്ത്രണാധികാരം പുരുഷനാണ് എന്ന അടിസ്ഥാനത്തില്‍, അവളുടെ ഭാഗത്തുനിന്ന് പിണക്കവും അനുസരണക്കേടും ഉണ്ടാകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നാണ്. ഇനി, പുരുഷന്‍റെ ഭാഗത്തു നിന്നാണ് പിണക്കം സംഭവിക്കുന്നതെങ്കിലോ? അപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇതേ സൂറയിലെ 128-ആം ആയത്തില്‍ പറയുന്നുണ്ട്. അതവിടെ പഠിക്കാം - إِن شَاءَ اللَّهُ
ഇവിടെ 35-ആം ആയത്തില്‍ പറയുന്നത്, രണ്ടു ഭാഗത്തുനിന്നുമാണ് വഴക്കുണ്ടായതെങ്കില്‍ എന്ത് ചെയ്യണമെന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പവിത്രമായ ആ ബന്ധം മുറിയാതിരിക്കാന്‍ ശരീഅത്ത് നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗമാണ് കുടുംബത്തിനുള്ളിലെ കോടതി.
ഇരുവീട്ടുകാരും, ഇരുകുടുംബങ്ങളില്‍ നിന്നുമായി നിശ്ചയിക്കുന്ന മദ്ധ്യസ്ഥന്മാര്‍ മുഖേന കാര്യങ്ങള്‍ സംസാരിക്കണം. മധ്യസ്ഥന്മാര്‍ ഇരുഭാഗവും കേട്ടുമനസ്സിലാക്കി കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച്, ഏറ്റവും യുക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം. അതവരുടെ ബാദ്ധ്യതയാണ്. അവരുടെ തീരുമാനം സ്വീകരിക്കുക എന്നത് ഇരുവീട്ടുകാരുടെയും ബാദ്ധ്യതയുമാണ്.
ഇരുകൂട്ടരെയും സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത അനിവാര്യഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ വിവാഹ ബന്ധം വേര്‍പെടുത്തുക എന്ന തീരുമാനത്തിലെത്താന്‍ പാടുള്ളൂ. വേര്‍പിരിയുന്നതിനേക്കാള്‍ യോജിപ്പിന്നാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.
ഇരുകൂട്ടരും തമ്മില്‍ മസ്ലഹത്താകണമെന്ന് മദ്ധ്യസ്ഥന്മാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള വഴി തുറന്നുകൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനവും ചെയ്തിട്ടുണ്ട്. ഇക്കാര്യം മദ്ധ്യസ്ഥന്മാര്‍ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا ۗ إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا (35)
ഇനി ദമ്പതിമാര്‍ക്കിടയില്‍ ഛിദ്രതയുണ്ടാകുമെന്നു ഭയമുണ്ടെങ്കില്‍ അവന്‍റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ മധ്യസ്ഥനെ നിങ്ങള്‍ നിയോഗിക്കുക. അവരിരുവരും അനുരഞ്ജനമാഗ്രഹിക്കുന്നുണ്ടെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കും. നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമായിരിക്കുന്നു.
ഥലാഖിന്‍റെ പേരും പറഞ്ഞ് വിശുദ്ധ ഇസ്‍ലാമിനെ കരിവാരിത്തേക്കുന്നവര്‍ ഈ വസ്തുതകളെല്ലാം ശരിക്ക് മനസ്സിലാക്കണം. വസ്ത്രം മാറുന്ന പോലെയാണ് ഇസ്‌ലാം വിവാഹമോചനത്തിനനുമതി നല്‍കുന്നതെന്ന് പറയുന്നവരുണ്ട്. അവരെല്ലാം ഇതൊക്കെയൊന്ന് മനസ്സിരുത്തി ചിന്തിച്ചിരുന്നെങ്കില്‍!
إِنَّ الَّلهَ كَانَ عَلِيمًا خَبِيرًا
അല്ലാഹുവിന്‍റെ നിയമനിര്‍ദേശങ്ങളാണ് എപ്പോഴും പ്രായോഗികം. അതുമാത്രമായിരിക്കും ശുഭകരമായി പര്യവസാനിക്കുന്നതും. കാരണം, മനുഷ്യരുടെ പ്രശ്നങ്ങളും അവസ്ഥകളും അതിനനുയോജ്യമായ പോംവഴികളുമെല്ലാം അല്ലാഹുവിനാണല്ലോ കൂടുതല്‍ അറിയുക. അവനാണല്ലോ അവരെ പടച്ചതും പരിപാലിക്കുന്നതും. അവന്‍ സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാണ്.
അടുത്ത ആയത്ത് 36
ദാമ്പത്യബന്ധത്തെക്കുറിച്ച് പറഞ്ഞ ശേഷം, മനുഷ്യര്‍ പൊതുവെ സ്വീകരിക്കേണ്ട മഹത്തായ ചില സ്വഭാവഗുണങ്ങളെക്കുറിച്ച് പറയുകയാണ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനം, തന്‍റെ സ്രഷ്ടാവായ, രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. ഇബാദത്ത്-അല്ലാഹുവിന്ന് മാത്രമേ ചെയ്യാവൂ. മറ്റാരെയും അല്ലാഹുവുമായി പങ്കു ചേര്‍ക്കരുത്.
അല്ലാഹുവിനോടുള്ള ഈ കടമ കഴിഞ്ഞാല്‍പിന്നെ, മനുഷ്യന്നേറ്റവും കടപ്പാടുള്ളത് മാതാപിതാക്കളോടാണ്. അവര്‍ വഴിയാണല്ലോ ഈ ലോകത്തേക്കവന്‍ എത്തിയത്. അവനുവേണ്ടി ധാരാളം കഷ്ടപ്പാടുകള്‍ സഹിച്ചവരുമാണവര്‍.
അതുകൊണ്ടുതന്നെയാണ്, അല്ലാഹുവിനോടുള്ള കടമയെക്കുറിച്ചു പറഞ്ഞ ഉടനെ, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും അല്ലാഹു കല്‍പിക്കുന്നത്. ഇവിടെ മാത്രമല്ല, വേറെയും സ്ഥലങ്ങളിലും വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ ചേര്‍ത്തുപറഞ്ഞതായി കാണാം. ഉദാഹരണം: 2:83; 17:23; 31:14.
മാതാപിതാക്കള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കുക, ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിപ്പിച്ചുകൊടുക്കുക, അനിഷ്ടമായതൊന്നും ചെയ്യാതിരിക്കുക, ബഹുമാനപുരസ്സരം മര്യാദയോടെ പെരുമാറുക, നല്ല വാക്കുകള്‍ മാത്രം പറയുക...
മനുഷ്യന് പ്രധാന കടപ്പാടുള്ള മറ്റുള്ളവരോടും നന്മ അനുവര്‍ത്തിക്കണമെന്നാണ് പിന്നീട് പറയുന്നത്. അതായത്, ബന്ധുക്കള്‍, അനാഥക്കുട്ടികള്‍, സാധുക്കള്‍, അയല്‍വാസികള്‍, കൂട്ടുകാര്‍, യാത്രക്കാര്‍, തന്‍റെ കീഴിലുള്ളവര്‍... ഇത്തരക്കാര്‍ക്കെല്ലാം സഹായസഹകരണങ്ങള്‍ ചെയ്യണം.
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا (36)
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, ബന്ധുവോ അന്യനോ ആയ അയല്‍ക്കാരന്‍, സഹവാസികള്‍, സഞ്ചാരികള്‍, സ്വന്തം അധീനതയിലുള്ള അടിമകള്‍ എന്നിവരോടൊക്കെ നല്ലരീതിയില്‍ വര്‍ത്തിക്കുക. അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഒട്ടുമേ സ്‌നേഹിക്കുകയില്ല;
മുസ്‍ലിമായ മാതാപിതാക്കള്‍ എന്നിവിടെ അല്ലാഹു പറഞ്ഞില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം. മുസ്‍ലിംകളല്ലാത്ത മാതാപിതാക്കളോടും നല്ല നിലക്കുതന്നെയാണ് പെരുമാറേണ്ടത്. ശിര്‍ക്കോ മറ്റ് വേണ്ടാത്തരങ്ങളോ ചെയ്യാനവര്‍ പറഞ്ഞാല്‍ അതംഗീകരിക്കരുത്. പക്ഷേ, അവരെ ബഹുമാനിക്കണം, നന്നായി സംരക്ഷിക്കണം. (സൂറത്തു ലുഖ്‍മാന്‍ 15 ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്.)
ഇഹ്സാന്‍ എന്ന പ്രയോഗവും ശ്രദ്ധിക്കണം. നിര്‍ബന്ധബാധ്യതകള്‍ കല്‍പിക്കപ്പെട്ടതുപോലെ നിറവേറ്റുക എന്നതിനപ്പുറം, ഏറ്റവും നല്ല രൂപത്തില്‍, നമ്മള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കണ്ടുകൊണ്ടിരിക്കുന്നു എന്ന ഉത്തമ ബോധ്യത്തോടെ, എങ്ങനെയെല്ലാം മികവുറ്റതാക്കാന്‍ പറ്റുമോ അങ്ങനെയെല്ലാം ചെയ്യുക എന്നാണല്ലോ ഈ പദം കൊണ്ടുള്ള വിവക്ഷ. അതുപോലെയാണ് മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണവും. അവരോടുള്ള നിര്‍ബന്ധബാധ്യതയില്‍ മാത്രം ഒതുക്കാതെ വേണ്ടതെല്ലാം ഏറ്റവും മികച്ച രീതിയില്‍ ചെയ്തുകൊടുക്കണം എന്ന് താല്‍പര്യം.
അല്ലാഹുവും മാതാപിതാക്കളും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കടപ്പാടുള്ളവര്‍:
- അടുത്ത ബന്ധുക്കള്‍: കുടുംബക്കാരോട് നന്മ പുലര്‍ത്തുകയെന്നത് കേവലമൊരു കടമ നിര്‍വഹണം മാത്രമല്ല, കുടുംബ ബന്ധം പാലിക്കല്‍ കൂടിയാണ്. സഹോദര സഹോദരിമാര്‍, മാതാപിതാക്കളുടെ സഹോദര സഹോദരിമാര്‍, അവരുടെ മക്കള്‍ ഇവരെല്ലാം ഇതിലുള്‍പെടും.
(2) അനാഥകള്‍: ഈ സൂറയിലും വിശുദ്ധ ഖുര്‍ആനില്‍ മറ്റു പലിയടത്തും, വിവിധ ഹദീസുകളിലും ഊന്നിപ്പറഞ്ഞ വിഷയമാണിത്.
(3) സാധുക്കള്‍: അത്യാവശ്യങ്ങള്‍ക്ക് ഗതിയില്ലാത്തവര്‍.
(4) അടുത്ത ബന്ധമുള്ള അയല്‍വാസികള്‍: അയല്‍പക്കത്തിനുപുറമെ, കുടുംബ ബന്ധവും അടുത്ത വീട്ടുകാരെന്ന ബന്ധവും കൂടിയുള്ളവര്‍.
(5) അകന്ന അയല്‍ക്കാര്‍: മേല്‍പറഞ്ഞ പ്രത്യേക ബന്ധമില്ലാത്തവരും, അടുത്ത വീട്ടുകാരല്ലാത്ത അയല്‍വാസികളും.
അയല്‍പക്കമര്യാദകള്‍ക്ക് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതില്‍ മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ല. അവരോടുള്ള കടപ്പാടുകളെക്കുറിച്ച് നിരവധി ഹദീസുകളുണ്ട്. തിരുനബി صلى الله عليه وسلم പറയുന്നു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍, അയല്‍ക്കാരന് നന്മ ചെയ്തു കൊള്ളട്ടെ’ (ബുഖാരി, മുസ്‍ലിം).
തന്‍റെ അതിക്രമങ്ങളില്‍ നിന്ന് അയല്‍വാസിക്ക് നിര്‍ഭയത്വമില്ലെങ്കില്‍, അയാള്‍ സ്വര്‍ഗത്തില്‍ കടക്കില്ലെന്നാണ് മറ്റൊരു ഹദീസ്. അത്തരമൊരാള്‍ വിശ്വാസിയാകില്ല, വിശ്വാസിയാകില്ല, വിശ്വാസിയാകില്ല എന്ന് 3 തവണ തിരുനബി صلى الله عليه وسلم ആവര്‍ത്തിച്ചുപറഞ്ഞതായും മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. (ബുഖാരി, മുസ്‍ലിം).
രാത്രി നിസ്കാരവും നോമ്പും പതിവാക്കുകയും, അതേ സമയം അയല്‍വാസികളെ നാവു കൊണ്ട് ദ്രോഹിക്കുകയും ചെയ്തിരുന്നൊരു സ്ത്രീയെക്കുറിച്ച് തിരുനബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടപ്പോള്‍, ഒരു നന്മയും അവളിലില്ല, അവള്‍ നരകത്തിലാണെന്നാണ് മറുപടി പറഞ്ഞത്.
عن عبد اللّه بن عمر ر قال صلى الله عليه وسلم: " ما زالَ يُوصِينِي جِبْرِيلُ بالجارِ، حتَّى ظَنَنْتُ أنَّه سَيُوَرِّثُهُ " (بخاري، مسلم)
(സ്വത്തവകാശം പോലും നല്‍കേണ്ടിവരുമോ എന്ന് തോന്നിപ്പോകുംവിധം അയല്‍ക്കാരന്‍റെ കാര്യത്തില്‍ ജിബ്‌രീല്‍عليه السلام) ) എന്നോട് വസ്വിയ്യത്ത് ചെയ്തു കൊണ്ടിരുന്നു).
ആരുടെ മുതലും മോഷ്ടിക്കാന്‍ പാടില്ല, ഏത് അന്യപെണ്ണിനെയും നോക്കാനും പാടില്ല. അത് അയല്‍വാസിയുടെ മുതലോ, അവന്‍റെ ഭാര്യയോ ആണെങ്കില്‍ പിന്നെ പറയേണ്ടതുമില്ല; കുറ്റത്തിന്‍റെ ഗൌരവം പല മടങ്ങ് കൂടും.
കടപ്പാടുകളെക്കുറിച്ചൊക്കെ വിശദമായ പ്രതിപാദനം ഹദീസുകളിലും ഇസ്‍ലാമിക ഗ്രന്ഥങ്ങളിലുമുണ്ട്. ഭക്ഷണമുണ്ടാക്കുമ്പോഴടക്കം എല്ലാ കാര്യങ്ങളിലും അവരെ പരിഗണിക്കണം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന ഹദീസ് സുപരിചിതമാണല്ലോ. കറി തയ്യാറാക്കുമ്പോള്‍, വെള്ളമെങ്കിലും അല്‍പം കൂട്ടിവെച്ച് അയല്‍വാസികളെകൂടി പരിഗണിക്കമെന്ന് ഹദീസിലുള്ളതും ശ്രദ്ധേയമാണ്.
രണ്ടു വീട്ടുകാര്‍ ഒരുപോലെ അയല്‍ക്കാരായുണ്ടെങ്കില്‍, ആരുടെ വാതിലാണോ കൂടുതല്‍ അടുത്തത്, അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഹദീസിലുണ്ട്.روى الإمام أحمد عن عائشة: أنها سألت رسول اللّه صلى الله عليه وسلم فقالت: إن لي جارين فإلى أيهما أهدي؟ قال: (إلى أقربهما منك بابا) رواه البخاري
(6) അടുത്തുള്ള കൂട്ടുകാരന്‍: സഹപാഠികള്‍, സഹയാത്രികര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ കൂട്ടുകാരും ഇതില്‍ പെടും.
(7) വഴിയാത്രക്കാരന്‍: നാടുവിട്ട് ആശ്രയമില്ലാതെയായ യാത്രക്കാര്‍, അതിഥികളായി വന്നവര്‍, സദുദ്ദേശത്തോടുകൂടിയ ദേശസഞ്ചാരികള്‍ പോലെയുള്ളവര്‍.
(8) വലതുകൈ ഉടമപ്പെടുത്തിയവര്‍: അടിമകള്‍ എന്നുദ്ദേശ്യം. തന്‍റെ കീഴിലുള്ളവരും മറ്റു ജീവികളുമടക്കം എല്ലാം ഈ വിഭാഗത്തില്‍ പെടും.
തിരുനബി (صلى الله عليه وسلم) അടിമകളെക്കുറിച്ച് പറയുന്നു: ‘അവര്‍ നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ വേലക്കാരുമാണ്. അല്ലാഹു അവരെ നിങ്ങളുടെ അധികാരത്തിന്‍കീഴിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് അവരെ കഴിപ്പിക്കുകയും, ഉടുക്കുന്നതില്‍നിന്ന് ഉടുപ്പിക്കുകയും ചെയ്യട്ടെ (ബുഖാരി, മുസ്‍ലിം).
കീഴില്‍ പണിയെടുക്കുന്നവരുകൂടെ കൂടെ ഭക്ഷണം കഴിക്കണം, കുറച്ചേ ഉള്ളുവെങ്കില്‍, ഒന്നോ രണ്ടോ പിടിയെങ്കിലും അവരുടെ കൈയില്‍ വെച്ചുകൊടുക്കണം.
തിരുനബി صلى الله عليه وسلمപറയുന്നത് നോക്കൂ: ‘വേലക്കാരന്‍ ഭക്ഷണവുമായി നിങ്ങളുടെയടുത്ത് വന്നാല്‍, അവനെ ഒന്നിച്ചിരുത്തുന്നില്ലെങ്കില്‍, അതില്‍ നിന്ന് ഒന്നോ രണ്ടോ പിടി അവന് നല്‍കണം. അവനാണല്ലോ അതിന്‍റെ ചൂടും അദ്ധ്വാനവും (പാകം ചെയ്യാനുള്ള ബുദ്ധിമുട്ട്) അനുഭവിച്ചവന്‍.’ (ബുഖാരി, മുസ്‍ലിം).
അടുത്ത ആയത്ത് 37
മുകളില്‍ പറഞ്ഞ വിഭാഗക്കാര്‍ക്കെല്ലാം, അനുയോജ്യമായ രീതിയില്‍ നന്മ ചെയ്യണം. നല്ല നിലക്ക് അവരോട് വര്‍ത്തിക്കണം. ഇങ്ങനെ ചെയ്യാതെ, നല്ല നിലക്ക് പെരുമാറാതെ പിറകോട്ടടിക്കുന്നവരെക്കുറിച്ചാണിനി പറയുന്നത്. പൊങ്ങച്ചവും അഹങ്കാരവും പിശുക്കും കൊണ്ടുനടക്കുന്നവരാണവര്‍! ഔദാര്യമനസ്ഥിതിയും താഴ്മയും ദയാവായ്പുമൊന്നും ഇല്ലാത്തവര്‍.
ഈ സ്വഭാവം മറ്റൊരു മോശം സ്വഭാവത്തിലേക്കുകൂടി അവരെ നയിക്കും. അതായത്, പരോപകരം ചെയ്യാന്‍ തയ്യാറുള്ള മറ്റുള്ള ആളുകളെക്കൂടി ഇവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തും.
അല്ലാഹു നല്‍കിയ സമ്പത്ത് പോലെയുള്ള അനുഗ്രഹങ്ങള്‍, പുറത്തുകാണിക്കാതെ മറച്ചുവെക്കാനും ഇത്തരക്കാര്‍ ശ്രമിക്കും. ഇത് നന്ദികേടും അല്ലാഹുവിന്‍റെ അനുഗ്രഹം അവഗണിക്കലുമാണ്. അതുകൊണ്ടുതന്നെ അവര്‍ ശിക്ഷക്ക് വിധേയരാവുകയും ചെയ്യും.
ചില യഹൂദികളുടെ കാര്യത്തിലാണീ ആയത്ത് അവതരിച്ചത്. വിശുദ്ധ ഇസ്‍ലാമിനുവേണ്ടി കൈയയച്ച് സഹായിച്ചിരുന്ന അന്‍സ്വാരികളിലെ ചിലരുടെയടുത്ത് ചെന്ന്, സമ്പത്തൊന്നും നിങ്ങളിങ്ങനെ ചെലവാക്കരുതെന്നും, ദാരിദ്യം വരുമെന്നുമെല്ലാം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَيَكْتُمُونَ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ ۗ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا (37)
പിശുക്കുകാട്ടുകയും അതിനായി മനുഷ്യരെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു തന്ന അനുഗ്രഹം മറച്ചുവെക്കുകയും ചെയ്യുന്നവരാണവര്‍. ആ നിഷേധികള്‍ക്ക് ഹീന ശിക്ഷയാണ് നാം സജ്ജീകരിച്ചിരിക്കുന്നത്.
وَيَكْتُمُونَ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ
കൊടുക്കുന്നേടത്ത് മാത്രല്ല, സ്വന്തം ഉടുക്കുന്നിടത്തും തിന്നുന്നിടത്തുമെല്ലാം ഈ പിശുക്ക് വരാതെ നമ്മള്‍ ശ്രദ്ധിക്കണം. റബ്ബ് ചെയ്തുതന്ന നിഅ്മത്തുകള്‍ നമ്മളില്‍ പ്രകടമാകാതിരിക്കരുത്. അങ്ങനെ കാണുന്നതും ഉള്ളതിനുസരിച്ച് ഡീസന്‍റായി ജീവിക്കുന്നതുമെല്ലാം അല്ലാഹുവിന് വലിയ ഇഷ്ടമാണെന്ന് ഹദീസിലുണ്ട് (തുര്‍മുദി).
നമുക്കും അങ്ങനെത്തന്നയല്ലേ, നമ്മള്‍ മക്കള്‍ക്ക് വാങ്ങിച്ചുകൊടുത്ത ഡ്രസ്, അവരിട്ടുകാണുമ്പോള്‍ നല്ല സന്തോഷം തോന്നാറില്ലേ.
എല്ലാ അര്‍ത്ഥത്തിലും പിശുക്ക് ഒഴിവാക്കണമെന്ന് ചുരുക്കം.
അറിവ് മറച്ചുവെക്കുന്നതും പിശുക്കാണ്. അറിയുന്നത് മറ്റുള്ളവര്‍ക്കുകൂടി പഠിപ്പിച്ചുകൊടുക്കണം.
ഏതെങ്കിലും രൂപത്തില്‍ ഒരാളെ സഹായിക്കാന്‍ കഴിയും, പക്ഷേ, ചെയ്യാന്‍ തയ്യാറില്ല. അതും പിശുക്കാണ്. ക്ഷമിക്കാന്‍ കഴിയും, പക്ഷേ, അതിന് തയ്യാറല്ലെങ്കില്‍ അതും പിശുക്കിന്‍റെ ഗണത്തിലാണ് വരിക.
പിശുക്ക്, അഹങ്കാരം, ദുരഭിമാനം, നന്ദികേട് തുടങ്ങിയ മോശം സ്വഭാവങ്ങളെക്കുറിച്ച് നിരവധി ഖുര്‍ആന്‍ വാക്യങ്ങളും ഹദീസുകളും കാണാവുന്നതാണ്. അത്തരം മാനസിക രോഗങ്ങളില്‍ നിന്നെല്ലാം അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment