സ്നേഹപൂര്‍വ്വം ഇക്കാക്ക് (5) എനിക്കും ഒരു സമ്മാനം തന്നുകൂടേ ഇക്കാ...
സ്നേഹപൂര്‍വ്വം ഇക്കാക്ക് (5)
എനിക്കും ഒരു സമ്മാനം തന്നുകൂടേ ഇക്കാ...
അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്
പ്രിയ ഇക്കാ, ഇന്ന് ഗിഫ്റ്റുകളെ കുറിച്ച് എഴുതാനാണ് എനിക്ക് തോന്നിയത്. ഇത് വായിച്ച് നിങ്ങള്‍ക്കൊരിക്കലും വിഷമം തോന്നരുത് എന്ന് ആദ്യമേ പറയട്ടെ.
കഴിഞ്ഞയാഴ്ച എന്റെ ഒരു കൂട്ടുകാരിയുടെ സ്റ്റാറ്റസ് മുഴുക്കെ അവളുടെ ഇക്ക നല്‍കിയ വിവാഹ ദിന സമ്മാനമായിരുന്നു. സമ്മാനമായി ലഭിച്ചത് അത്ര വില പിടിപ്പുള്ളതൊന്നുമായിരുന്നില്ല. എന്നാലും എത്രമാത്രം സന്തുഷ്ടയായിരുന്നു അവളെന്ന് ആ സ്റ്റാറ്റസ് ചിത്രങ്ങള്‍ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പായിരുന്നല്ലോ നമ്മുടെ വിവാഹ വാര്‍ഷികവും. ചെറിയതെങ്കിലും എന്തെങ്കിലും ഒരു സമ്മാനം എനിക്കും ലഭിച്ചിരുന്നെങ്കിലെന്ന് ഞാനും കൊതിച്ചിരുന്നു. പക്ഷെ, എന്തോ അന്നേദിവസം വാര്‍ഷികമാണെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമായിരുന്നു നിങ്ങള്‍ അക്കാര്യം ഓര്‍ത്തത് പോലും.
നിങ്ങളെ ഞാനൊരിക്കലും കുറ്റപ്പെടുത്തുകയല്ല. വീട്ടിലെ കാര്യങ്ങള്‍ക്ക് പുറമെ, കൂട്ടുകാര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ അങ്ങനെ നീണ്ടുനീണ്ടുപോവുന്ന നൂറ് നൂറ് കാര്യങ്ങള്‍ക്കിടെ, ഇതൊന്നും ഓര്‍ത്ത് വെക്കാന്‍ നിങ്ങള്‍ക്ക് സമയം ലഭിക്കണമെന്നില്ല. അവരോടൊത്തുള്ള നിമിഷങ്ങളിലെല്ലാം ഒട്ടേറെ ആഘോഷങ്ങളും സന്തോഷങ്ങളും പങ്ക് വെക്കുന്നതുമാണല്ലോ നിങ്ങള്‍. പക്ഷെ, ഈ വീടും പരിസരവും കുട്ടികളുമായി ഒതുങ്ങിക്കൂടുന്ന എനിക്ക് ഇതൊക്കെത്തന്നെയാണല്ലോ ലോകം. അവിടെ സന്തോഷിക്കാനുള്ളത് ഇത്തരം ചില ദിനങ്ങളും അവസരങ്ങളും മാത്രമാണ്. അത് കൊണ്ട് ഞാന്‍ അവയെല്ലാം ഓര്‍ത്തുവെക്കുന്നതും സ്വാഭാവികം.
Also Read:സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക് (ഭാഗം 4.) നിങ്ങളില്ലാത്ത ഒരു ദിവസമോ.. ആലോചിക്കാന്‍ പോലും വയ്യ
എന്നാലും, ഈ തിരക്കുകള്‍ക്കെല്ലാമിടയിലും അല്‍പമെങ്കിലും സമയം ഇത്തരം സന്തോഷങ്ങള്‍ക്കും കണ്ടെത്തിയിരുന്നെങ്കിലെന്ന് വെറുതെ കൊതിച്ചുപോവുന്നു. നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, അത് പരസ്പരം സ്നേഹമുണ്ടാവാന്‍ കാരണമാവുമെന്ന് പ്രവാചകര്‍ (സ്വ) തന്നെ പറഞ്ഞതാണല്ലോ. പ്രവാചകരേക്കാള്‍ തിരക്കുള്ളവരല്ലല്ലോ നമ്മളാരും. പ്രവാചകത്വമെന്ന ഏറ്റവും ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം, യുദ്ധങ്ങളും സമാധാനചര്‍ച്ചകളുമെല്ലാം നിയന്ത്രിക്കുകയും അതോടൊപ്പം വീടും കുടുംബവും നാടുമെല്ലാം നോക്കുകയും ചെയ്തിരുന്ന പ്രവാചകര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുക മാത്രമല്ല, അവ നല്‍കാനും സമയം കണ്ടെത്തിയിരുന്നു എന്ന് ആ തിരുചരിത്രം പറയുന്നുണ്ട്. മാത്രവുമല്ല, അത് ജീവിതത്തില്‍ പുലര്‍ത്തേണ്ടതാണ് എന്ന് തന്റെ അനുയായികളോട് പറഞ്ഞ് വെക്കാന്‍ കൂടി അവിടുന്ന് മറന്നില്ല.
ഇത്തരം സുമോഹന നിമിഷങ്ങളാണല്ലോ ജീവിതത്തില്‍ എന്നും നാം ഓര്‍ത്തുവെക്കുക. സമ്മാനങ്ങള്‍ സന്തോഷവേളകളെ ശാശ്വതമാക്കുന്നു എന്നതാണ് സത്യം. സമ്മാനങ്ങള്‍ എത്രമാത്രം സന്തോഷം പകരുമെന്ന് അനുഭവിക്കുമ്പോഴേ അറിയൂ. വിശിഷ്യാ, പ്രിയപ്പെട്ടവരില്‍നിന്ന് പ്രീക്ഷിക്കാതെ ലഭിക്കുമ്പോള്‍.
ഞാന്‍ വീണ്ടും പറയട്ടെ, നിങ്ങളെ കുറ്റപ്പെടുത്താനല്ല ഇത് കുറിക്കുന്നത്. മറിച്ച്, ഒന്ന് ഓര്‍മ്മപ്പെടുത്തി എന്ന് മാത്രം. നിങ്ങളുടെ സാന്നിധ്യവും എനിക്കും മക്കള്‍ക്കും നല്കുന്ന സംരക്ഷണവും സുരക്ഷിതത്വവും അല്ലലും അലട്ടുമില്ലാത്ത ദിനരാത്രങ്ങളും തന്നെയാണ് ഏറ്റവും വലിയ സമ്മാനം എന്ന പൂര്‍ണ്ണ തിരിച്ചറിവോടെ തന്നെയാണ് ഞാനിത് പറയുന്നത്. ഇനിയും ഇത്തരം സന്തോഷ വേളകള്‍ വരുമ്പോള്‍, സാധിക്കുമെങ്കില്‍ ഉപയോഗപ്പെടുത്താമല്ലോ എന്ന് കരുതി മാത്രം. അത് നമ്മുടെ ജീവിതത്തിലേക്ക് കൂടുതല്‍ സന്തോഷവും സമാധാനവും പകരുമല്ലോ എന്ന് പ്രതീക്ഷിച്ച് കൊണ്ട് മാത്രം.
ഒരിക്കലും എന്നോട് അനിഷ്ടം തോന്നരുതേ എന്ന അപേക്ഷയോടെ,
നിങ്ങളുടെ സ്വന്തം കുല്‍സു
Leave A Comment