പ്രവാചക ജീവിതത്തിന്റെ വിവിധ വായനകള്‍

കാഫിര്‍ ഹൂന്‍ കെ മുഅ്മിന്‍ ഹൂന്‍
ഖുദാ ജാനേ മേ ക്യാഹൂ
മേ ബന്‍ദഹ് ഹൂന്‍ ഉന്‍ കാ ജോ ഹേ സുല്‍ത്താനെ മദീനാ...


ഞാന്‍ മുസ്‍ലിമാണോ അമുസ്‍ലിമാണോ എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. പക്ഷേ എനിക്കറിയാവുന്ന ഒന്നുണ്ട്, മദീനയുടെ രാജകുമാരന്‍ മുഹമ്മദ് നബിയുടെ അടിമയാണ് ഞാന്‍
ബ്രിട്ടീഷ് ഇന്ത്യയില്‍ ഹൈദറാബാദിലെ പ്രധാനമന്ത്രിയായിരുന്ന, ഹിന്ദുമതസ്ഥനായ സര്‍ കിഷാന്‍ പ്രസാദ് ഷാദിന്റെ വളരെ പ്രശസ്തമായ വരികളാണിത്.


പ്രവാചകന്‍ മുഹമ്മദ് നബിയുടെ വ്യക്തിത്വവും വിശേഷഗുണങ്ങളും മത-ജാതി ഭേദമന്യേ പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. പലരെയും പല വിധത്തിലാണ് ആകര്‍ഷിച്ചത് എന്നതാണ് അതിലേറെ കൌതുകകരം. യുദ്ധത്തിലും സമാധാനത്തിലും അവിടുത്തെ മാതൃകകള്‍, രാഷ്ട്രതന്ത്രങ്ങളിലും കുടുംബ ബന്ധങ്ങളിലും അവിടുന്ന് സ്വീകരിച്ച നിലപാടുകള്‍, രാഷ്ട്രീയത്തിലും ആത്മീയതയിലും കാത്ത് സൂക്ഷിച്ച വിശുദ്ധമായ രീതി ശാസ്ത്രങ്ങള്‍, തുടങ്ങി അനുയായികളോട് തമാശ പറഞ്ഞും കൊച്ചുകുട്ടികളോടൊപ്പം കളികളിലേര്‍പ്പെട്ടുമെല്ലാം ചെലവഴിച്ച സുന്ദര നിമിഷങ്ങള്‍ വരെ പലര്‍ക്കും പല രീതിയില്‍ ആ ജീവിതത്തിലെ ആകര്‍ഷണ രംഗങ്ങളാണ്. 


ലോകാവസാനം വരെ വരാനുള്ളവര്‍ക്കെല്ലാം മാതൃകയെന്നോണമായിരുന്നല്ലോ ആ നിയോഗം തന്നെ. മനുഷ്യര്‍ വിവിധ പ്രകൃതക്കാരായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഒരിക്കലും യുദ്ധം പാടില്ലെന്നും അഹിംസയിലൂടെ മാത്രമേ കാര്യങ്ങള്‍ നീക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാവും. ഒരു കവിളത്ത് അടി കിട്ടിയാല്‍ മറുകവിള്‍ കൂടി കാണിച്ചുകൊടുക്കണമെന്ന് പറയുന്നവരായിരിക്കും അവര്‍. അതേ സമയം, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ തിരിച്ചടിക്കാതെ പറ്റില്ലെന്ന് പറയുന്നവരാണ് മറ്റു ചിലര്‍. വിവാഹവും സന്തുഷ്ടമായ കുടുംബ ജീവിതവും ആവശ്യമാണെന്ന് പലരും പറയുമ്പോള്‍, അതെല്ലാം സമയം കളയലാണെന്ന് പറഞ്ഞ് പൂര്‍ണ്ണമായ ആത്മീയ ജീവിതം മാത്രമാണ് മനുഷ്യന്‍ നയിക്കേണ്ടത് എന്ന് പറയുന്നവരെയും കാണാം. ഇത്തരത്തില്‍ മനുഷ്യവംശത്തിലെ വൈവിധ്യങ്ങള്‍ക്കെല്ലാം ഒരേ സമയം മാതൃക കാണാനാവുമ്പോള്‍ മാത്രമാണ് ആ ജീവിതം സാര്‍വ്വലൌകികവും സാര്‍വ്വകാലികവുമായ മാതൃകയായിത്തീരുന്നത്. അഥവാ, ഒരു പൂര്‍ണ്ണമനുഷ്യനായാല്‍ മാത്രമേ അത് സാധിക്കൂ എന്നര്‍ത്ഥം. അതായിരുന്നു യഥാര്‍ത്ഥത്തില്‍ പ്രവാചകര്‍.

പലരും പല വിധത്തില്‍ പ്രവാചകരെ പ്രകീര്‍ത്തിച്ചതും അത് കൊണ്ട് തന്നെ. അവിടുന്ന് സൃഷ്ടിച്ചെടുത്ത സമാധാനപൂര്‍ണ്ണമായ മാതൃകാരാഷ്ട്രത്തെ പലരും പ്രകീര്‍ത്തിക്കുമ്പോള്‍ മറ്റു ചിലര്‍ വാഴ്ത്തിപ്പാടുന്നത് അവിടുന്ന് നടത്തിയ ധര്‍മ്മ സമരങ്ങളെയാണ്. ജെര്‍മന്‍ ഫിലോസഫറായ ഗോയ്ഥെ നബിയെ വര്‍ണിച്ച് മനോഹരമായി കവിതയെഴുതുന്നത്, പ്രവാചകരുടെ യാത്രകളിലെ മാസ്മരികമായ ആകര്‍ഷണത്തെക്കുറിച്ചാണ്. അവ നബിയുടെ അത്യുന്നതമായ സ്വഭാവത്തിന്റെയും നബി മുന്നോട്ടു വെച്ച ആദര്‍ശത്തിന്റെയും വ്യക്തമായ പ്രകടനമാണെന്നാണ് അദ്ദേഹം പറയുന്നത്. ആന്‍ മേരി ഷിമ്മല്‍ മതിവരാതെ സംസാരിക്കുന്നത് നബിയുടെ ജീവിതപ്രസരണത്തെക്കുറിച്ച് തന്നെയാണ്. പലരും നബിയില്‍ കണ്ടത് നബിയുടെ വ്യത്യസ്തമായ മുഖങ്ങളായിരുന്നു എന്നര്‍ത്ഥം. എത്ര വലിയ എതിര്‍പ്പുകള്‍ക്കിടയിലും മക്കക്കാര്‍ക്ക് പ്രവാചകന്‍ തികഞ്ഞ വിശ്വസ്തനും അവരുടെ സൂക്ഷിപ്പുകാരനുമായിരുന്നു എന്നതാണ് മറ്റ് പലരെയും അല്‍ഭുതപ്പെടുത്തിയത്.


ഒരു മതത്തെ വിജയകരമായി പ്രചാരണം നടത്തി എന്നത് പ്രവാചകനില്‍ മാത്രം ഒതുങ്ങന്നതല്ല. മോശെ എന്ന് വിളിക്കപ്പെടുന്ന മൂസാ പ്രവാചകനും യേശു ക്രിസ്തുവെന്ന ഈസാ പ്രവാചകനുമെല്ലാം ചെയ്തത് അത് തന്നെയായിരുന്നു.  നബി ചെലുത്തിയ രാഷ്ട്രീയ സ്വാധീനമാണ് ആ മഹത്വത്തിന്റെ മാപിനിയെങ്കില്‍, കോണ്‍സ്റ്റന്റൈനോടോ മഹാനായ അലക്‌സാണ്ടറോടോ നബിയെ നമുക്ക് താരതമ്യപ്പെടുത്താമായിരുന്നു. മനുഷ്യ മനസ്സുകളില്‍ സമാധാനം നിറക്കുക മാത്രമായിരുന്നു നബിയുടെ നിയോഗമെന്നുണ്ടെങ്കില്‍ നബിയൊരു ശ്രീബുദ്ധനോ കണ്‍ഫ്യൂഷസോ നാരായണ ഗുരുവോ ആകുമായിരുന്നു. യുദ്ധങ്ങളില്‍ നേടിയ വിജയങ്ങളാണ് മാനദണ്ഡമെങ്കില്‍ അവിടെയും ഒത്തിരി പേരെ ചരിത്രത്തില്‍ സമാനമായി നമുക്ക് കാണാനാവും. 


എന്നാല്‍, നന്മയുടെയും മഹത്വത്തിന്റെയും സവിശേഷമായ ഗുണങ്ങള്‍ എന്തെല്ലാം ഉണ്ടോ അവയെല്ലാം ഒരേ സമയം ഒത്ത് ചേര്‍ന്നിരുന്നു എന്നതാണ്  മുഹമ്മദ് നബിയെ മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മനുഷ്യവംശം അത് വരെ കണ്ടതും ഇനി കാണാനിരിക്കുന്നതുമായ സകല സുകുമാര ഗുണങ്ങളും ഒത്ത് ചേര്‍ന്ന സമ്പൂര്‍ണ്ണ മനുഷ്യനായിരുന്നു പ്രവാചകര്‍ എന്ന് പറയുന്നതും അത് കൊണ്ട് തന്നെ. അത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കപ്പുറവും ആ വ്യക്തിത്വത്തിന്റെ സ്വധീനം ശക്തമായി ബാക്കിയാവുന്നത്. പല പ്രമുഖരും പ്രവാചകരെ മനുഷ്യകുലത്തിന്റെ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് കൊണ്ട് വന്ന് നിര്‍ത്തിയതും അത് കൊണ്ട് തന്നെ.
വില്യം മോണ്ട്‌ഗോമറി വാട്ടിന് മുഹമ്മദ് ദി പ്രൊഫറ്റ് ആന്റ് ദി സ്റ്റേറ്റ്മാന്‍ എന്ന പുസ്തകമെഴുതാന്‍ പ്രാപ്തമാക്കിയത് നബിയുടെ ഈ ബഹുമുഖീയതയായിരുന്നു.

ഇംഗ്ലീഷ് അമേരിക്കന്‍ ദാര്‍ശനികനും ചരിത്രകാരനുമായ ജോണ്‍ വില്യം ഡ്രാപര്‍ നബിയെ മനോഹരമായി ഇങ്ങനെ വിവരിക്കുന്നുണ്ട്. 'ജസ്റ്റീനിയന്റെ മരണ ശേഷം, എ. ഡി 569 ല്‍ മക്കയില്‍ ജനിച്ച അദ്ദേഹം തന്റെ പ്രവാചക ദര്‍ശനത്തെ അന്വര്‍ത്ഥമാക്കുന്ന രൂപത്തില്‍ മനുഷ്യരാശിക്കുമേല്‍ സ്വാധീനം ചെലുത്തി. ഒരു മതാധ്യക്ഷനായിത്തന്നെ ഒരു വലിയ സാമ്രാജ്യത്തിന്റെ കാവലാളായി. അതോടൊപ്പം, ലോകത്തെ മൂന്നിലൊന്ന് ജനവിഭാഗത്തിന്റെ ദിനചര്യകളില്‍ ഇന്നും അദ്ദേഹം സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കുന്നു.'(History of the Intellectual Development of Europe, John William Draper, 1863)


ബോസ് വോര്‍ത്ത്(1908) നബിയെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്, ചരിത്രത്തില്‍ മുഹമ്മദ് നബിക്ക് കിട്ടിയത് പോലൊരു ഭാഗ്യം വളരെ അപൂര്‍വ്വമാണ്. മുഹമ്മദ് നബി ഒരു രാഷ്ട്രം സ്ഥാപിച്ചു, ഇസ്‍ലാമിക നാഗരികതക്ക് രൂപംകൊടുത്തു, ഒരു മതാധിപതിയെന്നതിനേക്കാള്‍ ഒരുപടി കൂടി കടന്ന് നബി ഒരു രാഷ്ട്രത്തിന്റെ അധിപനായി. അങ്ങനെ ഒരേസമയം സീസറും പോപുമായി. പക്ഷേ പോപ്പിനെപ്പോലെ മുഹമ്മദിന് ആര്‍ഭാടങ്ങളില്ലായിരുന്നു. സീസറിനെപ്പോലെ, വലിയ സൈന്യങ്ങളോ, ചുറ്റിലും അംഗരക്ഷകരോ ഇല്ലായിരുന്നു. എപ്പോഴെങ്കിലും ഒരു മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ള നിവേദനവുമായി വന്നു ഭൂമി ഭരിച്ചിരുന്നുവെങ്കില്‍ അത് മുഹമ്മദ് നബിയായിരുന്നു. അധികാരം കയ്യിലായിരുന്നിട്ടും, പൊതുജീവിതത്തോടിണങ്ങുന്ന വസ്ത്രമായിരുന്നു മുഹമ്മദിന്റേത്. (Muhammed and Muhammedanism, by Bosworth Smith).


ഇത്രയൊക്കെയായിട്ടും മുഹമ്മദ് നബി എങ്ങനെ വിമര്‍ശകരുടെ ക്രൂരവിനോദങ്ങള്‍ക്കിരയായി എന്നത് വലിയ ചോദ്യമാണ്. യഖീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ( how-the-prophet-muhammad-rose-above-enmity-and-insult) എങ്ങനെയാണ് നബി തങ്ങള്‍ വിദ്വേഷത്തിനും അധിക്ഷേപത്തിനും ഉപരിയായി ഉയര്‍ന്നത് എന്ന ലേഖനത്തില്‍ നബിയുടെ എഴുപത് വ്യത്യസ്ത സ്വഭാവങ്ങളെ ക്രോഡീകരിച്ച ശേഷം കുറിക്കുന്നത് വളരെ പ്രസക്തമാണ്. 'ചിലപ്പോഴെല്ലാം സഹിഷ്ണുതയും ക്ഷമയും നബി വിട്ടുകളഞ്ഞതായി ചിലരെല്ലാം ആരോപിക്കുന്നതായി കാണാം. നബിയുടെ ജീവിതത്തില്‍ നിന്നെടുത്ത സമാനമായ എഴുപതില്‍ പരം വ്യത്യസ്തമായ സമീപനങ്ങളെ ദീര്‍ഘമായ പഠനത്തിന് വിധേയമാക്കുന്നുണ്ട് അതില്‍. 


അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മ്മന്‍, തുടങ്ങി മുഴുവന്‍ ലോക ഭാഷകളിലും വ്യാപിച്ചു കിടക്കുന്ന നബി വായനകള്‍ അവതരിപ്പിക്കുന്നത് ആ ജീവിതത്തിന്റെ വിവിധ മുഖങ്ങളാണ്. ലെസ് ലി ഹാസിൾടണിൻറെ ദി ഫസ്റ്റ് മുസ്‍ലിം പോലുള്ള വായനകളും മറ്റുമെല്ലാം നബിയുടെ വ്യത്യസ്തമായ ചിത്രങ്ങളാണ് നമുക്ക് പകർന്നു തരുന്നത്. ആഗോള പുസ്തകലോകത്തെ ഇത്തരം വ്യതിരിക്തമായ വായനകളെ നമുക്ക് പരിചയപ്പെടാന്‍ ശ്രമിക്കാം.
(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter