ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-14 റൂമിയുടെ കൊന്‍യയിലൂടെ...
ഇന്ന് ഞാന്‍ പോകുന്നത്, തുർക്കിയിലെ മധ്യ അനോട്ടോളിയയിലായി അങ്കാറയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊന്‍യ നഗരത്തിലേക്കാണ്. അലാവുദ്ധീൻ കേക്കുബാദ് നിർമിച്ച ഈ നഗരത്തിന് ഒട്ടേറെ കഥകൾ പറയാനുണ്ട്. ഗ്രീക്ക്, ബൈസാന്റ്യൻ, സൽജൂഖ്, ഉസ്മാനിയ്യ യുഗങ്ങള്‍ക്കെല്ലാം സാക്ഷിയായ കൊന്‍യ, ഇന്ന് റിപ്ലബിക്കൻ യുഗത്തെയും നോക്കി മൌനമായി ഇങ്ങനെ പറയുന്നതായി തോന്നും, എല്ലാം വരും പോകും.. ശാശ്വതമായത് ഒന്നേയുള്ളൂ.
കൊന്‍യയുടെ മൌനത്തിന് പോലും തത്ത്വശാസ്ത്രത്തിന്റെ നിഗൂഢതകളുള്ളതായി തോന്നും. കാരണം, ഇലാഹീ പ്രണയത്തിന് താത്ത്വിക മാസ്മരികതകള്‍ തീര്‍ത്ത ജലാലുദ്ദീന്‍ റൂമി പാടിയും പറഞ്ഞും നടന്നത് ഈ മണ്ണിലാണ്. ആവശ്യമായതെല്ലാം കൊന്‍യ ആ സാഗരത്തില്‍നിന്ന് അന്ന് തന്നെ കോരിയെടുത്തിരിക്കുന്നു.
റൂമി അന്തിയുറങ്ങുന്നതും ഈ നഗരത്തിന്റെ ശീതളിമയില്‍ തന്നെയാ,ണെന്നതിനാല്‍ മൌലാനാ ത്വരീഖതിന്റെ കേന്ദ്രവും ഇവിടം തന്നെയാണ്. അത് കൊണ്ട് തന്നെ, പ്രണയാര്‍ദ്രരായി പാടി നടക്കുന്ന സ്വൂഫികള്‍ ഈ നഗരത്തിന്റെ പൊതുവായ കാഴ്ചയാണ്. അവരുടെ പ്രത്യേക ആലാപന രീതിയായ സമാനൃത്തം പോലും ഇവിടത്തെ മൌലാനാ കൾച്ചറൽ സെന്ററിന്റെ പതിവുകളില്‍ പെട്ടതാണ്.
Also Read:ജലാലുദ്ദീന്‍ റൂമി (1207-1273)
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ അലാവുദ്ദീൻ മസ്ജിദാണ് കൊന്‍യയില്‍ നമ്മെ വരവേല്‍ക്കുക. പള്ളിയില്‍ കയറി രണ്ട് റക്അത് നിസ്കരിച്ച്, അതിന് ചുറ്റിലുമായി പരന്ന് കിടക്കുന്ന അലാവുദ്ദീൻ കുന്നിന് മുകളിലേക്ക് ഞാന്‍ പതുക്കെ കയറി. അവിടെനിന്ന്കൊണ്ട് കൊന്‍യ നഗരത്തെ നോക്കിക്കാണാന്‍ വല്ലാത്തൊരു ചന്തമാണ്. അപ്പോള്‍ നമ്മെ തലോടി കടന്നുപോകുന്ന ഇളംകാറ്റ് പോലും മസ്നവിയിലെ വരികള്‍ മൂളുന്നതായി തോന്നും.
അവിടെ നിന്നാല്‍, പച്ച ടൈലുകളില്‍ പൊതിഞ്ഞ ആ താഴികക്കുടം കാണാം. ഏറെ അലംകൃതമായ ആ നിര്‍മ്മിതിക്ക് താഴെയാണ് റൂമിയുടെ ഖബ്റുള്ളത്. എഡി 1273ൽ അന്തരിച്ച മൗലാനയുടെ ഖബ്റ്, സൽജൂഖ് കാലഘട്ടത്തിൽ ബഹ്റുദ്ദീൻ തബ്രീസിയാണ് രൂപ കല്‍പന ചെയ്തത്. സ്വർണ്ണ തുണി കൊണ്ടാണ് അദ്ദേഹത്തിന്റെ ഖബ്റ് മൂടിയിരിക്കുന്നത്. ഖബ്റിന് പിറകിലായി സ്ഥിതി ചെയ്യുന്ന മുറിയിലാണ്, റൂമിയുടെ സ്വകാര്യ വസ്തുക്കളായ കോണാകൃതിയിലുള്ള തൊപ്പികൾ, മുസല്ല, വസ്ത്രങ്ങൾ, മുള പോലുള്ള സംഗീതോപകരണങ്ങൾ തുടങ്ങിയ, അദ്ദേഹത്തിന്റെ ഓര്‍മ്മ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് വര്‍ഷംതോറും ഇവിടെ എത്തുന്നത്. മരണം വരിച്ച് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ജലാലുദ്ദീൻ റൂമിയുടെ ക്ഷണത്തിന് ഇപ്പോഴും ഉത്തരം നൽകുന്നു. മുസ്‍ലിം രാജ്യങ്ങളേക്കാൾ ചൈന, തായ്‍വാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.
ഖവാറസ്മിയൻ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനിലെ ബൽകിലാണ് റൂമിയുടെ കുടുംബത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്. മംഗോളിയന്‍ അക്രമണത്തിൽ നിന്ന് രക്ഷ തേടിയാണ് റൂമിയുടെ കുടുംബവും അനോട്ടോളിയയിലേക്ക് സഞ്ചരിക്കുന്നത്.
ബൽഖിലെ ദൈവശാസ്ത്രജ്ഞനും ഖാദിയും സ്വൂഫിയുമായിരുന്ന ബഹാവുദ്ധീൻ വലദിന്റെ പാരമ്പര്യം തന്നെയായിരുന്നും റൂമിക്കും ലഭിച്ചിട്ടുണ്ടാവുക. പ്രാഥമിക വിദ്യാഭാസം പിതാവിൽനിന്ന് നുകർന്ന റൂമി, ബാക്കി പാഠങ്ങള്‍ അഭ്യസിക്കുന്നത് ദർവീഷ് ശംസുദ്ധീൻ തബ്രീസിയിൽ നിന്നായിരുന്നു. തബ്രീസിയുമായുള്ള സൗഹാർദ്ദമാണ് റൂമിയെ സ്വൂഫിസത്തിന്റെ ആഴങ്ങളിലേക്ക് ആനയിച്ചത്. എഡി 1244 നവംബർ 15ന്, ഡമസ്കസില്‍ വെച്ചാണ് തബ്രീസിയെ അദ്ദേഹം ആദ്യമായി കണ്ട് മുട്ടുന്നത്.
തന്റെ കൂട്ടുകെട്ട് സഹിക്കാൻ കഴിയുന്ന ഒരാളെ തേടി പ്രാർത്ഥനകളോടെ പശ്ചിമേഷ്യയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റൂമി തബ്രീസിയെ കണ്ടെത്തുന്നത്. നിലവിലെ സംവിധാനങ്ങളോടും സാമൂഹ്യഘടനയോടും യോജിക്കാനാവാത്ത റൂമിയുടെയും തബ്രീസിയുടെയും കൂട്ടുകെട്ട് സമൂഹത്തിന് സഹിക്കാവുന്നതിലപ്പുറമായി മാറി. അവസാനം തബ്രീസി കൊല്ലപ്പെട്ടതോടെ മറ്റൊരു ശംസിനെ തേടി അദ്ദേഹം വീണ്ടും യാത്ര പുറപ്പെട്ട് ഡമസ്കസിലെത്തി. ആ യാത്രക്കൊടുവില്‍ പ്രണയത്തിന്റെ നെറുകയിലെത്തിയ അദ്ദേഹം ഇങ്ങനെ ആത്മഗതം ചെയ്തു: "ഞാൻ എന്തിന് അന്വേഷിക്കണം. അദ്ദേഹത്തെ പോലയാണ് ഞാനും, ശംസിന്റെ സാരാംശം തന്നെയാണ് എന്നിലുമുള്ളത്. എന്നിലൂടെ സംസാരിക്കുന്നത് ശംസ് തന്നെയാണ്. അഥവാ, ഞാൻ എന്നെ തന്നെ തിരയുകയാണ്."
Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-13 ദൃശ്യാനുഭവങ്ങൾകപ്പുറം ഞാൻ കണ്ട എർതുഗ്രുൽ ഗാസി
എഡി 1273 ഡിസംബറിൽ റൂമി രോഗബാധിതനായി. സ്വന്തം മരണം പ്രവചിച്ചുകൊണ്ട് പ്രസിദ്ധമായ ഗസൽ പോലും രചിച്ച ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് യാത്രയാവുന്നത്.
റൂമിയൂടെ ഖബ്റ് സന്ദര്‍ശിച്ച ശേഷം, ആ പാദസ്പര്‍ശമേറ്റ കൊന്‍യയുടെ മണ്ണിലൂടെ നടക്കുമ്പോള്‍, അദ്ദേഹത്തിന്റെ വരികളില്‍ ചിലത് അറിയാതെ മനസ്സിലേക്ക് കടന്ന് വന്നു.
മരിക്കുന്ന ഓരോ സൂഫിക്കും പകരം എവിടെയോ മറ്റൊരുവൻ ജനിക്കുന്നു ...
ഹൃദയങ്ങളുടെ ചങ്ങലയിൽ നാമെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു
എപ്പോഴോ എവിടെയോ ഒരു കണ്ണി തകരുമ്പോൾ മറ്റൊരെണ്ണം ചേർക്കപ്പെടുന്നു.
ലോകം വിട്ടുപോവുന്ന ഓരോ ശംസേതബ്രീസിനും റൂമിക്കും പകരം വ്യത്യസ്തമായ പേരിൽ, പുതിയ ഒരുവൻ ഉണ്ടായി വരുന്നു....
പേരുകൾ മാറുന്നു... അവ വരികയും പോകുകയും ചെയ്യുന്നു...
പക്ഷെ സത്ത സ്ഥിതിഭേദമില്ലാതെ തുടരുന്നു....
പ്രേമം ജീവന്റെ ജലമാണ്
പ്രേമിക്കുന്നവർ തീയുടെ ആത്മാവും
ജലത്തെ തീ പ്രേമിക്കുമ്പോൾ,
ഉലകം വ്യത്യസ്തമായി തിരിയുന്നു
റൂമി പറഞ്ഞതിന്റെ ഉള്ളറകള്‍ മനസ്സിലായില്ലെങ്കിലും ആ വരികളും മൂളി ഞാന്‍ പതുക്കെ നടന്നകന്നു. ആ ഖബ്റിന് മുകളിലെ താഴികക്കുടത്തിലെ ടൈല്‍സുകള്‍ അപ്പോഴും പ്രകാശം പരത്തുന്നുണ്ടായിരുന്നു.
Leave A Comment