അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 3-5) ഭക്ഷിക്കാന്‍ പാടുള്ളതും പാടില്ലാത്തതും

കഴിഞ്ഞ പേജില്‍ പഠിച്ച 2-ആം ആയത്തില്‍, കാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതിനുശേഷം, വഴിയെ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ ( إِلَّا مَا يُتْلَىٰ عَلَيْكُمْ ) എന്ന് പറഞ്ഞിരുന്നുവല്ലോ. അതാണ് ഇനി മൂന്നാം ആയത്തില്‍ പറയുന്നത്. അതായത് ഭക്ഷിക്കാന്‍ പാടില്ലാത്ത വസ്‌തുക്കള്‍.

ശവംഇസ്‌ലാമികമായ അറവ്‌ കൂടാതെ ജീവന്‍ പോയത്‌ എന്നാണ്‌ വിവക്ഷ. രക്തം: അതായത് ഒലിക്കുന്ന രക്തം. അധ്യായം 6:145 ല്‍ അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

പന്നി: അതെങ്ങനെയാലും - ചത്താലും അറുത്താലും - നിഷിദ്ധം തന്നെ. പന്നിമാംസത്തിന്‍റെ ദൂഷ്യങ്ങള്‍ ഇന്ന് ശാസ്‌ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടതാണല്ലോ. വേവിച്ചാല്‍ പോലും നഷ്ടപ്പെടാത്ത രോഗാണുക്കള്‍ പന്നിമാംസത്തിലുണ്ട്‌.

അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെട്ടത്‌: അതായത് അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ചുകൊണ്ട്‌ അറുത്ത വസ്‌തുക്കള്‍. മുശ്‌രിക്കുകള്‍ ബിംബങ്ങളുടെ പേരു ചൊല്ലി മൃഗങ്ങളെ അറുക്കാറുണ്ടായിരുന്നു; അതാണിവിടെ ഉദ്ദേശ്യം. (ലാത്തിന്‍റെയും ഉസ്സായുടെയും പേരില്‍ എന്നു പറഞ്ഞിരുന്നു - ബൈളാവി).

മഹാന്മാരുടെയോ മരിച്ച ബന്ധുക്കളുടെയോ മറ്റോ പരലോക ഗുണമുദ്ദേശിച്ച് അവര്‍ക്കായി അറുക്കപ്പെടുന്ന മൃഗങ്ങളാണിവിടെ ഉദ്ദേശ്യമെന്നും അതുകൊണ്ട് അവ ഭക്ഷ്യയോഗ്യമല്ലെന്നുമുള്ള ചിലരുടെ വാദം ശരിയല്ല. ഖദീജ ബീവി(رضي الله عنها) വഫാത്തായ ശേഷം തിരുനബി (صلى الله عليه وسلم) അവര്‍ക്കായി ആടിനെ അറുക്കുകയും മാംസം അവരുടെ സ്‌നേഹിതകള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തതായി ഹദീസിലുണ്ട്. (ബുഖാരി, മുസ്‌ലിം رحمهما الله ).

ഈ പറഞ്ഞ നാലെണ്ണത്തെക്കുറിച്ചും  വിശദ വിവരങ്ങള്‍ സൂറത്തുല്‍ ബഖറ 173 ആം ആയത്ത് പഠിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്.

അവിടെ പറയാത്ത ചിലതു കൂടി ഇവിടെ പറയുന്നുണ്ട്. അതായത് വിവിധ രൂപങ്ങളിലൂടെ ജീവന്‍ പോയത് - ചത്തത്:

(1) الْمُنْخَنِقَةُ (ശ്വാസം മുട്ടി ചത്തത്). സ്വയം കുടുങ്ങിയതായാലും അല്ലെങ്കിലും.

(2) الْمَوْقُوذَةُ (തല്ലിക്കൊന്നത്). വടി മുതലായ മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ കൊണ്ട് അടിയേറ്റു ചത്തത്.

(3) الْمُتَرَدِّيَةُ (വീണു ചത്തത്). ഉയരത്തുനിന്നു കീഴ്‌പ്പോട്ട് വീണോ കിണര്‍ പോലെയുള്ള കുണ്ടുകളില്‍ വീണോ ചത്തവ.

(4) النَّطِيحَةُ (കുത്തേറ്റു ചത്തത്). മറ്റൊരു മൃഗം കുത്തിയതു കൊണ്ടോ, അല്ലെങ്കില്‍ പരസ്പരം കുത്തിയോ ചത്തത്.

(5) مَا أَكَلَ السَّبُعُ (വന്യമൃഗം തിന്നത്). നരി, ചെന്നായ മുതലായ ഹിംസ്ര ജീവികളുടെ ആക്രമണം കൊണ്ട് ജീവന്‍ പോയത്.

ഈ 5 ഐറ്റം പ്രത്യേകം എടുത്തുപറയാന്‍ കാരണം പലര്‍ക്കുമുള്ള ഒരു തെറ്റുധാരണ തിരുത്താന്‍ കൂടിയാണ്. സാധാരണ, രോഗം പിടിച്ചോ വാര്‍ധക്യം ബാധിച്ചോ മറ്റോ ഒക്കെ അല്ലേ മൃഗങ്ങള്‍ ചാവുന്നത്‌. അത്തരം മൃഗങ്ങള്‍ മാത്രമേ നിഷിദ്ധമാവൂ. അപകടത്തില്‍ പെട്ടോ മര്‍മത്ത്‌ അടിയേറ്റോ മറ്റു തരത്തിലോ പെട്ടെന്ന് ചത്തുപോകുന്നവയുടെ മാംസത്തിനു കാര്യമായ കുഴപ്പങ്ങളുണ്ടാകാന്‍ ന്യായമില്ലല്ലോ എന്ന ധാരണ. ആ ധാരണ ശരിയല്ല.

അതേസമയം, ഇങ്ങനെ ശ്വാസം മുട്ടുന്ന, കുത്തുകൊണ്ട, വീണുപോയ മൃഗങ്ങള്‍ ചാവുന്നതിനു മുമ്പ്‌-ശരിയായ ജീവനുള്ളപ്പോള്‍ കണ്ടുകിട്ടി- അറുത്താല്‍ അത് തിന്നാവുന്നതാണ്. പക്ഷേ, അറുക്കുമ്പോള്‍ ശരിക്ക് ജീവനുണ്ടായിരിക്കണം. അതെങ്ങനെയാണ് മനസ്സിലാവുക- അറുത്തശേഷം കൈകാലുകള്‍ കുടയുക, പിടക്കുക മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ അറവു മൂലമാണ് ജീവന്‍ പോയതെന്നു മനസ്സിലാക്കാം. ഇല്ലാത്തപക്ഷം അതു ശവത്തില്‍ പെടുന്നതാണ്.

وَمَا ذُبِحَ عَلَى النُّصُبِ

(6) ബിംബങ്ങള്‍ക്കുവേണ്ടി അറുക്കപ്പെട്ടത്: ജാഹിലിയ്യാ കാലത്ത് കഅ്ബയുടെ ചുറ്റും കുറേ കല്ലുകളുണ്ടായിരുന്നുവത്രെ. വിഗ്രഹങ്ങള്‍ക്ക് വഴിപാടായി അറുക്കപ്പെടുന്ന ബലിമൃഗങ്ങള്‍ ആ കല്ലുകളിന്മേല്‍ വെച്ചാണത്രെ അറുക്കപ്പെട്ടിരുന്നത്.

ഇങ്ങനെ 10 ഭക്ഷ്യ വസ്തുക്കളാണ് നിഷിദ്ധം (ആദ്യം പറഞ്ഞ 4 ഉം ഇപ്പറഞ്ഞ 6 ഉം) എന്ന് പറഞ്ഞ ശേഷം, അറബികള്‍ക്കിടയില്‍ പതിവുണ്ടായിരുന്ന മറ്റൊരു ദുരാചാരം നിഷിദ്ധമാക്കുകയാണ് - അമ്പുകള്‍ കൊണ്ട് ഭാഗ്യം നോക്കുന്ന രീതി.

ഒരു പ്രധാന കാര്യം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അമ്പുകള്‍ കൊണ്ട് ഒരു പ്രത്യേക രീതിയില്‍ ഭാഗ്യപരീക്ഷണം നടത്താറുണ്ടായിരുന്നു മുശ്‌രിക്കുകള്‍. ഒരു കാര്യത്തിനൊരുങ്ങിയാല്‍ തൂവലും മുനയുമില്ലാത്ത (മുന്‍ഭാഗത്ത് മുനയും, പിന്‍ഭാഗത്ത് തൂവലും ഇല്ലാത്ത) അമ്പു പോലെയുള്ള മൂന്നു കൊള്ളികള്‍ എടുക്കും. ഒന്നില്‍ `എന്‍റെ റബ്ബ്‌ എന്നോട്‌ കല്‍പിച്ചു' എന്നും മറ്റൊന്നില്‍ `എന്‍റെ റബ്ബ്‌ എന്നോട്‌ വിരോധിച്ചു' എന്നും എഴുതിയിരിക്കും. മൂന്നാമത്തേതില്‍ ഒരു എഴുത്തുമുണ്ടാകില്ല. ഈ മൂന്നും ഒരു പാത്രത്തിലിട്ടു കുലുക്കി ഒന്നെടുക്കും. ആദ്യത്തേതു കിട്ടിയാല്‍ ഉദ്ദേശിച്ച കാര്യത്തിന് ശ്രമിക്കും. രണ്ടാമത്തേത് കിട്ടിയാല്‍ പിന്മാറും. മൂന്നാമത്തേതു കിട്ടിയാല്‍ വീണ്ടും നറുക്കിടും. ഇതായിരുന്നു പതിവ്‌. ഇതു ദുര്‍മാര്‍ഗമാണ്.

മുഅ്മിനീങ്ങള്‍ക്ക് വളരെ സന്തോഷം നല്കുന്ന രണ്ടു കാര്യങ്ങളാണ് പിന്നീട് പറയുന്നത്:

(1)    അവിശ്വാസികള്‍ ഇന്ന് നിങ്ങളുടെ മതത്തെ സംബന്ധിച്ച് നിരാശയിലാണ്. അവരുടെ ശൗര്യവും വീര്യവുമെല്ലാം നശിച്ച് പരാജയബോധം വന്നുകഴിഞ്ഞിരിക്കുന്നു. ഇനി, നിങ്ങള്‍ അവരെ പേടിക്കേണ്ട, എന്നെ മാത്രം പേടിച്ചുകൊള്ളുക.

മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ഇവര്‍ കുറേ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്നു. കുറെയങ്ങ് കഴിയുമ്പോള്‍ അവര്‍തന്നെ ദീനൊഴിവാക്കും, അല്ലെങ്കില്‍  കുറേയൊക്കെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും എന്നൊക്കെ. അതെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നു.

നിങ്ങളൊരിക്കലും ഇസ്‌ലാം കൈയൊഴിയുകയോ അവരുടെ മതത്തിലേക്കു മടങ്ങുകയോ ചെയ്യുകയില്ലെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായിരിക്കുന്നു. യുദ്ധം ചെയ്‌ത് നിങ്ങളെ തോല്‍പിക്കാമെന്ന അവരുടെ ആഗ്രഹവും അസ്‌തമിച്ചിരിക്കുന്നു.

അതുകൊണ്ട്, ഇനി നിങ്ങളവരെ പേടിക്കേണ്ട. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള പേടി കൈവിടരുത്. അതായത്, അവന്‍ നിങ്ങളെ സഹായിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും എന്നര്‍ത്ഥം.

(2)   നിങ്ങള്‍ക്കിന്ന് ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നുഎന്‍റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.

ദീന്‍ പൂര്‍ത്തിയാക്കി എന്നുപറഞ്ഞാല്‍, ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെയാണോ അതെല്ലാം അറിയിച്ചുതന്നു കഴിഞ്ഞു എന്നാണ്. ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത് ഇസ്‌ലാമിന്‍റെ പൂര്‍ണരൂപമാണ്‌. അതുകൊണ്ട് മേലില്‍ യാതൊരു മാറ്റവുമതില്‍ വരുത്തരുത്‌.

കാലദേശ വ്യത്യാസം കൂടാതെ മനുഷ്യ നന്മക്കാവശ്യമായ സര്‍വനിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കിക്കഴിഞ്ഞിരിക്കുന്നു. അതിലിനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ല. ഒരു റസൂലോ വേദഗ്രന്ഥമോ വരേണ്ട ആവശ്യവും ഇനിയില്ല.

ഭക്ഷിക്കാന്‍ പാടില്ലാത്തതെന്തൊക്കെയാണ് പറഞ്ഞതിനുശേഷമാണല്ലോ ഈ രണ്ടു കാര്യങ്ങളും അല്ലാഹു പറഞ്ഞത്. അപ്പോള്‍, അതിനു മുമ്പവതരിച്ച നിയമങ്ങള്‍ പൊതുവെയും, ഈ നിയമം പ്രത്യേകിച്ചും ഇനി ഒരു മാറ്റം വരാത്തതാണെന്ന് മനസ്സിലായി.  പക്ഷേ, ഈ നിഷിദ്ധമാണെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും കിട്ടാതെ പട്ടിണി കിടന്ന് കഷ്ടപ്പെടേണ്ടി വന്നാല്‍ എന്തു ചെയ്യും? അതിനുള്ള മറുപടി കൂടി നല്‍കിയാണ് ആയത്ത് അവസാനിക്കുന്നത്.

അത്തരം നിര്‍ബന്ധിതാവസ്ഥകളില്‍ ഇളവുണ്ട്. വിശന്നു വലഞ്ഞ് ഗുരുതരമായ അവസ്ഥയാണെങ്കില്‍ മേല്‍പറഞ്ഞ നിഷിദ്ധഭോജ്യങ്ങള്‍ ഉപയോഗിക്കാം. പക്ഷെ, ഉപാധികളുണ്ട്‌: ഒന്ന്‌, സന്ദര്‍ഭത്തിന്‍റെ നിര്‍ബന്ധിത സ്വഭാവം തന്നെ; അത് കഴിച്ചില്ല എങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും. രണ്ട്‌, അതിനോട് യാതൊരഭിനിവേശവും താല്‍പര്യവും ഉണ്ടാകരുത്‌. മൂന്ന്‌, ഗുരുതരാവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആവശ്യമായ അളവേ ഉപയോഗിക്കാവൂ.

 

അനിവാര്യ ഘട്ടത്തില്‍ ചെയ്തുപോകുന്ന ആ തെറ്റ് പൊറുത്തുകൊടുക്കുന്നവനാണ് അല്ലാഹു എന്നു പറഞ്ഞ് മതിയാക്കാതെ, അവന്‍ കരുണാനിധിയാണ് എന്നുകൂടി പറയുന്നുണ്ട്. അവന്‍റെ കാരുണ്യാധിക്യംകൊണ്ടാണ് ഇത്തരം ഇളവുകള്‍ നല്‍കുന്നതെന്നും ആരെയും കഷ്ടപ്പെടുത്താനവന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സൂചന.

 

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَحِيمٌ (3)

ശവംരക്തംപന്നിയിറച്ചിഅല്ലാഹു അല്ലാത്തതിന്‍റെ പേരുചൊല്ലിയറുക്കപ്പെട്ടത്ശ്വാസം മുട്ടി ചത്തത്തല്ലിക്കൊന്നത്വീണോ കുത്തേറ്റോ ചത്തത്വന്യമൃഗം തിന്നത് എന്നിവ -ജീവന്‍ പോകും മുമ്പ് അറുത്തതൊഴികെ- നിങ്ങള്‍ക്കു നിഷിദ്ധമാണ്. ബിംബങ്ങള്‍ക്കുവേണ്ടി അറുക്കപ്പെട്ടതും അമ്പുകള്‍ കൊണ്ട് ഭാഗ്യം നോക്കലും നിഷിദ്ധമാണ്. ഇവയത്രയും ദുര്‍മാര്‍ഗമാകുന്നു. നിങ്ങളുടെ മതത്തെക്കുറിച്ച് നിഷേധികള്‍ ഇന്നു നിരാശയിലായിക്കഴിഞ്ഞിരിക്കുന്നുഅതുകൊണ്ട് അവരെപ്പേടിക്കേണ്ടഎന്നെ ഭയപ്പെടുക. നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഇനി കുറ്റവാളിയായല്ലാതെ കഠിന വിശപ്പുമൂലം നിഷിദ്ധഭോജ്യം കഴിക്കാനൊരാള്‍ നിര്‍ബന്ധിതനാകുന്നുവെങ്കില്‍ അതാകാംകാരണം അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.

وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ

മുഅ്മിനായ മനുഷ്യന്‍ പ്രധാനപ്പെട്ടൊരു കാര്യം ചെയ്യാനുദ്ദേശിക്കുമ്പോള്‍ `ഇസ്‌തിഖാറത്ത്‌' നടത്തുകയാണ് വേണ്ടത്. സര്‍വജ്ഞനായ അല്ലാഹുവിനോട് നന്മയെത്തേടുകയാണല്ലോ അതുവഴി ചെയ്യുന്നത്.

ആ കാര്യം ചെയ്യുന്നത് ഗുണകരമാണോ അല്ലേ എന്ന് നമുക്കറിയില്ല. അപ്പോള്‍, ഏതാണ് ഗുണകരമെന്ന് തോന്നിപ്പിച്ചുതരാനും അതില്‍ സഹായം നല്‍കാനും വേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. അതാണ് ഇസ്തിഖാറത്ത് നിസ്കരിക്കുന്നതിലൂടെ ചെയ്യുന്നത്. രണ്ടു റക്അത്തു സുന്നത്ത് നമസ്‌കരിക്കുക; ശേഷം  ഉദ്ദേശിക്കുന്ന കാര്യം യഥാര്‍ത്ഥത്തില്‍ നല്ലതാണെങ്കില്‍ അടുപ്പിക്കാനും അതിനുവേണ്ട സഹായം നല്‍കാനും, അല്ലെങ്കില്‍ അതില്‍നിന്നൊഴിവാക്കിത്തരാനും അല്ലാഹുവിനോടു മനസ്സറിഞ്ഞ് തേടുക.

وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ

ഇവിടെ 'അമ്പുകള്‍കൊണ്ട്‌ നിങ്ങള്‍ (മാംസം) പങ്കിട്ടെടുക്കുന്നതും'എന്നും അര്‍ത്ഥമുണ്ട്. അറബികളുടെ ഈ സമ്പ്രദായം അധ്യായം 2:219 ല്‍ വിശദീകരിച്ചിട്ടുണ്ട്:

ഒരൊട്ടകത്തിന് വില നിശ്ചയിക്കും. എന്നിട്ട് അത് അറുത്ത് 28 ഓഹരിയാക്കും. പത്ത് അമ്പുകളെടുത്ത് അതില്‍ ഏഴെണ്ണത്തിന്മേല്‍ ഒന്നുമുതല്‍ ഏഴു വരെ അക്കങ്ങള്‍ ഇടും. മൂന്നെണ്ണം നമ്പറില്ലാത്തതായിരിക്കും.

ഒരു മധ്യസ്ഥന്‍ അമ്പുകളെല്ലാമൊരു കുറ്റിയിലിട്ട് കശക്കി കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിക്കും. അവര്‍ ഓരോ അമ്പെടുക്കും. ഓരോരുത്തരുടെയും പേരില്‍ വന്ന അമ്പുകളുടെ നമ്പര്‍ അനുസരിച്ച് അവര്‍ക്ക് ഇറച്ചി കിട്ടും. അവരത് സാധുക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. നമ്പറില്ലാത്ത നറുക്ക് ലഭിച്ചവര്‍ക്ക് ഇറച്ചി കിട്ടില്ലെന്ന് മാത്രമല്ല, ഒട്ടകത്തിന്‍റെ മുഴുവന്‍ വിലയും അവര്‍ കൊടുക്കുകയും ചെയ്യണം. ഇങ്ങനെയായിരുന്നു ഈ ചൂതാട്ടം.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഹിജ്റ 9-ആം കൊല്ലം ഹജ്ജത്തുല്‍ വിദാഇല്‍ അറഫാത്തില്‍ വെച്ചാണിതവരിച്ചത്.  തിരുനബി (صلى الله عليه وسلم) അപ്പോള്‍ ഒട്ടകപ്പുറത്തായിരുന്നു. ഈ സൂക്തത്തിന്‍റെ ശ്രേഷ്‌ഠതയും ഗാംഭീര്യവും അര്‍ഥസമ്പുഷ്ടിയുമൊക്കെ കാരണമായി ആ ഒട്ടകം മുട്ടുകുത്തി വീണുപോയി (ബസ്വാഇര്‍ 1:178).

ജാഹിലിയ്യത്തിന്‍റെയും ശിര്‍ക്കിന്‍റെയും യുഗമവസാനിപ്പിച്ച് ഇസ്‌ലാം പൂര്‍ത്തീകരിച്ചു; മക്കയും അറേബ്യയും ഇസ്‌ലാമിന്‍റെ കൊടിക്കൂറക്കു കീഴിലായി; മതനിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള എല്ലാ തടസ്സങ്ങളും എതിര്‍പ്പുകളും അവസാനിച്ചു; ജനങ്ങള്‍ കൂട്ടം കൂട്ടമായി പുണ്യമതത്തിലണിനിരന്നു; മറ്റു മതങ്ങളുടെയൊക്കെ സാധുതയും സ്വീകാര്യതയും അവസാനിപ്പിച്ച് ഇസ്‌ലാം മാത്രം സ്വീകരിക്കപ്പെട്ട മതമാക്കി-ഇവയത്രയും അതിമഹത്തായ അനുഗ്രഹങ്ങളാണ്.

മനുഷ്യവര്‍ഗത്തിന്‍റെ ആരംഭം മുതല്‍ പ്രവാചകന്മാര്‍ മുഖേന മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. മനുഷ്യ പുരോഗതിക്കനുസരിച്ച്, പല നിയമങ്ങളിലും ആവശ്യമായ ഭേദഗതികള്‍ അല്ലാഹു വരുത്തിക്കൊണ്ടിരുന്നു. അത്തരം പരിഷ്‌കരണ ഭേദഗതികളെല്ലാം അവസാനിപ്പിച്ചുകൊണ്ട്‌ ഇന്നത്‌ സമ്പൂര്‍ണമാക്കിയിരിക്കുന്നു എന്ന വിളംബരമാണിത്.

ഇനിയൊരു മാറ്റത്തിരുത്തലുകളും പാടില്ലെന്നര്‍ത്ഥം. ശരീഅത്ത്‌ പരിഷ്‌കരണ വാദികളും മതനവീകരണ ചിന്താഗതിക്കാരും ചിന്തിക്കുക.

ഓരോ മുസ്‌ലിമിനെ സംബന്ധിച്ചും ഏറെ അഭിമാനാര്‍ഹമായ ഒരു ഖുര്‍ആന്‍ സൂക്തമാണിത്. ഹ. ഉമറുബ്‌നുല്‍ ഖത്താബി(رضي الله عنه) നോട് ഒരിക്കല്‍ ജൂതന്മാന്‍ പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഞങ്ങള്‍ ജൂതസമുദായത്തിനാണ് അവതരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ അതൊരു ആഘോഷദിനമാക്കിയിരുന്നേനേ! ഉമര്‍ رضي الله عنه : ഏതാണാ സൂക്തം? അവര്‍: الْيَوْمَ أَكْمَلْتُ لَكُمْ... ഉമര്‍ رضي الله عنه  മറുപടി നല്‍കി: എന്തു പശ്ചാത്തലത്തില്‍, എവിടെയാണ് അതിറങ്ങിയത്, തത്സമയം നബി (صلى الله عليه وسلم) എവിടെയായിരുന്നു എന്നൊക്കെ എനിക്കു നന്നായറിയാം. അറഫ ദിനത്തില്‍ ഞങ്ങള്‍ അറഫാത്ത് മൈതാനിയിലായിരിക്കെ വെള്ളിയാഴ്ചയാണ് അതവതരിച്ചത് (ബുഖാരി). അറഫദിനവും വെള്ളിയാഴ്ചയുമായതുകൊണ്ട് ഇരട്ട ആഘോഷമാണെന്നര്‍ത്ഥം.

അറഫാ ദിനവും വെള്ളിയാഴ്ച ദിവസവും മുസ്‌ലിംകള്‍ക്ക് മുമ്പേ ആഘോഷ ദിവസങ്ങളാണല്ലോ. ഹജ്ജത്തുല്‍ വിദാഅ് ലായിരുന്നല്ലോ  ഇതിന്‍റെ അവതരണം. അന്നത്തെ അറഫാദിനം വെള്ളിയാഴ്ചയായിരുന്നുതാനും.

ഈ വചനം അവതരിച്ചശേഷം ഏതാനും ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചിട്ടുണ്ടെങ്കിലും ഹറാമോ ഹലാലോ വിവരിക്കുന്ന നിയമപരമായ ആയത്തുകള്‍ അവതരിച്ചിട്ടില്ല. 

ഈ ആയത്തിന്‍റെ അവതരണ ശേഷം 81 ദിവസമേ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ), ജീവിച്ചിരുന്നിട്ടുള്ളൂവെന്ന് ഇബ്‌നു ജരീറും (رحمه الله) മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ

സൂറത്തുല്‍ ബഖറ 173 ലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. ഇവിടെ غَيْرَ مُتَجَانِفٍ لِّإِثْمٍ (കുറ്റത്തിലേക്കു ചായാതെ) എന്ന് പറഞ്ഞതിന്‍റെ സ്ഥാനത്ത്, അല്‍ബഖറയില്‍ غَيْرَ بَاغٍ وَلَا عَادٍ (നിയമലംഘനം ആഗ്രഹിക്കാതെ, അതിരുവിടാതെ) എന്നാണ്. ഉദ്ദേശ്യമെല്ലാം ഒന്നുതന്നെ.

3 കാര്യങ്ങളാണിവിടെ ഈയൊരൊറ്റ ആയത്തില്‍ പറഞ്ഞത് - ചില മാംസങ്ങള്‍ നിഷിദ്ധമാക്കിയത്, ഇസ്‌ലാം സമ്പൂര്‍ണമാക്കിയത്, ഗുരുതരാവസ്ഥയിലെ വിട്ടുവീഴ്‌ച. ഇങ്ങനെ പറയാന്‍ ചില കാരണങ്ങളുണ്ട്.

വിശുദ്ധ ഇസ്‌ലാം മനുഷ്യന്‍റെ ധാര്‍മികതയുടെ സൈഡ് മാത്രമല്ല പരിഗണിക്കുക. ചില ആരാധനാകര്‍മങ്ങളും ആചാരാനുഷ്ഠാനങ്ങളും മാത്രം ചെയ്യുന്നൊരു മതല്ല അത്. മറിച്ച്‌, മനുഷ്യജീവിതത്തിന്‍റെ സമതസ്‌ത മേഖലകളെയും വ്യവസ്ഥാപിതമാക്കാനുള്ള സമഗ്രമായ ജീവിത പദ്ധതിയാണത്‌. ആരാധനയായാലും ഭക്ഷണകാര്യങ്ങളായാലും ഉറക്ക സംബന്ധമായ കാര്യങ്ങളായാലും ഏതായാലും.

ഉദാഹരണമായി, പള്ളിയില്‍ പോകുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന അല്ലാഹു ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും പറഞ്ഞുതരുന്നു - അനിസ്‌ലാമികമായ വിഭവങ്ങള്‍ തീന്മേശയില്‍ ഉണ്ടാകരുത്... നിര്‍ബന്ധിത ഘട്ടങ്ങളില്‍ പ്രായോഗികമായ രീതികള്‍ വിവരിച്ചുതരുന്നു... ഇങ്ങനെ ഓരോ കാര്യങ്ങളും.

അടുത്ത ആയത്ത് 4

കഴിഞ്ഞ ആയത്തില്‍ തിന്നാന്‍ പാടില്ലാത്തത് എന്തൊക്കെയാണെന്ന് പറഞ്ഞു. അപ്പോള്‍പിന്നെ തിന്നാന്‍ പറ്റുന്നത് ഏതൊക്കെയാണ് എന്ന ചോദ്യം സ്വാഭാവികമായും വരാല്ലോ. അതിന്‍റെ മറുപടിയാണിനി പറയുന്നത്.

അനുവദനീയമായ വസ്തുക്കളുടെ പട്ടിക നിരത്തുകയല്ല ഇവിടെ. അത് ഓരോന്നും പറയാനൊരുങ്ങിയാല്‍ നീണ്ടുപോകുമല്ലോ. അതുകൊണ്ട്, അനുവദനീയമായത് ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പൊതുതത്വം പറയുകയാണ്. അതായത്, വിശിഷ്ടമായ നല്ല വസ്തുക്കളെല്ലാം അനുവദനിക്കപ്പെട്ടിരിക്കുന്നു (أُحِلَّ لَكُمُ الطَّيِّبَاتُ) എന്ന്.

തിന്നാന്‍ അനുവദിക്കപ്പെട്ടവയെപ്പറ്റി മൊത്തത്തില്‍ പറഞ്ഞശേഷം, വേട്ടജന്തുക്കള്‍ പിടിച്ചുകൊണ്ടുവരുന്ന ജീവികളെപ്പറ്റി പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. അവ ശവങ്ങളുടെ കൂട്ടത്തില്‍ പെടുമോ എന്നു സംശയം വരാല്ലോ.

പൗരാണിക മനുഷ്യന്‍റെ മുഖ്യ ജോലിയായിരുന്നു നായാട്ട്. വേട്ടയാടാനും, അതിനായി ചില മൃഗങ്ങളെയും പക്ഷികളെയും നായാട്ടു പരിശീലിപ്പിക്കാനുമുള്ള അറിവ് അല്ലാഹു മനുഷ്യര്‍ക്ക് നല്കിയിട്ടുണ്ട്. അങ്ങനെ നിയമാനുസൃതം പരിശീലിപ്പിച്ച വേട്ട മൃഗങ്ങള്‍ അവയുടെ സ്വന്തം ആവശ്യത്തിനുവേണ്ടിയല്ലാതെ, യജമാനന്മാരുടെ ആവശ്യാര്‍ത്ഥം – വല്ല ജീവികളെയും പിടിച്ചുകൊണ്ടുവന്നുകൊടുത്താല്‍, അവ ചത്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും തിന്നാവുന്നതാണ്.

`വാ' എന്നു പറഞ്ഞാല്‍ വരാനും `പോ' എന്നു പറഞ്ഞാല്‍ പോകാനും, വേട്ടയാടിപ്പിടിച്ച മൃഗത്തെ സ്വയം ഭക്ഷിക്കാതെ യജമാനനുവേണ്ടി പിടിച്ചുവെക്കാനുമെല്ലാം പരിശീലനം നേടിയ ആ വേട്ടമൃഗത്തെ, വേട്ടക്കുവേണ്ടി പറഞ്ഞയക്കുമ്പോള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കണം.

എന്നിട്ട്‌, പിടിച്ച മൃഗത്തില്‍ നിന്ന്‌ ഒട്ടും തിന്നാതെ യജമാനനുവേണ്ടി കൊണ്ടുവന്നുകൊടുത്താല്‍ അത് ജീവനോടുകൂടി കിട്ടിയാല്‍ അറുക്കണം. പരിശീലനം നേടിയ വേട്ടമൃഗത്തിന്‍റെ പിടിത്തം കൊണ്ടുതന്നെ അതു ചത്തുപോയെങ്കില്‍ അറുക്കാന്‍ പാടില്ല.

യജമാനന്‍റെ കല്‍പനപ്രകാരം പിടിച്ചതാണെന്നതിന് എന്താണ് തെളിവ്?

ആ ഉരുവില്‍നിന്ന്, അത് പിടിച്ചുകൊണ്ടുവന്ന വേട്ടജന്തു ഒട്ടും തിന്നാതിരിക്കുക എന്നതുന്നെ. ഹദീസുകളുടെ പിന്‍ബലത്തില്‍ അധികപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്.

അതേസമയം, ശരിയായ പരിശീലനം നേടാത്ത വേട്ടമൃഗങ്ങള്‍ പിടിച്ച സാധനങ്ങള്‍ ചത്താല്‍ അത് ഭക്ഷിക്കാന്‍ പാടില്ല.

വേട്ടമൃഗം പരിശീലനം നേടിയെന്ന് പറയണമെങ്കില്‍ ഇനി പറയുന്ന നിബന്ധനകള്‍ വേണം: വിട്ടയക്കുമ്പോള്‍ പോവുക, വല്ല ഉരുവിനെയും കിട്ടിയാല്‍ പിടിച്ചുവെക്കുകയും വിട്ടയക്കാതിരിക്കുകയും ചെയ്യുക, തിരിച്ചുവിളിച്ചാല്‍ മടങ്ങിവരിക, പലവട്ടം ഇത് പ്രവര്‍ത്തിച്ചു തെളിഞ്ഞാല്‍ അത് പരിശീലനം നേടിയതായി ഗണിക്കാവുന്നതാണ്‌ (റാസി).

നായ മാത്രമല്ല, ചെമ്പുലി, നരി തുടങ്ങിയ മൃഗങ്ങളെയും പ്രാപ്പിടിയന്‍, രാജകിളി, ചിലയിനം പരുന്ത്‌ മുതലായവയെയും പരിശീലനം നല്‍കി വേട്ടക്കുപയോഗിക്കാറുണ്ട്‌.  വേട്ടക്കുപയോഗിക്കാറുള്ള എല്ലാ ജന്തുക്കളും സൂക്തത്തില്‍ പറയുന്ന الْجَوَارِحِ എന്ന പദം ഉള്‍ക്കൊള്ളുന്നുണ്ടെന്ന്‌ ബഹുഭൂരിഭാഗം പണ്ഡിതരും പറഞ്ഞതായി ഇമാം റാസി(رحمه الله) ഉദ്ധരിക്കുന്നുണ്ട്‌ (തഫ്‌സീര്‍ കബീര്‍ 11:143).

يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ ۙ وَمَا عَلَّمْتُمْ مِنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ ۖ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ (4)

തങ്ങള്‍ക്ക് അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍ എന്തൊക്കെയാണെന്ന് താങ്കളോടവര്‍ ചോദിക്കുന്നു. ഇങ്ങനെ മറുപടി നല്‍കുക: ഉത്തമവസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദനീയമാണ്. അല്ലാഹു അഭ്യസിപ്പിച്ചതനുസരിച്ച്, നിങ്ങള്‍ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങള്‍ പിടിച്ചു തരുന്നതും തിന്നുകഅതിന്മേല്‍ ബിസ്മി ചൊല്ലുകയും വേണം. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. അതിവേഗം കണക്കുനോക്കുന്നവനാണവന്‍. 

أُحِلَّ لَكُمُ الطَّيِّبَاتُ

‘നല്ലത്, പരിശുദ്ധമായത്, വിശിഷ്ടമായത്, ഹൃദ്യമായത് എന്നൊക്കെ സന്ദര്‍ഭമനുസരിച്ച് അര്‍ത്ഥം നല്‍കാവുന്ന വാക്കാണ് طيّبات.

വിശിഷ്ടമായ കാര്യങ്ങള്‍ അനുവദനീയം, അല്ലാത്തവ നിഷിദ്ധം എന്നത്  ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഒരു പൊതുതത്വമാണ്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൌത്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അല്ലാഹു പറയുന്നു:

وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ (വിശിഷ്ടമായത് അവര്‍ക്ക് അനുവദനീയമാക്കിക്കൊടുക്കുകയും, മോശമായത് നിഷിദ്ധമാക്കുകയും ചെയ്യും- അഅ്‌റാഫ് 157) 

فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ

നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നത് എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി പിടിച്ചതാവരുത് – അവയെ വിട്ടയച്ച യജമാനനു വേണ്ടിയായിരിക്കണം പിടിച്ചത് – എന്നാണ്. പരിശീലനം നല്‍കുന്നതിന്‍റെ ഉദ്ദേശ്യവും അതാണല്ലോ.

وَاذْكُرُوا اسْمَ اللَّهِ عَلَيْهِ

വേട്ടമൃഗത്തെ ഉരുവിന്‍റെ നേരെ അയക്കുമ്പോള്‍ ബിസ്‌മി ചൊല്ലിയാണ് പറഞ്ഞയക്കേണ്ടത്.

അദിയ്യുബ്നു ഹാതിം (رَضِيَ اللهُ عَنْهُ) പറയുന്നു: ‘അല്ലാഹുവിന്‍റെ റസൂലേ, പഠിപ്പിക്കപ്പെട്ട (പരിശീലിപ്പിക്കപ്പെട്ട) നായകളെ ഞാന്‍ (ഉരുക്കളിലേക്കു) വിട്ടയക്കുന്നു. ഞാന്‍ അല്ലാഹുവിന്‍റെ നാമം പറയുകയും ചെയ്യുന്നു. (ഇതിന്‍റെ വിധിയെന്താണ്?)’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിന്‍റെ പഠിപ്പിക്കപ്പെട്ട നായയെ നീ വിട്ടയക്കുകയും അല്ലാഹുവിന്‍റെ നാമം പറയുക (ബിസ്മി ചൊല്ലുക)യും ചെയ്താല്‍, അതു നിനക്കു വേണ്ടി പിടിച്ചുകൊണ്ടു തന്നതില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക’.

ഞാന്‍ ചോദിച്ചു: ‘അവ (ഉരുവിനെ) കൊന്നുവെങ്കിലോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവ കൊന്നാലും. (വിരോധമില്ല. പക്ഷേ,) ആ നായകളില്‍ പെട്ടതല്ലാത്ത വേറെ വല്ല നായയും അതില്‍ പങ്കു ചേരാതിരുന്നെങ്കില്‍ (മാത്രം). കാരണം, നീ നിന്‍റെ നായയുടെ പേരില്‍ മാത്രമാണല്ലോ അല്ലാഹുവിന്‍റെ നാമം പറഞ്ഞിട്ടുള്ളത്. മറ്റൊന്നിന്‍റെ പേരില്‍ നീ നാമം പറഞ്ഞിട്ടില്ലല്ലോ’.

അപ്പോള്‍ മഹാനവര്‍കള്‍ ചോദിച്ചു: ‘ഞാന്‍ കത്തിയമ്പു (മിഅ്‌റാള്) കൊണ്ട് ഉരുവിനെ എയ്യുന്നു, അങ്ങനെ അതെനിക്ക് കിട്ടുന്നു (ഇതിന്‍റെ വിധിയോ?).

(മിഅ്‌റാള്-المعراض) എന്നാല്‍ - പിന്നില്‍ തൂവല്‍ ഘടിപ്പിക്കാത്ത, മധ്യഭാഗം കട്ടിയുള്ള ഒരുതരം അമ്പാണ്. മിക്കവാറും അതിന്‍റെ മൂര്‍ച്ചകൊണ്ടായിരിക്കില്ല ഉരുക്കള്‍ ചത്തുപോകുന്നത്. അതിന്‍റെ സമ്മര്‍ദ്ദവും ഘനവും കൊണ്ടായിരിക്കും.)

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ മിഅ്‌റാള്’ കൊണ്ട് എയ്തിട്ട് അതു (അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗം തട്ടി) കീറി മുറിപ്പെടുത്തിയാല്‍ നീ ഭക്ഷിച്ചുകൊള്ളുക. (അതല്ല-അതിന്‍റെ) ഘനം കൊണ്ട് ആപത്തു ബാധിച്ചാല്‍ അത് തല്ലിക്കൊല്ലപ്പെട്ടതായിരിക്കും. അത് നീ ഭക്ഷിക്കരുത്’. (ബുഖാരി, മുസ്‍ലിം).

മറ്റൊരു റിപ്പോര്‍ട്ടിങ്ങനെയാണ്: ‘നിന്‍റെ നായയെ അയക്കുമ്പോള്‍ നീ അല്ലാഹുവിന്‍റെ നാമം പറയുക. എന്നിട്ട് അതു നിനക്കായി പിടിച്ചു കൊണ്ടുവരുന്ന പക്ഷം, അതു (ആ ഉരു)വിന് ജീവനുണ്ടെങ്കില്‍ അറുക്കുക. കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍, (കൊണ്ടു വന്ന വേട്ടജന്തു) അതില്‍ നിന്ന് ഒന്നും തിന്നിട്ടില്ലെങ്കില്‍ നീ അത് തിന്നുകൊള്ളുക. നായ അതിനെ പിടിക്കുന്നത്, അതിന്‍റെ അറവാകുന്നു’.

വേറൊരു വാചകത്തില്‍ ഇങ്ങിനെയുമുണ്ട്: ‘അത് അതില്‍ നിന്നു തിന്നിട്ടുണ്ടെങ്കില്‍ നീ അതു തിന്നരുത്. കാരണം, അത് അതിനു വേണ്ടിത്തന്നെ പിടിച്ചതായിരിക്കും അതെന്ന് ഞാന്‍ ഭയപ്പെടുന്നു’ (ബുഖാരി,  മുസ്‍ലിം).

وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ

മേല്‍പറഞ്ഞ നിയമങ്ങള്‍ ശരിക്കും സൂക്ഷ്മമായി പാലിക്കണം, എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, എല്ലാ കാര്യങ്ങളും വിചാരണാവിധേയമാണെന്ന ഓര്‍മയുമുണ്ടാകണം.

അടുത്ത ആയത്ത് 5

വിശിഷ്ട വസ്തുക്കള്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് അതൊരു സുസ്ഥിരമായ നിയമമാണെന്നും, അതില്‍ മാറ്റമൊന്നും വരാനില്ലെന്നും പറയുകയാണിനി.

പിന്നെ പറയുന്നത്, വേദക്കാര്‍ അറുത്തതിനെക്കുറിച്ചാണ്.  അവരറുത്തതും അനുവദനീയമാണ്. പക്ഷേ, ചില നിബന്ധനകളുണ്ട്.  

വേദക്കാരുടെ ഭക്ഷണം അനുവദനീമാണെന്നാണ് ആയത്തിലുള്ളത്. طَعَام എന്ന വാക്കില്‍ എല്ലാ ഭക്ഷ്യവസ്തുക്കളും ഉള്‍പെടുമെങ്കിലും ഇവിടെ ഉദ്ദേശ്യം അവരറുത്തതിനെക്കുറിച്ചാണ്. മറ്റെല്ലാ ഭക്ഷണസാധനങ്ങളും (നേരത്തെ പറഞ്ഞ നിഷിദ്ധമായവ ഒഴികെ) ആരുടേതായാലും തിന്നുന്നതിന് ഒരു വിരോധവുമില്ലല്ലോ.

പിന്നെ അല്ലാഹു പറയുന്നത് - നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ് (وَطَعَامُكُمْ حِلٌّ لَهُمْ) എന്നാണ്. എന്താണീ പറഞ്ഞത്? വിവിധ അഭിപ്രായങ്ങളുണ്ട് - നിങ്ങള്‍ അറുത്തത് അവര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുന്നതില്‍ നിയമതടസ്സമൊന്നുമില്ല – പലരുടെയും അഭിപ്രായം  ഇങ്ങനെയാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ മതനിയമപ്രകാരം അനുവദിക്കപ്പെട്ട വസ്തുക്കളെന്തെങ്കിലും അവര്‍ നിങ്ങള്‍ക്കു തിന്നാന്‍ തരികയാണെങ്കില്‍ അത് നിങ്ങള്‍ക്കു ഭക്ഷിക്കാം, അത് അവരുടെ നിയമപ്രകാരം അവര്‍ക്ക് വിരോധിക്കപ്പെട്ടതായിരുന്നാലും കുഴപ്പമില്ല. അതായത്, നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതാണോ അല്ലേ എന്നേ നിങ്ങള്‍ നോക്കേണ്ടതുളളൂ എന്നര്‍ത്ഥം. ഇങ്ങനെയാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.

അതിനു ശേഷം പറയുന്നത്, വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.

വേദക്കാരായ ജൂത-ക്രിസ്തീയ സ്ത്രീകളെ മുസ്‍ലിംകള്‍ വിവാഹം ചെയ്യുന്ന വിഷയം. അത് അനുവദനീയമാണ്. പക്ഷേ, നിബന്ധനകളുണ്ട്:

അവര്‍ ഒന്നുകില്‍ ബനൂഇസ്രാഈല്‍ വംശജരായിരിക്കണം. അതായത്‌ യഅ്‌ഖൂബ്‌ നബി عليه السلامയുടെ സന്താനപരമ്പരയില്‍ പെട്ടവരാകണം. അല്ലെങ്കില്‍, അവരുടെ പൂര്‍വികര്‍, തൗറാത്തും ഇന്‍ജീലും മാറ്റിമറിക്കപ്പെടുകയും ദുര്‍ബലപ്പെടുത്തപ്പെടുകയും ചെയ്യുന്നതിനു മുമ്പ്‌ ആ മതത്തില്‍ ചേര്‍ന്നതായി അറിയപ്പെടണം. ഇത്തരക്കാരല്ലാത്ത വേദക്കാരികളെ വിവാഹം ചെയ്യാന്‍ പാടില്ല.

എന്നാല്‍, പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇന്നു നിലവിലുള്ള പോലെ, വനിതാധിപത്യ പശ്ചാത്തലങ്ങളിലും മേല്‍പറഞ്ഞ ഉപാധികളുടെ അഭാവത്തിലും ഇത് അനുവദനീയമല്ല.

വേദക്കാര്‍ അറുത്തത് കഴിക്കാം എന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാല്‍, വിവാഹം അനുവദനീയമാവാന്‍ പറഞ്ഞ ഈ നിബന്ധനകള്‍ അവര്‍ അറുത്തത്‌ അനുദനീയമാവാനും ഉണ്ട്.

വിവാഹം നടത്തുമ്പോള്‍ ഭാര്യക്ക് മഹ്‌റ് നല്‍കേണ്ടതുണ്ടല്ലോ. നിബന്ധനയൊത്ത വേദക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുമ്പോഴും ഇത് നിര്‍ബ്ബന്ധമാണ്.

الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ وَطَعَامُكُمْ حِلٌّ لَهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَافِحِينَ وَلَا مُتَّخِذِي أَخْدَانٍ ۗ وَمَنْ يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ (5)

ഉത്തമവസ്തുക്കളൊക്കെ ഇന്നു നിങ്ങള്‍ക്കനുവദനീയമാണ്. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടേത് അവര്‍ക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്‍ക്കനുവദനീയം തന്നെ- പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും, വ്യഭിചാരികളായും രഹസ്യകാമുകിമാരെ വരിച്ചുമല്ലാതെയും അവര്‍ക്ക് നിങ്ങള്‍ വിവാഹ മൂല്യം നല്‍കിയാല്‍. ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്‍റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനാകുന്നു. 

വേദക്കാരികളെ വിവാഹം ചെയ്യാമെന്നത്‌ കേവലം ഒരനുവദനീയത മാത്രമാണ്‌. അതിനുതന്നെ മുകളില്‍ പറഞ്ഞ വ്യവസ്ഥകളുമുണ്ട്‌. മുന്നും പിന്നും നോക്കാതെ അതിന്‍റെ പിറകെ പോകരുത്. മാത്രമല്ല, സൂറത്തുന്നിസാഅ്‌ 25 ലെ അല്ലാഹുവിന്‍റെ കല്‍പനയും ശ്രദ്ധേയമാണ്‌: സത്യവിശ്വസികളായ സ്വതന്ത്ര സ്‌ത്രീകളെ വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവരോട്‌ സത്യവിശ്വാസിനികളായ അടിമസ്‌ത്രീകളെ കല്യാണം കഴിക്കണമെന്നണവിടെ പറഞ്ഞത്. ഇതു തന്നെ വ്യഭിചാരം ഭയപ്പെടുന്നവര്‍ക്കാണെന്നും അവിടെ വ്യക്തമാക്കിയിട്ടുണ്ട്.

നിബന്ധനയൊത്തവരെ കല്യാണം കഴിക്കാമെന്നു പറഞ്ഞിടത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇസ്ലാമിക രാജ്യത്ത് മുസ്ലിം ഭരണത്തിനു കീഴില്‍ ജിസ്‍യ (കപ്പം) കൊടുത്തുകഴിയുന്ന (ദിമ്മികളായ) വേദക്കാരിലെ സ്ത്രീകളെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ, മുസ്‌ലിംകളോട് കലഹിക്കുന്ന ശത്രുക്കളാണെങ്കില്‍ അവരുടെ കൂട്ടത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചുകൂടാ എന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. രണ്ടായാലും വിരോധമില്ലെന്നാണു മറ്റൊരഭിപ്രായം.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിബന്ധനയൊത്ത വേദക്കാരി സ്‌ത്രീകളെ കല്യാണം കഴിക്കല്‍ അനുവദനീയമാണെങ്കിലും, മുഅ്മിനതുകളായ സ്‌ത്രീകളെ അവര്‍ക്കു വിവാഹം ചെയ്‌തുകൊടുക്കാന്‍ പാടില്ല. പല പ്രധാനകാരണങ്ങളും അതിനുണ്ട്. പല രൂപത്തിലുള്ള പ്രത്യഘാതങ്ങളും അതുമൂലം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണല്ലോ.

മിശ്രവിവാഹം വലിയ പുരോഗമനമായി കാണുന്ന കാലമാണല്ലോ ഇത്. വേദക്കാരായ സ്ത്രീകളെ മുസ്‌ലിംകള്‍ക്കു വിവാഹം കഴിക്കാമെന്നുളള ഈ അനുവാദം പൊക്കിപ്പിടിച്ചു ഇസ്‍ലാമും മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പലരും തട്ടിവിടാറുണ്ട്.

ഇങ്ങനെയൊരു അനുവാദം നല്കിയതു എന്തുകൊണ്ടാണ്? സത്യത്തില്‍ വേദം നല്കപ്പെട്ട ഈ വിഭാഗങ്ങള്‍ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും നിരവധി മാറ്റത്തിരുത്തങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ദൈവികമായൊരു വേദഗ്രന്ഥത്തിന്‍റെയും ഒരു പ്രവാചകന്‍റെയും അനുയായികളാണല്ലോ അവര്‍.  ആ നിലക്കാണ് ഈ അനുവാദം അല്ലാഹു നല്‍കിയിരിക്കുന്നത്. ദീനിന്‍റെ അന്തസ്സത്ത മനസ്സിലാക്കി, ശരിയായ മാര്‍ഗത്തിലേക്ക് തിരിച്ചുവരാനുള്ള വഴി ഇത്തരം വിവാഹങ്ങള്‍ കാരണം ഉണ്ടാകാമല്ലോ.

ഇന്ന് മിശ്രവിവാഹം വേണമെന്ന് പറഞ്ഞുനടക്കുന്നവരുടെ താല്പര്യമെന്താണ്? നേരെ തിരിച്ചല്ലേ?  ക്രമേണ ആളുകളെ മതവിശ്വാസത്തില്‍നിന്ന് അകറ്റിനിറുത്തുക. ദീനും വേണ്ട, പടച്ചവനും വേണ്ടാ... തോന്നിയതുപോലെ ജീവിക്കുക.

സത്യവിശ്വാസം കൈമോശം വന്നുപോവുകയെന്നത്‌ വലിയ അപകടമല്ലേ. ഗുരുതരമായ പരാജയമാണതെന്നാണ് അല്ലാഹു ഈ ആയത്തിന്‍റെ അവസാനം പറയുന്നത്.

وَمَنْ يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ

വലമതിക്കാനാവാത്ത സമ്പത്താണ്‌ ഈമാന്‍. അതില്ലാതെയാകുമ്പോള്‍ ചെന്നെത്തുന്നത് ദൈവനിന്ദയിലേക്കും പിന്നീട് ദൈവനിഷേധത്തിലേക്കുമാണ്.

മുഅ്മിനായ ശേഷമാണ്‌ ഈ വിശ്വാസം ഒരാള്‍ വലിച്ചെറിയുന്നതെങ്കില്‍ -അതിന്‌ മതഭ്രഷ്ട്‌ (രിദ്ദത്ത്‌) എന്നു പറയുന്നു - അക്കാലമത്രയും ചെയ്‌ത സല്‍പ്രവര്‍ത്തികളെല്ലാം അതോടെ നിശ്ശേഷം നിഷ്‌ഫലമാകും. പരലോകത്ത്‌ കനത്ത പരാജയമേറ്റുവാങ്ങേണ്ടിവരും.

ഇപ്പറഞ്ഞതൊരു പൊതുതത്വമാണെങ്കിലും വേദക്കാര്‍ അറുത്തത്  ഉപയോഗിക്കാനും അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാനും അനുവാദമുണ്ട് എന്ന് പറഞ്ഞതുമായി ഇതിന് പ്രത്യേക ബന്ധമുണ്ട്.

അതായത്, ഈ അനുവാദങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്ന് താക്കീത് ചെയ്യുകയാണ്. അതൊരു പക്ഷേ, അവിശ്വാസത്തിലേക്കു നയിച്ചേക്കും; മതഭ്രഷ്ടിനു കാരണമായേക്കും; അവസാനം മുഅ്മിനായിരിക്കെ ചെയ്ത സല്‍ക്കര്‍മ്മങ്ങളെല്ലാം നിഷ്ഫമായിത്തീരുകയും പരലോക ഗുണം നിശ്ശേഷം നഷ്ടപ്പെടുകയും ചെയ്യും.

--------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter